1 GBP = 98.10INR                       

BREAKING NEWS

സൂരജ് പൊതുമരാമത്ത് സെക്രട്ടറി ആയിരുന്നപ്പോള്‍ മകള്‍ ഡോ റിസാനയുടെ പേരില്‍ വെസ്റ്റ് മാഹിയില്‍ വാങ്ങിയത് ഒന്നേകാല്‍ ഏക്കര്‍ സ്ഥലം; ഇതില്‍ 60 സെന്റ് സ്ഥലം നല്‍കാമെന്ന പറഞ്ഞ് 61 ലക്ഷംരൂപ കൈപ്പറ്റി വഞ്ചിച്ചു; ടി ഒ സൂരജിന്റെ മകള്‍ ഭൂമി തട്ടിപ്പ് നടത്തിയതായി പരാതി; കേസ് എടുത്ത് അന്വേഷണം തുടങ്ങി പൊലീസ്; മക്കളുടെ സ്വത്തുക്കള്‍ സൂരജിന്റെ ബിനാമി സ്വത്തെന്നും പരാതി

Britishmalayali
kz´wteJI³

കോഴിക്കോട്. പാലാരിവട്ടം അഴിമതി അടക്കമുള്ള നിരവധി കേസുകളില്‍ ആരോപിതനായ മുന്‍ പൊതുമരാമത്ത് സെക്രട്ടറിയും മൂന്‍ ജില്ലാകലക്ടറമായ ടി ഒ സൂരജിന്റെ മകള്‍ക്കെതിരെയും തട്ടിപ്പുകേസില്‍ പരാതി. സൂരജിന്റെ മകള്‍ ഡോ റിസാന ഭൂമി തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കോഴിക്കോട് മാറാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഡോ റിസാനയുടെ പേരില്‍ ബേപ്പൂര്‍ വെസ്റ്റ് മാഹിയിലുള്ള 60 സെന്റ് ഭൂമി വില്‍ക്കാന്‍ കരാര്‍ ഉണ്ടാക്കി 61 ലക്ഷംരൂപ കൈപ്പറ്റിയ ശേഷം 25 സെന്റ് മാത്രം രജിസ്റ്റര്‍ ചെയ്ത് വഞ്ചിച്ചുവെന്നാണ് നോര്‍ത്ത് ബേപ്പൂര്‍ പുഞ്ചപ്പാടം സ്വദേശി സരോജിനി നിവാസില്‍ കൈയിടവഴിയില്‍ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇടനിലക്കാരായി നിന്ന ടി കെ നൗഷാദ് , അരയച്ചയന്റകത്ത് ശിവപ്രസാദ് എന്നിവര്‍ക്കെതിരെയും പരാതിയുണ്ട്.

സൂരജ് പൊതുമരാമത്ത് സെക്രട്ടറി ആയിരുന്നപ്പോള്‍ ആണ് ഡോ റിസാനയുടെ പേരില്‍ വെസ്റ്റ് മാഹിയില്‍ ഒരു ഏക്കര്‍ 21.5 സെന്റ് സ്ഥലം വാങ്ങിയത്. ഇതില്‍നിന്നാണ് സെന്റില്‍ 1.20 ലക്ഷം രൂപ തോതില്‍ 60 സെന്റ് സ്ഥലം നല്‍കാമെന്ന് കരാര്‍ ഉണ്ടാക്കിയതെന്ന് പരാതിയില്‍ പറയുന്നു. സുരേന്ദ്രന്റെ ഇളയമകന്‍ സുമിലിന്റെ ഭൂമിയോട് ചേര്‍ന്നാണ് റിസാനയുടെ സ്ഥലം. ഇക്കാരണം കൊണ്ടാണ് ഇടനിലക്കാര്‍ സമീപിച്ചത്. 2015 ജൂണില്‍ സ്ഥലം വാങ്ങാന്‍ മൂന്‍കൂര്‍ പണം നല്‍കി. പിന്നീട് പലപ്പോഴായി 61.5 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു.

ആദ്യം 15 സെന്റ് സ്ഥലം മാത്രമാണ് രജിസ്റ്റര്‍ ചെയ്ത് നല്‍കിയത്. ബാക്കി ഭൂമി ഇവര്‍ മറ്റു പലര്‍ക്കുമായി മുറിച്ചു വിറ്റു. ഇതേ തുടര്‍ന്ന് വക്കീല്‍ നോട്ടീസ് അയച്ചപ്പോള്‍ 10 സെന്റുകൂടി രജിസ്റ്റര്‍ ചെയ്ത് കിട്ടി. ബാക്കി പണത്തിന് നിരന്തരം ആവശ്യപ്പെട്ടപ്പോള്‍, 5ലക്ഷം രൂപ തിരിച്ചുനല്‍കിയെന്നും, ഇനി 27.75 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും, കൂടുതല്‍ അന്വേഷണത്തിന് ശേഷമേ, തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് മനസ്സിലാക്കാന്‍ കഴിയൂ എന്നും മാറാട് സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു.

മക്കളുടെ സ്വത്തുക്കള്‍ സൂരജിന്റെ ബിനാമിയെന്ന് ആക്ഷേപം
സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കവേ 11 കോടിയിലേറെ അനധികൃത സ്വത്ത് സമ്പാദിച്ച സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി കൊണ്ട് വിജിലന്‍സ് കോടതി നടപടി കൈക്കൊണ്ടിരുന്നു. പാലാരിവട്ടം കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ സൂരജ് നടത്തിയ ഇടപെടലുകള്‍ ചര്‍ച്ചയായിരുന്നു.

വനംവകുപ്പില്‍ റേഞ്ച് ഓഫീസറായി സര്‍ക്കാര്‍ ജോലിക്ക് കയറുമ്പോള്‍ സൂരജിന് ഉണ്ടായിരുന്നത് വെറും നാല് ലക്ഷം രൂപയുടെ സമ്പാദ്യമായിരുന്നു. കൊട്ടാരക്കരയിലുണ്ടായിരുന്ന കുടുംബ സ്വത്തായിരുന്നു അത്. എന്നാല്‍, അധികാരത്തില്‍ കയറിയപ്പോള്‍ മുതല്‍ കോടികള്‍ സമ്പാദിച്ചു കൂട്ടിയ സൂരജ് ഐഎഎസ് പദവിയില്‍ എത്തിപ്പിടിച്ചതും രാഷ്ട്രീയ ബന്ധങ്ങളുടെ ബലത്തിലായിരുന്നു. ലീഗ് നേതൃത്വം തന്നെയായിരുന്നു സൂരജിനെ കണ്‍ഫേഡായി ഐഎഎസ് പദവി നല്‍കിയത്.

സൂരജിന്റെയും ഭാര്യയുടേയും മക്കളുടേയും പേരിലുള്ള അനധികൃത സമ്പാദ്യമായ ഈ സ്വത്തുക്കളെല്ലാം ജപ്തിചെയ്യാനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടതോടയാണ് സൂരജിന്റെ പൂര്‍വ്വകാലവും ചര്‍ച്ചയായിരുന്നു. കോഴിക്കോട്ടും തൃശൂരും ഇരുന്ന കാലത്ത് അഴിമതി സംഘങ്ങളുമായി സൂരജ് കൂട്ടുചേര്‍ന്നതായി ആരോപണമുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിനും നികുതി വെട്ടിപ്പിനും 2009 മുതല്‍ സൂരജ് ആദായനികുതി, വിജിലന്‍സ് അന്വേഷണങ്ങള്‍ നേരിടുന്നുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ്രെടെബ്യൂണലിലും ഇതുസംബന്ധിച്ച കേസുകളുണ്ടായി. എന്നിട്ടും 2011 ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ സൂരജിനെ സ്ഥാനക്കയറ്റത്തോടെ പൊതുമരാമത്ത് സെക്രട്ടറിയായി നിയമിച്ചു.

ഐ.എ.എസ്. ലഭിച്ചതിനുശേഷം സൂരജ് രണ്ടു ഡസനോളം വിജിലന്‍സ് കേസുകളിലും അന്വേഷണങ്ങളിലും കുടുങ്ങി. കോഴിക്കോട് കലക്ടറായിരിക്കുമ്പോള്‍ 12 സ്ഥാപനങ്ങളില്‍നിന്നും ഒരു വ്യക്തിയില്‍നിന്നും കലക്ടറുടെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഫണ്ടിന്റെ പേരില്‍ 1.25 ലക്ഷം രൂപ തട്ടിയെടുത്തു എന്നതായിരുന്നു ഒരു കേസ്. കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ രണ്ടാം പ്രതിയായിരുന്നു. മണല്‍ക്കടത്ത് നടത്തിയ വാഹനങ്ങള്‍ വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട കേസിലും പെട്ടു. കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലും കളമശേരി ഭൂമി തട്ടിപ്പ് കേസിലും ഇദ്ദേഹത്തിന്റെ പേര് ഉയര്‍ന്ന് കേട്ടത്.

വ്യവസായ ഡയറക്ടറും പൊതുമരാമത്തു സെക്രട്ടറിയുമായി ജോലി ചെയ്തിരുന്ന 2004 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ സൂരജിന്റെ യഥാര്‍ഥ വരുമാനവും സമ്പാദിച്ച സ്വത്തുക്കളുമാണു വിജിലന്‍സ് പരിശോധിച്ചിരുന്നു. വരുമാനത്തിന്റെ 314% അധിക സമ്പാദ്യം കണ്ടെത്തിയതോടെ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എറണാകുളം എളമക്കരയിലെ 6 സെന്റ്, 8.9 സെന്റ്, വെണ്ണലയിലെ കെട്ടിട സമുച്ചയം, ഇവിടെത്തന്നെയുള്ള 16 സെന്റിലെ ഇരുനില കെട്ടിടം, ഇടക്കൊച്ചിയിലെ 15.5 സെന്റ് സ്ഥലം, എളംകുളത്തെ ഫ്ളാറ്റ്, ആലങ്ങാട്ടുള്ള 57 സെന്റ് സ്ഥലം, തോട്ടയ്ക്കാട്ടുകരയിലെ 10 സെന്റ് സ്ഥലം, ആലുവയിലെ 3 ഗോഡൗണുകള്‍, പീരുമേട്ടിലുള്ള 25 സെന്റ്, വാഴക്കാലയിലെ കൂറ്റന്‍ ഗോഡൗണ്‍, എളംകുളത്തുള്ള കെട്ടിടം എന്നിവ കണ്ടുകെട്ടാനാണു കോടതി ഉത്തരവിട്ടത്.

നേരത്തെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്റെ 8.8 കോടി രൂപ വിലവരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. നാല് വാഹനങ്ങളുും 23 ലക്ഷം രൂപയും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. ടി.ഒ.സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തെന്ന് നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. പത്തുവര്‍ഷത്തിനിടെ 314 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്നു വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. സൂരജിനു വരുമാനത്തേക്കാള്‍ മൂന്നിരട്ടി സമ്പാദ്യമുണ്ടെന്ന് 2016ല്‍ വിജിലന്‍സ് ലോകായുക്തയെ അറിയിച്ചിരുന്നു. കേരളത്തിലും കര്‍ണാടകയിലുമായി ആഡംബര ഫ്ളാറ്റുകളും ഭൂമിയുമടക്കം അനധികൃത സ്വത്തുക്കളുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം, കൊച്ചി, ഇടുക്കി, തൃശൂര്‍ ജില്ലകളിലും കര്‍ണാടകയിലുമായി ആഡംബര ഫ്ളാറ്റുകളും ഭൂമിയുമുണ്ടെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആറ് ആഡംബര കാറുകളും കൊച്ചിയില്‍ ഗോഡൗണ്‍ സഹിതമുള്ള ഭൂമിയും സ്വന്തമായുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

മകളുടെ വിവാഹത്തിന് നല്‍കിയത് 600 പവന്‍
ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരുന്ന കാലത്താണ് ടി.ഒ സൂരജിനെതിരെ അനധികൃത സ്വത്ത് സമ്പാദന വിഷയത്തില്‍ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ വിജിലന്‍സ് ടി.ഒ സൂരജിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 11 കോടിയുടെ അനധികൃത സ്വത്തുണ്ടെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. 2004 മുതല്‍ 2014 വരെയുള്ള വരുമാനത്തിന്റെ കണക്കുവെച്ച് നോക്കിയാണ് ഇത് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയയറക്ടറേറ്റിന്റെ നടപടിയുണ്ടായിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ടി.ഒ സൂരജ്. കാസര്‍കോട് കോട്ട ഭൂമി വിവാദത്തിലടക്കം എന്‍ഫോഴ്‌സ്‌മെന്റ്, വിജിലന്‍സ് സംഘം സൂരജിന്റെ പങ്ക് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. മംഗലാപുരത്ത് ബി.ഡി.എസ് പഠനത്തിനു പോയ മകന്‍ റിസ്വാന് സ്വന്തമായി ഫ്ളാറ്റ് വാങ്ങിനല്‍കിയതും ഈ കാലത്തായിരുന്നു. വിജിലന്‍സ് ചോദ്യംചെയ്പ്പോള്‍ വിദേശത്തുള്ള സഹോദരന്റെ സുഹൃത്തിന്റെ ഫ്ളാറ്റില്‍ പേയിങ് ഗസ്റ്റായി താമസിച്ചാണ് മകന്‍ പഠിച്ചതെന്നാണ് സൂരജ് പറഞ്ഞത്. എന്നാല്‍ ഇതേസമയത്തുതന്നെ മംഗലാപുരത്തെ രജിസ്ട്രേഷന്‍ വിഭാഗവുമായി ബന്ധപ്പെട്ട് റിസ്വാന്റെ പേരില്‍ത്തന്നെയാണ് ഫ്ളാറ്റെന്നും വിപണിവില ഒരുകോടിക്കുമുകളില്‍ വരുമെന്നും ജേക്കബ്തോമസ് കണ്ടെത്തിയിരുന്നു.

വ്യവസായവകുപ്പിലിരിക്കേയാണ് ആലുവയിലെ വമ്പന്‍ വ്യവസായിയുടെ മകനുമായുള്ള മകളുടെ വിവാഹത്തിന് 600 പവന്‍ സ്വര്‍ണാഭരണങ്ങളും കൊച്ചി കലൂരിനടുത്തെ ആഡംബരഫ്ളാറ്റും 25ലക്ഷം രൂപയും സ്ത്രീധനമായി സൂരജ് നല്‍കിയത്. മകളുടെ വിവാഹത്തിന് വെറും 15ലക്ഷം രൂപയേ ചിലവഴിച്ചുള്ളൂവെന്നാണ് സൂരജ് മൊഴിനല്‍കിയത്. എന്നാല്‍ സ്ത്രീധനത്തിന്റെ വിവരങ്ങള്‍ സൂരജിന്റെ ഉറ്റബന്ധു വിജിലന്‍സിന് മൊഴിനല്‍കി. ഇതേത്തുടര്‍ന്ന് വിവാഹത്തിന്റെ വീഡിയോയും ഫോട്ടോകളും വിജിലന്‍സ് പിടിച്ചെടുത്തപ്പോള്‍ സംഗതി ശരിയാണെന്ന് തെളിഞ്ഞു.

കൊച്ചിയിലെ ഫ്ളാറ്റിന് ഒന്നരക്കോടിയിലേറെ വിപണിവിലയുണ്ട്. കൊച്ചിയിലെ സ്വകാര്യകോളേജില്‍ മകളുടെ എം.ഡി പഠനത്തിന് 1.50കോടിയും ഇളയമകന്റെ എം.ബി.ബി.എസ് പഠനത്തിന് ഒരുകോടിയോളവും സൂരജ് ചെലവിട്ടതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു. സൂരജ് മറ്റുള്ളവരുടെ പേരിലെടുത്ത് സ്വന്തമായി ഉപയോഗിച്ചിരുന്ന ആറ് വാഹനങ്ങളുടെ ആര്‍.സിബുക്കടക്കമുള്ള രേഖകളും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. സൂരജിന്റെ സമ്പാദ്യം വരവിന്റെ 314 ശതമാനത്തിലേറെയാണെന്ന് വിജിലന്‍സ് കണ്ടെത്തി. 51,520 രൂപ പ്രതിമാസശമ്പളവും 103ശതമാനം ഡി.എയുമടക്കം ഒരുലക്ഷത്തോളംരൂപയാണ് എല്ലാ സത്യവാങ്മൂലത്തിലും സൂരജ് രേഖപ്പെടുത്തിയിട്ടുള്ളത്.

പത്തുവര്‍ഷത്തിനുള്ളില്‍ ഭൂമിയും വീടും വാഹനങ്ങളും വാങ്ങിയല്ലാതെ ഒന്നും വില്‍പ്പന നടത്തിയിട്ടില്ല. വാടകയായി ഒരുലക്ഷത്തോളം രൂപയുടെ വരുമാനമുണ്ട്. 2014നവംബറില്‍ സൂരജിന്റെ തിരുവനന്തപുരത്തേയും കൊച്ചിയിലേയും വസതികളിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും റെയ്ഡ് നടത്തിയാണ് വിജിലന്‍സ് അനധികൃതസമ്പാദ്യത്തിന്റെ രേഖകള്‍ പിടിച്ചത്. തൃശൂര്‍ വിജിലന്‍സ് കോടതിയുടെ സെര്‍ച്ച് വാറണ്ടുമായി എത്തിയ വിജിലന്‍സ് സംഘത്തെ സെക്രട്ടേറിയേറ്റില്‍ തടഞ്ഞത് അന്ന് വിവാദമായിരുന്നു. 1.80കോടിയുടെ അനധികൃതസന്പാദ്യമാണ് വിജിലന്‍സ് സംശയിച്ചതെങ്കിലും ന്യായവിലപ്രകാരം 11 കോടിയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. സൂരജിനെതിരായ 2000 പേജുകളുള്ള കുറ്റപത്രത്തില്‍ ഇക്കാര്യങ്ങളെല്ലാം അക്കമിട്ട് നിരത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category