1 GBP = 98.80INR                       

BREAKING NEWS

'എന്ത് അസംബന്ധവും വിളിച്ചു പറയാവുന്ന നാക്കുണ്ടെന്നു കരുതരുത്' എന്നു പറഞ്ഞ് വിറതുള്ളിയത് മുഖ്യന്‍; പിന്നാലെ വിവാദ സ്ത്രീയുമായുള്ള ബന്ധത്തിന്റെ പേരു പറഞ്ഞ് സസ്പെന്‍ഷന്‍; ഒടുവില്‍ പൂര്‍ണമായും കൈവിടലും; മുഖ്യമന്ത്രി തന്റെ വലംകൈയായ ഉദ്യോഗസ്ഥനെ കൈവിട്ടത് ഘട്ടം ഘട്ടമായി; വിശ്വാസവഞ്ചന കാട്ടിയെന്ന് പറഞ്ഞ് എല്ലാ കുറ്റവും ശിവശങ്കരനില്‍ കെട്ടിവെച്ച് മന്ത്രിമാരും

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു വിവാദം ഉയര്‍ന്നപ്പോള്‍ ശിവശങ്കര്‍ വിശ്വാസവഞ്ചന കാട്ടിയെന്ന് ആദ്യം തുറന്നടിച്ചത് മന്ത്രി ജി സുധാകരനായിരുന്നു. ശിവശങ്കറെ സ്ഥാനങ്ങളില്‍നിന്നു നീക്കി മുഖ്യമന്ത്രിയുടെ ഓഫീസിലെ ദുര്‍ഗന്ധം ഇല്ലാതാക്കിയെന്നു പറഞ്ഞതോടെ മറ്റുമന്ത്രിമാരും പതുക്കെപ്പതുക്കെ സുധാകരന്റെ പാതയിലേക്കു നീങ്ങി. ഇരിക്കുന്ന ഓഫീസിന്റെ നിലയും വിലയും പുതിയ കൂട്ടുകെട്ടില്‍ ശിവശങ്കര്‍ മറന്നു. ഇരിക്കുന്ന കൊമ്പു മുറിച്ചു തുടങ്ങിയ വാക്കുകളാണ് ഇപ്പോള്‍ വിവിധ മന്ത്രിമാരില്‍ നിന്നും പുറത്തുവരുന്നത്.

അതേസമയം ശിവശങ്കരനെ ഒറ്റയടിക്കു തള്ളിപ്പറയാതെ ഘട്ടം ഘട്ടമായി തള്ളിപ്പറയുക എന്ന ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. സ്വപ്നയുടെ പേരു പറഞ്ഞു പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയ ശിവശങ്കരനെ പിന്നീട് നില്‍ക്കക്കള്ളിയില്ലാതെയാണ് പിണറായി സസ്പെന്‍ഡ് ചെയ്തത്. ഇപ്പോള്‍ അറസ്റ്റിലാകുമ്പോള്‍ പൂര്‍ണമായും കൈവിടുകയും ചെയ്യുന്നു.

കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആദ്യം ഉയര്‍ന്നപ്പോള്‍ പൊട്ടിത്തെറിച്ചു കൊണ്ടാണ് പിണറായി ശിവശങ്കരനെ ന്യായീകരിച്ചത്. ജൂലൈ ആറിന് അദ്ദേഹം പറഞ്ഞത് ഇങ്ങനെയയായിരുന്നു. 'എന്ത് അസംബന്ധവും വിളിച്ചു പറയാവുന്ന നാക്കുണ്ടെന്നു കരുതരുത്. മുഖ്യമന്ത്രിയുടെ ഓഫിസ് എന്തെന്നു ജനങ്ങള്‍ക്കു ബോധ്യമുണ്ട്. തെറ്റു ചെയ്തവരെ സംരക്ഷിക്കുന്ന ലാവണമല്ലത്. ഏതെങ്കിലും കാര്യമുണ്ടായാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെയും മുഖ്യമന്ത്രിയെയും ബന്ധപ്പെടുത്താനാവുമോ എന്നാണു ചിലര്‍ ആലോചിച്ചു നടക്കുന്നത്. കേസ് കസ്റ്റംസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്.'

ജൂലൈ 7 ആയപ്പോഴേക്കും അദ്ദേഹം കുറച്ചു കൂടി മയപ്പെടുത്തി. ആ വാക്കുകള്‍ ഇങ്ങനെ:'പൊതുസമൂഹത്തില്‍ ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ ശിവശങ്കറിനെ സ്ഥാനത്തുനിന്നു മാറ്റി എന്നതിന്റെ അര്‍ഥം അദ്ദേഹത്തിനെതിരെ നിയമപരമായി ആരോപണമുയര്‍ന്നു എന്നല്ല. ഒരു വിവാദസ്ത്രീയുമായി ബന്ധമുള്ള ഒരു വ്യക്തിയെ ഓഫിസില്‍ ഇരുത്തുന്നതു ശരിയല്ല. ഐടി വകുപ്പിന്റെ പല പ്രോജക്ടുകളിലൊന്നില്‍ മാര്‍ക്കറ്റിങ് ചുമതലയില്‍ വിവാദവനിതയെ കരാര്‍ അടിസ്ഥാനത്തിലാണു നിയമിച്ചിരുന്നത്. ജോലി കൊടുത്തതു പ്രോജക്ട് മാനേജ്മെന്റ് നേരിട്ടല്ല, പ്ലേസ്മെന്റ് ഏജന്‍സി വഴിയാണ്. അതില്‍ അസ്വാഭാവികതയില്ല. അവര്‍ സര്‍ക്കാരിനു വേണ്ടി ചെയ്ത ജോലിയില്‍ തട്ടിപ്പുണ്ടെന്ന പരാതിയില്ല.'

ജൂലൈ 9ന് മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ: 'കേസില്‍പെട്ട സ്ത്രീയുമായി ബന്ധപ്പെട്ട് സെക്രട്ടറിയുടെ പേരില്‍ വിവാദങ്ങള്‍ ഉയര്‍ന്നപ്പോഴാണ് അത്തരമൊരാള്‍ ഓഫിസില്‍ വേണ്ടെന്നു തീരുമാനിച്ചത്. അതിനപ്പുറമൊരു അന്വേഷണം നടത്തേണ്ട കാര്യമില്ല. നടപടികളിലെ പിശകു ചൂണ്ടിക്കാട്ടി ജനങ്ങളെ ബോധ്യപ്പെടുത്തട്ടെ. അല്ലാതെ ഭാവനയില്‍ ഒരു കാര്യം കെട്ടിച്ചമച്ച് അതിലൂടെ ആക്ഷേപങ്ങള്‍ ഉന്നയിച്ചു പുറത്തുചാടിക്കാമെന്നു വച്ചാല്‍ നടക്കുന്ന കാര്യമല്ല.'

ജൂലൈ 14 ആയപ്പോഴേക്കും ശിവശങ്കരനെ കൈവിടേണ്ട ഘട്ടം വന്നു. ഇതോടെ അന്ന് നടത്തിയ പ്ര്സ്താവന ഇങ്ങനെയായിരുന്നു. 'വിവാദ സ്ത്രീയുമായുള്ള ഫോണ്‍ ബന്ധം ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. മറ്റൊരു പ്രതിയുമായി ബന്ധപ്പെട്ടതായും വാര്‍ത്ത വന്നിട്ടുണ്ട്. അതു നിയതമായ രീതിയിലാണോ എന്നു ചീഫ് സെക്രട്ടറി തല സമിതി അന്വേഷിക്കും. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തില്‍ സമിതി അവരുടെ നിഗമനം അറിയിക്കും.

ഒരാളെ സസ്പെന്‍ഡ് ചെയ്യണമെങ്കില്‍ അടിസ്ഥാനപരമായ വസ്തുതകള്‍ വേണം. ആ വസ്തുതകള്‍ ഇതുവരെ ഉണ്ടായിട്ടില്ല. നാളെ ഉണ്ടാവില്ല എന്നല്ല പറയുന്നത്. സിപിഐ ഭിന്നാഭിപ്രായങ്ങള്‍ പറഞ്ഞതു ചില പ്രശ്നങ്ങളുടെ ഭാഗമായിരുന്നു. അയാള്‍ (ശിവശങ്കര്‍) ഒരുകാലത്തു പ്രവര്‍ത്തിക്കാന്‍ പറ്റിയ ആളായിരുന്നു. അതു കൊണ്ടാണല്ലോ നിയമിച്ചത്. ഇങ്ങനൊരു വശം അന്നാരും അറിഞ്ഞില്ലല്ലോ.'

ജൂലൈ 15 അന്വേഷണം മുറുകിയതോടെ 'ആരുടെ നേരെയും അന്വേഷണം നടക്കട്ടെ. ശരിയായ അന്വേഷണം നടന്നാല്‍ തെറ്റു ചെയ്തവരെല്ലാം ഫലമനുഭവിക്കും. സംസ്ഥാന സര്‍ക്കാരിലെ ഒരു ഉദ്യോഗസ്ഥന്‍ ചെയ്തതു ശരിയോ തെറ്റോ എന്ന കാര്യമാണ് ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറിയും അന്വേഷിക്കുന്നത്. തെറ്റു ചെയ്താല്‍ ആരെയും സംരക്ഷിക്കില്ല. റിപ്പോര്‍ട്ട് വരട്ടെ. റിപ്പോര്‍ട്ട് വേഗത്തിലാക്കും. കര്‍ക്കശ നടപടിയുണ്ടാകും.' എന്നായി മുഖ്യമന്ത്രിയുടെ വാക്കുകള്‍.

സസ്പെന്‍ഡ് ചെയ്ത ശേഷം മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങെന: 'അന്വേഷണത്തിന്റെ ഭാഗമായാണല്ലോ കാര്യങ്ങള്‍ പുറത്തുവരിക. അത്തരം വസ്തുതകള്‍ പുറത്തുവന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണു ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യുന്നത്.''പ്രൈസ് വാട്ടര്‍ കൂപ്പറിന്റെ ഹോള്‍ സെയില്‍ ഏജന്റായി ശിവശങ്കര്‍ പ്രവര്‍ത്തിച്ചോ എന്നറിയില്ല. തെറ്റു ചെയ്താല്‍ ഒരു രക്ഷയും കിട്ടില്ലെന്നാണല്ലോ ഇതുവരെയുള്ള നടപടികളില്‍നിന്നു മനസ്സിലാകുന്നത്.'

ശിവശങ്കരനും സ്വപ്ന സുരേഷുമായി സൗഹൃദം മാത്രം എന്നു പറഞ്ഞിടത്തു നിന്നാണ് ഇപ്പോഴത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലേക്ക് കാര്യങ്ങളെത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍പ്പെട്ടവരുമായി പരിധിവിട്ട ബന്ധം, സര്‍ക്കാരിന്റെ ഉന്നതസ്ഥാനത്തിരുന്ന് അവര്‍ക്ക് വഴിവിട്ട സഹായം. ഇതെല്ലാം അറിഞ്ഞോ അറിയാതെയോ ദേശവിരുദ്ധ പ്രവര്‍ത്തനത്തിനും കള്ളക്കടത്തുകാര്‍ക്കും സഹായകമായോയെന്ന് അന്വേഷണ ഏജന്‍സികള്‍ക്കുണ്ടായ സംശയം മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനായ എം. ശിവശങ്കറെ എത്തിച്ചത് നിയമക്കുരുക്കില്‍, ഒടുവില്‍ അറസ്റ്റിന്റെ പാതയിലും.

സ്വപ്നാസുരേഷ്, സരിത്ത് തുടങ്ങിയവര്‍ക്ക് സ്വര്‍ണക്കടത്തുണ്ടെന്ന് അറിയില്ലെന്നായിരുന്നു ശിവശങ്കര്‍ ആദ്യമൊക്കെ പറഞ്ഞിരുന്നത്. പക്ഷേ, പ്രതികളുമായുള്ള ബന്ധങ്ങളെപ്പറ്റിയുള്ള തെളിവുകളോരോന്നും വരിഞ്ഞുമുറുക്കിയതോടെ വഴികളെല്ലാം അടഞ്ഞു. പദവികളില്‍നിന്നു പുറത്താവുകയും അന്വേഷണ ഏജന്‍സികളുടെ നിരന്തര ചോദ്യംചെയ്യലിനു വിധേയനാവുകയും ചെയ്തു. ഏറ്റവുമൊടുവില്‍ ഇ.ഡി.ക്കും കസ്റ്റംസിനും മുന്നില്‍ അടിപതറിയതോടെ തകര്‍ച്ച പൂര്‍ണം.

ഇത്ര മുതിര്‍ന്നൊരു ഉദ്യോഗസ്ഥന്‍ എങ്ങനെ കള്ളക്കടത്തുകാരുടെ കുരുക്കില്‍പ്പട്ടെന്നും സര്‍ക്കാര്‍ വിശ്വസിച്ചേല്‍പ്പിച്ച പദവിയുടെ വിലയും ഉത്തരവാദിത്വവും എന്തുകൊണ്ടു മറന്നെന്നുമാണ് അദ്ദേഹത്തിനുനേരെ ഉയര്‍ന്ന ചോദ്യം. ശിവശങ്കറിന്റെ ഇടപാടുകള്‍ ദേശസുരക്ഷയെ ബാധിക്കുന്നതിലേക്ക് എത്തിയോയെന്ന് എന്‍.ഐ.എ. അന്വേഷിച്ചുതുടങ്ങിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ്‌പോലും സംശയനിഴലിലായി.

സ്വര്‍ണക്കടത്തില്‍ മുന്‍ ഐ.ടി. സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ശിവശങ്കറിന് ബന്ധമൊന്നും ഇല്ലെന്നായിരുന്നു അന്വേഷണത്തിന്റെ തുടക്കത്തില്‍ സ്വപ്നയുടെ മൊഴി. എന്നാല്‍, പ്രതികളുമായുള്ള ഫോണ്‍വിളികളും പലവട്ടമുണ്ടായ ഒത്തുകൂടലും അവര്‍ക്ക് ഫ്ളാറ്റ് ഒരുക്കിയതും ലോക്കര്‍ തുറന്നതുമൊക്കെ കുടുക്കായി.

അന്വേഷണസംഘത്തിനുമുന്നിലേക്ക് തെളിവുകള്‍ ഡിജിറ്റലായെത്തിയപ്പോള്‍ രക്ഷയില്ലെന്നു നേരത്തേതന്നെ ശിവശങ്കറിനും മനസ്സിലായിരിക്കണം. ചികിത്സതേടല്‍ അറസ്റ്റ് നീട്ടിക്കൊണ്ടുപോകാനുള്ള മറയാക്കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥരും ഉറപ്പിച്ചു. വാതിലുകളെല്ലാം അടഞ്ഞതായി ആശുപത്രിവാസത്തിന്റെ അവസാന ദിവസങ്ങളില്‍ ശിവശങ്കറിന് ബോധ്യപ്പെട്ടിരിക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category