കവന്‍ട്രി: സഹിക്കാനാകാത്ത പല്ലുവേദനയുമായാണ് ബര്‍മിങാമിലെ മലയാളി നഴ്സ് ജെയ്സമ്മ ആശുപത്രിയില്‍ എത്തുന്നത്. ഒരു മാസം മുന്‍പ് ആരുടേയും സഹായം കൂടാതെ ആശുപത്രിയില്‍ എത്തിയ ഈ വീട്ടമ്മ പിന്നീട് ആ ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങാതെയാണ് മരണത്തെ പുല്‍കിയിരിക്കുന്നത് എന്നത് യുകെ മലയാളി സമൂഹത്തിനു കടുത്ത ആഘാതമായി മാറിയിരിക്കുന്നു. എത്ര ഊര്‍ജ്ജസ്വലതയോടെയും ജീവിക്കുന്നവരില്‍ പോലും ഏതു നിമിഷവും പുറത്തു ചാടാവുന്ന ടൈം ബോംബ് ആയി ക്യാന്‍സര്‍ രോഗം കൂടെയുണ്ടാകാം എന്ന ഓര്‍മ്മപ്പെടുത്തലാണ് ജെയ്സമ്മയുടെ മരണം സമൂഹത്തിനു നല്കുന്ന സന്ദേശം.
അതിനാല്‍ തന്നെ പള്ളി ചടങ്ങിലും മറ്റും മുന്നില്‍ നിന്നിരുന്ന ഏവര്‍ക്കും പ്രിയപ്പെട്ട ഈ വീട്ടമ്മയുടെ മരണം ഏറെ വൈകിയും പലര്‍ക്കും ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല. ഒരു മാസത്തെ ആശുപത്രി വാസത്തിനിടെ കോവിഡ് കൂടി പിടിപെട്ടപ്പോള്‍ അസാധാരണമായ ദുര്‍വിധികള്‍ താണ്ടിയാണ് അവസാനം ഇവര്‍ ദൈവസന്നിധിയിലേക്കു യാത്ര ആയിരിക്കുന്നത് എന്നതാണ് കുടുംബത്തെയും പ്രിയപ്പെട്ടവരും കൂടുതല്‍ സങ്കടത്തിലാക്കുന്നതും.
കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ ജെയ്സമ്മയും കുടുംബവും ഏറെ നാളുകളായി എര്‍ഡിങ്ങ്ടണ്‍ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമാണ്. നൂറുകണക്കിന് മലയാളികള്‍ താമസിക്കുന്ന ഇവിടെ പരസ്പരം അറിയാത്തവരും വളരെ ചുരുക്കമാണ്. അതിനാല്‍ തന്നെ തികച്ചും അപ്രതീക്ഷിതമായി എത്തിയ മരണം ഏവരെയും സങ്കടത്തിലാക്കിയിരിക്കുന്നു.
ഒരു നാള് നിസാരമായ ഒരസുഖത്തിന് ആശുപത്രിയില്‍ പോയ വ്യക്തി മരണമഞ്ചമേറി വിടവാങ്ങാന്‍ എത്തുന്നുവെന്നത് ഒരാള്‍ക്കും സങ്കല്പ്പിക്കാന് പോലും സാധ്യമായ കാര്യമല്ലെന്ന് എര്‍ഡിങ്ങ്ടണ്‍ മലയാളി സമൂഹത്തെ പ്രതിനിധീകരിക്കുന്നവര്‍ പറയുമ്പോള്‍ അതില്‍ ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള ക്ഷണികവും ഹ്രസ്വവുമായ നിമിഷങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ് അവശേഷിക്കുന്നത്.
ക്യാന്‍സറിലെ ഏറ്റവും കാഠിന്യമേറിയതെന്നു വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്ന ലുക്കീമിയ അതിന്റെ അവസാന പ്രഹരം ഏല്‍പ്പിക്കുമ്പോള്‍ മാത്രമാണ് ജെയ്സമ്മയെ പോലെ പലരും രോഗത്തിന്റെ മൂര്‍ധന്യാവസ്ഥ തിരിച്ചറിയുക. അപ്പോഴേക്കും വൈദ്യശാസ്ത്രം ഒന്നും ചെയ്യാനാവാത്ത വിധം നിസ്സഹായമായി മാറിയിരിക്കും. ക്വീന്‍ എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജെയ്സമ്മയ്ക്കു കീമോ തെറാപ്പി ചികിത്സകള്‍ നല്കി വരവെയാണ് കോവിഡ് പിടിപെട്ടതെന്നു പ്രാദേശിക മലയാളി സമൂഹത്തിലെ അംഗങ്ങള്‍ വ്യക്തമാക്കുന്നു.
ഇതോടെ രോഗം മൂര്‍ച്ഛിക്കുകയും ജെയ്സമ്മയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇനി മറ്റൊരത്ഭുതം സംഭവിയ്ക്കാനില്ലെന്ന് ഇതോടെ ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും ദിവസമായി രോഗ നില ഏറെ വഷളായതിനാല്‍ മരണം ഏതു നിമിഷവും സംഭവിച്ചേക്കാമെന്നു ഡോക്ടര്‍മാര്‍ സൂചന നല്‍കിയിരുന്നതായി പറയപ്പെടുന്നു.
ഇതോടെ വെറും മുപ്പതു ദിവസത്തിനിടയില്‍ പൂര്‍ണ ആരോഗ്യത്തോടെ കഴിഞ്ഞ ഒരാള്‍ എത്രമാത്രം വേദന നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നു പോയിരിക്കാം എന്നതാണ് ജെയ്സമ്മയുടെ സുഹൃത്തുക്കള്‍ ഇപ്പോള്‍ ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ചു പരസ്പരം പങ്കിടുന്ന ആശ്വാസ വാക്കുകള്‍. തികച്ചും ആകസ്മികമായി എത്തിയ ജെയ്സമ്മയുടെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബത്തോടും പ്രിയപ്പെട്ടവരോടുമൊപ്പം ബ്രിട്ടീഷ് മലയാളി ന്യൂസ് ടീമും ഹൃദയ വേദന പങ്കിടുന്നു.