1 GBP = 98.30 INR                       

BREAKING NEWS

ലോകമാകെ കാത്തിരിക്കുന്ന ആ ദിനത്തിലേക്ക് ഇനി മൂന്നു നാള്‍ ദൂരം; അമേരിക്കന്‍ പ്രസിഡന്റാകുക ഡൊണാള്‍ഡ് ട്രംപോ അതോ ജോ ബൈഡനോ; അമേരിക്കയിലെ തെരഞ്ഞെടുപ്പിനെ ആകാംക്ഷയോടെ ഉറ്റുനോക്കി ഇന്ത്യയും

Britishmalayali
kz´wteJI³

വാഷിംഗ്ടണ്‍: ലോകമാകെ കാത്തിരിക്കുന്ന ആ ദിനത്തിലേക്ക് ഇനി മൂന്നു നാള്‍ ദൂരം മാത്രം. നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വിവിധ സംസ്ഥാനങ്ങളിലായി ഇതിനോടകം എട്ടുകോടി ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ ധ്രുവീകരണത്തിന്റെ തോത് രാജ്യത്ത് ഉയര്‍ന്നതാണ്. രാജ്യത്തെ ഏറ്റവും നിര്‍ണായക തെരഞ്ഞടുപ്പാണിചെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും തുറന്ന് സമ്മതിക്കുന്നുണ്ട്. അതേ സമയം, ലോകം ഉറ്റുനോക്കുന്നത് അടുത്ത നാല് വര്‍ഷം ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തെ നയിക്കാന്‍ ആരെത്തും എന്നതാണ്. ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപും ഇഞ്ചോടിച്ച് പോരാട്ടമാണ് നടത്തുന്നത്.

ഇപ്സോസ്-റോയിട്ടേഴ്സ്, സിഎന്‍എന്‍-എസ്എസ്ആര്‍എസ്, യുഗവ്-ഇക്കോണമിസ്റ്റ്, ഫ്രാങ്ക്ലിന്‍ പിയഴ്സ് യൂണിവേഴ്സിറ്റി-ബോസ്റ്റണ്‍ ഹെറള്‍ഡ് സര്‍വേകള്‍ പ്രകാരം ജോ ബൈഡനാണ് മുന്‍തൂക്കം. യുഎസിലെ 50 സംസ്ഥാനങ്ങളിലും ഫെഡറല്‍ ഡിസ്ട്രിക്ട് ആയ കൊളംബിയയിലും ഉള്‍പ്പെടെ ആകെ 538 ഇലക്ടറല്‍ വോട്ടുകള്‍. ഇതില്‍ കുറഞ്ഞത് 270 എണ്ണമെങ്കിലും ലഭിക്കുന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണു വിജയി. വലിയ തോതില്‍ ഇലക്ടറല്‍ വോട്ടുള്ള സംസ്ഥാനത്ത് നേരിയ വ്യത്യാസത്തിനു ജനകീയ വോട്ടില്‍ തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥിയുടെ കാര്യം കഷ്ടമാകും.

ഓരോ സംസ്ഥാനത്തിനും പാര്‍ലമെന്റിലുള്ള പ്രതിനിധികളുടെ എണ്ണത്തിനു സമാനമാണ് അവിടെ അനുവദിക്കപ്പെട്ട ഇലക്ടറല്‍ വോട്ടുകളും. ഓരോ സംസ്ഥാനത്തും ഏറ്റവും കൂടുതല്‍ ജനകീയ വോട്ടു നേടുന്ന സ്ഥാനാര്‍ത്ഥിക്ക് ആ സംസ്ഥാനത്തെ മുഴുവന്‍ ഇലക്ടറല്‍ വോട്ടുകളും ലഭിക്കും. എന്നാല്‍, മയ്ന്‍, നെബ്രാസ്‌ക എന്നീ സംസ്ഥാനങ്ങളില്‍ മാത്രം, അവിടെയുള്ള നിയോജക മണ്ഡലങ്ങളില്‍ ഓരോന്നിലും ആര്‍ക്കാണോ ജനകീയ വോട്ടില്‍ മുന്‍തൂക്കം, അവിടത്തെ ഇലക്ടറല്‍ വോട്ട് അനുവദിച്ചു നല്‍കുന്ന സമ്പ്രദായമാണുള്ളത്. ഇലക്ടറല്‍ വോട്ടെണ്ണം തുച്ഛമാണെങ്കിലും സ്ഥാനാര്‍ത്ഥിക്ക് ദേശീയ തലത്തില്‍ വിജയഭാഗ്യത്തിന് ചിലപ്പോള്‍ അതുമതിയാകും.

കഴിഞ്ഞതവണ ട്രംപിന് ഹിലരി ക്ലിന്റനേക്കാള്‍ 29 ലക്ഷത്തോളം വോട്ട് കുറവാണ് കിട്ടിയത്. എന്നാല്‍, ഇലക്ടറല്‍ കോളേജിലേക്ക് ട്രംപിന് 306 അംഗങ്ങളെ കിട്ടിയപ്പോള്‍ 237 ആയിരുന്നു ഹിലരിയുടെ സമ്പാദ്യം. യുഎസ് ഭരണഘടന പ്രകാരം പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന ഇലക്ടറല്‍ കോളേജില്‍ 270 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. വാശിയേറിയ മത്സരം നടക്കുന്ന 'പോര്‍ക്കള' സംസ്ഥാനങ്ങളില്‍ ട്രംപും ബൈഡനും ഒപ്പത്തിനൊപ്പമാണ്. ട്രംപ് പറയുന്നതെന്തും വിശ്വസിക്കുന്ന മതയാഥാസ്ഥിതികര്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പിന്തുണയില്‍ കാര്യമായ കുറവില്ല.

അമേരിക്കന്‍ പ്രസിഡന്റ്: തെരഞ്ഞെടുപ്പ് ഇങ്ങനെ
യുഎസില്‍ ജനിച്ച അമേരിക്കന്‍ പൗരന്മാര്‍ക്കാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ യോഗ്യത. ഇവര്‍ കുറഞ്ഞത് 14 വര്‍ഷമെങ്കിലും രാജ്യത്ത് താമസിക്കുന്നവരും 35 വയസ് പൂര്‍ത്തിയാക്കിയവരുമായിരിക്കണം. തെരഞ്ഞെടുപ്പു പ്രക്രിയയില്‍ ഓരോ പാര്‍ട്ടിയും ഓരോ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കും. നാലുവര്‍ഷമാണ് പ്രസിഡന്റിന്റെ ഭരണകാലാവധി. ഒരാള്‍ക്ക് പരമാവധി രണ്ടുതവണ പ്രസിഡന്റാകാം. ഒബാമ രണ്ടുതവണത്തെ ഭരണം പൂര്‍ത്തിയാക്കിയതാണ്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ടുകക്ഷികളാണുള്ളത്. റിപ്പബ്ലിക്കന്‍, ഡമോക്രാറ്റിക് പാര്‍ട്ടികള്‍. ഈ പാര്‍ട്ടികള്‍ സംസ്ഥാനങ്ങളില്‍ മല്‍സരങ്ങള്‍ നടത്തി സ്വന്തം നോമിനികളെ തിരഞ്ഞെടുക്കുന്നു. പരമ്പരാഗതമായി ഫെബ്രുവരിയില്‍ ഇയോവ, ന്യൂഹാംപ്ഷെയര്‍ സംസ്ഥാനങ്ങളിലാണ് ഇതിനു തുടക്കം. ഇരുപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ തെരിഞ്ഞെടുത്തു കഴിഞ്ഞാല്‍ നവംബറിലെ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം തുടങ്ങും.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന വ്യത്യസ്തരീതികളാണ് കോക്കസും പ്രൈമറിയും. ആരു നടത്തുന്നു എന്നതിനെ ആശ്രയിച്ചാണ് പേരിലെ വ്യത്യാസം. രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന തെരഞ്ഞെടുപ്പാണ് കോക്കസ്. സംസ്ഥാന ഭരണകൂടമാണ് നടത്തുന്നതെങ്കില്‍ പേര് പ്രൈമറി എന്നാകും.

പ്രൈമറി: പൊതുതിരഞ്ഞെടുപ്പുമായി സാമ്യമുള്ള ഒന്നാണ് പ്രൈമറികള്‍. വോട്ടര്‍മാര്‍ രഹസ്യമായി വോട്ട് ചെയ്യുന്നു. പിന്നീട് ഇവ എണ്ണുന്നു. ഓപ്പണ്‍, ക്ലോസ്ഡ് എന്നിങ്ങനെ രണ്ടുതരം പ്രൈമറികളുണ്ട്. ഓപ്പണ്‍ പ്രൈമറികളില്‍ പാര്‍ട്ടിവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാം. ക്ലോസ്ഡ് പ്രൈമറികളില്‍ ഏതു പാര്‍ട്ടിക്കു വേണ്ടിയാണോ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്കു മാത്രമേ വോട്ട് ചെയ്യാനാകൂ.

കോക്കസ്: സംസ്ഥാനങ്ങള്‍ പല തരത്തിലാണ് കോക്കസ് നടപ്പാക്കുക. പൊതുവെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പാര്‍ട്ടി അംഗങ്ങള്‍ ഒരുമിച്ചു കൂടി സ്ഥാനാര്‍ത്ഥികളെപ്പറ്റി ചര്‍ച്ച ചെയ്യുകയും പാര്‍ട്ടി കണ്‍വന്‍ഷനുകളിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുകയുമാണ് പതിവ്. സംസ്ഥാനത്തിനു താല്‍പര്യമുള്ള ദേശീയ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കേണ്ട പ്രതിനിധിയാണ് ഇങ്ങന തെരഞ്ഞെടുക്കപ്പെടുക.

എല്ലാ സ്ഥാനാര്‍ത്ഥികളുടെയും പിന്തുണക്കാര്‍ക്ക് സംസാരിക്കാനും തന്റെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ തേടാനും ഒരേ പോലെ അവസരം ലഭിക്കും. ജനപ്രിയതയില്‍ പിന്നില്‍ നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികളുടെ അനുയായികളുടെ വോട്ടുകൂടി നേടാന്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് കോക്കസ് അവസരം നല്‍കുന്നു.

ഇയോവയും ന്യൂഹാംപ്ഷെയറും
ഇയോവയിലെ കോക്കസ് മുതലാണ് പ്രചാരണം തുടങ്ങുന്നത്. അതിനുശേഷം ന്യൂഹാംപ്ഷെയര്‍ പ്രൈമറികള്‍ നടക്കും. രണ്ടിടത്തും പിന്നിലാകുന്നത് സ്ഥാനാര്‍ത്ഥിയുടെ നില പരുങ്ങലിലാക്കും. രണ്ടും വിജയിച്ചാല്‍ നോമിനേഷന്‍ ഉറപ്പിക്കാം. രണ്ടു സംസ്ഥാനങ്ങളിലെയും ഫലം സ്ഥാനാര്‍ത്ഥികളുടെ ജനപ്രീതി, സംഘടനാപാടവം, മുന്നോട്ടുള്ള ഗതി എന്നിവയുടെ അളവെടുപ്പാണ്. രണ്ടുസംസ്ഥാനങ്ങളിലും ജയിക്കുകയോ മുന്നിലുള്ള മൂന്നുപേരില്‍ ഒരാളാകുകയോ ചെയ്യുക എന്നത് സ്ഥാനാര്‍ത്ഥിത്വത്തിന് പ്രധാനമാണ്.

ഭൂരിപക്ഷം സംസ്ഥാനങ്ങളിലും മാര്‍ച്ചിലെ ആദ്യചൊവ്വാഴ്ചയാണ് പ്രൈമറികളും കോക്കസുകളും നടക്കുക. സൂപ്പര്‍ ട്യൂസ്ഡേ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതോടെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും. ഇയോവയില്‍ നേടിയ മുന്‍തൂക്കം ഇല്ലാതാകാനും സൂപ്പര്‍ ട്യൂസ്ഡേയിലെ ഫലങ്ങള്‍ കാരണമായേക്കാം. സ്വന്തം സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യതയെപ്പറ്റി പാര്‍ട്ടികള്‍ക്ക് ധാരണയും ഉണ്ടാകും.

ജൂലൈയില്‍ നടക്കുന്ന നാഷനല്‍ പാര്‍ട്ടി കണ്‍വന്‍ഷനിലാണ് പാര്‍ട്ടികള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്. ഇരുപാര്‍ട്ടികളും എല്ലാ നാലുവര്‍ഷത്തിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ വന്‍ ദേശീയ കണ്‍വന്‍ഷനുകള്‍ നടത്തുന്നു. ഇതില്‍ എല്ലാ സംസ്ഥാനങ്ങളിലും നിന്നുള്ള പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും. ഓരോ സംസ്ഥാനത്തിനും താല്‍പര്യമുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാനാണ് പാര്‍ട്ടിസംസ്ഥാന പ്രതിനിധികള്‍ വരുന്നത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്നു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്
നാലുവര്‍ഷം കൂടുമ്പോള്‍ നവംബറില്‍ ആദ്യത്തെ തിങ്കളാഴ്ചയ്ക്കു ശേഷമുള്ള ആദ്യ ചൊവ്വാഴ്ചയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ വോട്ട് ചെയ്യുന്നു. 'പോപ്പുലര്‍ വോട്ട്' എന്നാണ് ഇത് അറിയപ്പെടുന്നതെങ്കിലും മറ്റൊരു സംവിധാനം കൂടി തെരഞ്ഞെടുപ്പിലുണ്ട്. അതാണ് ഇലക്ടറല്‍ കോളജ്. വ്യത്യസ്ത സ്ഥാനാര്‍ത്ഥികള്‍ക്കു വോട്ട് ചെയ്യാനെത്തുന്ന ഒരു സംഘം വോട്ടര്‍മാരാണ് ഇലക്ടറല്‍ കോളജ്. 538 പേരാണ് ഇപ്പോള്‍ ഉള്ളത്. പ്രസിഡന്റിനെ തീരുമാനിക്കാന്‍ 270 പേര്‍ മതിയാകും. യുഎസ് കോണ്‍ഗ്രസ് പ്രതിനിധികളുടെയും സെനറ്റര്‍മാരുടെയും എണ്ണമനുസരിച്ച് ഓരോ സംസ്ഥാനത്തിനും നിശ്ചിത ഇലക്ടറല്‍ കോളജ് പ്രതിനിധികളെ അയയ്ക്കാം. സാധാരണ പൗരന്മാര്‍ വോട്ട് ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ ഇലക്ടര്‍മാര്‍ക്കാണ് വോട്ട് ചെയ്യുന്നത്. ഇലക്ടര്‍മാര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുന്നു.

ഓരോ സംസ്ഥാനത്തും കൂടുതല്‍ വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥിക്കാണ് ആ സംസ്ഥാനത്തുനിന്നുള്ള ഇലക്ടര്‍മാരുടെ മുഴുവന്‍ വോട്ടുകളും ലഭിക്കുക. ഉദാഹരണത്തിന് ഒരു സംസ്ഥാനത്തിന് മൂന്ന് ഇലക്ടറല്‍ വോട്ടുണ്ടെങ്കില്‍ മൂന്നും സംസ്ഥാനത്തുനിന്ന് ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാര്‍ത്ഥിക്കാകും ലഭിക്കുക. ഇലക്ടറല്‍ വോട്ടുകളെല്ലാം എണ്ണുമ്പോള്‍ ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാര്‍ത്ഥി പ്രസിഡന്റാകും. മിക്കപ്പോഴും കൂടുതല്‍ ' പോപ്പുലര്‍ വോട്ട്' നേടുന്നവര്‍ക്കു തന്നെയാകും ഇലക്ടറല്‍ കോളജിലും ഭൂരിപക്ഷം.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റിപ്പബ്ലിക്കും ഡെമോക്രാറ്റും ശക്തമായ പ്രചാരണമാണ് കാഴ്ച വെക്കുന്നത്. മുന്‍ വര്‍ഷങ്ങളെക്കൊള്‍ ഇന്ത്യയും ഇത്തവണ വളരെ ആകാംഷയോടെയാണ് തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. കാരണം അമേരിക്കയിലെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ് ഒരു ഇന്ത്യന്‍ വംശജയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category