1 GBP = 101.50 INR                       

BREAKING NEWS

മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ മലയാളം ഡ്രൈവിനും ഫേസ്ബുക്ക് പേജിനും ഗംഭീരമായ ആരംഭം; ശത ദിന കര്‍മ്മപദ്ധതിയ്ക്ക് മറ്റന്നാള്‍ തുടക്കം കുറിക്കും

Britishmalayali
എബ്രഹാം കുര്യന്‍

കേരള പിറവിയോടനുബന്ധിച്ച് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ സംഘടിപ്പിച്ച നൂറു ദിന വെര്‍ച്ച്വല്‍ ആഘോഷ പരിപാടിയായ മലയാളം ഡ്രൈവിന്റെയും യു കെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിന്റെയും ഉദ്ഘാടനം വെര്‍ച്യുല്‍ പ്ലാറ്റ് ഫോമിലൂടെ മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ് നിര്‍വ്വഹിച്ചു.  നവോദ്ധാന പ്രസ്ഥാനം പോലെ തന്നെ ഐക്യ കേരള പ്രസ്ഥാനത്തെയും പ്രാധാന്യത്തോടെ വിലയിരുത്തേണ്ടതാണെന്ന് അഭിപ്രായപ്പെട്ട പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് മലയാളികള്‍ കേരളത്തിന്റെ അതിര്‍ വരമ്പുകള്‍ക്കപ്പുറം ലോക മലയാളികളായി വളര്‍ന്നതില്‍ ഐക്യ കേരള പ്രസ്ഥാനവും പ്രവാസി മലയാളികളും വഹിച്ച പങ്കും അനുസ്മരിച്ചു.

ഇന്ത്യയിലും വിദേശത്തുമായി നിരവധി ചിത്രകലാ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള കേരള ലളിതകലാ അക്കാഡമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടുകയും, ലോകോത്തര മാസികയായ ആര്‍ട്ട് റിവ്യൂ എന്ന മാഗസിനിലെ ഏറ്റവും സ്വാധീനം ചെലുത്തുന്ന 100 കലാകാരന്‍മാരുടെ പട്ടികയില്‍ 2015 മുതല്‍ 2019 വരെ സ്ഥാനം പിടിക്കുകയും, കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഫൗണ്ടര്‍ പ്രസിഡന്റും കൊച്ചി മുസിരിസ് ബിനാലെ എക്‌സിബിഷന്റെ ഡയറക്ടറുമായി പ്രവര്‍ത്തിക്കുന്ന ബോസ് കൃഷ്ണമാചാരി ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഭാഷാ പ്രചരണ പരിപാടിയായ മലയാളം ഡ്രൈവ് യുകെയില്‍ മലയാള ഭാഷയുടെ വളര്‍ച്ചക്കും കേരള സംസ്‌കാരം നിലനിര്‍ത്തുന്നതിനും സഹായകമാകട്ടെയെന്നും ആശംസിച്ച അദ്ദേഹം ഏപ്രില്‍ മാസത്തില്‍ മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ നടത്തുന്ന പഠനോത്സവത്തിന് വിജയാശംസകളും നേര്‍ന്നു.

മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ വിവരിച്ച മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ സെക്രട്ടറി എബ്രഹാം കുര്യന്‍ വിശിഷ്ടാതിഥികള്‍ക്ക് സ്വാഗതം ആശംസിച്ചു. മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി സി. എ ജോസഫ് വിശിഷ്ടാതിഥികള്‍ക്ക് നന്ദി പറഞ്ഞതോടൊപ്പം മലയാളം ഡ്രൈവിന്റെയും ഫേസ് ബുക്ക് പേജിന്റെയും രൂപകല്‍പ്പന നിര്‍വ്വഹിക്കുന്ന പ്രവര്‍ത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസറിനെയും ബേസില്‍ ജോണിനെയും ജനേഷ് നായരെയും മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ കൃതജ്ഞത അറിയിച്ചു. മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് മുരളി വെട്ടത്ത് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

കോവിഡ് 19 വ്യാപനത്തിന്റെ ഫലമായി ലോകം മുഴുവന്‍ ഡിജിറ്റല്‍ യുഗത്തിലൂടെ കടന്നു പോകുമ്പോള്‍ മലയാളം മിഷനും നൂതന സാങ്കേതിക വിദ്യയിലൂടെ അതിജീവനത്തിന്റെ പാതയിലൂടെ തന്നെ മുന്നേറുകയാണ്. മലയാളം മിഷന്‍ യുകെ ചാപ്റ്ററിനു കീഴിലുള്ള വിവിധ മേഘലകള്‍ക്കും അവയ്ക്കു കീഴിലുള്ള വിവിധ സ്‌ക്കൂളുകള്‍ക്കും ഫേസ് ബുക്ക് പേജ് ഉണ്ടായിരുന്നുവെങ്കിലും മലയാളം മിഷന്‍ യുകെ ചാപ്റ്ററിനു കീഴിലുള്ള എല്ലാ സ്‌ക്കൂളുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയും റിസോഴ്‌സുകള്‍ പങ്കുവയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായാണ് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ഫേസ് ബുക്ക് പേജ് ആരംഭിച്ചത്.

കൂടാതെ ലോക് ഡൗണിന്റെയും സാമൂഹ്യ അകലം പാലിക്കേണ്ടതുമായ സമയത്തുള്ള കേരള പിറവി ആഘോഷത്തിനും മലയാള ഭാഷാ പ്രചരണത്തിനും നേതൃത്വം നല്‍കുവാന്‍ വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമിലുള്ള നൂറു ദിന കര്‍മ്മ പരിപാടിയായ മലയാളം ഡ്രൈവും നടന്നു കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി മറ്റന്നാള്‍ ഞായറാഴ്ച യുകെ സമയം വൈകുന്നേരം നാലുമണിക്ക് മലയാളം മിഷന്‍ രജിസ്ട്രാര്‍ എം സേതുമാധവന്‍ 'മലയാളം മലയാളി മലയാളം മിഷന്‍' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഫേസ് ബുക്ക് ലൈവിലൂടെ പ്രഭാഷണം നടത്തുന്നതാണ്. അദ്ധ്യാപക ട്രെയ്‌നിംഗിലൂടെ മലയാളം മിഷന്‍ അദ്ധ്യാപകര്‍ക്ക് സുപരിചിതനായ എം സേതു മാധവന്‍ കേരളത്തിലെ സ്‌ക്കൂള്‍ അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന ഡയറ്റിന്റെ മേധാവിയും ആയിരുന്നു.

മലയാളം മിഷന്റെ യുകെയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പതിമൂന്നംഗ പ്രവര്‍ത്തക സമിതി നേതൃത്വം നല്‍കുന്നു. ആ പ്രവര്‍ത്തക സമിതിയെ സഹായിക്കാന്‍ അരുണ്‍ തങ്കത്തിന്റെ നേതൃത്വത്തില്‍ ഒരു ഒന്‍പതംഗ ഉപദേശക സമിതിയും ജയപ്രകാശ് സുകുമാരന്റെ നേതൃത്വത്തില്‍ നാലംഗ വിദഗ്ധ സമിതിയും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

വിവിധ സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടുത്തിയുള്ള വരുംദിനങ്ങളിലേക്കുള്ള ഫേസ് ബുക്ക് ലൈവിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും സംഘാടകര്‍ അറിയിച്ചു. തുടര്‍ന്നു നടക്കുന്ന എല്ലാ ലൈവ് പ്രോഗ്രാമുകളിലും എല്ലാ മലയാള ഭാഷാ സ്‌നേഹികളുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാവണമെന്ന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തക സമിതി അഭ്യര്‍ത്ഥിക്കുന്നു.
മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഈ ഒഫീഷ്യല്‍ പേജ് എല്ലാ ഭാഷാസ്‌നേഹികളും ലൈക്ക് ചെയ്തും സബ്‌സ്‌ക്രൈബ് ചെയ്തും പരിപാടികള്‍ ഷെയര്‍ ചെയ്തും പ്രോത്സാഹിപ്പിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category