1 GBP = 98.30INR                       

BREAKING NEWS

ഈ മാലാഖമാര്‍ മലയാളക്കരയുടെ അഭിമാനം

Britishmalayali
എം. കെ. സന്തോഷ്

നേഴ്‌സ് എന്ന ഇംഗ്ലീഷ് വാക്കിന്റെ അര്‍ഥം ശുശ്രൂഷക അല്ലെങ്കില്‍ പരിചാരിണി എന്നാണ്. ആധുനിക ചികിത്സാ സമ്പ്രദായങ്ങളില്‍ നേഴ്‌സ് എന്ന പ്രൊഫഷണലിന്റെ പ്രാധാന്യം വളരെയധികമാണ്. ചികിത്സാരീതിയിലെ മര്‍മപ്രധാനമായ ഭാഗമാണല്ലോ രോഗീപരിചരണം. അങ്ങനെ നോക്കുമ്പോള്‍ നഴ്‌സുമാരാണ് രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ഡോക്ടര്‍മാര്‍ രോഗനിര്‍ണയം നടത്തി കെയ്‌സ് ഷീറ്റ് തയ്യാറാക്കികഴിഞ്ഞാല്‍ രോഗീപരിചരണം എന്ന സുപ്രധാന ധൗത്യം നിര്‍വഹിക്കുന്നത് നേഴ്‌സുമാര്‍ തന്നെയാണ്. ആശുപത്രികളില്‍ രോഗികളുമായി ഏറ്റവുമധികം സമ്പര്‍ക്കം പുലര്‍ത്തുന്ന ജീവനക്കാരും നേഴ്‌സുമാരാണല്ലോ. ലോകാരോഗ്യസംഘടനയുടെ ആഹ്വാനപ്രകാരം 2020 നേഴ്‌സുമാരുടെയും മിഡൈ്വഫ്മാരുടെയും വര്‍ഷമായി (ഥലമൃ ീള വേല ചൗൃലെ മിറ വേല ങശറംശളല 2020) ആഗോളതലത്തില്‍ ആചരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേഴ്‌സിങ് എന്ന ജോലിയുടെ മഹത്വം ലോകസമൂഹം വളരെയധികം മനസ്സിലാക്കിയിട്ടുണ്ട് എന്നുപറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല.

കേരളത്തെയും നേഴ്‌സിങ് ജോലിയെയും ബന്ധിപ്പിക്കുന്ന പാരമ്പര്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സ്വാതന്ത്ര്യലബ്ദിക്കുശേഷം ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ നേഴ്‌സുമാരെ രാജ്യത്തിനും ലോകത്തിനു തന്നെയും സമ്മാനിച്ച ഖ്യാതി കേരളത്തിനാണ്. 1947 നു മുന്‍പ് തന്നെ തിരുവിതാംകൂര്‍-കൊച്ചി പ്രദേശത്തുനിന്നും ഒരുപാട് പേര്‍ നേഴ്‌സിങ് യോഗ്യത നേടി ജോലിയില്‍ പ്രവേശിച്ചിരുന്നു. ക്രിസ്തീയമിഷനറി പ്രവര്‍ത്തങ്ങളുമായി ബന്ധപെട്ടു പ്രവര്‍ത്തിച്ചിരുന്ന കന്യാസ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു സ്വാതന്ത്ര്യപൂര്‍വകാലത്ത് മലയാളദേശത്ത് നേഴ്‌സിങ് ട്രെയിനിങ് ലഭ്യമാക്കിയിരുന്നത്. 1906ല്‍ സ്വിറ്റ്‌സര്‍ലന്റില്‍ നിന്നുള്ള എട്ടോളം കന്യാസ്ത്രീകള്‍ തിരുവിതാംകൂര്‍ രാജവംശത്തിന്റെ അനുമതിയോടെ തിരുവനന്തപുരത്ത് നേഴ്‌സിങ് പരിശീലനം ലഭ്യമാക്കിയിരുന്നു. 1920 കളില്‍ തിരുവനന്തപുരത്തും എറണാകുളത്തും ആശുപത്രികളോടുചേര്‍ന്ന് നേഴ്‌സിങ് പഠനസ്ഥാപനങ്ങള്‍ ആരംഭിച്ചു. 1938 ആകുമ്പോഴേക്കും തിരുവിതാംകൂറില്‍ മാത്രം വ്യവസ്ഥാപിതയോഗ്യത നേടിയ  180ലേറെ നേഴ്‌സുമാര്‍ ഉണ്ടായിരുന്നു. ഇതില്‍ 50 ലേറെപേര്‍ യൂറോപ്യന്മാരും ഉള്‍പ്പെട്ടിരുന്നു. 1950ല്‍ നിലവില്‍വന്ന തിരു-കൊച്ചി സംസ്ഥാനത്തില്‍ 400ലേറെ നേഴ്‌സുമാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ മിക്കവാറും എല്ലാവരും മലയാളികളായിരുന്നു.
1906ല്‍ തിരുവനന്തപുരത്ത് നേഴ്‌സിങ് ട്രെയിനിങ് തുടങ്ങിയ സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിനികളായ കന്യാസ്ത്രീകള്‍ പരിശീലനത്തിനായി കൂടുതലായി നിയോഗിച്ചത് തലസ്ഥാനപ്രദേശത്തു താമസിക്കുന്ന ക്രിസ്തീയ കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ്. അനുകമ്പ, സേവനം തുടങ്ങിയ ഗുണങ്ങള്‍ ക്രിസ്തുമത വിശ്വാസങ്ങളോട് ബന്ധപ്പെട്ടതിനാല്‍ ഈ സമുദായത്തില്‍ നിന്നുള്ള കുട്ടികള്‍ നേഴ്‌സിങ് പഠനം തിരഞ്ഞെടുക്കാന്‍ കൂടുതലായി മുന്നോട്ടുവരും എന്ന ചിന്തയാകാം സ്വിസ്സ് കന്യാസ്ത്രീകളെ ഇതിനു പ്രേരിപ്പിച്ചത്. തുടക്ക കാലഘത്തില്‍ നേഴ്‌സിങ് ഒരു ജോലി എന്നതിലുപരി ഒരു സേവനമായാണ് മലയാളികള്‍ കണ്ടിരുന്നത്. എളുപ്പത്തില്‍ ജോലി കിട്ടും എന്നതിനാലും സ്‌കൂള്‍ പഠനശേഷം പ്രത്യേകമായി അടിസ്ഥാനയോഗ്യതകള്‍ വേണ്ടെന്നതിനാലും എല്ലാ മതങ്ങളിലും നിന്നുള്ള കുട്ടികളും പിന്നീട് നേഴ്‌സിങ് തിരഞ്ഞെടുക്കാന്‍ തുടങ്ങി.

രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള നേഴ്‌സിങ് പ്രോഗ്രാം ആയിരുന്നു തുടക്കത്തില്‍ മലയാളദേശത്ത് ഉണ്ടായിരുന്നത്. 1943ല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയോട് ചേര്‍ന്നുള്ള നേഴ്‌സിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്നു വര്ഷം കാലാവധിയുള്ള ജനറല്‍ നേഴ്‌സിങ് പ്രോഗ്രാം ആരംഭിച്ചു. കൊച്ചിയില്‍ 1924 മുതല്‍ തന്നെ ഇത്തരം കോഴ്‌സ് ലഭ്യമായിരുന്നു എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് നിലവില്‍ വന്നതിനെ തുടര്‍ന്ന് മലബാറില്‍ 1958 ലാണ് വ്യവസ്ഥാപിതമായ നേഴ്‌സിങ് കോഴ്‌സ് തുടങ്ങുന്നത്.

1950നുശേഷം കേരളത്തില്‍ നേഴ്‌സിങ് യോഗ്യത നേടിയവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിത്തുടങ്ങി. 1977ല്‍ കേരളത്തില്‍ 26 നേഴ്‌സിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉണ്ടായിരുന്നെങ്കില്‍ 1991 ആയപ്പോള്‍ അവയുടെ എണ്ണം 62 ആയി ഉയര്‍ന്നു. ഇന്ന് നമ്മുടെ സംസ്ഥാനത്ത് 250 ലേറെ  നേഴ്‌സിങ് പഠനസ്ഥാപങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ മാസശമ്പളവ്യവസ്ഥയില്‍ ജോലി ലഭിക്കാന്‍ തങ്ങളുടെ പെണ്‍കുട്ടികളെ പ്രാപ്തരാക്കാനുള്ള രക്ഷിതാക്കളുടെ താല്പര്യവും സന്നദ്ധതയുമാണ് കേരളത്തില്‍ നേഴ്‌സുമാരുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കിയ ഒരു കാരണം.

ഇന്ത്യയുടെ ആരോഗ്യമന്ത്രിയായിരുന്ന സുശീല നയ്യാര്‍ 1967ല്‍ മലയാളി സ്ത്രീകളുടെ ഉല്പതിഷ്‌ണേച്ഛയെപ്പറ്റി ഇങ്ങനെ പറഞ്ഞു: പുരോഗമനചിന്താഗതിയുള്ള മലയാളിസ്ത്രീകളില്‍ ഒരുപാടുപേര്‍ നേഴ്‌സുമാരായി കേരളത്തിനകത്തും പുറത്തും ജോലി ചെയ്യുന്നുണ്ട്. അമ്മവഴിക്ക് അല്ലെങ്കില്‍ പെണ്‍വഴിക്ക് പിന്തുടര്‍ച്ച നിശ്ചയിക്കുന്ന സമ്പ്രദായം കേരളത്തില്‍ നിലനിന്നിരുന്നതിനാലാണ് ഒട്ടേറെ നേഴ്‌സുമാര്‍ കേരളമണ്ണില്‍ നിന്നുണ്ടാകാന്‍ കാരണമെന്നും നയ്യാര്‍ നിരീക്ഷിച്ചു.

ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച ഒരു അന്വേഷണപഠനം പ്രകാരം 2016ലെ കണക്കനുസരിച്ച് കേരളത്തിലെ നേഴ്‌സിങ് പഠനസ്ഥാപനങ്ങളില്‍ ഏതാണ്ട്  17600 സീറ്റുകളാണ്  ഉണ്ടായിരുന്നത്. ഇതില്‍ നേഴ്‌സിങ് അനുബന്ധമായ കോഴ്‌സുകളും ഓക്‌സിലറി നേഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി കോഴ്‌സുകളും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനകത്തെ 7160 ബി.എസ് സി. നേഴ്‌സിങ് സീറ്റുകളും 6450 ജനറല്‍ നേഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി സീറ്റുകളും സൂചിപ്പിക്കുന്നത് നേഴ്‌സിങ് അഡ്വാന്‍സ്ഡ് കോഴ്‌സിനും അടിസ്ഥാന കോഴ്‌സിനും കേരളം ഏതാണ്ട് തുല്യ പ്രാധാന്യം കൊടുത്തിരുന്നു  എന്നതാണ്. അടുത്ത കാലത്തായി ബി.എസ് സി. നേഴ്‌സിങ്, എം.എസ് സി. നേഴ്‌സിങ് കോഴ്‌സുകള്‍ക്കുള്ള പ്രചാരം കൂടി വരുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. ഇന്ത്യയുടെ ദേശീയ സാമ്പിള്‍ സര്‍വ്വേ ഓഫീസ് 2011-2012ല്‍ ഗൃഹാടിസ്ഥാനത്തില്‍ നടത്തിയ സര്‍വ്വേ പ്രകാരം കേരളത്തില്‍ ഓരോ പതിനായിരം പേരില്‍ 18.5 നേഴ്‌സ്/മിഡൈ്വഫുമാരാണുള്ളത്. ഇതുപ്രകാരം സംസ്ഥാനത്ത് 62000ത്തോളം നേഴ്‌സുമാര്‍ ഉണ്ട്.

സംസ്ഥാന നേഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ രേഖ പ്രകാരം 2020 ല്‍ കേരളത്തില്‍ 124 നേഴ്‌സിങ് കോളേജുകളും 132 നേഴ്‌സിങ് സ്‌കൂളുകളും 11 ഓക്‌സിലറി നേഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി ഇന്‍സ്റ്റിട്യൂട്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളില്‍ ജനറല്‍ നേഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി കോഴ്‌സിന് 3982 സീറ്റുകളും ബി.എസ് സി. നേഴ്‌സിങ് കോഴ്‌സിന് 6055 സീറ്റുകളുമാണുള്ളത്. 2020 ലെ കണക്കനുസരിച്ച് സംസ്ഥാനത്ത ലഭ്യമായ എം.എസ് സി. നേഴ്‌സിങ് സീറ്റുകള്‍ 747 ആണ്. ഈ സീറ്റുകളില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു പുറമെ കര്‍ണാടകം, ആന്ധ്ര, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും അനവധി മലയാളി വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവറും നേഴ്‌സിങ്  പഠിച്ചിറങ്ങുന്നത്.

സംസ്ഥാനത്തിന് പുറത്തും വിദേശരാജ്യങ്ങളിലും പോയി ജോലി ചെയ്യുന്ന പ്രവണത കേരളത്തിലെ നേര്‌സുമാര്‍ക്കിടയില്‍ ദശകങ്ങളായി നിലനില്‍ക്കുന്നു. മലയാളികളായ നേഴ്‌സുമാര്‍ക്ക് ഇന്ത്യയിലെന്ന പോലെ മറ്റു രാജ്യങ്ങളിലും വലിയ പ്രശസ്തിയാണുള്ളത്. മുന്‍ ബ്രിട്ടീഷ് എം. പി. അന്ന സോര്‍ബി ബി.ബി.സി. ചാനലിനു നല്‍കിയ ഒരു അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞത് ഈ അടുത്ത കാലത്താണ്: ബ്രിട്ടനില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാരില്‍ ഏറ്റവും മികച്ചവരില്‍ പലരും ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ളവരാണ്. അവരില്‍ നിന്നും നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നുമുണ്ട്.

കേരളത്തില്‍ നിന്നും യോഗ്യത നേടിയ നേഴ്‌സുമാരില്‍ 30 ശതമാനം പേര്‍ ബ്രിട്ടന്‍, യു എസ്. എന്നിവിടങ്ങളിലാണ് ജോലി ചെയ്യുന്നത്. 15 ശതമാനം പേര് ഓസ്‌ട്രേലിയ യിലും 12 ശതമാനം പേര് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും ജോലി ചെയ്യുന്നു. മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങളിലും മലയാളി നേഴ്‌സുമാരുടെ സജീവ സാന്നിധ്യമുണ്ട്. കേരളത്തില്‍ നിന്നും പഠിച്ചിറങ്ങുന്ന നേഴ്‌സുമാരില്‍ 42 ശതമാനം പേര്‍ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് എന്ന് ഒരു സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. മികച്ച സേവന വേതന വ്യവസ്ഥകളും തൊഴില്‍ സുരക്ഷിതത്വവുമാണ് മലയാളികളായ നേഴ്‌സുമാരെ വിദേശ രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. ഇന്ത്യയിലും കേരളത്തിലും നേഴ്‌സിങ് മേഖലയില്‍ നിലനില്‍ക്കുന്ന അമിത ജോലിസമയവും കുറഞ്ഞ വേതനനിരക്കും ജോലിയിലുള്ള സ്വാതന്ത്ര്യരാഹിത്യവും തൊഴില്‍രംഗത്തു നിന്ന് തന്നെ നേഴ്‌സിങ് ജോലിക്ക് ലഭിക്കുന്ന കുറഞ്ഞ അന്തസ്സും  നേഴ്‌സിങ് ജോലിയോട് സമൂഹത്തിനുള്ള സ്വീകാര്യതക്കുറവും വിദേശങ്ങളില്‍ ജോലി തേടാന്‍ മലയാളി നേഴ്‌സുമാരെ പ്രേരിപ്പിക്കുന്നു.

തുടക്കനാളുകളില്‍ നേഴ്‌സിങ് ജോലിക്ക് കേരളത്തില്‍ വലിയ സ്വീകാര്യത ഉണ്ടായിരുന്നില്ല. യുവതികളായ നേഴ്‌സുമാര്‍ മുതിര്‍ന്ന പുരുഷന്മാരെ പരിചരിക്കുന്ന രീതി കേരളീയ സമൂഹം വേണ്ടത്ര അംഗീകരിച്ചിരുന്നില്ല എന്നതാണ് വസ്തുത. നേഴ്‌സിങ് ജോലിയോടുള്ള അവജ്ഞ കേരളീയ സമൂഹത്തില്‍ നിന്നും പൂര്‍ണമായും മാറി എന്ന് പറയാന്‍ വയ്യ.   രോഗികളുടെ ശരീര സ്രവങ്ങളും മറ്റും കൈകാര്യം ചെയ്യേണ്ടതിനാല്‍ തന്നെ നേഴ്‌സിങ് ജോലിയെ നിലവാരമില്ലാത്ത ജോലിയായി കാണുന്ന മനോഭാവം ഇപ്പോഴുമുണ്ട്. ഇത് തീര്‍ച്ചയായും മാറണം. രോഗശുശ്രൂഷയും പരിചരണവും നല്‍കുന്ന മാലാഖമാര്‍ തന്നെയാണ് നമ്മുടെ സഹോദരിമാരും മക്കളുമായ നേഴ്‌സുമാര്‍ എന്ന വാസ്തവം കേരളസമൂഹം അംഗീകരിക്കേണ്ടതുണ്ട്. അതേസമയം, കഠിനാധ്വാനം ചെയ്യാന്‍ സന്നദ്ധതയുണ്ടെകില്‍ നേഴ്‌സുമാര്‍ക്ക് അന്യസംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും  ചേക്കേറാനും പുരുഷന്മാരേക്കാള്‍ വരുമാനം ഉണ്ടാക്കാനും അവസരങ്ങളുണ്ട്. അത്തരം അവസരങ്ങള്‍ നന്നായി പ്രയോജനപ്പെടുത്തുന്നവരാണ് മലയാളികളായ നേഴ്‌സുമാരില്‍ മിക്കവരും. പുരുഷന്മാരില്‍ നിന്നും ഏറെ വെല്ലുവിളി ഇല്ലാത്ത, സ്ത്രീകള്‍ തന്നെ ആധിപത്യം പുലര്‍ത്തുന്ന അപൂര്‍വം തൊഴില്‍മേഖലകളില്‍ ഒന്നാണ് നേഴ്‌സിങ്.

ഇന്നും ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയിലൊഴികെ നേഴ്‌സിങ് ജോലി ആകര്‍ഷകമായ ശമ്പളം ലഭിക്കുന്ന ഒരു ജോലിയല്ല. എന്നാല്‍ പഠിച്ചിറങ്ങിയ എല്ലാ കുട്ടികള്‍ക്കും സഞ്ചരിക്കാനും ലോകം കാണാനും തീര്‍ച്ചയായും ജോലി നേടാനും അവസരം ഒരുക്കുന്ന മേഖലയാണ് നേഴ്‌സിങ് എന്ന് വേണം പറയാന്‍. കോഴ്‌സ് വിജയിച്ചതിനു ശേഷം നേഴ്‌സുമാര്‍ക്ക് ഇന്ത്യയിലെ ആശുപത്രികള്‍ ഒരുക്കുന്ന ബോണ്ട് എന്ന വിളിപ്പേരുള്ള അടിമവേലയും ജോലി ഏര്‍പ്പാടാക്കുന്ന ഇടനിലക്കാര്‍ ശമ്പളത്തില്‍ നിന്നും കമ്മിഷന്‍ തട്ടിയെടുക്കുന്ന സമ്പ്രദായവുമെല്ലാം ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാരുകള്‍ ഇടപെടണം എന്ന് പറയാതെ വയ്യ. കൊറോണ വൈറസ് എന്ന പകര്‍ച്ചവ്യാധിയോട് കേരളത്തിലും ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും യുദ്ധം ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള നേഴ്‌സുമാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam