1 GBP =99.10INR                       

BREAKING NEWS

സാമ്പത്തിക കൊടുങ്കാറ്റില്‍ ചായാന്‍ തയ്യാറെടുത്തു ഇന്ത്യന്‍ വിനിമയ നിരക്ക്; പൗണ്ടിന് വില 98ന് മുകളില്‍; ആലിന്‍ കായ് പഴുത്തപ്പോള്‍ കാക്കക്കു വായ്പുണ്ണ് എന്ന പോലെ വിദേശ മലയാളികള്‍ക്ക് നാട്ടിലയക്കാന്‍ പണം ഇല്ല; കോവിഡ് തകര്‍ത്ത ലോക വിപണിയില്‍ ഇന്ത്യയ്ക്ക് പ്രവാസി വരുമാനത്തില്‍ നഷ്ടമായത് 9 ശതമാനം വരുമാനം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കോവിഡിന്റെ ഒന്നാം പിറന്നാള്‍ ലോകമെങ്ങും ആചരിച്ചതിന്റെ പിന്നാലെ അതുണ്ടാക്കിയ സാമ്പത്തിക പൊല്ലാപ്പുകളെ കുറിച്ച് വെളിപ്പെടുത്തലുകള്‍ എത്തിത്തുടങ്ങി. കോവിഡ് അതിന്റെ രൂക്ഷത വെളിപ്പെടുത്തിയപ്പോള്‍ മുതല്‍ ഇന്ത്യയിലും കേരളത്തിലും ഏറെ ആശങ്കയോടെ നോക്കിയിരുന്ന പ്രവാസി പണവരവിനെ കുറിച്ചുള്ള ഭയാശങ്കയും ഏറെക്കുറെ വ്യക്തമായ കണക്കുകളോടെ പുറത്തു വന്നിരിക്കുകയാണ്. ഏറ്റവും പുതിയ വെളിപ്പെടുത്തലില്‍ ഇന്ത്യക്കു ആകെ പ്രവാസി വിദേശ വരുമാന നഷ്ടം 9 ശതമാനമാണ്. കേരളത്തിന്റെ നഷ്ടം സ്വാഭാവികമായും ഇതിലും കൂടുതലായിരിക്കും. ലോക സാമ്പത്തിക വിപണി  ഒന്നാകെ ആടി ഉലയുമ്പോള്‍ ആ കാറ്റിനൊപ്പം ചാഞ്ഞു നില്ക്കാന്‍ വിപണിയെ അനുവദിക്കുകയാണ് റിസര്‍വ് ബാങ്ക് നയം എന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. രൂപയെ ആഗോള വിനിമയ വിപണിയില്‍ കെട്ടിയിടാതെ നോക്കുന്ന നയത്തിന്റെ ഫലമായി കഴിഞ്ഞ ഏതാനും ദിവസമായി പ്രധാന നാണയങ്ങളായ ഡോളറിനും പൗണ്ടിനും എതിരായ വില്പനയില്‍ ക്ഷീണം പ്രകടമാണ്. ഇന്നലെ വിപണി അവസാനിക്കുമ്പോള്‍ രൂപയുടെ പൗണ്ടുമായുള്ള വിനിമയ നിരക്ക് 98.67 എന്ന നിലയിലാണ് . ഡോളര്‍ വിലയാകട്ടെ 73.91 ആയി ഉയര്‍ന്നിരിക്കുന്നു. യൂറോയും ഇന്ത്യയില്‍ കരുത്തുകാട്ടുന്നുണ്ട്, ഒരു യൂറോ ലഭിക്കാന്‍ 88 രൂപയാണ് ഇന്നലെ നല്‍കേണ്ടി വന്നത്. ഈ നില തുടര്‍ന്നാല്‍ വരും ദിനങ്ങളില്‍ കേന്ദ്ര ബാങ്ക് ഇടപെടലുകള്‍ നടത്താനും ഇടയുണ്ട്. 

അതിനിടെ രൂപയ്ക്കു വിലയിടിവ് ഉണ്ടാകുമ്പോള്‍ പണം അയച്ചു മുതലെടുപ്പ് നടത്താറുള്ള പ്രവാസി സമൂഹം ഇത്തവണ ആകെ പ്രയാസത്തിലാണ്. പ്രധാനമായും നിക്ഷേപം നടത്താന്‍ ആഗ്രഹിച്ചിരുന്നവര്‍ക്കാണ് കോവിഡിന് ശേഷമുള്ള ഇന്ത്യന്‍ വിപണിയുടെ ഗതി എന്താകും എന്ന ആവലാതിയില്‍ പണം അയക്കാന്‍ മടി. ആശ്രിതര്‍ക്ക് വേണ്ടി നല്‍കുന്ന മാസം തോറും ഉള്ള സഹായധനം ഇതുവരെ പ്രവാസി സമൂഹം കാര്യമായ മുടക്കം കൂടാതെ നല്‍കുന്നുണ്ട് എന്നതാണ് വലിയ അന്തരം ഇല്ലാത്ത കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗള്‍ഫിലും മറ്റും ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടവും മറ്റും സംഭവിച്ചെങ്കിലും മിക്കവരും കടം വാങ്ങിയും മറ്റും പണം നാട്ടിലേക്ക് അയച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍  പ്രവാസികളില്‍ മറ്റു രാജ്യങ്ങളില്‍ ഉള്ളവരില്‍ നല്ല പങ്കും പ്രൊഫഷണലുകള്‍ ആയതിനാല്‍ ജോലി നഷ്ടം ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നുമുണ്ട്. കോവിഡില്‍ തകര്‍ന്ന ജനത്തെ കരകയറ്റാന്‍ ഇന്ത്യന്‍ പ്രവാസി സമൂഹം കഷ്ടത മറന്നും പണം അയച്ചത് വഴിയാണ് ലോക വിപണിയെ പിടിച്ചു കുലുക്കിയ കോവിഡ് പ്രതിസന്ധി അതേവിധം ഇന്ത്യയിലേക്കുള്ള പണവരവിനെ ബാധിക്കാത്തതു എന്നും വ്യക്തം.  

പ്രവാസികള്‍ ഓരോ രാജ്യത്തേക്കും അയക്കുന്ന പണത്തില്‍ ഇപ്പോഴും ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്തു നില്കുന്നതെന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന ലോക ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. ആദ്യ അഞ്ചു രാജ്യങ്ങളില്‍ ഇന്ത്യക്കു പിന്നാലെ ചൈന, മെക്‌സിക്കോ, ഫിലിപ്പീന്‍സ്, ഈജിപ്ത് എന്നിവയും കടന്നു വരുന്നു. കോവിഡ് മഹാമാരി ഈ നിലയില്‍ തന്നെ തുടര്‍ന്നാല്‍ അടുത്ത വര്‍ഷവും ലോക പ്രവാസി സമൂഹത്തിനു സ്വന്തം രാജ്യത്തേക്ക് കൂടുതല്‍ പണം അയക്കാന്‍ സാധികാത്ത സ്ഥിതി വിശേഷം ആയിരിക്കും എന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ അവസ്ഥ പല രാജ്യങ്ങളിലും പ്രവാസി സമൂഹത്തെ ആശ്രയിച്ചു കഴിയുന്ന പ്രിയപ്പെട്ടവരുടെ ജീവിതം ദുരിതമാക്കി മാറ്റുമെന്നും ലോകബാങ്ക് വിദഗ്ധ മമത മൂര്‍ത്തി പറയുന്നു. 

പ്രവാസികള്‍ക്ക് താങ്ങായി നിന്നിരുന്ന ശക്തമായ സാമ്പത്തിക ഘടകങ്ങള്‍ ഒക്കെ കോവിഡില്‍ പ്രതിസന്ധി നേരിടുകയാണ് എന്നാണ് ലോകബാങ്ക് വിലയിരുത്തല്‍. അമേരിക്കന്‍ സമ്പദ് രംഗവും ഇടര്‍ച്ചയിലാണ്. ഓയില്‍ വിപണി തകര്‍ച്ച നേരിടുമെന്ന് ഏറെക്കുറെ ഉറപ്പാവുകയാണ്. പല വന്‍ശക്തികളും പിടിച്ചു നില്ക്കാന്‍ പ്രയാസപ്പെടുന്നു. ഇതിന്റെയെല്ലാം അനന്തരഫലം അടുത്ത വര്‍ഷം കൂടുതല്‍ ശക്തമായി പ്രതിഫലിക്കും. ഇതനുസരിച്ചു ലോകത്തിന്റെ ഓരോ ഭാഗത്തും ഉണ്ടാകുന്ന സാമ്പത്തിക വ്യതിയാനം ലോകബാങ്ക് പറയുന്നത് ഇപ്രകാരമാണ്, യൂറോപ് 16 ശതമാനം, സെന്‍ട്രല്‍ ഏഷ്യ എട്ടു ശതമാനം, ഈസ്റ്റ് ഏഷ്യ 11, പസഫിക് 4. മിഡില്‍ ഈസ്റ്റ് , നോര്‍ത്ത് ആഫ്രിക്ക,  കരീബിയന്‍  എട്ടു വീതം, സബ് സഹാറന്‍ ആഫ്രിക്ക 9, സൗത്ത് ഏഷ്യ നാലു , ലാറ്റിന്‍ അമേരിക്ക 0.2 ശതമാനം എന്ന നിലയിലാകും സാമ്പത്തിക ഇടര്‍ച്ച അനുഭവപ്പെടുക . 

കോവിഡ് മൂലം പണം കൈമാറാന്‍ ഉള്ള പ്രയാസത്തില്‍ പാകിസ്ഥാനിലും ബംഗ്ലാദേശിലും കള്ളപ്പണ വിപണി പ്രയാസത്തില്‍ ആണെന്നും റിപ്പോര്‍ട്ട് തുടരുന്നു. ഏറെക്കുറെ ബാങ്കിങ് ചാനലിലൂടെ പണം കൈമാറ്റം ചെയ്യപ്പെടുന്ന രീതി ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ക്ക് ഗുണമായി മാറും. ഇതോടൊപ്പം ഓരോ രാജ്യങ്ങളിലും കുടിയേറ്റക്കാരുടെ എണ്ണം ഇടിയുന്നതിന്റെ സൂചനയും പ്രകടമാണ്. മിക്ക രാജ്യങ്ങളിലും കുടിയേറിയവര്‍ മടങ്ങി എത്തുന്ന ട്രെന്‍ഡ് ആഗോള തലത്തില്‍ തന്നെ പ്രകടമായിക്കഴിഞ്ഞു. ഇതും ഭാവിയില്‍ വിദേശ വരുമാനത്തെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്കു പ്രതിസന്ധി ഉയര്‍ത്തും. 

കേരളമാകും ഇത്തരത്തില്‍ പ്രതിസന്ധി നേരിടുന്ന ആദ്യ സ്ഥലം. കാരണം ഗള്‍ഫ് മലയാളികള്‍ കൂട്ടത്തോടെ മടങ്ങുന്ന ട്രെന്റ് വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തമാകാനിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തേക്കുള്ള പണവരവിലും ശക്തമായ ഇടിവുണ്ടാകും. കേരളത്തില്‍ പല പട്ടണങ്ങളിലും ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത് ഗള്‍ഫ് വരുമാനത്തെയാണ്. ഇവിടെയൊക്കെ ജീവിതം ഇരുള്‍ പരക്കാന്‍ പ്രവാസികളുടെ മടക്ക വരവ് പ്രധാന കാരണമാക്കും എന്നുറപ്പാണ്. എന്നാല്‍ ഇക്കാര്യം വേണ്ടത്ര ഗൗരവത്തോടെ ഭരണ നേതൃത്വങ്ങള്‍ ഇനിയും മുഖവിലയ്ക്ക് എടുത്തിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഈ വിപത്തിനെ പറ്റി ഒട്ടേറെ സൂചനകള്‍ ഇതിനകം വാര്‍ത്തകളായി വന്നുകഴിഞ്ഞിട്ടും അതിന്റെ രൂക്ഷത വേണ്ട വിധം ഭരണകര്‍ത്താക്കള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല എന്നതാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

മലപ്പുറത്തെ വെന്നിയൂര്‍ പോലെയുള്ള സ്ഥലങ്ങള്‍ ഇതിനു കൃത്യമായ തെളിവായി മാറുകയാണ്. പാതി പണി തീര്‍ന്ന നിലയില്‍ ഇവിടെ കാണുന്ന വീടുകള്‍ മടങ്ങി വന്നുകൊണ്ടിരിക്കുന്ന ഓരോ പ്രവാസിയുടെയും ജീവിത ദുരിതത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ് സമ്മാനിക്കുന്നത്. പല കുടുംബങ്ങളും അരനൂറ്റാണ്ടോളമായി ഗള്‍ഫ് പണത്തെ ആശ്രയിച്ചു കഴിയുന്നവരുമാണ്. തങ്ങളുടെ സ്വാപ്നഭൂമിക കണ്‍മുന്നില്‍ ഇല്ലാതാകുന്ന കാഴ്ചയാണ് ഇപ്പോള്‍ ഓരോ ഗള്‍ഫ് പ്രവാസിയും പങ്കിടുന്ന പ്രധാന വിശേഷം. വീടുകളില്‍ പങ്കിടുന്ന വിശേഷങ്ങളില്‍ പലരും ഗള്‍ഫ് പ്രതിസന്ധി മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെകിലും എത്തുന്ന പണത്തില്‍ ഉള്ള വലിയ കുറവ് കാര്യങ്ങള്‍ നേരായ വഴിയേ അല്ല പോകുന്നത് എന്ന് നാട്ടിലുള്ളവര്‍ക്കും വ്യക്തമായ ധാരണ നല്‍കിക്കഴിഞ്ഞു..ഇനിയെന്ത് എന്ന ചോദ്യം ഓരോ കുടുംബത്തിലും എത്താനിരിക്കുകയാണ്. അത് വെന്നിയൂര്‍ പോലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒതുങ്ങില്ല, ലക്ഷക്കണക്കിന് മലയാളി കുടുംബങ്ങളിലേക്കാണ് ഗള്‍ഫിന്റെ പതനം ജീവിത സ്വപ്നങ്ങള്‍ക്ക് മേല്‍ ആഘതമായി എത്താനിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category