1 GBP =99.10INR                       

BREAKING NEWS

വാളെടുത്ത വിശുദ്ധ പൗലോസും യൂദാസിന്റെ ചുംബനവും അവസാനത്തെ അത്താഴവും കുരിശേന്തിയ യേശവും ആദവും ഹവ്വയും വിലക്കപ്പെട്ട കനി തിന്നുന്നതും അടക്കമുള്ള ചുവര്‍ ചിത്രങ്ങളും വാസ്തു ശില്‍പ്പങ്ങളും; ചരിത്രം ഉറങ്ങുന്ന ചേപ്പാട്ടെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സംരക്ഷിക്കണമെന്ന് നാട്ടുകാര്‍; ദേശീയ പാതാ വികസനത്തിലെ അലൈന്മെന്റ് മാറ്റത്തില്‍ ദുരൂഹത കണ്ട് വിശ്വാസികളും

Britishmalayali
ആര്‍ പീയൂഷ്

ആലപ്പുഴ: ചരിത്ര പ്രസിദ്ധമായ ചേപ്പാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സംരക്ഷിക്കണമെന്ന് നാട്ടുകാര്‍. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് 800 വര്‍ഷത്തോളം പഴക്കമുള്ള പള്ളി പൊളിക്കാനുള്ള തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് നാട്ടുകാര്‍ പറയുന്നു. അതിപുരാതനവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുവര്‍ചിത്രങ്ങളാല്‍ അലങ്കരിക്കപ്പെട്ടതുമായ ഈ ദേവാലയം പൊളിക്കാനുള്ള ശ്രമം ഖേദകരമാണ്. അതിനാല്‍ പള്ളി പൊളിക്കാനുള്ള തീരുമാനം മാറ്റണമെന്നാണ് ജാതിമത ഭേദമന്യേ നാട്ടുകാരുടെ ആവശ്യം. വലിയ പ്രതിഷേധമാണ് ഇതിനെതിരെ പ്രദേശത്തു നിന്നുയരുന്നത്.

ഒട്ടേറെ ചരിത്രരേഖകളിലും പുസ്തകങ്ങളിലും സ്ഥാനം പിടിച്ചിട്ടുള്ള ദേവാലയവും അപൂര്‍വങ്ങളായ ചുവര്‍ചിത്രങ്ങളും കമനീയമായ പുരാതന വാസ്തുശില്‍പ്പശൈലിയും വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ടത് ചരിത്രപരമായ ഉത്തരവാദിത്തമായാണ് ചേപ്പാട് നിവാസികള്‍ കാണുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് പള്ളി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് എന്നാണ് കരുതപ്പെടുന്നത്. 1952ല്‍ പുതുക്കിപ്പണിതു. എന്നാല്‍ അതിന്റെ കിഴക്കേ അറ്റത്തുള്ള മദ്ഹബയും അതിലെ അമൂല്യമായ ചുവര്‍ചിത്രങ്ങള്‍ക്ക് തരിമ്പുപോലും കേടോ പരിഷ്‌കാരമോ വരാത്തവിധം അതുപോലെ തന്നെ നിലനിര്‍ത്തിക്കൊണ്ടായിരുന്നു ഈ പുതുക്കി പണിയല്‍.

മൂന്നു വരിയിലായി 47 ചുവര്‍ചിത്രങ്ങളാണ് ഇവിടെയുള്ളത്. വാളെടുത്ത വിശുദ്ധ പൗലോസ്, യൂദാസിന്റെ ചുംബനം, അവസാനത്തെ അത്താഴം,, കുരിശേന്തിയ യേശു, യേശു ലാസറിനെ ഉയിര്‍ത്തുന്നത്, മറ്റ് കുരിശാരോഹണ സന്ദര്‍ഭങ്ങള്‍, ആദവും ഹവ്വയും വിലക്കപ്പെട്ട കനി തിന്നുന്നത്, നോഹയുടെ പെട്ടകം തുടങ്ങിയവ ചിത്രീകരിക്കുന്ന അതീവ സുന്ദരങ്ങളായ ചുവര്‍ചിത്രങ്ങളാണ് ഉള്ളത്. പെഴ്സ്യന്‍-കേരള ചുവര്‍ച്ചിത്രരീതികള്‍ സമന്വയിക്കുന്നതുകൊണ്ടു തന്നെ ഇവ അത്യപൂര്‍വവുമാണ്. വിദേശങ്ങളില്‍ നിന്നുപോലും ഇവ കാണാന്‍ ആളുകള്‍ എത്തുന്നുമുണ്ട്.

ആര്‍ക്കിയോളജിക്കില്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ ചുവര്‍ച്ചിത്രങ്ങള്‍ക്ക് 600 വര്‍ഷത്തിനടുത്ത് പഴക്കമുണ്ട്. ചരിത്രപ്രാധാന്യം കണക്കിലെടുത്താണ് 1956-ല്‍ ഈജിപ്തിലെ ചക്രവര്‍ത്തിയായിരുന്ന ഹെയ്ലി സെലാസി ചേപ്പാട് പള്ളി സന്ദര്‍ശിച്ചത്. പള്ളിക്ക് ഒരു എത്യോപ്യന്‍ കുരിശ്, മാതാവിന്റെ പ്രതിമ എന്നിവ സമ്മാനിക്കുകയും ചെയ്തു. ഇവയെല്ലാം ഇന്നും ഇവിടുത്തെ മ്യൂസിയത്തിലുണ്ട്. കേരളാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ രണ്ടാം സ്ഥാനത്തുള്ള പള്ളിയാണ് ചേപ്പാട് പള്ളി. യുനെസ്‌കോയുടെ കീഴിലുള്ള ഒരു ഹെറിറ്റേജ് സ്മാരകമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് നാഷണല്‍ ഹൈവേയുടെ വീതികുട്ടല്‍ ഭീഷണി.

എന്‍എച്ച് 66 ന്റെ പുതിയ അലൈന്മെന്റ് അടയാളപ്പെടുത്തിക്കൊണ്ട് നാഷനല്‍ ഹൈവേ അഥോറിറ്റി കല്ലുകള്‍ നാട്ടിക്കഴിഞ്ഞു. അതനുസരിച്ച് പള്ളിയുടെ പകുതിയോളം തകര്‍ക്കപ്പെടും. അങ്ങനെ സംഭവിച്ചാല്‍ ബാക്കിയുള്ള ഭാഗം നിലനിര്‍ത്തുന്നത് അസാധ്യമാകും. ഇതിനെതിരെയാണ് ഇപ്പോള്‍ ജനരോഷമുയരുന്നത്. ഇതിനു മുന്‍പുണ്ടായിരുന്ന അലൈന്മെന്റ് അനുസരിച്ച് പള്ളിയുടെ എതിര്‍വശത്തുള്ള സ്ഥലമാണ് ഏറ്റെടുക്കാനിട്ടിരുന്നത്. 75 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള കെട്ടിടങ്ങളാണ് ആ ഭാഗത്തുള്ളത്. അവിടുത്തെ ഭൂവുടമകളാണ് സ്വാധീനം ചെലുത്തി അലൈന്മെന്റ് മാറ്റി വരപ്പിച്ചതെന്നാണ് ഇടവക അംഗങ്ങളുടെ ആരോപണം. പഴയ അലൈന്മെന്റ് പ്രകാരമാണെങ്കില്‍ 5 സ്‌ക്കൂളുകളും 3 പള്ളികളും ഒരു സെമിത്തേരിയും സംരക്ഷിക്കാനാവുമെന്നും നാട്ടുകാര്‍ പറയുന്നു.

നാടിന്റെ പൊതുവികസന ആവശ്യങ്ങള്‍ക്കായി സഭാവക സ്ഥലങ്ങള്‍ വിട്ടുനല്‍കാന്‍ സഭ ഒരിക്കലും വൈമുഖ്യം കാട്ടിയിട്ടില്ല. ചരിത്ര പ്രാധാന്യമുള്ളതും സമുദായ സൗഹാര്‍ദത്തിന്റെ പ്രതീകവും സംരക്ഷിത മന്ദിരവുമെന്ന നിലയിലും, മലങ്കര സഭാ തലവനായിരുന്ന ചേപ്പാട് മാര്‍ ദീവന്നാസിയോസിന്റെ ഖബറിടം സ്ഥിതി ചെയ്യുന്നതുമായ പള്ളി കേരള ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും അവിഭാജ്യ ഘടകമായിത്തന്നെ പരിഗണിക്കപ്പെടേണ്ടതാണ്.

മുന്‍ നിശ്ചയിച്ചിരുന്ന പാതയുടെ അലൈന്മെന്റ് മാറ്റി പകരം പള്ളിയെ ഇല്ലാതാക്കാന്‍ നടന്നുവരുന്ന നടപടി ദുരുദ്ദേശ്യപരമാണ്. ചേപ്പാട് ദേവാലയത്തിന് നാശനഷ്ടം ഉണ്ടാകാത്ത തരത്തില്‍ തയാറാക്കിയിരുന്നതും അന്തിമമായി അംഗീകരിക്കപ്പെട്ടിരുന്നതുമായ അലൈന്മെന്റ് പ്ലാന്‍ അശാസ്ത്രീയമായും അകാരണമായും പെട്ടന്ന് മാറിയതിലെ സഭയുടെ ഉല്‍കണ്ഠ പരിശുദ്ധ ബാവാ തിരുമേനി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും പരിശുദ്ധ ബാവ പറഞ്ഞു.

അതേ സമയം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വസ്തു ഏറ്റെടുക്കാനുള്ള സ്‌കെച്ച് തയാറാക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം വിശ്വാസികള്‍ തടഞ്ഞു. ഒടുവില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം ഉദ്യോഗസ്ഥരെ പള്ളിക്കുള്ളില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് ദേശീയപാത അധികൃതര്‍ വസ്തു ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പള്ളി പരിസരത്ത് എത്തിച്ചേര്‍ന്നത്. ഇവരെ പള്ളിയുടെ ഗേറ്റിന് അകത്തേക്ക് കടക്കാന്‍ സമ്മതിക്കാതെ വിശ്വാസികള്‍ തടഞ്ഞു. തുടര്‍ന്ന് സംഘര്‍ഷമായതോടെ കരീലക്കുളങ്ങര പൊലീസ് സ്ഥലത്തെത്തി. വസ്തു ഏറ്റെടുക്കുന്നതിന് എതിരെ കേസ് നിലവില്‍ ഉള്ളതിനാല്‍ ഉദ്യോഗസ്ഥരെ ഗേറ്റിനുള്ളില്‍ പ്രവേശിപ്പിക്കില്ല എന്നായിരുന്നു വിശ്വാസികളുടെ നിലപാട്.

നിലവിലെ അവസ്ഥയില്‍ കേസ് നിലനില്‍ക്കില്ലെന്നും സഹകരിക്കണമെന്നുമായിരുന്നു അധികൃതരുടെ പക്ഷം. സംഘര്‍ഷം രൂക്ഷമായതോടെ കായംകുളം ഡിവൈഎസ്പി അലക്‌സ് ബേബി, ദേശീയപാത സ്‌പെഷല്‍ തഹസില്‍ദാര്‍ രവീന്ദ്രനാഥ പണിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ വികാരി ഫാദര്‍ അലക്‌സാണ്ടര്‍ വട്ടക്കാട്ട്, മാവേലിക്കര ഭദ്രാസനം സെക്രട്ടറി ഫാ. ജോണ്‍ സ്റ്റീഫന്‍, ഇടവക ട്രസ്റ്റി ഉമ്മന്‍ വര്‍ഗീസ് എന്നിവരുമായി ചര്‍ച്ച നടത്തി. ഒടുവില്‍ സമവായത്തിലൂടെ ഉദ്യോഗസ്ഥരെ ഗേറ്റിന് ഉള്ളിലേക്ക് പ്രവേശിപ്പിച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പള്ളി പൊളിക്കുന്നതിന് എതിരെ വിശ്വാസികളുടെ നിരാഹാര സമരം നടന്നു വരുന്നതിന് ഇടയ്ക്കാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category