1 GBP =99.10INR                       

BREAKING NEWS

സീറോ മലബാര്‍ സഭയില്‍ കന്യാസ്ത്രീയില്‍ വൈദികന് കുഞ്ഞുണ്ടായ സംഭവം: 2015ലുണ്ടായ സംഭവത്തില്‍ അന്വേഷണം നടത്തി രൂപത ശിക്ഷാ നടപടി സ്വീകരിച്ചതാണെന്ന് താമരശ്ശേരി രൂപത; സംഭവത്തില്‍ ഇപ്പോള്‍ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്നും വിശദീകരണം; വൈദികന്‍ ധ്യാനകേന്ദ്രം നടത്തുന്ന കാര്യത്തില്‍ സഭയ്ക്ക് മൗനം

Britishmalayali
kz´wteJI³

കൊച്ചി: താമരശേരി രൂപതയിലെ മുന്‍ വൈദികനും രൂപതയ്ക്കു കീഴിലെ ഒരു സന്യാസ സഭയിലെ കന്യാസ്ത്രീയും തമ്മിലുണ്ടായ വഴിവിട്ട ബന്ധത്തില്‍ കുഞ്ഞു ജനിച്ച സംഭവം അടുത്തിടെ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വിവാദത്തിലായിരുന്നു. നാലു വര്‍ഷം മുമ്പ് നടന്ന ഈ സംഭവത്തില്‍ രൂപത സസ്‌പെന്റ് ചെയ്ത് മാറ്റിനിര്‍ത്തിയ വൈദികന്‍ മറ്റൊരു രൂപതയില്‍ ധ്യാനഗുരുവായി ശുശ്രൂഷ തുടരുന്ന നടപടിയായിരുന്നു വിവാദത്തിലായിരുന്നത്. സഭ പുറത്താക്കിയ കന്യാസ്ത്രീ വിവാഹം കഴിച്ച് കേരളത്തിനു പുറത്തുകഴിയുകയും ചെയ്യുകയാണ്. ഇവര്‍ക്ക് ജനിച്ച കുഞ്ഞാകട്ടെ ഒരു അനാഥാലയത്തിലായി. അവിടെ നിന്നും മറ്റൊരു കുടുംബം ഈ കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തുകയുമാണ്.

കാത്തലിക് ലേ മെന്‍ അസോസിയേഷന്‍ സെക്രട്ടറി എം.എല്‍ ജോര്‍ജ് മാളിയേയ്ക്കല്‍ താമരശേരി ബിഷപ് മാര്‍ റെമിജീയോസ് ഇഞ്ചനാനിക്ക് അയച്ച തുറന്ന കത്തിലൂടെയാണ് സഭ വിവാദമായ സംഭവം പുറത്തുവന്നത്. സംഭവം വീണ്ടും വാര്‍ത്ത ആയതോടെ വിശദീകരണവുമായി താമരശ്ശേരി രൂപത രംഗത്തെത്തി. 2015ലുണ്ടായ ഈ സംഭവത്തില്‍ അന്വേഷണം നടത്തി രൂപത സഭാപരമായ ശിക്ഷാ നടപടി സ്വീകരിച്ചതാണെന്നും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് രൂപതയ്‌ക്കെതിരായ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് പി.ആര്‍.ഒ ഫാ.മാത്യൂ കൊല്ലംപറമ്പില്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

പ്രസ്തുത വൈദികനെ സഭയില്‍ നിന്നും സസ്പെന്റ് ചെയ്യുകയും നിയമ പരമായ നപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തതാണെന്നും സഭ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. സ്ഥാപിത താല്‍പ്പര്യക്കാരാണ് ഇപ്പോഴത്തെ വിവാദത്തിന് പിന്നിലെന്നും സഭാ വിശ്വാസികള്‍ വിഷയത്തില്‍ ജാഗ്രത പാലിക്കണമെന്നും ഫാ. മാത്യു കൊല്ലംപറമ്പില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം വിവാദ വൈദികന്‍ ഇപ്പോള്‍ ധ്യാനകേന്ദ്രം നടത്തുന്നു എന്ന ആരോപണത്തില്‍ കൃത്യമായ വിശദീകരണം സഭ നല്‍കിയിട്ടില്ല.

വൈദികനാല്‍ ഗര്‍ഭിണിയായ കന്യാസ്ത്രീ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ 2016ല്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. എന്നാല്‍ കുട്ടിയെ പിന്നീട് കാണാതായെന്നും കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നും കാണിച്ച് ലേ മെ അസോസിയേഷന്‍ പൊലീസിന് നല്‍കിയ പരാതിയാണ് സത്യാവസ്ഥ പുറംലോകത്തെത്തിച്ചത്. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് കുട്ടിയെ അനാഥാലയത്തിന് കൈമാറിയതായി കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട കക്ഷികളുടെ മൊഴി അടക്കമുള്ള വിവരങ്ങള്‍ വിവരാവകാശ രേഖപ്രകാരം ശേഖരിച്ച ശേഷമാണ് ലേ മെ അസോസിയേഷന്‍ രൂപതയ്ക്ക് കത്തയച്ചത്.

താമരശേരി രൂപതാംഗങ്ങളായ വൈദികനും മുന്‍ കന്യാസ്ത്രീയും അടുത്ത രക്തബന്ധമുള്ളവരാണ്. ബന്ധം പുറത്തറിഞ്ഞതോടെ ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചുവെങ്കിലും അത് തടയുന്നതിനായി രൂപത ഇടപെട്ട് നഷ്ടപരിഹാരം നല്‍കി പ്രശ്‌നം പരിഹരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വൈദികന്‍ കന്യാസ്ത്രീക്ക് 13 ലക്ഷവും രൂപത 12 ലക്ഷവും നല്‍കിയെന്നാണ് ആരോപണം.

രൂപത വൈദികനെ സസ്‌പെന്റ് ചെയ്തുവെന്ന് പറയുന്നുണ്ടെങ്കിലും വൈദികവൃത്തിയില്‍ നിന്ന് മാറ്റിയിട്ടില്ല. രൂപതയില്‍ നിന്ന് വാക്കാന്‍ മാത്രം സസ്‌പെന്‍ഷന്‍ (ഔദ്യോഗികമായി സസ്‌പെന്റ് ചെയ്താല്‍ രൂപത ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കണം. അത് ഒഴിവാക്കി) നേരിട്ട വൈദികന്‍ ഇപ്പോള്‍ മറ്റൊരു രൂപതയില്‍ ചേര്‍ന്ന് ധ്യാനകേന്ദ്രം നടത്തുകയാണ്.

മനുഷ്യ ജീവനെ അങ്ങേയറ്റം മാനിക്കുന്ന കത്തോലിക്കാ സഭയില്‍ തന്നെ ഒരു കുഞ്ഞ് മാതാപിതാക്കള്‍ ജീവിച്ചിരിക്കേ അനാഥയായി ജീവിക്കേണ്ടി വരുന്നതും വൈദിക ജീവിതത്തിന്റെ അന്തസ്സ് കളഞ്ഞുകുളിച്ചയാള്‍ മറ്റൊരിടത്ത് അതേ ജോലി തന്നെ ചെയ്യുന്നതിലെ പൊരുത്തക്കേടുമാണ് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

കാത്തലിക് ലേ മെന്‍ അസോസിയേഷന്‍ സഭാ നേതൃത്വത്തിന് നല്‍കിയ കത്ത് ചുവടെ:

താമരശ്ശേരി_ബിഷപ്പിന്_കാത്തലിക്_ലേമെന്‍സ്_അസ്സോസിയേഷന്റെ_കത്ത് !
From,
എം.എല്‍.ജോര്‍ജ്ജ് മാളിയേയ്ക്കല്‍,
സെക്രട്ടറി, സെന്‍ട്രല്‍ എക്സിക്യൂട്ടീവ് കമ്മറ്റി,
കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍,
കൂടരഞ്ഞി പി.ഒ, പിന്‍-673604.
To,
റൈറ്റ്. റവ. ഡോ. റെമിജീയോസ് പോള്‍ ഇഞ്ചനാനി,
താമരശ്ശേരി രൂപതാ ബിഷപ്പ്,
താമരശ്ശേരി ബിഷപ്പ്സ് ഹൗസ്,
താമരശ്ശേരി പി.ഒ, പിന്‍-673573.

യേശുവില്‍ പ്രിയ സഹോദരാ,

അങ്ങ് അടക്കമുള്ള ക്രിസ്തീയ സഭയിലെ പുരോഹിതര്‍ യേശുനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് തിരുപ്പട്ടം എന്ന കൂദാശ സ്വീകരിച്ചിരിക്കുന്നത്, അജപാലകനും നിത്യപുരോഹിതനുമായ യേശുക്രിസ്തുവിന്റെ പാത പിന്തുടര്‍ന്ന് വചന ശുശ്രൂഷകള്‍ ചെയ്യുവാനും വചനം പ്രസംഗിക്കുവാനും പ്രസംഗിക്കുന്നവ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുവാനുമാണല്ലോ. എന്നാല്‍ നിങ്ങള്‍ എടുത്ത സത്യപ്രതിജ്ഞ പാടേ അവഗണിച്ച് ക്രിസ്തുവിനും ക്രിസ്തീയസമൂഹത്തിനും മറ്റു സമൂഹങ്ങള്‍ക്കും രാജ്യത്തിനും രാജ്യത്തിന്റെ ഭദ്രതയ്ക്കും എതിരായി പ്രവര്‍ത്തിച്ചുവരികയാണ് താങ്കളടക്കമുള്ള ഒരു പറ്റം പുരോഹിതര്‍. പുരോഹിതരടക്കമുള്ള എല്ലാവര്‍ക്കുമായി യേശുക്രിസ്തു അനുവദിച്ചിട്ടുള്ള മാതൃകാപരമായ പരസ്യവിവാഹത്തിന് പുരോഹിതര്‍ക്കു മാത്രം വിലക്ക് ഏര്‍പ്പെടുത്തികൊണ്ട്, വിശുദ്ധബൈബിളിനു വിരുദ്ധമായി, കാനോന്‍ നിയമവും രൂപതാനിയമങ്ങളും മെത്രാന്മാരായ നിങ്ങള്‍ സൃഷ്ടിച്ച് അവയിലൂടെ രൂപതകള്‍ തോറും 'രഹസ്യവിവാഹം'' പ്രാബല്യത്തലാക്കി (കാനന്‍.840, താമരശ്ശേരി രൂപതാ നിയമാവലി പേജ് 82, ക്രമനമ്പര്‍ 402), പുരോഹിതര്‍ അസാന്മാര്‍ഗിക ജീവിതത്തില്‍ മുഴുകി ക്രിസ്തീയസഭയെ താങ്കളടക്കമുള്ള രൂപതാമെത്രാന്മാര്‍ അപകീര്‍ത്തിപ്പെടുത്തികൊണ്ടിരിക്കുകയാണ്. ഇതിന്റെ തെളിവുകളായിട്ടാണ് ബാലികാ ബാലന്മാരോടും യുവതീയുവാക്കളോടും കുടുംബിനികളോടും കന്യാസ്ത്രീകളോടും മെത്രാന്‍-പുരോഹിതവര്‍ഗ്ഗം നടത്തികൊണ്ടിരിക്കുന്ന അവിഹിത ലൈംഗിക പീഡനസംഭവങ്ങള്‍ ഒന്നൊന്നായി വെളിച്ചത്തുവന്നിരിക്കുന്നത്.

ദേവാലയങ്ങളുടെയും ധ്യാനകേന്ദ്രങ്ങളുടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മതസ്ഥാപനങ്ങളുടെയും പരിപാവനതയും വിശുദ്ധിയും നിങ്ങള്‍ പുരോഹിതവര്‍ഗ്ഗം കളങ്കപ്പെടുത്തികൊണ്ടിരിക്കുകയാണ്. കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന് ഇത് അനുവദിച്ചുതരാനാകില്ല. നിങ്ങളുടെ തിന്മകളെയും അസാന്മാര്‍ഗ്ഗിക പ്രവൃത്തികളെയും മറ്റും നേരിടുകതന്നെ ചെയ്യും.

താങ്കളുടെ കീഴ്ജീവനക്കാരനും പൂവ്വാറന്‍തോട് സെന്റ് മേരീസ് പള്ളി വികാരിയുമായിരുന്ന ഫാ. ജോമോന്‍ കണ്ടത്തിന്‍കര കണ്ണോം സെന്റ് മേരീസ് പള്ളി അസ്സിസ്റ്റന്റ് വികാരിയായിരുന്ന കാലഘട്ടത്തില്‍ കണ്ണോം എഫ്.സി. കോണ്‍വെന്റിലെ 38 വയസ്സുള്ള കന്യാസ്ത്രീയുമായി അവിഹിത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുപോന്നു. ഫാ. ജോമോനില്‍നിന്നും കന്യാസ്ത്രീ ഗര്‍ഭിണിയായി. പരസ്പരം വിവാഹിതരായി കുട്ടിയെ വളര്‍ത്തി മാതൃകാപരമായ കുടുംബജീവിതം നയിക്കാമെന്ന ധാരണയില്‍ ഊഷ്മളമായ ലൈംഗികബന്ധത്തിലുണ്ടായ ഗര്‍ഭം അലസിപ്പിക്കാന്‍ ഇരുവര്‍ക്കും മനസ്സുവന്നില്ല. ഏഴെട്ടു മാസമായതോടെ കന്യാസ്ത്രീയുടെ ഗര്‍ഭലക്ഷണങ്ങള്‍ പൊതുജനസംസാരമായി. ഫാ. ജോമോനും ഗര്‍ഭം ചുമക്കുന്ന കന്യാസ്ത്രീയും തമ്മിലുള്ള വിവാഹവും മാതൃകാപരമായ കുടുംബജീവിതവും തടയുന്നതിനും ഫാ. ജോമോന്റെ അവിഹിത ലൈംഗികബന്ധം മറച്ചു വെക്കുന്നതിനും കന്യാസ്ത്രീയുടെ ഗര്‍ഭവിഷയം പുറത്തുവിടാതിരിക്കുന്നതിനും വേണ്ടി താങ്കള്‍ ഇടപെട്ടു. അരമനവാസികളായ വികാരി ജനറലും, രൂപതാ ധനകാര്യസ്ഥനും, അന്നത്തെ രൂപതാ ചാന്‍സലറും ഇന്ന് സീറോ-മലബാര്‍ സഭയുടെ വൈസ് ചാന്‍സലറുമായ റവ.ഫാ. അബ്രഹാം കാവില്‍പുരയിടവും ചേര്‍ന്ന് ഗര്‍ഭവതിയായ കന്യാസ്ത്രീയെയും ഫാ. ജോമോനെയും രഹസ്യത്തില്‍ അരമനയില്‍ എത്തിച്ചു. അവരിരുവരില്‍നിന്നു വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ആയതിനുള്ള പ്രതിവിധികള്‍ താങ്കള്‍ കല്‍പ്പിച്ചശേഷം ഫാ. ജോമോനെ താങ്കളുടെതന്നെ കസ്റ്റഡിയില്‍ സംരക്ഷിക്കുകയും ഗര്‍ഭവതിയായ കന്യാസ്ത്രീയെ ചക്കിട്ടപാറ എഫ്.സി. കോണ്‍വെന്റിലേക്കും, അവിടെനിന്നു മാലാപ്പറമ്പിലുള്ള എഫ്.സി.സി പ്രൊവിന്‍ഷ്യല്‍ ഹൗസായ അസ്സീസി ഭവനിലേക്കും, അവിടെനിന്ന് 'പുരോഹിതരാല്‍ ഗര്‍ഭിണികളാകുന്ന കന്യാസ്ത്രീകളെ പാര്‍പ്പിക്കുന്ന' തൃശ്ശൂര്‍ പല്ലഴിയിലുള്ള 'സെന്റ് ക്രിസ്റ്റീന ഹോമി'ലേക്കും, അവിടെനിന്ന് എറണാകുളം നോര്‍ത്തിലുള്ള മദര്‍തെരേസ കോണ്‍വെന്റിലേക്കും, പ്രസവത്തിനായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

2016 ജൂലൈ 6-ാം തീയതി കന്യാസ്ത്രീ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞിന് അനാഥത്വം കല്‍പ്പിച്ച്, സഭയുടെ വക അങ്കമാലി കറുകുറ്റിയിലുള്ള സെന്റ് നസ്രത്ത് ഹോമിലേക്ക് തള്ളി താങ്കള്‍ ആ കുഞ്ഞിനെ അനാഥയാക്കി. കുഞ്ഞിന്റെ മാതാപിതാക്കള്‍ അല്ലലില്ലാതെ പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിച്ചിരിക്കെ, കുഞ്ഞിന് അനാഥത്വം കല്‍പ്പിച്ച് അനാഥാലയത്തില്‍ തള്ളിയ താങ്കളുടെ പ്രവൃത്തി ക്രൂരവും ദൈവതിരുമുമ്പില്‍ കടുത്ത പാപവും ജനസമൂഹത്തിനു മുന്‍പില്‍ നീതീകരിക്കാനാവാത്തതുമാണ്. കുഞ്ഞിന്റെ മാതൃത്വം പേറിയ കന്യാസ്ത്രീയെ നിര്‍ബന്ധപ്രകാരം കുഞ്ഞില്‍നിന്നും അകറ്റിയ ഹീനമായ താങ്കളുടെ നടപടി ദൈവസ്നേഹത്തിനും പരസ്നേഹത്തിനും എതിരായ തിന്മയും മനുഷ്യത്വഹീനവുമാണ്. സന്മാര്‍ഗ്ഗജീവിതത്തിനും ധാര്‍മ്മികമൂല്യങ്ങള്‍ക്കും ക്രിസ്തീയ ആദര്‍ശങ്ങള്‍ക്കും വിലകല്‍പ്പിക്കുന്ന മെത്രാനായിരുന്നു താങ്കളെങ്കില്‍, അവരെ മാതൃകാപരമായ ദാമ്പത്യജീവിതത്തിന് വിട്ടുകൊടുക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതിനുപകരം താങ്കള്‍ മൂന്ന് മനുഷ്യജീവിതങ്ങളെ തല്ലിക്കൊഴിക്കുകയാണ് ചെയ്തത്. ഇത് താങ്കളില്‍ കുടികൊള്ളുന്ന പൈശാചികതയുടെ വികൃതമുഖമാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഫാ. ജോമോന്‍ കണ്ടത്തിന്‍കരയുടെ തിന്മകളെയെല്ലാം താങ്കള്‍ അനുഗ്രഹിച്ച് ആശിര്‍വദിച്ചു കൊണ്ട് , അദ്ദേഹത്തെ ഹൈദരാബാദ് തുംഗു എന്ന സ്ഥലത്തുള്ള സീറോ-മലബാര്‍ സഭയുടെ 'മംഗള മാതാ റിന്യൂവല്‍ കേന്ദ്ര'ത്തിന്റെ ഡയറക്ടറും ഇടവക വികാരിയുമായി നിയമിച്ചിരിക്കുന്നതും യേശുക്രിസ്തുവിനോടും ക്രൈസ്തവ ജനസമൂഹത്തോടുമുള്ള നിന്ദനവും അവഹേളനവുമാണ്. മേല്‍വിവരിച്ച സംഭവങ്ങളില്‍ ഫാ. ജോമോന്‍ കണ്ടത്തിന്‍കരയും കന്യാസ്ത്രീയും ചെയ്ത കുറ്റത്തേക്കാള്‍ കടുത്ത കുറമാണ് താങ്കള്‍ ചെയ്തത്. വലിയ കുറ്റവാളി രൂപതാബിഷപ്പായ താങ്കള്‍തന്നെയാണ്; അതിനാല്‍, മാന്യമായ മെത്രാന്‍പദവിയില്‍ തുടരാന്‍ താങ്കള്‍ അര്‍ഹനല്ല.

ടി കാര്യങ്ങളില്‍ എന്തെങ്കിലും വിശദികരിക്കാനുണ്ടെങ്കില്‍ ആയത് ഏഴു ദിവസത്തിനകം രേഖാമൂലം,'കാത്തലിക് ലേമെന്‍സ് അസ്സോസിയേഷനെ' അറിയിക്കണം. വിശദീകരണമൊന്നും നല്‍കാനില്ലെങ്കില്‍, താങ്കളുടെ തെറ്റുകള്‍ക്ക് സഭാസമൂഹത്തോട് ഏഴു ദിവസത്തിനകം പൊതുമാപ്പ് പറയണം. ആയതിന് തയ്യാറല്ലാത്തപക്ഷം, പ്രസ്തുത കുറ്റകൃത്യങ്ങള്‍ 'കാത്തലിക് ലേമെന്‍സ് അസ്സോസിയേന്‍' പൊതുസമൂഹത്തിനുമുമ്പില്‍ കൊണ്ടുവരികയും നിയമനടപടികളെക്കുറിച്ച് ആലോചിക്കുകയും ചെയ്യുന്നതായിരിക്കുമെന്ന വിവരം ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

കാത്തലിക് ലേമെന്‍സ് അസ്സോസ്സിയേഷനു വേണ്ടി,
സെക്രട്ടറി,
14-11-2020

പകര്‍പ്പ് :
മേജര്‍ ആര്‍ച്ചുബിഷപ്പ്,
സീറോ - മലബാര്‍ സഭ,
സെന്റ് തോമസ് മൗണ്ട്, കാക്കനാട്,
എറണാകുളം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category