
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ഡിസംബര്‍ പത്തിന്. ഭൂമി പൂജയും ശിലാസ്ഥാപനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. 861.90 കോടി രൂപ ചെലവില്‍ ഇരുപത്തിയൊന്നു മാസം കൊണ്ടു നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ടാറ്റ പ്രൊജ്ക്ടിനാണ് നിര്‍മ്മാണ കരാര്‍.
കോവിഡ് കാലത്ത് നിലവിലുള്ള പാര്‍ലമെന്റ് മന്ദിരത്തിന് പകരം പുതിയ മന്ദിരം പണിയുന്നത് വലിയ ധൂര്‍ത്താണെന്ന തരത്തില്‍ വിമര്‍ശനങ്ങളും, ഒപ്പം പരാതികളും വന്നിരുന്നു. എന്നാല്‍, സര്‍ക്കാര്‍ കുലുങ്ങിയില്ല. 93 വര്‍ഷം പഴയതാണ് നിലവിലെ പാര്‍ലമെന്റ് മന്ദിരം. 1921 ല്‍ നിര്‍മ്മാണം ആരംഭിക്കുകയും, 1927 ല്‍ കമ്മീഷന് ചെയ്യപ്പെട്ടതുമായ മന്ദിരം. അതുകൊണ്ട് തന്നെ സുരക്ഷയും സൗകര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ കാലത്തിനൊത്ത് മാറാതെ വയ്യ എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ഉറച്ച ധാരണ. ഏതായാലും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം ഡിസംബറില്‍ ആരംഭിക്കുകയാണ്. 2022 ഒക്ടോബറോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ മുടങ്ങുമെന്ന ഭയമൊന്നും ആര്‍ക്കും വേണ്ട. നിലവിലുള്ള കെട്ടിടങ്ങളില്‍ സമ്മേളനങ്ങള്‍ സുഗമമായി നടക്കുമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിരുന്നു. വായു-ശബ്ദ മലിനീകരണം ഒഴിവാക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ എംപിമാര്‍ക്കും പുതിയ മന്ദിരത്തില്‍ ഓഫീസ്
പുതിയ മന്ദിരത്തില്‍ ഓരോ എംപിക്കും പ്രത്യേകം ഓഫീസ് ഉണ്ടായിരിക്കും. കടലാസ് രഹിത ഓഫീസ് എന്ന ലക്ഷ്യത്തോടെ നിര്‍മ്മിക്കുന്ന ഓഫീസുകളില്‍ അത്യാധുനിക രീതിയിലുള്ള ഡിജിറ്റല്‍ ഇന്റര്‍ഫേസുകള്‍ സജ്ജീകരിക്കും. കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാള്‍, എംപി.ലോഞ്ച്, ലൈബ്രറി, കമ്മിറ്റി റൂമുകള്‍, ഡൈനിങ് ഏരിയ തുടങ്ങിയവയെല്ലാം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഉണ്ടായിരിക്കും. വിശാലമായ പാര്‍ക്കിങ് സൗകര്യവും ഉണ്ടായിരിക്കും.
ഇന്ത്യയുടെ ജനാധിപത്യ പൈതൃകം ഉയര്‍ത്തിക്കാണിക്കുന്ന രീതിയിലായിരിക്കും കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാളിന്റെ നിര്‍മ്മാണം. 888 അംഗങ്ങള്‍ക്ക് ഇരിപ്പിട സൗകര്യമുള്ള ലോക്സഭാ ചേംബറായിരിക്കും ഉണ്ടായിരിക്കുക. അതേസമയം രാജ്യസഭ ചേംബറില്‍ 384 അംഗങ്ങള്‍ക്കായിരിക്കും ഒരുസമയം സന്നിഹിതരാകാന്‍ സാധിക്കുക. ഇരുസഭകളിലേയും എംപിമാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് കണക്കിലെടുത്താണ് ഇരിപ്പിട സൗകര്യം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ലോക്സഭയില്‍ 543 അംഗങ്ങളും രാജ്യസഭയില്‍ 245 അംഗങ്ങളുമാണ് ഉള്ളത്.
നിലവിലെ മന്ദിരം എന്തു ചെയ്യും?
പുതിയ മന്ദിരം പൂര്‍ത്തിയാവുന്നതോടെ പഴയ മന്ദിരം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. പാര്‍ലമെന്റുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് ഈ മന്ദിരം ഉപയോഗിക്കുമെന്നാണ് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചത്. ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിച്ചതാണ് ഈ മന്ദിരം. 1921 ഫെബ്രുവരി 12 നാണ് ശിലാസ്ഥാപനം നടത്തിയത്. നിര്‍മ്മാണത്തിന് ആറുവര്‍ഷമെടുത്തു. അക്കാലത്ത് 83 ലക്ഷം രൂപ ചെലവായി. 1927 ജനുവരി 8 ന് അന്നത്തെ ഗവര്‍ണര്‍ ജനറല്‍ ലോര്‍ഡ് ഇര്‍വിനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
പുതിയ മന്ദിരത്തിന്റെ ചെലവും നിര്‍മ്മാണവും
നിര്‍മ്മാണത്തിന്റെ ഗുണനിലവാരത്തിലും, സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിലും ഒരുവിട്ടുവീഴ്ചയുമുണ്ടാകില്ല. ലോക്സഭാ സെക്രട്ടേറിയറ്റിലെയും ഭവനനിര്‍മ്മാണ-നഗരകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍, വാ്സ്തുശില്പി, ഡിസൈനര്‍ എന്നിവരടങ്ങുന്ന സമിതി നിര്‍മ്മാണം നിരീക്ഷിക്കും. 861.90 കോടി രൂപയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. സെന്‍ട്രല്‍ വിസ്താ പുനര്‍വികസന പദ്ധതിക്ക് കീഴില്‍ ടാറ്റ പ്രോജക്റ്റ്സ് ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല.
കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാളില്‍ ഭരണഘടനയുടെ യഥാര്‍ത്ഥ പ്രതി സൂക്ഷിക്കും. ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധാപത്യത്തിന്റെ സവിശേഷതകള്‍ മനസ്സിലാക്കാന്‍ ഈ ഹാളിലേക്ക് സന്ദര്‍ശകരെ അനുവദിക്കും.
എന്താണ് സെന്‍ട്രല്‍ വിസ്ത?
നിലവിലെ സെന്‍ട്രല്‍ വിസ്ത രാഷ്ട്രപതി ഭവന്, പാര്‍ലമെന്റ് മന്ദിരം, നോര്‍ത്ത് സൗത്ത് ബ്ലോക്കുകള്‍, ഇന്ത്യ ഗേറ്റ്, നാഷണല്‍ ആര്‍ക്കൈവ്്സ് തുടങ്ങിയവ ഉള്‍പ്പെടുന്നതാണ്. 1911 ഡിസംബറില്‍, ജോര്‍ജ് അഞ്ചാമന് രാജാവ് ഡല്‍ഹി ദര്‍ബാര്‍ കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുന്നതായി പ്രഖ്യാപിച്ചു. ഡല്‍ഹി ദര്‍ബാറിലാണ് ജോര്‍ജ് അഞ്ചാമന്റെ സ്ഥാനാരോഹണം നടന്നത്. ഒരുപുതിയ നഗരം വികസിപ്പിക്കുന്നതിന്റെ ചുമതല യൂറോപ്യന്‍ ക്ലാസിക്കല്‍ ശൈലി പിന്തുടരുന്ന എഡ്വിന് ലുട്യന്സിനെയും, ദക്ഷിണാഫ്രിക്കയിലെ പ്രമുഖ വാസ്തുശില്പിയായിരുന്ന ഹെര്‍ബര്‍ട്ട് ബേക്കറെയും ഏല്പിച്ചു. ദക്ഷിണാഫ്രിക്കയിലെ പ്രട്ടോറിയയില് യൂണിയന് ബില്‍ഡിങ്സിന്റെ ശില്പിയാണ് ഹെര്‍ബര്‍ട്ട് ബേക്കര്‍. പാര്‍ലമെന്റ് മന്ദിരം ലുട്യന്‍സും, ബേക്കറും ചേര്‍ന്നാണ് രൂപകല്പന ചെയ്തത്. രാഷ്ട്രപതി ഭവന് ലുട്യന്‍സും, നോര്‍ത്ത്-സൗത്ത് ബ്ലോക്കുകള്‍ ഉള്‍പ്പെടുന്ന സെക്രട്ടേറിയറ്റ് ഹെര്‍ബര്‍ട്ട് ബേക്കറും ഡിസൈന്‍ ചെയ്തു.
ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരവും അതിനടുത്തുതന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസും, പൊതു സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, മൂന്നുകിലോമീറ്റര്‍ വരുന്ന രാജ്പഥിന്റെ പുതുക്കല്‍( രാഷ്ട്രപതി ഭവന് മുതല്‍ ഇന്ത്യ ഗേറ്റ് വരെ) ഉള്‍പ്പെടുന്നതാണ് പുതിയ സെന്‍ട്രല്‍ വിസ്ത പദ്ധതി. രാഷ്ട്രപതി ഭവന് ഇപ്പോഴത്തേതുതന്നെ തുടരും. നിലവിലെ പാര്‍ലമെന്റ് മന്ദിരം, നോര്‍ത്ത്- സൗത്ത് ബ്ലോക്കുകള്‍ എന്നിവ പൈതൃക കേന്ദ്രങ്ങളെന്ന നിലയില്‍ നിലനിര്‍ത്തും. പുതിയ പദ്ധതി പൂര്‍ത്തിയാവുന്നതോടെ വിജയ് ചൗക്ക് ഉള്‍പ്പെടുന്ന തന്ത്രപ്രധാനമേഖലയുടെ മുഖച്ഛായ മാറും. രാഷ്ട്രപതിഭവന്, ഉപരാഷ്ട്രപതിഭവന്‍, പ്രധാനമന്ത്രിയുടെ വസതി, ഓഫീസ് എന്നിവ അടുത്തടുത്താകും. പ്രധാനമന്ത്രിയുടെ ഓഫീസും വസതിയും സൗത്ത് ബ്ലോക്കിന് അടുത്തേക്ക് മാറ്റാന്‍ സാധ്യതയുണ്ട്. ഉപരാഷ്ട്രപതിയുടെ പുതിയ വസതി നോര്‍ത്ത് ബ്ലോക്കിന് അടുത്തായിരിക്കും. സെന്‍ട്രല്‍ വിസ്ത പദ്ധതി പ്രകാരം ഉപരാഷ്ട്രപതിയുടെ നിലവിലെ വസതി പൊളിച്ചുനീക്കും.
ഗുജറാത്ത് കേന്ദ്രമാക്കിയുള്ള എച്ച്സിപി ഡിസൈന്‍സാണ് സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതി രൂപകല്‍പ്പന ചെയ്തത്. പദ്ധതി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതിന്റെ ഉത്തരവാദിത്തവും ഈ കമ്പനിക്കാണ്. ഉദ്യോഗ് ഭവന്, കൃഷി ഭവന്, ശാസ്ത്രി ഭവന് എന്നിവയും പൊളിച്ചുനീക്കാനാണ് സാധ്യത. ഇവിടെ പുതിയ കേന്ദ്ര സെക്രട്ടേറിയറ്റി നിര്‍മ്മിക്കും. 1960 കളിലും 70 കളിലും പണിത കെട്ടിടങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പൊളിച്ചുനീക്കേണ്ടതായിരുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
പരാതികളും എതിര്‍പ്പുകളും തള്ളി നിര്‍മ്മാണം
പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കേണ്ടത് അത്യാവശ്യമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്. നിലവിലെ പാര്‍ലമെന്റ് മന്ദിരത്തിന്റെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്ര സര്‍ക്കാര്‍ ബോധ്യപ്പെടുത്തിയത്. കെട്ടിടത്തിനു സൗകര്യവും സുരക്ഷയും സാങ്കേതികസംവിധാനങ്ങളും കുറവാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. വൈദ്യുതി കാര്യക്ഷമത കുറഞ്ഞതും നിലവിലെ അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമാണ് കെട്ടിടമെന്നും കേന്ദ്ര പൊതുമരാമത്ത് വകുപ്പ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. രാജ്പഥ്, പാര്‍ലമെന്റ് കെട്ടിടം, രാഷ്ട്രപതി ഭവന് എന്നിവ 1911-1931 കാലഘട്ടത്തില്‍ ആര്‍ക്കിടെക്ടുമാരായ എഡ്വിന് ലൂട്യെന്‍സ്, ഹെര്‍ബര്‍ട്ട് ബേക്കര്‍ എന്നിവരാണ് രൂപകല്പനചെയ്തത്.
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന 2022-നുമുമ്പായി പാര്‍ലമെന്റ് നിര്‍മ്മിക്കാനാണ് ലക്ഷ്യം. പാര്‍ലമെന്റും വിവിധ മന്ത്രാലയങ്ങളുമുള്‍പ്പെടുന്ന ഡല്‍ഹിയിലെ സെന്‍ട്രല്‍ വിസ്ത പുതുക്കിപ്പണിയുന്ന പദ്ധതി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതുപോലുള്ള പദ്ധതി ഉപേക്ഷിക്കണമെന്നുകാട്ടി 60 മുന്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. എന്നാല്‍, ഭാവിയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പുതിയ പാര്‍ലമെന്റ് കെട്ടിടം അനിവാര്യമാണെന്നാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.
1. കെട്ടിടത്തിനു നൂറുവര്‍ഷത്തോളം പഴക്കമായി. ഭൂകമ്പസാധ്യതാമേഖല നാലില്‍ വരുന്ന കെട്ടിടം സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല.
2. ജോലിക്കാരുടെയും സന്ദര്‍ശകരുടെയും എണ്ണം പലമടങ്ങ് വര്‍ധിച്ചുവരുകയാണ്. അതിനാല്‍ സ്ഥലവും സൗകര്യവും സാങ്കേതികവിദ്യയും അപര്യാപ്തം.
3. ഭാവി ആവശ്യങ്ങള്‍കൂടി കണക്കിലെടുത്ത് അത്യാധുനിക സംവിധാനങ്ങളോടെയാണ് പുതിയകെട്ടിടം നിര്‍മ്മിക്കുക. ഇതിനൊപ്പം പഴയ പാര്‍ലമെന്റ് കെട്ടിടവും സമുച്ചയത്തിലുണ്ടാകും.
4. പുതിയ കെട്ടിടത്തില്‍ ലോക്സഭാ ചേംബര്‍ ഇപ്പോഴത്തേതിനെക്കാള്‍ മൂന്നുമടങ്ങും രാജ്യസഭ നാലുമടങ്ങും വിശാലമായിരിക്കും.
5. പുതിയ കെട്ടിടത്തിന് കോടികള്‍ ചെലവിടുന്നത് ആറുവര്‍ഷമെടുത്താണ്. പൈതൃക കെട്ടിടങ്ങളൊന്നും പൊളിക്കില്ല. പകരം അവയുടെ ആയുസ്സ് വര്‍ധിപ്പിച്ച് സംരക്ഷിക്കും.
7. സമുച്ചയത്തിലെ വൃക്ഷങ്ങള്‍ മാറ്റിനടും. നിലവിലുള്ളതിനെക്കാള്‍ 9.54 ഏക്കര്‍ അധികമായി ഹരിതമേഖലയാക്കും.
8. അടിയന്തരസാഹചര്യം വന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന്, പ്രത്യേകിച്ചും സെന്‍ട്രല്‍ ഹാളില്‍ സൗകര്യമില്ല. നിലവില്‍ 440 പേര്‍ക്കുമാത്രം ഇരിക്കാന്‍ സൗകര്യമുള്ള സെന്‍ട്രല്‍ ഹാളില്‍ പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനം നടക്കുമ്പോള്‍ തിങ്ങിപ്പിടിച്ചാണ് അംഗങ്ങളിരിക്കുന്നത്.
9. ലോക്സഭാ സീറ്റുകളുടെ എണ്ണവും ഭാവിയില്‍ വര്‍ധിച്ചേക്കാം. ഇപ്പോഴത്തെ സീറ്റുകളുടെ എണ്ണത്തിന് 2026 വരെയാണ് കാലാവധി.
10. പൊതുവായ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് നിര്‍മ്മിക്കുക വഴി ഓഫീസ് ഇടങ്ങളുടെ എണ്ണം വര്‍ധിക്കും. ഇതിനടിയിലൂടെ മൂന്ന് കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയിലൂടെ ഷട്ടില്‍ യാത്രാസൗകര്യമുണ്ടാകും.
പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നതിനുള്ള സെന്റ്ട്രല് വിസ്ത പ്രൊജക്റ്റ് സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രിം കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതുപോലെ ഒരു പരാതി സുപ്രിം കോടതിയില്‍ നിലവിലുണ്ടെന്നും കൊവിഡിന്റെ കാലത്ത് ആരും ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും തിരക്കിട്ട് പരാതി കേള്‍ക്കേണ്ടതില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞത്. സെന്‍ട്രല്‍ ഡല്‍ഹിയില്‍ ലുതിയന്‍സ് സോണില്‍ പാര്‍ലമെന്റ് മന്ദിരവും 8 അനുബന്ധ കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത പ്രൊജക്റ്റ്.
ഇപ്പോഴത്തെ തീരുമാനമനുസരിച്ച് സെന്‍ട്രല്‍ വിസ്ത പദ്ധതി ആദ്യ ഘട്ടം 2021 ല്‍ പണിതീരും. പാര്‍ലമെന്റ് മന്ദിരം 2022 മാര്‍ച്ചിലും സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് 2024ലും തീരും. ഇന്ത്യയുടെ 2022 ലെ 75ാം സ്വാതന്ത്ര്യദിനം അവിസ്മരണീയമാക്കാനാണ് നീക്കം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam