1 GBP =99.10INR                       

BREAKING NEWS

മലയാളം മിഷന്‍ യു കെ ചാപ്റ്ററിന്റെ മലയാളം ഡ്രൈവില്‍ ഇന്ന് ഡോ. പി കെ രാജശേഖരന്‍ സാഹിത്യവും ചലച്ചിത്ര ലോകവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നു

Britishmalayali
ഏബ്രഹാം കുര്യന്‍

ലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ശത ദിന കര്‍മ്മ പരിപാടിയായ മലയാളം ഡ്രൈവില്‍  മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമര്‍ശകനും  മാധ്യമ പ്രവര്‍ത്തകനുമായ ഡോ. പി കെ രാജശേഖരന്‍ ഇന്ന് (09/01/2021) 4 പി എമ്മിന് (9.30PM IST) 'മലയാള സാഹിത്യവും ചലച്ചിത്ര ലോകവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നു. മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ പ്രഭാഷണത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ഭാഷാസ്‌നേഹികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

20/12/2020ല്‍ ഇദ്ദേഹത്തിന്റെ സംവാദം ഫേസ്ബുക്ക് ലൈവിലൂടെ തുടങ്ങിയെങ്കിലും സാങ്കേതിക   കാരണങ്ങളാല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അതിനാലാണ് വീണ്ടും ആ പ്രഭാഷണം ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്.  മലയാള സാഹിത്യത്തിന്റേയും ചലച്ചിത്രത്തിന്റേയും ഭാഷ വ്യത്യസ്തമാണ് എങ്കിലും സാഹിത്യത്തെ അടിസ്ഥാനമാക്കി സിനിമയെടുത്ത് വിജയിപ്പിച്ചവരുടെയും കൈ പൊള്ളിയവരുടേയും ചരിത്രം ഡോ. രാജശേഖരന്‍ വിവിധ സിനിമ ശകലങ്ങളുടെ അകമ്പടിയോടെ വരച്ചുകാട്ടുന്നു. അനുകല്പനത്തിന്റെ സാധ്യതകളും പ്രയാസങ്ങളും  വരച്ചുകാട്ടുന്ന ഈ പ്രഭാഷണം സി വി രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മയില്‍ തുടങ്ങി, തകഴിയുടെ രണ്ടിടങ്ങഴി, ചെമ്മീന്‍ എന്നീ നോവലുകളിലൂടെ സഞ്ചരിച്ച് പാറപ്പുറത്തിന്റെ അരനാഴികനേരം, അന്വേഷിച്ചു കണ്ടെത്തിയില്ല, പണിതീരാത്ത വീട് എന്നീ അനുകല്പനങ്ങളിലൂടെ മലയാളിയുടെ വായനാ ശീലത്തിന് മറ്റൊരു മാനം നല്‍കിയ മുട്ടത്തു വര്‍ക്കിയുടെ ഫോര്‍മുല നോവലുകളിലെത്തി കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയെ പറ്റി പ്രതിപാദിച്ചു. വീണ്ടും ഉറൂബ്, പി. ഭാസ്‌കരന്‍, എം ടി, പി പത്മരാജന്‍, ഒ വി വിജയന്‍ എന്നിവരിലൂടെ ആ പ്രഭാഷണത്തിന്റെ അരുവി ഒഴുകുന്നു.  ബഷീറിന്റെ നോവലായ മതിലുകള്‍ ഒരു ക്ലാസിക് സിനിമയാക്കിയ അടൂര്‍ ഗോപാലകഷ്ണന്റെ ഭാസ്‌കരപ്പട്ടേലരേയും ഡോ. രാജശേഖരന്‍ ഈ പ്രഭാഷണത്തിലൂടെ വരച്ചുകാട്ടുന്നു.  മലയാള ഭാഷയെ നൃത്തം ചെയ്യിച്ച കവിയായ ചങ്ങമ്പുഴയുടെ രമണന്‍ കുമാരനാശാന്റെ കരുണ തുങ്ങിയ കവിതകളും, സി വി ശ്രീരാമന്റെ   വാസ്തുഹാര എന്ന ചെറുകഥയും സിനിമക്ക് കാരണമായ ചരിത്രം അദ്ദേഹം പ്രഭാഷണത്തിലൂടെ വരച്ചുകാട്ടുന്നു. സാഹിത്യത്തിന്റെയും സിനിമയുടെയും ഭാഷാ വ്യത്യസ്തതകള്‍ നിലനില്‍ക്കെ തന്നെ അവ തമ്മില്‍ ചെലുത്തിയ സ്വാധീനങ്ങള്‍ കുറഞ്ഞ സമയത്ത് സിനിമ ശകലങ്ങള്‍ ചേര്‍ത്ത് നടത്തുന്ന പ്രഭാഷണം തീര്‍ച്ചയായും നമ്മെ ഗൃഹാതുരത്വത്തിലേക്ക് നയിക്കും.

പ്രശസ്ത എഴുത്തുകാരനും സാഹിത്യവിമര്‍ശകനും പത്രപ്രവര്‍ത്തകനുമായി അറിയപ്പെടുന്ന ഡോ.പി കെ രാജശേഖരന്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട് . സാഹിത്യ നിരൂപണത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ വിലാസിനി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് .

കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള രാജശേഖരന്‍ മാതൃഭൂമി ന്യൂസ് എഡിറ്ററുമായിരുന്നു. പിതൃഘടികാരം: ഒ.വി. വിജയന്റെ കലയും ദര്‍ശനവും, അന്ധനായ ദൈവം: മലയാള നോവലിന്റെ നൂറുവര്‍ഷങ്ങള്‍, ഏകാന്തനഗരങ്ങള്‍: ഉത്തരാധുനിക മലയാളസാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രം, കഥാന്തരങ്ങള്‍: മലയാള ചെറുകഥയുടെ ആഖ്യാനഭൂപടം, നിശാസന്ദര്‍ശനങ്ങള്‍, വാക്കിന്റെ മൂന്നാംകര, നരകത്തിന്റെ ഭൂപടങ്ങള്‍, എന്നിവയാണ് തിരുവനന്തപുരം സ്വദേശിയായ ഡോ. പി കെ രാജശേഖരന്റെ പ്രധാന കൃതികള്‍.

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ കേരളപ്പിറവിദിനത്തില്‍ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി ഫെബ്രുവരി പതിനാല് വാലന്റൈന്‍സ് ദിനത്തില്‍ അവസാനിക്കുന്ന നൂറുദിന കര്‍മ്മ പരിപാടികള്‍ ആണ് സംഘാടകര്‍ വിഭാവനം ചെയ്തിരിക്കുന്നത്. മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന സാംസ്‌കാരിക പരിപാടികള്‍ക്ക് വിവിധ മേഖലകളില്‍ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ആഴ്ചകളില്‍ നടത്തിയിരുന്ന പ്രഭാഷണങ്ങള്‍ കേള്‍ക്കുവാന്‍ നിരവധി ആളുകളാണ് താല്പര്യപൂര്‍വ്വം ലൈവില്‍ എത്തിയിരുന്നത്. ഭാഷാ സ്‌നേഹികളായ പല ആളുകളും പ്രഭാഷകാരോട് ചോദ്യങ്ങള്‍ ചോദിക്കുകയും ക്രിയാത്മകമായ സംവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.

മലയാളം അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനപ്രദമായ മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് പ്രവര്‍ത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസര്‍, ജനേഷ് നായര്‍, ബേസില്‍ ജോണ്‍ എന്നിവരാണ്.

മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ  എല്ലാവര്‍ക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും ഭാഷാ ഉന്നമനത്തിനായി നടത്തുന്ന മുഴുവന്‍ പരിപാടികളും ഭാഷാസ്‌നേഹികളായ മുഴുവന്‍ ആളുകളും പ്രോല്‍സാഹിപ്പിക്കണമെന്ന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യര്‍ത്ഥിച്ചു.

ഇന്ന്  (09/01/2021) വൈകിട്ട് യുകെ സമയം 4PM, ഇന്‍ഡ്യന്‍ സമയം 9.30 PMനുമാണ്  ഡോ. പി കെ രാജശേഖരന്‍ 'മലയാള സാഹിത്യവും ചലച്ചിത്ര ലോകവും'എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നത്. സംപ്രേഷണത്തില്‍ തത്സമയം പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികള്‍ ഷെയര്‍ ചെയ്തും പ്രോത്സാഹിപ്പിക്കുക.
https://www.facebook.com/MAMIUKCHAPTER/live/

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category