1 GBP = 101.50 INR                       

BREAKING NEWS

രണ്ടു പകലും ഒരു രാത്രിയും നീണ്ട ദുരിതയാത്ര; അമ്മയുടെ അന്ത്യകര്‍മ്മം ചെയ്യാന്‍ പുറപ്പെട്ട കുടുംബവും കൈക്കുഞ്ഞുങ്ങളുമടക്കം ഡല്‍ ഹിയില്‍ കുടുങ്ങിയത് അനവധി യാത്രക്കാര്‍; പിടിച്ചു നിര്‍ത്തിയത് മലയാളികളെ മാത്രമെന്നും പരാതി; ആരും തിരിഞ്ഞു നോക്കിയില്ലെ ന്നും സങ്കടം; ഒടുവില്‍ സഹായമായതു മാധ്യമ ഇടപെടല്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: മിനിഞ്ഞാന്ന് രാത്രി എയര്‍ ഇന്ത്യ 112 വിമാനം പുറപ്പെട്ടത് തന്നെ ശകുനപ്പിഴയോടെ. ഒരു മണിക്കൂറോളം വൈകി പുറപ്പെട്ട വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിയത് ഇന്നലെ രാവിലെ പതിനൊന്നു മണിക്ക്. കുട്ടികളും സ്ത്രീകളും അടക്കം ഉള്ള നൂറോളം പേരുള്ള മലയാളി യാത്രക്കാര്‍ ഇമിേ്രഗഷന്‍ നടപടിക്കായി എത്തിയപ്പോള്‍ തന്നെ എന്തോ പന്തികേട് തോന്നി. കൊച്ചി വിമാനത്തില്‍ പോകാനുള്ളവര്‍ മാറിനില്‍ക്കണമെന്നു ഉഗ്രശാസന. വിമാനം വൈകിയതിനാല്‍ 11.10 നല്ല കണക്ഷന്‍ ഫ്ളൈറ്റ് നഷ്ടമായി എന്നുറപ്പായി. അതുകാരണം ഉള്ള എന്തെകിലും ക്രമീകരണം ആയിരിക്കും എന്നാണ് യാത്രക്കാര്‍ കരുതിയത്. എന്നാല്‍ അവരുടെ തലയിലേക്ക് ഇടിത്തീ പോലെ ഒരു വാര്‍ത്ത ആണെത്തിയത്. ''യുകെ വിമാനത്തില്‍ വന്നവര്‍ മുഴുവന്‍ ഏഴു ദിവസം ഡല്‍ഹിയില്‍ ക്വറന്റീനില്‍ കഴിയണം. ഓരോ യാത്രക്കാരും വീണ്ടും പിസിആര്‍ ടെസ്റ്റ് ചെയ്യണം റിസള്‍ട് വരാന്‍ പത്തുമണിക്കൂര്‍ വരെ സമയം എടുത്തേക്കാം, അതിനായി ലോഞ്ചില്‍ ഇരിക്കുന്ന സമയത്തിനുള്ള യൂസേഴ്‌സ് ഫീ അടക്കം 3400 രൂപയും അടക്കണം', ഇത്തരത്തില്‍ ഉഗ്രശാസനകള്‍ ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. എന്നാല്‍ പണം അടച്ചാലും ഏതാനും ദിവസത്തെ അത്യാവശ്യകാര്യങ്ങള്‍ക്കായി പുറപ്പെട്ട തങ്ങള്‍ ഏഴു ദിവസം ഡല്‍ഹിയില്‍ കഴിയണം എന്ന് പറയുന്നത് ഒരു തരത്തിലും യാത്രക്കാര്‍ക്ക് അംഗീകരിക്കാന്‍കഴിയുന്ന കാര്യം ആയിരുന്നില്ല.

മര്‍ക്കട മുഷ്ടിയുമായി എയര്‍പോര്‍ട്ട് പോലീസ്; ഒന്നും ചെയ്യാനില്ലെന്നു കേരളത്തിലെ രാഷ്ട്രീയക്കാര്‍
തങ്ങള്‍ കുടുങ്ങി എന്നുറപ്പായ യാത്രക്കാര്‍ ബഹളം വയ്ക്കാന്‍ ആരംഭിച്ചു. സ്ഥിതിഗതികള്‍ വഷളാകുന്നു എന്ന് കണ്ടതോടെ പലരും നാട്ടിലേക്കും യുകെയിലേക്കും വിളി തുടങ്ങി. യുകെയില്‍ ഉള്ളവര്‍ വെപ്രാളപ്പെട്ട് തലങ്ങും വിലങ്ങും മന്ത്രിമാരെയും എംപിമാരെയും ഡല്‍ഹി ഭരണകൂടത്തില്‍ പിടിപാടുള്ളവരെയും ഒക്കെ വിളിക്കാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം ലണ്ടന്‍ - കൊച്ചി വിമാനത്തിനായി രൂപമെടുത്ത ജനകീയ സമിതിയുടെ വാട്‌സാപ്പ് ഗ്രൂപ് ഒരു ഹെല്‍പ് ലൈന്‍ ഡെസ്‌ക് പോലെ പ്രവര്‍ത്തനം ആരംഭിച്ചു. ഡല്‍ഹില്‍ ഉള്ള മാധ്യമപ്രവര്‍ത്തകര്‍ വഴിയാണ് പ്രധാനമായും ഈ ഹെല്‍പ് ഡെസ്‌ക് വഴി യുകെ മലയാളികളില്‍ വിവരമെത്തിയത്. ഇത്തരം സാഹചര്യങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ബാധ്യതയുള്ള യുകെ മലയാളികള്‍ക്ക് വേണ്ടി കേരള സര്‍ക്കാരിന്റെ മുഖമായി പ്രത്യക്ഷപ്പെടുന്ന ലോക് കേരള സഭ അംഗങ്ങളെയൊന്നും വിഷയത്തില്‍ ഇടപെട്ട് കണ്ടതുമില്ല.

പക്ഷെ പ്രതീക്ഷ കളയാതെ യുകെയില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകരുടെ ഓരോ ഫോണ്‍കോളും പതിവ് പോലെ കേരളത്തിലെ ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരനില്‍ ചെന്നെത്തി നിന്നു. പതിവ് പോലെ ഇത്തരം അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പറയാനുള്ള റെക്കോര്‍ഡ് ശബ്ദം പോലെയുള്ള ന്യായീകരണങ്ങള്‍ സര്‍ക്കാരില്‍ നിന്നും പ്രതിപക്ഷ നേതാക്കളില്‍ നിന്നും മുറപോലെ എത്തി തുടങ്ങി. എന്തെങ്കിലും സാങ്കേതിക ന്യായം പറയാന്‍ അറിയുന്നവര്‍ അതിലും മിടുക്കു കാട്ടി. എന്നാല്‍ ഭരണകേന്ദ്രത്തിലെ ഒരു മിടുക്കന്‍ കേരളത്തില്‍ രാത്രിയായപ്പോഴും യുകെയില്‍ നിന്നും വിളിച്ച പാര്‍ട്ടി അനുഭാവിയോട് ചോദിച്ചത് ഡല്‍ഹിയില്‍ കുടുങ്ങിയിരിക്കുന്ന ആരുടെയെങ്കിലും നമ്പര്‍ നല്‍കണമെന്ന്. അതിനര്‍ത്ഥം മുഴുവന്‍ വാര്‍ത്ത ചാനലുകളും ലൈവ് ആയി എയര്‍പോര്‍ട്ടില്‍ നിന്നും വിഷയം റിപ്പോര്‍ട്ട് ചെയ്തിട്ടും ഉത്തരവാദപ്പെട്ടവര്‍ അതൊന്നും അറിഞ്ഞതേയില്ല.

യാത്രക്കാരും പറയുന്നു, ആരും സഹായത്തിനെത്തിയില്ല
ഭരണ സിരാകേന്ദ്രത്തിലെ ഉദ്യോഗസ്ഥന്റെ വാക്കുകള്‍ അക്ഷരം പ്രതി ശരിവയ്ക്കുന്നതാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും ഇന്ന് പുലര്‍ച്ചെയും ലഭിക്കുന്ന വിവരം. അതായതു തൊട്ടരികെ കേരള ഹൌസ് എന്ന പേരില്‍ കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഉണ്ടായിട്ടും വിളിപ്പാടകലെ നിന്നും ഒരാള്‍ പോലും എത്തിനോക്കിയില്ല. മലയാളി ക്ഷേമത്തിനായി ലക്ഷങ്ങള്‍ നല്‍കി മുന്‍ എംപിക്ക് റസിഡന്റ് കമ്മീഷണര്‍ പദവി നല്‍കിയിട്ട് അദ്ദേഹവും ഇപ്പോള്‍ കേരളത്തില്‍ താനെയാണെന്നാണ് സൂചന. എയര്‍പോര്‍ട്ട് സംഭവം അറിയിക്കാന്‍ വിളിച്ചവര്‍ക്ക് അദ്ദേഹം ഫോണ്‍ എടുക്കുന്നില്ല എന്നും മറുപടി കിട്ടി. ഏതെങ്കിലും ഉത്തരവാദപ്പെട്ടവര്‍ തങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ എത്തിയിരുനെങ്കില്‍ ഇത്രയും വിഷമം ഇല്ലായിരുന്നു എന്നാണ് മാഞ്ചസ്റ്റര്‍ സ്വദേശിയായ യാത്രക്കാരന്‍ പറഞ്ഞത്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് എംപി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇടപെട്ടാണ് ഒടുവില്‍ പ്രശാന പരിഹാരം ഉണ്ടായതെന്ന് പറയുമ്പോഴും ആരും തങ്ങളെ വിളിച്ചു പോലുമില്ലെന്നാണ് യാത്രക്കാര്‍ക്ക് വേണ്ടി ലെസ്റ്ററില്‍ നിന്നും യാത്ര ചെയ്ത ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞത്. തങ്ങളുടെ കൂട്ടത്തില്‍ ആരെയെങ്കിലും വിളിച്ചു കാര്യങ്ങള്‍ തിരക്കണമായിരുന്നു എന്നും യാത്രക്കാര്‍ ഒരുപോലെ പരാതി പറയുന്നു.

അമ്മയെ കാണാന്‍ പുറപ്പെട്ട മകന്‍ അനിശ്ചിതത്വവും നീണ്ടപ്പോള്‍ തന്നെ കാക്കേണ്ടെന്നു മറുപടി
ഏക മകനാണ്. അമ്മയുടെ അന്ത്യകര്‍മ്മത്തില്‍ എങ്കിലും പങ്കെടുക്കണം എന്ന ആഗ്രഹത്തോടെ കിട്ടിയ വിമാനത്തില്‍ പുറപ്പെട്ടതാണ്. തനിക്കു സമയത്തിന് നാട്ടില്‍ എത്താന്‍ കഴിഞ്ഞേക്കില്ല എന്നായപ്പോള്‍ സഹായം തേടി നിലവിളിയുടെ ശബ്ദത്തിലാണ് അദ്ദേഹത്തിന്റെ വോയ്സ് റെക്കോര്‍ഡ് മെസേജ് യുകെ മലയാളികളെ തേടിയെത്തിയത്. അതോടെ എങ്ങനെയും ഏവരെയും നാട്ടിലെത്തിക്കാന്‍ കഴിയുന്നവരൊക്കെ ശ്രമം തുടങ്ങി. എന്നാല്‍ മണിക്കൂറുകള്‍ ഇഴഞ്ഞു നീങ്ങിയതല്ലാതെ ഒന്നും നടന്നില്ല. മലയാളികളോട് എന്തും ആകാം, ആരും ചോദിക്കാനും പറയാനുമില്ല എന്ന ഗോസായി ഭാവം ഉദ്യോഗസ്ഥരിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി. എന്നാല്‍ സ്ത്രീകള്‍ മുന്‍കൈ എടുത്തു തങ്ങള്‍ ഒരു കാരണവശാലും ഒരടി പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയതോടെ ആകെ ആശയക്കുഴപ്പമായി. ഇതിനിടയില്‍ യാത്രക്കാര്‍ , അതും യുകെയില്‍ നിന്നും എത്തുന്നവര്‍ മാത്രം അനുസരിക്കേണ്ട കോവിഡ് പ്രോട്ടോകോളുകള്‍ ഡല്‍ഹി സര്‍ക്കാരും ഡല്‍ഹി എയര്‍പോര്‍ട്ട് അധികൃതരും മത്സരിച്ചു പ്രസിദ്ധീകരിച്ചു തുടങ്ങി.

എന്നാല്‍ ഇതൊക്കെ ഇവിടെ എത്തുമ്പോളാണോ പറയുന്നത് എന്ന ചോദ്യത്തിന് ഉത്തരം ഉണ്ടായില്ല. ഒടുവില്‍ അമ്മയെ കാണാന്‍ പുറപ്പെട്ട മകനെ തേടി കോട്ടയത്ത് നിന്നും നിരന്തരം വിളികള്‍ വന്നതോടെ ഇനി കാക്കണ്ട, നിങ്ങള്‍ ചടങ്ങു നടത്തിക്കൊള്ളൂ എന്നദ്ദേഹം നിലവിളിയോടെ പറഞ്ഞത് കൂടി നിന്നവരുടെയെല്ലാം സങ്കടമായി മാറി. അവസാനം ഇന്നലെ അര്‍ധരാത്രിയോടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് അടുത്ത വിമാനത്തില്‍ പോകാം എന്നായതോടെ ഇന്ന് രാവിലെയുള്ള വിമാനത്തില്‍ ഈ കുടുംബത്തെ അയക്കാന്‍ മറ്റുള്ളവരും സ്വയം ഒഴിഞ്ഞു കൊടുക്കുക ആയിരുന്നു. ഇന്ന് രാവിലെ 1110 നു പുറപ്പെടുന്ന ഈ വിമാനം രണ്ടേകാലിനാണ് കൊച്ചിയില്‍ എത്തുക. തുടര്‍ന്ന് കോവിഡ് ടെസ്റ്റും കഴിഞ്ഞു അദ്ദേഹത്തിന് വീട്ടിലെത്തി അമ്മയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനാകുമോ എന്ന് വ്യക്തമല്ല.

ഡല്‍ഹിക്കാരെ രക്ഷിക്കാനെന്ന് കെജ്രിവാള്‍, ഹോട്ടലുകാരെ രക്ഷിക്കാനാണോ എന്ന് യാത്രക്കാര്‍
കോവിഡ് പിടിവിടുന്ന യുകെയില്‍ നിന്നും എത്തുന്നവര്‍ ഡല്‍ഹിയില്‍ ഒരാഴ്ച തങ്ങണം എന്ന നിര്‍ബന്ധ ബുദ്ധി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുറത്തു വിടുന്നത് ഡല്‍ഹി വിമാനം എത്തുന്നതിനു തൊട്ടു മുന്‍പ്. ഇതെന്തു ന്യായം എന്ന് യാത്രക്കാര്‍ ചോദിച്ചതിന് ആര്‍ക്കും ഉത്തരമില്ലായിരുന്നു. ഡല്‍ഹിക്കാരെ രക്ഷിക്കാനാണ് ഈ നടപടിയെന്നു തുഗ്ലക്ക് ന്യായം പിന്നീട് മുഖ്യമന്ത്രി അവതരിപ്പിച്ചു. എന്നാല്‍ ഓരോ ദിവസവും ആയിരക്കണക്കിന് രൂപ വാടകയുള്ള മുറി കെട്ടിയേല്പിച്ചു ഹോട്ടലുകാര്‍ക്കു കച്ചവടത്തിനുള്ള കള്ളക്കളി ആയിരുന്നു ഇന്നലെ നടന്നതെന്നും യാത്രക്കാരും ആരോപിക്കുന്നു .സമാന തരത്തില്‍ ഉള്ള ആരോപണം ഡിസംബര്‍ 23 നു പുറപ്പെട്ട ഹീത്രോ - കൊച്ചി വിമാനത്തിലെ യാത്രക്കാര്‍ക്കും ഉണ്ടായിരുന്നു. കോവിഡ് ടെസ്റ്റ് റിസള്‍ട്ടിനായി ഹോട്ടല്‍ മുറിയില്‍ കാത്തിരിപ്പു നടത്തിയതിനു 6000 രൂപവരെയാണ് അന്ന് യാത്ര ചെയ്തവര്‍ നല്‍കേണ്ടി വന്നത്. നൂറുകണക്കിന് യാത്രക്കാര്‍ക്കായി കളമശേരി കോവിഡ് സെന്ററില്‍ മാത്രമാണ് ടെസ്റ്റ് നടത്തിയത്. എന്നാല്‍ ഈ ടെസ്റ്റ് രണ്ടോ മൂന്നോ സ്ഥലത്ത് നടത്തിയിരുന്നെകില്‍ സമയ ലാഭവും യാത്രക്കാര്‍ക്ക് പണലാഭവും ഉണ്ടാകുമായിരുന്നെന്നു അന്ന് യാത്ര ചെയ്തവരും ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കിയിരുന്നു. പുര കത്തുമ്പോള്‍ തന്നെ വാഴ വെട്ടാന്‍ നമ്മുടെ നാട്ടില്‍ ഉള്ളവര്‍ക്ക് നന്നായി അറിയാം എന്നാണ് രസികനായ ലണ്ടനില്‍ നിന്നുള്ള ഒരു യാത്രക്കാരന്‍ ചൂണ്ടിക്കാട്ടിയത്.

വേര്‍തിരിവ് മലയാളികളോട് മാത്രം, കാരണം വ്യക്തമല്ല
ഇന്നലെ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ ആകെ യാത്രക്കാര്‍ 250. അതില്‍ മലയാളികള്‍ 96. ശേഷിക്കുന്ന 154 യാത്രക്കാരും കാബിന്‍ ക്രൂവും പുഷ്പം പോലെ കടന്നു പോയപ്പോള്‍ മലയാളി സംഘം മാത്രമാണ് പ്രയസത്തില്‍ അകപ്പെട്ടത്.  മറ്റുള്ളവര്‍ക്കു ഡല്‍ഹി സര്‍ക്കാരിന്റെ നിയമം ബാധകമാകാതിരുന്നത് എന്തുകൊണ്ട്? ഈ ചോദ്യം യാത്രക്കാര്‍ തമ്മില്‍ തമ്മില്‍ ചോദിച്ചതല്ലാതെ കേരളത്തില്‍ നിന്നും ഒരാള്‍ പോലും ഡല്‍ഹി ഭരണകൂടത്തോട് ചോദിയ്ക്കാന്‍ തയാറായില്ല. ഒരുപക്ഷെ കോവിഡ് അടങ്ങും വരെ യുകെ മലയാളികള്‍ കേരളത്തില്‍ എത്താന്‍ നോക്കിയാല്‍ ഇത്തരം പ്രയാസങ്ങള്‍ കൂടി അനുഭവിക്കാന്‍ തയ്യറായിക്കോള്ളൂ എന്ന രഹസ്യ സന്ദേശമാണോ കേരള  സര്‍ക്കാര്‍ നല്കാന്‍ ഉദ്ദേശിക്കുന്നതെന്നു ക്ഷുഭിതനായി ചെറുപ്പക്കാരായ യാത്രക്കാര്‍ ലൈവ് വിഡിയോകള്‍ വഴി ചോദിക്കുന്നുണ്ടായിരുന്നു. തങ്ങളുടെ പാസ്പോര്‍ട്ടും ലഗ്ഗേജ്ജും പിടിച്ചു വച്ചിരിക്കുന്നത് എന്തിനു എന്ന് ചോദിച്ചു പലവട്ടം യാത്രക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം വരെയുണ്ടായി. ഈ ഘട്ടത്തില്‍ എല്ലാം എയര്‍പോര്‍ട്ട് പോലീസ് ധിക്കാരപരമായ പെരുമാറ്റമാണ് യാത്രക്കാരോട് കാട്ടിയതd. ഒടുവില്‍ ഇന്നലെ രാത്രി വൈകയാണ് യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ട് കൈമാറ്റം ചെയ്തത്.

വാര്‍ത്തകളോട് അമര്‍ഷവുമായി മലയാളികള്‍
എയര്‍പോര്‍ട്ടില്‍ സമര തുല്യ സാഹചര്യം ഉടലെടുത്തതോടെ ദേശീയ മാധ്യമങ്ങളും കേരളത്തില്‍ നിന്നുള്ള ചാനല്‍ സംഘങ്ങളും എയര്‍പോര്‍ട്ടില്‍ എത്തി ലൈവ് വാര്‍ത്തകള്‍ നല്‍കിക്കൊണ്ടിരുന്നു. ഈ വാര്‍ത്തകള്‍ നല്‍കിയ ചലനം മൂലമാണ് ഡല്‍ഹി കുടുങ്ങിയ 96 മലയാളികളും ഇന്ന് വൈകിട്ടോടെ എങ്കിലും വീട്ടില്‍ എത്തിചെരുക. അതിനിടെ ചാനലുകള്‍ നല്‍കിയ വാര്‍ത്തകളുടെ യുട്യൂബ് ലിങ്കിനു താഴെ എത്തിയ കേരളത്തില്‍ നിന്നുള്ളവരുടെ കമന്റുകള്‍ ആയിരുന്നു ഏറെ രസകരം. പതിവ് പോലെ ഇത്തവണയും പ്രവാസികള്‍ അവര്‍ക്കു മുന്നില്‍ കുറ്റക്കാരായി മാറി. എന്തിനു ഇങ്ങോട്ടു ഇപ്പോള്‍ വരുന്നു എന്നത് തുടങ്ങി തരംതാണ ഭാഷയില്‍ ഉള്ള കമന്റുകള്‍ വരെ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ യാത്രക്കാരെ തേടിയെത്തി. പ്രവാസി കഷ്ടപെടുന്ന പണത്തിന്റെ ഓഹരി പറ്റുന്നവരായാലും ഉറ്റവരെയും ഉടയവരെയും അവസാനമായി കാണാന്‍ എത്തുന്നവരോട് പോലും മലയാളി സമൂഹത്തിന്റെ പെരുമാറ്റം ഏതു വിധത്തില്‍ ആണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് ഡല്‍ഹി എയര്‍പോര്‍ട്ട് സംഭവ വികാസങ്ങള്‍. പ്രളയവും ദുഖവും ദുരിതവും ഉണ്ടാകുമ്പോള്‍ ഒക്കെ നാട്ടിലുള്ളവരെ സ്വന്തവും ബന്ധവും ഒന്നും നോക്കാതെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നവരോടാണ് ഒരവസരം കിട്ടുമ്പോള്‍ വാക്കുകള്‍ കൊണ്ട് ആഴമുള്ള മുറിവുകള്‍ തീര്‍ക്കാന്‍ മലയാളികളില്‍ ഒരു വിഭാഗം ശ്രമിക്കുന്നതെന്നത് ഇത്തവണയും ആവര്‍ത്തിക്കപ്പെട്ടു.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category