1 GBP = 101.50 INR                       

BREAKING NEWS

യുകെ മലയാളികളുടെ സിനിമ മോഹങ്ങള്‍ക്ക് നിറം നല്‍കിയ ബോളിയന്‍ മോഹനും കോവിഡ് മരണത്തിനിരയായി; അവസാനിക്കുന്നത് നാല് പതിറ്റാണ്ടിലെ പ്രവാസ ജീവിതം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി:യുകെ മലയാളികളുടെ സിനിമ സ്വപ്നങ്ങള്‍ക്ക് ഏറെനാള്‍ നിറം നല്‍കിയ ഈസ്റ്റ് ഹാം  ബോളിയന്‍ തിയറ്റര്‍ ഉടമ ആയിരുന്ന മോഹന്‍ കുമാര്‍ ഇന്നലെ കോവിഡ് പോരാട്ടത്തില്‍ ഓര്‍മ്മയായി. ഒരു കാലത്തു പല മലയാള സിനിമകള്‍ക്കും ലണ്ടനില്‍ റിലീസ് ലഭിക്കാതായപ്പോള്‍ മോഹന്റെ ബോളിയന്‍ തിയറ്റര്‍ ആയിരുന്നു ആശ്രയം. സിനിമാക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ യുകെയില്‍ എത്തുമ്പോള്‍ മലയാളി കൂട്ടായ്മകള്‍ക്ക് വേദിയായതും മോഹന്റെ തിയറ്റര്‍ തന്നെയാണ്. യുകെ മലയാളികളില്‍ പലരും സിനിമ മോഹവുമായി രംഗത്ത് വന്നപ്പോഴും പ്രദര്‍ശനത്തിന് ഒരിടവും കിട്ടിയില്ലെങ്കിലും മോഹനേട്ടന്റെ തിയറ്റര്‍ ഉണ്ടല്ലോ എന്ന ആശ്വാസമാണ് പങ്കിട്ടിരുന്നത്.

സിനിമ ആവശ്യവുമായി ആര് സമീപിച്ചാലും നോ എന്ന് പറയുവാന്‍ അദ്ദേഹം തയാറായിരുന്നില്ല എന്നും ഈസ്റ്റ് ഹാം മലയാളി സമൂഹം ഹൃദയ വേദനയോടെ ഓര്‍മ്മിക്കുന്നു. ഈസ്റ്റ് ഹാമിലും ക്രോയ്ഡോണിലും എല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മകളിലും മോഹന്‍ കുമാര്‍ നിത്യ സാന്നിധ്യമായിരുന്നു. ലണ്ടന്‍ പ്രദേശത്തെ പ്രായം ചെന്ന മലയാളികളെ പരസ്പര ബഹുമാനത്തോടെ അണ്ണന്‍ എന്ന് വിളിക്കുന്നതില്‍ ഏറ്റവും ബഹുമാന്യന്‍ കൂടിയായിരുന്നു മോഹനന്‍ അണ്ണന്‍ എന്നും ചെറുപ്പക്കാരായ ഈസ്റ്റ് ഹാം മലയാളികള്‍ ഓര്‍മ്മക്കുറിപ്പുകളില്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്തയറിഞ്ഞു സോഷ്യല്‍ മീഡിയയിലും മറ്റും പരിചയക്കാര്‍ ഏറെ വിഷമത്തോടെയാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്.

ജീവിത ശൈലി രോഗങ്ങളുടെ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നെങ്കിലും രോഗം പിടിപെടും വരെ പൂര്‍ണ ആരോഗ്യത്തോടെ സജീവമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അടുത്ത കാലത്താണ് തിയറ്റര്‍ ബിസിനസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതും. നാലു പതിറ്റാണ്ടു മുന്‍പ് ആരംഭിച്ച പ്രവാസ ജീവിതത്തിനു കൂടിയാണ് അദ്ദേഹം മരണത്തിലൂടെ വിരാമമിട്ടിരിക്കുന്നത്. രണ്ടാഴ്ച മുന്‍പ് കോവിഡ് രോഗ ലക്ഷണങ്ങളുമായി അദ്ദേഹം ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും വിശ്രമിചാല്‍ മതിയെന്ന നിര്‍ദേശവുമായി വീട്ടിലേക്കു അയക്കുക ആയിരുന്നു എന്നാണ് സുഹൃദ് സംഘങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. കോവിഡ് പോസിറ്റീവ് റിസള്‍ട്ടുമായാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ലണ്ടന്‍ പ്രദേശത്തെ ഓരോ ആശുപത്രിയും കോവിഡ് രോഗികളാല്‍ നിറഞ്ഞു കവിയുന്ന സാഹചര്യത്തില്‍ ഗുരുതര ലക്ഷണം ഇല്ലാത്ത ഒരു രോഗിക്കും ആശുപത്രിയില്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യവുമാണ് നിലവില്‍ ഉള്ളത്.
എന്നാല്‍ രോഗ നില വഷളായതിനെ തുടര്‍ന്ന് ഏതാനും ദിവസം മുന്‍പ് ആംബുലന്‍സ് സേവനം തേടിയ അദ്ദേഹത്തെ കോവിഡ് ചികിത്സ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഈ ഘട്ടം ആയതോടെ അദ്ദേഹത്തിന്റെ രോഗനിലയും അത്യന്തം വഷളായിരുന്നു. ഓരോ ദിവസവും ആരോഗ്യ സ്ഥിതി മോശമായി തുടര്‍ന്നതോടെ വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ട എന്ന തീരുമാ നമായിരുന്നു ഡോക്ടര്‍മാരുടേത്. ഒടുവില്‍ ഇന്നലെ വൈകുന്നേരത്തോടെ 65 കാരനായ മോഹന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുക ആയിരുന്നു.ന്യൂഹാം ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ഈസ്റ്റ് ലണ്ടനിലെ അപ്റ്റണ്‍ പാര്‍ക്കില്‍ വെസ്റ്റ്ഹാം ഫുട്ബോള്‍ സ്റ്റേഡിയത്തിനോടു ചേര്‍ന്ന് ബോളീന്‍ എന്ന പേരില്‍ സിനിമാ തിയറ്റര്‍ നടത്തിയതോടെയാണ് അദ്ദേഹം ബോളിന്‍ മോഹന്‍ എന്ന് അറിയപ്പെട്ടു തുടങ്ങിയത്. തിയറ്ററിനൊപ്പം ഹോട്ടലും കംപ്യൂട്ടര്‍ സെന്ററും മണി എക്സ്ചേഞ്ചും ഗ്രോസറി ഷോപ്പും മലയാളം ചാനലുകളുടെ വിതരണ ശൃംഖലയും റിക്രൂട്ട്മെന്റ് ഏജന്‍സിയും എല്ലാമായി വലിയൊരു ബിസിനസ് സാമ്രാജ്യം അദ്ദേഹം കെട്ടിപ്പെടുത്തെങ്കിലും അസുഖബാധിതനായതോടെ ബിസിനസുകള്‍ മരവിപ്പിക്കുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. ഭാര്യ: സുശീല മോഹന്‍. മക്കള്‍: ശ്രീലക്ഷ്മി, ശ്രീഹരി.

രണ്ടാം കോവിഡില്‍ യുകെയുടെ എല്ലാ ഭാഗത്തും നിന്നും തന്നെ മലയാളി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. അഞ്ചു ദിവസം മുന്‍പാണ് മാഞ്ചസ്റ്ററിലെ പെന്റക്കൊസ്ത് പാസ്റ്റര്‍ ആയിരുന്ന സിസില്‍ ചീരന്‍ നിര്യാതനായത്. ഇദ്ദേഹത്തിന് 46 വയസ് മാത്രമായിരുന്നു പ്രായം. ജനുവരി പിറന്നതോടെ തന്നെ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. അനേകം മലയാളികള്‍ വിവിധ ആധുപത്രികളില്‍ ഗുരുതര നിലയില്‍ തുടരുകയാണ് എന്നാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന ആശങ്കപ്പെടുത്തുന്ന റിപോര്‍ട്ടുകള്‍. ഇന്നലെ മോഹന്റെ മരണത്തോടെ രണ്ടാം കോവിഡില്‍ ആകെ മലയാളി മരണം 13 ആയി ഉയര്‍ന്നിരിക്കുകയാണ്. കോവിഡ് പിടിപെട്ടു ഇതോടെ യുകെയില്‍ മൊത്തം മരിച്ച മലയാളികളുടെ എണ്ണം 30 ആയി.
ബോളിയന്‍ മോഹന്റെ മരണത്തില്‍ വിഷമിക്കുന്ന കുടുംബ അംഗങ്ങളുടെയും ഉറ്റ സുഹൃത്തുക്കളുടെയും വേദനയില്‍ ബ്രിട്ടീഷ് മലയാളി ന്യൂസ് വിഭാഗവും അഗാധമായ ദുഃഖം പങ്കിടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category