
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 328 റണ്‍സ് വിജയലക്ഷ്യം. ഒന്നാം ഇന്നിങ്സില്‍ 33 റണ്‍സിന്റെ ലീഡ് നേടിയ ഓസ്ട്രേലിയയെ രണ്ടാം ഇന്നിങ്സില്‍ 294 റണ്‍സിന് ഇന്ത്യ പുറത്താക്കി. ഓസീസ് നിരയില്‍ സ്റ്റീവ് സ്മിത്ത് അര്‍ധസെഞ്ചുറി നേടി. 74 പന്തുകള്‍ നേരിട്ട സ്മിത്ത് ഏഴു ഫോറുകള്‍ സഹിതം 55 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. ഈ പരമ്പരയില്‍ ഒരു ഇന്ത്യന്‍ ബോളറുടെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ശാര്‍ദൂല്‍ താക്കൂറിന് നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ 1.5 ഓവറില്‍ നാല് റണ്‍സ് എടുത്തുനില്‍ക്കെ മഴയെത്തിയതോടെ നാലാം ദിനത്തിലെ കളി അവസാനിപ്പിച്ചു. രോഹിത് ശര്‍മ നാലു റണ്‍സോടെയും ശുഭ്മാന്‍ ഗില്‍ റണ്ണൊന്നുമെടുക്കാതെയും ക്രീസില്‍. ഒരു ദിവസവും 10 വിക്കറ്റും കയ്യിലിരിക്കെ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് 324 റണ്‍സ് കൂടി വേണം. അഞ്ചാം ദിനവും ഇവിടെ മഴ പെയ്യുമെന്നാണ് പ്രവചനം.
മാര്‍ക്കസ് ഹാരിസ് (82 പന്തില്‍ 38), ഡേവിഡ് വാര്‍ണര്‍ (75 പന്തില്‍ 48), മാര്‍നസ് ലബുഷെയ്ന് (22 പന്തില്‍ 25), മാത്യു വെയ്ഡ് (0), കാമറൂണ്‍ ഗ്രീന്‍ (90 പന്തില്‍ 37), ടിം പെയ്ന് (37 പന്തില്‍ 27), പാറ്റ് കമ്മിന്‍സ് (51 പന്തില്‍ പുറത്താകാതെ 28), മിച്ചല്‍ സ്റ്റാര്‍ക്ക് (ഒന്ന്), നേഥന്‍ ലയണ്‍ (10 പന്തില്‍ 13), ജോഷ് ഹെയ്സല്‍വുഡ് (11 പന്തില്‍ ഒന്‍പത്) എന്നിങ്ങനെയാണ് ഓസീസ് താരങ്ങളുടെ പ്രകടനം.
ഈ പരമ്പരയിലൂടെ രാജ്യാന്തര ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സിറാജ്, 19.5 ഓവറില്‍ 73 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ശാര്‍ദൂല്‍ താക്കൂര്‍ 19 ഓവറില്‍ 61 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. വാഷിങ്ടന്‍ സുന്ദറിനാണ് ശേഷിച്ച വിക്കറ്റ്.
ഓപ്പണിങ് വിക്കറ്റില്‍ 89 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മാര്‍ക്കസ് ഹാരിസ് - ഡേവിഡ് വാര്‍ണര്‍ സഖ്യം ഓസീസിന് തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. 25 ഓവര്‍ ക്രീസില്‍നിന്നാണ് ഇരുവരും 89 റണ്‍സ് സ്കോര്‍ ബോര്‍ഡിലെത്തിച്ചത്. എന്നാല്‍, 25-ാം ഓവറിന്റെ അവസാന പന്തില്‍ മാര്‍ക്കസ് ഹാരിസിനെ ശാര്‍ദൂല്‍ താക്കൂര്‍ പുറത്താക്കിയത് വഴിത്തിരിവായി. 82 പന്തില്‍ എട്ട് ഫോറുകള്‍ സഹിതം 38 റണ്‍സെടുത്ത ഹാരിസിനെ താക്കൂറിന്റെ പന്തില്‍ ഋഷഭ് പന്ത് ക്യാച്ചെടുത്തു മടക്കി.
അവിടുന്നങ്ങോട്ട് വെറും 34 റണ്‍സിനിടെ ഓസീസിന്റെ നാലു വിക്കറ്റ് പിഴുത ഇന്ത്യന്‍ ബോളര്‍മാര്‍ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കി. ഡേവിഡ് വാര്‍ണര്‍ (75 പന്തില്‍ ആറു ഫോറുകള്‍ സഹിതം 48), മാര്‍നസ് ലബുഷെയ്ന് (22 പന്തില്‍ 25), മാത്യു വെയ്ഡ് (0) എന്നിവരാണ് പുറത്തായത്. പിന്നീട് അഞ്ചാം വിക്കറ്റില്‍ കാമറൂണ്‍ ഗ്രീനിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് (73) തീര്‍ത്ത സ്റ്റീവ് സ്മിത്താണ് ഓസീസിനെ താങ്ങിയത്. സ്കോര്‍ 196ല്‍ നില്‍ക്കെ സ്മിത്തിനെ സിറാജ് മടക്കി.
ടിം പെയ്നൊപ്പം 31 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്തതിനു പിന്നാലെ കാമറൂണ്‍ ഗ്രീനും പുറത്തായി. 90 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 37 റണ്‍സെടുത്ത ഗ്രീനിനെ താക്കൂര്‍ സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചു. സ്കോര്‍ 242ല്‍ എത്തിയപ്പോള്‍ ടിം പെയ്നും മടങ്ങി. താക്കൂറിന്റെ പന്തില്‍ ഇത്തവണ ക്യാച്ച് ഋഷഭ് പന്ത് വക. പിന്നീട് വാലറ്റക്കാര്‍ ചേര്‍ന്ന് 52 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തോടെ ഓസീസ് സ്കോര്‍ 294ല്‍ എത്തി.
ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 336 റണ്‍സാണ് നേടിയത്. 6ന് 186 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ പുതുമുഖങ്ങളായ വാഷിങ്ടന്‍ സുന്ദറും ശാര്‍ദൂല്‍ ഠാക്കൂറും 7-ാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് കരകയറ്റിയത്. 3 വിക്കറ്റുകള്‍ വീതം നേടി ബോളിങ്ങില്‍ തിളങ്ങിയ ഇരുവരും ഇന്നലെ അര്‍ധ സെഞ്ചുറികള്‍ സ്വന്തമാക്കി ഓള്‍റൗണ്ട് മികവു കാട്ടിയിരുന്നു. ശാര്‍ദൂല്‍ 67 ഉം വാഷിങ്ടനും 62 ഉം റണ്‍സ് എടുത്തിരുന്നു. ഇരുവരുടേയും പ്രകടനത്തെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരങ്ങളടക്കം രംഗത്ത് വന്നിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam