
കവന്‍ട്രി:' ഒരാഴ്ച മുന്നില്‍ ഇരുട്ട് നിറഞ്ഞ ദിനങ്ങള്‍. ബോധം ഉണ്ടോ എന്ന് ചോദിച്ചാല്‍ പൂര്‍ണമായും ചുറ്റിനും നടക്കുന്നതൊന്നും കൃത്യമായി അറിയുന്നില്ലആശുപത്രി ബെഡില്‍ ചുറ്റിനും ആരോ വരുന്നതും പോകുന്നതും ഒന്നും അറിയുന്നില്ല. ഉള്ളിന്റെ ഉള്ളില്‍ എവിടെയോ അവസാനമായി എന്ന തോന്നല്‍ ഉണ്ടായത് ഇപ്പോള്‍ കൃത്യത ഇല്ലാതെ ഓര്‍ക്കാന്‍ പറ്റുന്നുണ്ട്. എനിക്കുറപ്പുണ്ട്, ഞാന്‍ ഏതാണ്ട് തീര്‍ന്നതാണ്, എന്തോ സുകൃതം കൊണ്ട് ഇപ്പോള്‍ ഇതൊക്കെ പറയാന്‍ ബാക്കിയായി നിങ്ങളോടൊപ്പം ഇങ്ങനെ കഴിയുന്നു', രണ്ടാം കോവിഡിന്റെ ആക്രമണത്തില്‍ പതിനായിരങ്ങള്‍ പൊടുന്നനെ രോഗികള്‍ ആകുകയും അവരില്‍ പലരും മരണത്തിലേക്ക് വേഗത്തിലേക്കു നീങ്ങുകയും ചെയുന്ന സാഹചര്യത്തില്‍ അതിശയിപ്പിക്കും വിധം ജീവിതത്തിലേക്ക് മടങ്ങി വന്ന അനുഭവം വിവരിക്കുകയാണ് എഴുത്തിന്റെ വഴികളില്‍ ഇപ്പോള്‍ സമയം കളയുന്ന സറേയിലെ അനില്‍ മതിര.
രണ്ടാഴ്ചയോളം വീട്ടില്‍ കോവിഡുമായി മല്ലിട്ടാണ് ഡിസംബര്‍ അവസാനത്തില്‍ അനില്‍ ആശുപത്രിയില്‍ ആകുന്നത്. ഒരാഴ്ചത്തെ ആശുപത്രി വാസത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഒരു ഊഹവും കിട്ടുന്നില്ല .വീട്ടില്‍ മരുന്നുകള്‍ കഴിച്ചു സുഖം പ്രാപിക്കാന്‍ ശ്രമിക്കുമ്പോള്‍ എഴുന്നേറ്റാല്‍ കുഴഞ്ഞു വീഴുകയും ഓക്സിജന്‍ എടുക്കാന്‍ ഏറെ പ്രയാസപ്പെടുകയും ചെയ്ത അനുഭവം ഓര്‍ക്കുമ്പോള്‍ തന്നെ ഞെട്ടലാണ് . ചുമക്കുമ്പോള്‍ ചെറിയ കണികകളായി രക്തം കൂടി വന്നപ്പോള്‍ ദൈവമേ ഇതുവരെ ആരും പറഞ്ഞു കേള്‍ക്കാത്ത ലക്ഷണമാണല്ലോ എന്നോര്ത്തതോടെ ആധി കൂടി. കോവിഡ് രോഗികാള് ടെന്‍ഷന്‍ അടിക്കരുത് എന്ന് പറയുമെങ്കിലും ഇത്തരം അവസ്ഥയില്‍ മൂന്നു കുഞ്ഞുങ്ങളെ ഓര്‍ക്കുമ്പോള്‍ എങ്ങനെ ടെന്‍ഷന്‍ അടിക്കാതിരിക്കും.
ഗണിത ശാസ്ത്ര ബിരുദമെടുത്തു വെയ്ല്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നും കണക്കില്‍ ഓണേഴ്സ് പഠിച്ച അനില്‍ കുറേക്കാലം യുകെയിലെ വിവിധ സ്ഥാപനങ്ങളില്‍ അധ്യാപക ജോലിയും ചെയ്തിട്ടുണ്ട്. പിന്നീട കുറേക്കാലം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന സിനിമയുടെ വഴിയേ ഉള്ള സഞ്ചാരത്തില്‍ ആയിരുന്നു. ഇപ്പോള്‍ ഒരു സിനിമയുടെ തിരക്കഥ തയാറാക്കുന്നതിനിടയിലാണ് കോവിഡിന്റെ ആക്രമണം ഉണ്ടാകുന്നത്. ജീവിതത്തിലേക്കുള്ള മടങ്ങി വരവില്‍ മനഃസാന്നിധ്യം വീണ്ടെടുക്കാന്‍ അനില്‍ എഴുതുന്ന ചെറു കവിതകള്‍ കഴിഞ്ഞ ഒരാഴ്ചയായി ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിക്കുകയാണ്. തന്റെ കോവിഡ് അനുഭവവും ഉയിര്ത്തെഴുന്നേല്പും അനിലിന്റെ തന്നെ വാക്കുകളില്‍ ചുവടെ.
.jpg)
ഒരു വല്ലാത്ത ജീവിതാനുഭവം
ഒരാള്‍ക്ക് തന്റെ ജീവിതത്തില്‍ അനുഭവിക്കാന്‍ കഴിയുന്നതില്‍ വച്ച് ഏറ്റവും വിഷമകരമായ വേദനയെന്താണ്?ഒരു സംശയവും കൂടാതെ പറയാം, മരണം.തന്റെ 'ഉറ്റവരുടെയും ഉടയവരുടെയും മരണം'.
2020 ന്റെ തുടക്കം മുതല്‍ ലോകം മുഴുവന്‍ സംഹാര താണ്ഡവമാടുന്ന covid 19 എന്ന വൈറസ് കവര്‍ന്ന ജീവനുകളുടെ കണക്കു, കടലാസുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളതിനേക്കാള്‍ എത്രയോ വലുതാണെന്ന് മനസ്സിലാക്കാന്‍ ബിരുദമൊന്നും വേണ്ട. തന്റെ അയല്പക്കത്തേക്കൊന്നു നോക്കിയാല്‍ മതി. അല്ലെങ്കില്‍ NHS ല്‍ ജോലി ചെയ്യുന്ന ഒരാളെങ്കിലും കുടുംബത്തിലുള്ള മലയാളികള്‍ക്ക് ക്ഷീണിച്ചു, മനം മടുത്തു, ഇന്ന് കണ്ട മരണങ്ങളുടെ കണക്കു പറഞ്ഞു മടങ്ങിവരുന്ന ഭാര്യയോ ഭര്‍ത്താവോ മതി ഇപ്പോഴത്തെ ലോകത്തിന്റെ അവസ്ഥയെപ്പറ്റി മനസ്സിലാക്കാന്‍.
ഏതാണ്ട് 2020 മാര്‍ച്ച് ആരംഭം മുതലാണ് covid 19 ഗുരുതരമായ ഒരു വിപത്താണെന്നു ലോകത്തുള്ള പലരും വാര്‍ത്തകളിലൂടെ മനസ്സിലാക്കി തുടങ്ങിയത്. ലോക്കഡോണ്‍ ,ക്വാറന്റൈന്, സാമൂഹ്യവ്യാപനം, സ്റ്റേ സേഫ്, കീപ് ഡിസ്റ്റന്‍സ് എന്ന് തുടങ്ങിയുള്ള ചില പുതിയ വാക്കുകളുടെ ഉപയോഗം കൂടിയതും ഈ കാലയളവിലാണ്.
വൈകുന്നേരങ്ങളില്‍ ടെലിവിഷന്റെ മുന്നില്‍ നിന്ന് മാറാതെ, ഇറ്റലിയില്‍ കൂട്ടം കൂട്ടമായി മരിച്ചു കൊണ്ടിരുന്ന covid patients ന്റെ വാര്‍ത്തകള്‍ കാണുമ്പോള്‍, പുരോഗതി പ്രാപിച്ച രാഷ്ട്രങ്ങളായ അമേരിക്കയും, ബ്രിട്ടനും, റഷ്യയും ഒക്കെ ഇത് നമ്മളെ ബാധിക്കില്ല എന്ന മട്ടിലാണ് തുടക്കത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തതെങ്കിലും സ്ഥിതി രൂക്ഷമായത് വളരെ പെട്ടെന്നായിരുന്നു. ഏതു വാര്‍ത്താ ചാനല്‍ തുറന്നാലും covid 19 അല്ലാതെ മറ്റൊരു വാര്‍ത്തയും ഇല്ലാത്ത അവസ്ഥ വരാന്‍ ഏറെ നാളെടുത്തില്ല . പ്രധാനമന്ത്രി എല്ലാ വൈകുന്നേരങ്ങളിലും രാജ്യത്തെ അഭിമുഖീകരിച്ചു സംസാരിക്കുമ്പോള്‍ അല്പാല്പം ബ്രിട്ടന്റെ സ്ഥിതിയും വഷളാകുന്നത് സങ്കടത്തോടെ നോക്കിയിരുന്നെങ്കിലും അപ്പോഴും ഇത് നമ്മുടെ കുടുംബത്തെയോ, സുഹൃത്തുക്കളെയോ ബാധിക്കില്ല എന്നൊരു തോന്നലില്‍ ദിവസങ്ങള്‍ വീണ്ടും മുന്നോട്ടു പോയി.
covid വ്യാപനം ശക്തമായി തുടങ്ങിയപ്പോള്‍ വേണ്ടത്ര പേര്‍സണല്‍ പ്രൊട്ടക്ഷന്‍ എക്വിപ്മെന്റ്സ് ഇല്ലാതെ ഭാര്യയെ ജോലിയ്ക്കു അയക്കാന്‍ തന്നെ പേടിയായി തുടങ്ങി. രോഗം വരാതിരിക്കാന്‍ നമ്മളെക്കൊണ്ടാവുന്നതെല്ലാം ചെയ്തു. ആദ്യം സ്വന്തം കുടുംബക്കാരില്‍ covid വന്നത് ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന ഭാര്യയുടെ സഹോദരിക്കും പിന്നെ ഭര്‍ത്താവിനും. ഒരുപാടു ബുദ്ധിമുട്ടുണ്ടാക്കാതെ അത് കഴിഞ്ഞു പോയെങ്കിലും മാസത്തിലോ, ആഴ്ചയിലോ മാത്രം വിളിക്കുമായിരുന്ന ശീലം, ദിവസവും മുടങ്ങാത്ത വീഡിയോ കോളുകളിലേക്കു മാറി. നാട്ടില്‍ വിളിച്ചവരോടെല്ലാം,സ്വന്തം അനുഭവങ്ങളില്‍ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങള്‍ പകര്‍ന്നു കൊടുക്കാന്‍ തുടങ്ങിയത് അക്കാലത്താണ്.
സര്‍ക്കാരിന്റെയും NHS ന്റെയും ഉപദേശങ്ങളെല്ലാം അപ്പടി കൈക്കൊണ്ടെങ്കിലും രോഗവ്യാപനം തുടങ്ങി നാലാം മാസത്തില്‍ സ്വന്തം ഭാര്യക്ക് covid വന്നതോട് കൂടി യാഥാര്‍ഥ്യം മുന്നില്‍ വന്നു കളിയാക്കി ചിരിക്കുന്നത് പോലെ തോന്നി. സ്വന്തം ഭാര്യ പതിനാലു ദിവസങ്ങള്‍ ഒരു മുറിയില്‍ തന്നെ അടച്ചു പൂട്ടി കഴിഞ്ഞപ്പോള്‍ , ഇനി മുന്നോട്ടുള്ള ദിവസങ്ങള്‍ എങ്ങനെയാകും എന്ന ചിന്തയില്‍ ഉറക്കം നഷ്ട്ടപെട്ടു ഞാനും എന്റെ മൂന്ന് പെണ്കുഞ്ഞുങ്ങളും നാല് ചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞപ്പോള്‍ ടെലിവിഷന്‍ വാര്‍ത്തകള്‍ കേള്‍ക്കുന്നതും നിര്‍ത്തി. നമ്മുടെയും പിന്നെ,ആരുടെയൊക്കെയോ പ്രാര്‍ത്ഥനകള്‍ കൊണ്ട്, അല്പ ദിവസങ്ങള്‍ക്കുള്ളില്‍ ഭാര്യയും രോഗമുക്തയായി.
മുകളില്‍ നിന്ന് കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു പോയതായി ഒരു തോന്നല്‍ ഉണ്ടായി. ജീവിതത്തിന്റെ അനുഭവങ്ങള്‍ തരുന്ന പച്ചപ്പ് ഇനിയും ആസ്വദിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കുറച്ചു ദിവസങ്ങള്‍ മുന്നോട്ടു പോയപ്പോള്‍ വീട്ടുകാരും, കൂട്ടുകാരും പിന്നെ നാട്ടുകാരും പഴയ ജീവിതങ്ങളിലേക്കു മടങ്ങാന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു .

കടയിലോ, സ്കൂളിലോ ഒക്കെ പോകുമ്പോള്‍,സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും ,മാസ്ക് ധരിക്കലും ചിലര്‍ക്ക് മാത്രം ബാധകമായതു പോലെ ഒരു തോന്നലുണ്ടായെങ്കിലും നമ്മളെല്ലാം മുടങ്ങാതെ എല്ലാ നിയമങ്ങളും പാലിച്ചു.
പക്ഷെ, ക്രിസ്റ്മസിന്റെ അവധി തുടങ്ങി, സ്ഥിരമായി സ്കൂളില്‍ പൊയ്ക്കൊണ്ടിരുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പം കുറച്ചു സമയം ചെലവഴിച്ചു , ടെലിവിഷന്‍ ഒക്കെ കണ്ടിരുന്ന ഒരു വൈകുന്നേരം ഒരു ചെറിയ പനിയുടെ രൂപത്തില്‍ എന്റെയടുത്തേക്കു covid വന്നപ്പോള്‍, ഭാര്യയുടെയും, ഭാര്യ സഹോദരിയുടെയും, ഭര്‍ത്താവിന്റെയും രോഗമുക്തമായ അനുഭവങ്ങള്‍ മുന്നിലുണ്ടെങ്കിലും ഒരു ചെറിയ ആശങ്കയായി അത് വളരാന്‍ കാരണം വിറ്റാമിന്‍ ഡി യുടെ അഭാവമാണ്.
covid തുടങ്ങിയ സമയത്തു , WHO യില്‍ നിന്നും, ബിബിസിയില്‍ നിന്നും , NHS ന്റെ സൈറ്റില്‍ നിന്നും ഒക്കെ കിട്ടിയ അറിവുകളുടെ കൂട്ടത്തില്‍ , ഇമ്മ്യൂണിറ്റി കുറവുള്ള ശരീരത്തില്‍ covid നെ പ്രതിരോധിക്കാനുള്ള ശേഷി കുറയുമെന്ന് മനസ്സിലാക്കിയിരുന്നു. എങ്കിലും മറ്റു വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലാത്തതു കൊണ്ട് ഒരുപാട് ബുദ്ധിമുട്ടിക്കാതെ അതും കടന്നു പോകുമെന്ന് കരുതി.
ആദ്യത്തെ ദിവസം ഒറ്റ മുറിയില്‍ അടച്ചു പൂട്ടി കഴിയുന്നതിന്റെ ബുദ്ധിമുട്ടുപോലും തോന്നാത്തവിധം കമ്പ്യൂട്ടറില്‍ ഒരു സിനിമയൊക്കെ കണ്ടു, നാല് നേരം പാരസെറ്റമോള്‍ ഒക്കെ കഴിച്ചു ആര്‍ഭാടമായി കഴിച്ചു കൂട്ടി.
രണ്ടാം ദിവസം അല്പം മേല്‍ വേദനയും, ഒപ്പം തലവേദനയും പിന്നെ പനിയുടെ ചൂടിനും ശമനമില്ലാത്ത അവസ്ഥയായപ്പോള്‍ കമ്പ്യൂട്ടര്‍ അടച്ചു വച്ച് പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി.
മൂന്നാം ദിവസം മുതല്‍ കളി കാര്യമാകുമെന്നു തോന്നിയെങ്കിലും നെഞ്ചു വേദനയോ, മറ്റു ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകളോ ഇല്ലാത്തതിനാല്‍ പാരസെറ്റമോളും, കൂടെ ആവി പിടുത്തവും, ചുക്ക് കാപ്പിയും ഒക്കെയായി ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോയി.
നാലാം ദിവസം മുതല്‍ കട്ടിലില്‍ നിന്നെ എഴുന്നേല്ക്കാന് പറ്റാത്ത വിധം പനിയും, ശരീര വേദനയും, ഒപ്പം ചുമയും, ചെറുതായി നെഞ്ച് വേദനയും തുടങ്ങിയപ്പോള്‍ കൂടെ ഭക്ഷണം കഴിക്കലും നിന്നു. പ്രാഥമിക കര്‍മങ്ങള്‍ ചെയ്യാന്‍ പോലും എഴുന്നേല്ക്കാന് പറ്റാത്തവിധം ക്ഷീണവും അല്പാല്പം ശ്വാസം എടുക്കുമ്പോള്‍ നെഞ്ച് വേദന കൂടാനും തുടങ്ങിയപ്പോള്‍ chest ഇന്ഫെക്ഷന് തടയാന്‍ വേണ്ടി ഡോക്ടറുടെ നിര്‍ദേശപ്രകാരം ആന്റി ബിയോട്ടിക്സ് കഴിച്ചു തുടങ്ങിയെങ്കിലും , വിഷമങ്ങള്‍ കൂടുന്നതല്ലാതെ അല്‍പ്പം പോലും കുറഞ്ഞില്ല .
അഞ്ചാം ദിവസം എങ്ങനെയാണു കഴിച്ചു കൂട്ടിയതെന്നു വിശദീകരിക്കാന്‍ എനിക്ക് കഴിയില്ല. ഭക്ഷണവും, മരുന്നും, വെള്ളവുമൊക്കെയായി ഭാര്യ വാതിലിനു പുറത്തു വന്നു മുട്ടുമ്പോള്‍, അവളുടെ മുഖം കാണുന്നത് പോലും വെറുപ്പായി തുടങ്ങി.എന്നെ ഒന്ന് ബോധം കെടുത്തി ഇടാന്‍ വല്ല മരുന്നുമുണ്ടെങ്കില്‍ തരൂ എന്ന് ഞാന്‍ കെഞ്ചിയത് സഹിക്കാന്‍ പറ്റാത്ത ഒരു തരം അസ്വസ്ഥത നെഞ്ചിലും പിന്നെ അസഹനീയമായ തലവേദനയും വിട്ടു മാറാത്തത് കൊണ്ടാണ്. ഈ സംഭവങ്ങള്‍ എല്ലാം നടക്കുമ്പോഴും അച്ഛനോടും , അമ്മയോടും ഒക്കെ ചെറിയ പനിയും ജലദോഷവുമാണെന്നു കള്ളം പറഞ്ഞത് അവര്‍ക്കു കൂടി ആവലാതി കൂട്ടേണ്ട എന്ന് കരുതിയാണ്.
ആറാം ദിവസമായപ്പോള്‍ സ്ഥിതി ഗുരുതരമായി. എഴുന്നേറ്റിരുന്നാല്‍ ഓക്സിജന്‍ ഡ്രോപ്പ് ആകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോള്‍ ഭാര്യ ആംബുലന്‍സ് വിളിച്ചു. വൈകുന്നേരം ഏതാണ്ട് ആറു മണിക്ക് വിളിച്ച ആംബുലന്‍സ് പ്രിയോറിറ്റി അനുസരിച്ചു , ഓരോരുത്തരുടെ അസുഖത്തിന്റെ ഗൗരവം അനുസരിച്ചു, അസ്സെസ്സ് ചെയ്തു, എന്റെയടുത്തെത്തിയപ്പോള്‍ ഏഴാം ദിവസം വെളുപ്പിന് അഞ്ചര മണി. മരിക്കാന്‍ കിടക്കുന്ന ആള്‍ക്കാരുമായി ഇടവിടാതെ സംസാരിക്കുന്ന എമര്‍ജന്‍സി സര്‍വീസ് എന്റെ പ്രിയോറിറ്റി സി ക്യാറ്റഗറിയില്‍ ആണെന്ന് പറഞ്ഞപ്പോള്‍ അല്‍പ്പം ആശ്വാസം തോന്നിയെങ്കിലും ബാക്കിയുള്ളവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ ആഴം നന്നായി മനസ്സിലായി.
ഏഴാം ദിവസം വെളുപ്പിന് ആംബുലന്‍സ് എത്തി ഇ.സി.ജിയും, ഷുഗറും, ബ്ലഡ് പ്രേഷറും, ഓക്സിജന്റെ സാറ്റുറേഷന്‍ ലെവലും ഒക്കെ പരിശോധിച്ചപ്പോള്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യേണ്ട അവസ്ഥയില്ലെന്നും എന്നാല്‍ പെട്ടെന്ന് സ്ഥിതിവഷളായാല് എമര്‍ജന്‍സി സര്‍വീസിനെ വിളിക്കാന്‍ മടിക്കുകയോ ചെയ്യണ്ട എന്ന് പറഞ്ഞു അവര്‍ മടങ്ങി. മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥിതി വഷളായി. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടായി അതിനോടൊപ്പം, ശ്വാസം എടുക്കുമ്പോള്‍ വല്ലാത്ത നെഞ്ച് വേദനയും കൂടിയായപ്പോള്‍ ഹോസ്പിറ്റലില്‍ പോയെ മതിയാകൂ എന്ന അവസ്ഥയിലായി. ആംബുലന്‍സ് വിളിക്കാതെ ഭാര്യ തന്നെ ഡ്രൈവ് ചെയ്യാം എന്നു പറഞ്ഞപ്പോള്‍ എങ്ങനെയെങ്കിലും അവിടോന്നെത്തിപ്പെട്ടാല് ഒന്നു കിടക്കമായിരുന്നു എന്നു മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. കട്ടിലില്‍ നിന്നു എഴുന്നേറ്റു നിന്നു ഷര്‍ട്ട് ഇടാന്‍ എത്ര സമയം എടുത്തുവെന്നോര്മ്മയില്ല . കാരണം ഒരു മിനിറ്റ് ചേര്‍ത്ത് കൊണ്ട് നില്ക്കാന് ശേഷിയില്ലായിരുന്നു.
വീട് മുതല്‍ ഹോസ്പിറ്റലിന്റെ ആക്സിഡന്റ് & എമര്‍ജന്‍സി സര്‍വീസ് വരെയുള്ള യാത്ര ഇപ്പോഴും ഓര്‍മയില്ല. അവിടെ ജോലി ചെയ്തിട്ട് പോലും അകത്തേക്ക് കടക്കാന്‍ ഭാര്യയെ അനുവദിച്ചില്ല. കയ്യില്‍ ഉള്ള മൊബൈല്‍ ഫോണിന് റേഞ്ച് ഇല്ലെങ്കിലും ഡ്യൂട്ടിയിലുള്ള പരിചയക്കാരായ ചില നഴ്സുമാരെയും , ഡോക്ടര്സിനെയും ഒക്കെ വിളിച്ചു ഭാര്യ കാര്യങ്ങള്‍ അന്വേഷിച്ചെങ്കിലും മരിക്കാന്‍ കിടക്കുന്നവരുടെ കൂട്ടത്തില്‍ എന്റെ പ്രിയോറിറ്റി താഴെയായിരുന്നതിനാല്‍ ആശുപത്രിയില്‍, ഒരു വീല്‍ ചെയറില്‍ ഏഴു മണിക്കൂര്‍ ഒറ്റയിരുപ്പിരുന്നത്, കിളി പോയ അവസ്ഥയില്‍ ആയിരുന്നതിനാല്‍ സത്യത്തില്‍ ഞാനറിഞ്ഞില്ല .
ഏറ്റവും അടുത്ത സുഹൃത്തായ കാര്‍ഡിയോളോജിസ്റ് Dr . Sanjoy Roy ഇടപെട്ടതിനെ തുടര്‍ന്ന്, ഏഴാം മണിക്കൂറില്‍ സാന്‍ജോയുടെ തന്നെ സുഹൃത്തായ മറ്റൊരു ഡോക്ടര്‍ എന്നെ പരിശോധിച്ചപ്പോള്‍ ഒരു ബെഡ് ഒഴിവായാല്‍ ഉടന്‍ വാര്‍ഡിലേക്ക് മാറ്റാമെന്നും അത് വരെ ഒബ്സര്‍വേഷനില്‍ കിടക്കേണ്ടതുണ്ടെന്നും അറിയിച്ചു. പിന്നെ ഡ്രിപ്പും, സ്റ്റീറോയിഡും ഒക്കെയായി കുറെ മണിക്കൂറുകള്‍. രാത്രി പന്ത്രണ്ടു മണിയോടെ വാര്‍ഡിലേക്ക് മാറ്റി, CT സ്കാനും, ഇസിജി യും , സാറ്റുറേഷന്‍ ലെവലും ഒക്കെ മുടങ്ങാതെ നോക്കി മാലാഖമാരെ പോലെ കുറെ നഴ്സുമാരും , ഡോക്ടര്‍മാരും. ഓക്സിജന്‍ വേണ്ടി വരാത്തത് ഭാഗ്യമാണെന്ന് പലരും പറഞ്ഞെങ്കിലും ചുമയ്ക്കുമ്പോള്‍ പുറത്തേക്കു വരുന്നത് ചോരയായതിനാല് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ അപ്പൊത്തന്നെ അറിയിക്കണമെന്നും പറഞ്ഞു. ഭക്ഷണമൊന്നും കഴിച്ചില്ലെങ്കിലും വെറുപ്പോടെ മരുന്നുകളെല്ലാം എടുത്തു. രണ്ടു ദിവസം കൊണ്ടു തന്നെ ജനാലയുടെ ഫ്രെമിനുള്ളിലുള്ള കാഴ്ചകള്‍ അവസാനിച്ചു വീട്ടിലെത്തിയെങ്കിലും സ്ഥിതിയില്‍ പുരോഗതി ഉണ്ടായതു ഏകദേശം ഒരാഴ്ചകള് കൂടി കഴിഞ്ഞിട്ടാണ്.
പിന്നെ പയ്യെപ്പയ്യെ അച്ഛനോടും, അമ്മയോടും, വളരെ അടുത്ത ബന്ധുക്കളോടും, ചങ്ങാതിമാരോടും ഒക്കെ പറഞ്ഞു. ഇപ്പൊ നിങ്ങള്‍ എല്ലാവരോടും.
പണ്ട് ടെലിവിഷനില്‍ ക്രിക്കറ്റും, ടെന്നിസും ഒക്കെ കണ്ട കാലത്തു അത് നേരില്‍ കാണാന്‍ കഴിഞ്ഞെങ്കില്‍ നല്ല അനുഭവങ്ങള്‍ ആയേനെ എന്നോര്‍ത്തിട്ടുണ്ട് . അത് പോലെ covid 19 വാര്‍ത്തകള്‍ ഭീതിയോടെ കണ്ട ദിവസങ്ങളില്‍ ഇതൊരിക്കലും അനുഭവിക്കാന്‍ ഇട വരുത്തരുതേയെന്നും. പക്ഷെ സ്റ്റേഡിയത്തില്‍ പോയി ആദ്യമായി ക്രിക്കറ്റ് കണ്ടത് വേള്‍ഡ് കപ്പും , ടെന്നീസ് കണ്ടത് wimbledonilum ആയതു പോലെ covid വന്നപ്പോഴും കിട്ടിയത് ഏറ്റവും പുതിയ വേര്‍ഷന്‍ തന്നെയായതു കൊണ്ടു, മുകളിലുള്ളവന്റെ കാരുണ്യം കൊണ്ടു എത്ര നാള് ജീവിക്കുമോ അത്ര നാളും ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമായി കൊണ്ടു നടക്കാം.
വളരെപ്പെട്ടെന്നു ലോക്ക് ഡൗണിലേക്കും, മറ്റു പോംവഴികളിക്കും സര്‍ക്കാര്‍ പോയെങ്കിലും ഇപ്പോഴും ഒരു സംഹാര ദുര്‍ഗയെപ്പോലെ covid അതിന്റെ ജ്യത്രയാത്ര തുടരുന്നത് മറക്കരുത്. ഒരിക്കല്‍ വന്നത് കൊണ്ടു ഇനി വരില്ലയെന്നോ , വാക്സിന് എടുത്തത് കൊണ്ടു രക്ഷപ്പെട്ടുവെന്നോ ആര്‍ക്കും പറയാന്‍ കഴിയില്ല എന്ന വസ്തുതയും ഓര്‍ത്താല്‍ നന്നായിരിക്കും.
ഇതെല്ലം പങ്കു വച്ചതു, ഇപ്പോഴും covid 19 എന്നത് ഒരു മിഥ്യയാണെന്നു കരുതി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന റെബലുകള്‍ക്കു വേണ്ടി കൂടിയാണ്.
ഏതായാലും covid വന്നത് കൊണ്ടു കുറെയധികം സമയം കിട്ടി, പഴയ സൗഹൃദങ്ങള്‍ മടങ്ങിയെത്തി, കുടുംബവുമൊത്തു കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങി,പിന്നെ പൊടി തട്ടിയെടുത്ത കുറെ ഓര്‍മ്മച്ചെപ്പുകള്‍ തുറന്നു ബാക്കിയുള്ളവരുമായി പങ്കു വയ്ക്കാനുള്ള അവസരവും ആയി.
ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ളതെന്താണെന്നു മനുഷ്യനെ മനസ്സിലാക്കിക്കൊടുക്കാന്‍ ഉടയതമ്പുരാന്റെ ഓരോ വികൃതികള്‍. അല്ലാതെന്തു പറഞ്ഞവസാനിപ്പിക്കാന്‍?
ഇതെല്ലാം പങ്കുവച്ചത് കോവിഡ് ഇപ്പോഴും ഒരു മാരക അനുഭവമായി തന്നെ നമ്മോടൊപ്പം ഉള്ളതിനാലാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam