
കവന്‍ട്രി: ഒരു വര്‍ഷത്തോളമായി, കൃത്യമായി പറഞ്ഞാല്‍ 318 ദിവസമായി അടഞ്ഞു കിടന്ന തിയറ്ററുകള്‍ മലയാള സിനിമ പ്രേമികള്‍ക്കായി തുറന്നു കിട്ടിയ ശേഷം ആദ്യമായി എത്തുന്ന സിനിമ ഇന്ന് റിലീസ് ചെയ്യുമ്പോള്‍ അതില്‍ യുകെ മലയാളിയുടെ കയ്യൊപ്പും. മുന്‍പ് രണ്ടു സിനിമകള്‍ നിര്‍മിച്ച സറേ മലയാളി ബിജു ജേക്കബ് തോരണത്തെല് ഫ്രണ്ട്ലി പ്രൊഡക്ഷന്‍സ് എന്ന പേരില്‍ നിര്‍മ്മാണ ചുമതല ഏറ്റെടുത്ത ജയസൂര്യ നായകനാകുന്ന ചിത്രമാണ് കോവിഡ് ലോക്ഡൗണിനു ശേഷം തിയറ്ററില്‍ ആദ്യമെത്തുന്ന മലയാള സിനിമ എന്ന ഖ്യാതി സ്വന്തമാക്കുന്നത്. കേരളത്തിന്റെ ജനപ്രിയ ചിത്രങ്ങള്‍ കാഴ്ചക്കാരില്‍ എത്തിച്ച സെന്‍ട്രല്‍ പിക്ചേഴ്സ് വിതരണം ഏറ്റെടുത്ത ചിത്രം ഇന്ന് 150 തിയറ്ററുകളിലാണ് പ്രദര്‍ശനത്തിന് എത്തുന്നത്. മീഡിയം ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം സൂര്യ ടിവി സാറ്റലൈറ്റ് വിതരണ അവകാശം ഏറ്റെടുത്തതോടെ മികച്ച ബോക്സ് ഓഫിസ് വിജയം ആകുമെന്ന പ്രതീക്ഷയും സജീവമാണ്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയായ ചിത്രം ഓ ടി ഐ വിതരണത്തിന് വിടാതെ സിനിമയുമായി സഹകരിച്ച മുഴുവന്‍ പേരുടെയും ആഗ്രഹം പാലിച്ചാണ് തിയറ്റര്‍ തുറക്കും വരെ കാത്തിരുന്നതെന്നു ബിജു ജേക്കബ് പറയുന്നു. ഇതിന്റെ പേരിലുണ്ടായ സാമ്പത്തിക പ്രയാസങ്ങളും വാക്കുകള്‍ക്ക് അതീതമാണെന്നു നല്ല സിനിമകളുടെ ഇഷ്ടക്കാരന് കൂടിയായ ബിജു വ്യക്തമാക്കുന്നു. മുന്‍പ് വിനീത് ശ്രീനിവാസന് നായകനായ ഓര്‍മ്മയുണ്ടോ ഈ മുഖം , അനൂപ് മേനോന് നായകനായ പത്തു കല്പനകള് എന്നിവയാണ് ബിജു നിര്‍മാണ പങ്കാളിയായ സിനിമകള്‍. യുകെയില്‍ മലയാളികള്‍ കണ്ട നല്ല സിനിമകളില്‍ ഭൂരിഭാഗവും വിതരണത്തിന് എത്തിച്ചതും ബിജു പങ്കാളിയായ കമ്പനി തന്നെ ആയിരുന്നു. പ്രേമം, എന്ന് നിന്റെ മൊയ്തീന്, ആക്ഷന്‍ ഹീറോ ബിജു തുടങ്ങി മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി നൂറോളം സിനിമകളാണ് ബിജുവും സംഘവും യുകെയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
.jpg)
ജീവിതത്തില്‍ മദ്യപിക്കാത്ത ജയസൂര്യ മുഴുക്കുടിയനായി നടത്തുന്നത് സമാനതകളില്ലാത്ത വേഷപ്പകര്‍ച്ച
കണ്ണൂരിലെ തലശ്ശരിയിലും ഈരാറ്റുപേട്ടയിലെ നാട്ടിന്‍പുറങ്ങളിലും ചിത്രീകരിച്ച വെള്ളം ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ തുടര്‍ച്ച പിന്‍പറ്റിയുള്ള കഥയാണ്. ഒരു ബയോപിക് സിനിമ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത് തന്നെ. ജീവിതത്തില്‍ ഒരിക്കലും മദ്യപിക്കാത്ത ജയസൂര്യ മുരളി നമ്പ്യാര്‍ എന്ന മദ്യപാനി ആയി നടത്തുന്ന വേഷപ്പകര്‍ച്ച അസാധാരണ കാഴ്ചയാണെന്നു ബിജു പറയുന്നു. ഷൂട്ടിങ് നടന്നപ്പോള്‍ ലൊക്കേഷനില്‍ എത്തിയ തനിക്കു കുടിയന്റെ വേഷത്തില്‍ കടത്തിണ്ണയില്‍ ഇരുന്ന ജയസൂര്യയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ബിജു ഓര്‍മ്മിക്കുന്നു. ഒരു മദ്യപാനിയുടെ ജീവിതത്തിലെ തകര്‍ച്ച മലയാളിക്ക് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യം ഇല്ലെങ്കിലും ജയസൂര്യയുടെ അസാധാരണ നടന മികവില്‍ വെള്ളത്തിലെ മദ്യപാനി പ്രേക്ഷക മനസ്സില്‍ നിന്നും അത്ര വേഗത്തില്‍ മാഞ്ഞുപോകില്ല എന്നാണ് ബിജു അടക്കമുള്ള സിനിമയുടെ അണിയറ ശില്പികള് കരുതുന്നത്. ക്യാപ്റ്റന്‍ എന്ന സിനിമക്ക് ശേഷം പ്രജേഷ് സെന്‍ സംവിധായകനാകുന്ന സിനിമ കൂടിയാണ് വെള്ളം. രണ്ടും ചിത്രങ്ങളിലും ജയസൂര്യ തന്നെയാണ് പ്രജേഷ് സെന്നിന്റെ നായകന് എന്നതും പ്രത്യേകത തന്നെ.
.jpg)
വെറുതെ ഒരു സിനിമ എന്നതല്ല വെള്ളം നിര്‍മ്മിക്കാന്‍ കാരണമെന്നും ബിജു പറയുന്നു. ഒരു മദ്യപാനി വഴി അയാള്‍ക്കും വീടിനും നാടിനും ഒക്കെ ഉണ്ടാകുന്ന തകര്‍ച്ച ഈ ചിത്രം പ്രേക്ഷകനോട് പങ്കുവയ്ക്കുന്നുണ്ട്. ഇതിനായി ഒരു സിനിമ വേണോ ഡോക്യൂമെന്ററി പോരെ എന്നൊക്കെ വേണമെങ്കില്‍ ചോദിക്കാം. എന്നാല്‍ ഡബ്ബിങ് ഇല്ലാതെ ലൈവ് റെക്കോര്‍ഡിങ് സാങ്കേതിക വിദ്യയില്‍ ചുറ്റുപാടുമുള്ള സൂക്ഷ്മ ശബ്ദങ്ങള്‍ പോലും പിടിച്ചെടുത്തു കാണികളില്‍ എത്തുന്ന വെള്ളം മികച്ച ദൃശ്യാ അനുഭവം കൂടി ആയിരിക്കും എന്ന് സിനിമയുടെ അണിയറക്കാര്‍ അവകാശപ്പെടുന്നു. സിനിമയെന്ന വലിയ ക്യാന്‍വാസില്‍ ഈ പ്രമേയം പ്രേക്ഷകനെ തേടി എത്തുമ്പോള്‍ ജയസൂര്യയുടെ കഥാപാത്രം അത്ര വേഗത്തില്‍ മറക്കാന്‍ സാധ്യത ഇല്ല എന്നതും വെള്ളത്തെ സിനിമയുടെ സാധ്യതകളില്‍ മുങ്ങിപ്പോകാതെ ഉയര്‍ത്തി നിര്‍ത്തും എന്നുറപ്പിക്കാം. കേരളത്തില്‍ വനിതകള്‍ പോലും മദ്യം കഴിക്കുന്നത് അപൂര്‍വം അല്ലാത്ത സാഹചര്യത്തില്‍ ഇത്തരം സാമൂഹ്യ മാറ്റങ്ങള്‍ കൂടി സിനിമ ചര്‍ച്ച ചെയ്യണമെന്നാണ് നായകനായ ജയസൂര്യ പറയുന്നത്. മലയാളി മദ്യം കുടിക്കുകയല്ല, മദ്യം മലയാളിയെ കുടിക്കുകയാണ് എന്നാണ് അദ്ദേഹം സരസമായി വെള്ളത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നത്. ജീവിതത്തില്‍ നിന്നും പറിച്ചെടുക്കുന്ന കഥാപാത്രങ്ങളെ അതേവിധം സിനിമയില്‍ പകര്‍ത്തുന്നതില്‍ അസാധാരണ മിടുക്കു കാട്ടുന്ന ജയസൂര്യയുടെ മികവിലാണ് വെള്ളം മലയാള സിനിമയുടെ ദാഹം തീര്‍ക്കാന്‍ എത്തുന്നത് എന്നുറപ്പിക്കാം.
.jpg)
നായകന് മുഴുക്കുടിയന്, പക്ഷെ സിനിമയില്‍ മദ്യപാനം കാണിക്കുന്നില്ല
ഇടുക്കി ഗോള്‍ഡ് എന്ന സിനിമ ഇറങ്ങിയപ്പോള്‍ കേട്ട ആക്ഷേപം എന്തായാലും വെള്ളത്തെ തേടി എത്തില്ല എന്നുറപ്പ്. കാരണം നായകന് മുഴുക്കുടിയന് ആണെങ്കിലും സിനിമയില്‍ ഒരിടത്തു പോലും മദ്യപാനം നടത്തുന്ന സീന്‍ ഇല്ല എന്നതാണ് പ്രത്യേകത. ഇതോടെ സിനിമ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കും എന്ന വിമര്‍ശം കൂടിയാണ് വെള്ളം ഒഴിവാക്കി എടുക്കുന്നത്. മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ആയ ദൃശ്യം പോലും ഇത്തരത്തില്‍ വിമര്‍ശം ഏറ്റുവാങ്ങിയതാണ്. സിനിമ കാണുന്ന ജനങ്ങള്‍ കുറ്റകൃത്യത്തിലേക്കു ആകര്‍ഷിക്കപ്പെടും എന്നായിരുന്നു ദൃശ്യം ഇറങ്ങിയപ്പോള്‍ ഉണ്ടായിരുന്ന പ്രധാന ആക്ഷേപം. മദ്യപാന സീന്‍ ഒഴിവാക്കിയിട്ടും സിനിമയുടെ സൗന്ദര്യം ചോര്‍ത്താതെ ചിത്രീകരിക്കാന്‍ കഴിഞ്ഞതില്‍ ജയസൂര്യയും പ്രജേഷ് സെനും മികവ് കാട്ടി എന്നുറപ്പിക്കാന്‍ കഴിഞ്ഞ ദിവസം പുറത്തു വന്ന ട്രെയ്ലര് തന്നെ ധാരാളം.

വെള്ളം നല്‍കുന്നത് മദ്യപാനത്തിന് എതിരായ സാമൂഹ്യ സന്ദേശം
വെള്ളം സിനിമ എന്നതിലുപരി വെള്ളമടിച്ചു ജീവിതം ആഘോഷിക്കുന്നവര്‍ക്കുള്ള സന്ദേശമായി മാറുമെന്നാണ് പ്രതീക്ഷയെന്നും ചിത്രത്തിന്റെ അണിയറക്കാര്‍ പറയുന്നു. മദ്യപാനി ഈ ചിത്രം കണ്ടാല്‍ തീര്‍ച്ചയായും താന്‍ എങ്ങനെ ഇവ്വിധം ആയെന്നു ചിന്തിക്കാതിരിക്കില്ല. ഒരാളെങ്കിലും അതുവഴി സ്വയം മാറാന്‍ തീരുമാനിച്ചാല്‍ അത് തന്നെയാണ് ഈ സിനിമയുടെ വിജയമെന്നും അണിയറക്കാര്‍ പറയുമ്പോള്‍ കച്ചവട താല്പര്യത്തേക്കാള് സിനിമയുടെ സാമൂഹ്യ സന്ദേശത്തിലാണ് ഊന്നല്‍ എന്ന് വ്യക്തം. സത്യന് അന്തിക്കാട് - ശ്രീനിവാസന് കൂട്ടുകെട്ടിന്റെ കുടുംബ ചിത്രങ്ങള്‍ കണ്ട് സിനിമയോട് തോന്നിയ അഭിനിവേശമാണ് കുടുംബം ഒന്നായി കാണുന്ന സിനിമകള്‍ നിര്‍മ്മിക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്നും ബിജു പറയുന്നു. ബിജുവിനൊപ്പം അമേരിക്കന്‍ മലയാളിയായ ജോസ്കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത് എന്നിവരും നിര്‍മ്മാതാക്കളുടെ വേഷമണിയുന്നു. ഒരു കള്ളുകുടി സീനില്‍ ക്ഷണിക്കാതെ എത്തുന്ന ജയസൂര്യയുടെ കഥാപാത്രം എത്തുന്നതോടെ ആരംഭിക്കുന്ന ചെറിയൊരു അടിപിടി സീനില്‍ വേഷമിട്ടും ബിജു ക്യാമറക്കു മുന്നിലും എത്തുന്നുണ്ട്.
സിനിമ തിയറ്ററില്‍ എത്തുംവരെ കാത്തിരിക്കാന്‍ ധൈര്യം കാണിച്ച ബിജു ഉള്‍പ്പെടെയുള്ള നിര്‍മ്മാതാക്കളുടെ ചങ്കൂറ്റത്തിനാണ് ജയസൂര്യ സല്യൂട്ട് നല്‍കുന്നത്. കാരണം നീണ്ട കാലത്തേ സാമ്പത്തിക പ്രയാസം സഹിച്ചുള്ള ഈ കാത്തിരിപ്പു ചെറിയ കാര്യമല്ല, അതിനു പച്ചമലയാളത്തില്‍ ജയസൂര്യയുടെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ ചങ്കൂറ്റം തന്നെ വേണം.
.jpg)
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam