
തിരുവനന്തപുരം: നാളെ കെവി തോമസ് തന്റെ പുതിയ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കില്ല. അതിനിടെ കെ.വി.തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ നീക്കം ശക്തവുമാണ്. തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷ പദം ഏറ്റെടുത്ത ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലാണ് ശ്രമങ്ങള്‍. എന്നാല്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന സന്ദേശമാണ് തോമസ് നല്‍കുന്നത്. എറണാകുളം സീറ്റ് മത്സരിക്കാന്‍ നല്‍കണമെന്നാണ് ആവശ്യം. ഇതിന് കോണ്‍ഗ്രസ് തയ്യാറുമല്ല.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വരവിനോടനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് എത്തണമെന്ന് തോമസിനോട് ആവശ്യപ്പെട്ടുവെങ്കിലും അനുകൂല മറുപടി നല്‍കിയില്ല. കൊച്ചിയില്‍ മുന്‍ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ എത്തിച്ചേരാനുള്ള അസൗകര്യമാണ് അറിയിച്ചത്. നാളത്തെ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരെ പരസ്യ പ്രതികരണത്തിനു തുനിയില്ലെന്ന് ഉമ്മന്‍ ചാണ്ടിയോടും മുല്ലപ്പള്ളി രാമചന്ദ്രനോടും തോമസ് വ്യക്തമാക്കി. ഇത് മാത്രമാണ് ആശ്വാസം. മത്സരിക്കാന്‍ സീറ്റില്ലെങ്കില്‍ കോണ്‍ഗ്രസ് വിടുമെന്നാണ് തോമസിന്റെ നിലപാട്.
മത്സരിക്കാന്‍ സീറ്റ് വേണമെന്നതാണ് തോമസിന്റെ ആവശ്യം. അക്കാര്യത്തില്‍ കോണ്‍ഗ്രസ് അന്തിമ നിലപാട് എടുക്കും വരെ തോമസ് കരുതലോടെ നീങ്ങും. ഈ സാഹചര്യത്തില്‍ നാളെ വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തോമസ് സൂചനകളൊന്നും നല്‍കുന്നുമില്ല. നാളെ എന്തായാലും തനിക്ക് നേരിടേണ്ടി വരുന്ന അവഗണന തോമസ് ചര്‍ച്ചയാക്കും.
ഉമ്മന്‍ ചാണ്ടി അധ്യക്ഷനായി രൂപീകരിച്ച കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതിയുടെ ആദ്യയോഗം നാളെ ചേരുന്നുണ്ട് . രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള നിരീക്ഷക സംഘവും രാവിലെ 10നു ചേരുന്ന സമിതി യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് ഇതോടെ ഔദ്യോഗികമായ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്കു കടക്കും.
ഇതുവരെ തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയും അതിനു ശേഷം സ്വീകരിക്കേണ്ട കാര്യങ്ങളുമാണ് എഐസിസിയും കെപിസിസിയും ആലോചിച്ചത് എങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കും തന്ത്രങ്ങളിലേക്കും പാര്‍ട്ടി കടക്കുന്നു. ഗെലോട്ടും മറ്റ് അംഗങ്ങളായ മുന്‍ ഗോവ മുഖ്യമന്ത്രി ലുസിഞ്ഞോ ഫെലിറോ, മുന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവര്‍ ഇന്നു വൈകിട്ട് ആറിന് എത്തും. തുടര്‍ന്ന് ഘടകകക്ഷി നേതാക്കള്‍ക്ക് ഒപ്പം അത്താഴവും ചര്‍ച്ചയും.
നാളെ രാവിലെ കെപിസിസി ആസ്ഥാനത്ത് എത്തുന്ന സംഘം തിരഞ്ഞെടുപ്പ് സമിതിയില്‍ പങ്കെടുത്തശേഷം കെപിസിസി നേതൃയോഗത്തിലും സന്നിഹിതരാകും. പ്രത്യേകമായി നടത്തേണ്ട കൂടിയാലോചനകള്‍ക്കു ശേഷം വൈകിട്ടു മടങ്ങും. തിരഞ്ഞെടുപ്പ് പ്രചാരണം, അതിനു വേണ്ട ധനസമാഹരണം, പാര്‍ട്ടിയിലും മുന്നണിയിലും പരിഹരിക്കേണ്ട വിഷയങ്ങള്‍ എന്നിവ അവലോകനം ചെയ്യുകയാണ് നിരീക്ഷകരുടെ ആദ്യ സന്ദര്‍ശന ലക്ഷ്യം. ഈ സാഹചര്യത്തിലാണ് കെവി തോമസിനെ ചര്‍ച്ചകള്‍ക്കായി വിളിച്ചത്. എന്നാല്‍ വരില്ലന്ന മറുപടി അതൃപ്തിയുടെ സൂചനയാണ്.
അതിനിടെ തോമസിനെ ഒപ്പം കൂട്ടുന്നതിന് സിപിഎം നീക്കം ശക്തമാക്കിയിരുന്നു. നാളെ അദ്ദേഹം നയം വ്യക്തമാക്കിയാല്‍ സ്വീകരിക്കാനും, ഇടതു സ്വതന്ത്രനായി നിയമസഭയിലേയ്ക്ക് മത്സരിപ്പിക്കാനുമാണ് ആലോചന. കൊച്ചിയിലെ ഒരു സംഘടനാ പ്രതിനിധികള്‍ക്കൊപ്പം കെ.വി. തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നാട്ടിലെ ആവശ്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് പറയുന്നുണ്ടെങ്കിലും, രാഷ്ട്രീയസ്ഥിതിയും വിഷയമായതായാണ് സൂചന.
കുണ്ടന്നൂര്‍, വൈറ്റില ഫ്ളൈ ഓവറുകളുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും മന്ത്രി ജി. സുധാകരനും കെ.വി. തോമസിനെ നേരിട്ട് ക്ഷണിക്കുകയും ചെയ്തിരുന്നു. തോമസിന്റെ നിലപാടിനെ സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനും സ്വാഗതം ചെയ്തിട്ടുണ്ട്.കോണ്‍ഗ്രസ് വിട്ടുവരാന്‍ തയ്യാറായാല്‍ എറണാകുളം, അരൂര്‍, വൈപ്പിന്‍ നിയമസഭാ മണ്ഡലങ്ങളിലൊന്നില്‍ സ്വതന്ത്രനായി സീറ്റ് നല്‍കുന്നതും സിപിഎം പരിഗണിക്കുന്നുണ്ട്.
യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ എറണാകുളം ജില്ലയില്‍ കൂടുതല്‍ നേട്ടങ്ങള്‍ക്ക് കെ.വി. തോമസിനെ വിനിയോഗിക്കാമെന്നാണ് വിലയിരുത്തുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam