1 GBP = 100.80 INR                       

BREAKING NEWS

കേരളത്തിന്റെ മനസ്സിലിരിപ്പ് പുറത്തായി; തല്ക്കാലം യുകെ മലയാളികള്‍ നാട്ടിലേക്കു എത്തേണ്ട എന്നര്‍ത്ഥത്തില്‍ സര്‍ക്കുലര്‍; കണ്ണുരുട്ടലുമായി നാട്ടുകാരും; കൊച്ചിക്കുള്ള വിമാനം നിന്ന് പോയതിന്റെ പിന്നിലും കേരളത്തിന്റെ താല്പര്യം ഇല്ലായ്മയെന്ന് അഭ്യൂഹം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി:  കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഓരോ യുകെ മലയാളികള്‍ കൂടി ജനിതക മാറ്റ കോവിഡ് ബാധിച്ചു കേരളത്തില്‍ ചികിത്സയില്‍ ആയതോടെ ബ്രിട്ടനില്‍ നിന്നും നാട്ടിലെത്തുന്നവരുടെ നിരീക്ഷണം കൂടുതല്‍ കര്‍ക്കശമാക്കി. കഴിഞ്ഞ ദിവസം കണ്ണൂര്‍ സ്വദേശിയായ യുവാവിന് ജനിതക മാറ്റ വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇന്നലെ ഒരാള്‍ കൂടി രോഗികളുടെ പട്ടികയില്‍ ഇടം പിടിച്ചു. ഇതോടെ സ്വഭാവ മാറ്റ വൈറസിന്റെ പിടിയില്‍ പെട്ട യുകെ മലയാളികളുടെ കേരളത്തിലെ എണ്ണം പത്തായി. ഇതുവരെ യുകെയില്‍ നിന്നെത്തിയ 69 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയിട്ടുണ്ടെങ്കിലും ഇതില്‍ 45 പേരും നെഗറ്റീവ് ആയതായും കേരളത്തില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  ആഴ്ചയില്‍ മൂന്നു വിമാനത്തിലായി ആയിരത്തിലേറെ യുകെ മലയാളികള്‍ കൊച്ചിയില്‍ ഇറങ്ങിയിരുന്ന സാഹചര്യത്തിന് വിരുദ്ധമായി പല എയര്‍പോര്‍ട്ടുകള്‍ കയറി ഇറങ്ങി വിരലില്‍ എണ്ണാവുന്ന യുകെ മലയാളികള്‍ക്ക് പോലും ഇപ്പോള്‍ നാട്ടിലെത്താനാകുന്നില്ല .മാതാപിതാക്കള്‍ മരിക്കുന്നവര്‍ക്കു പോലും കടുത്ത വ്യഥയോടെ നാട്ടില്‍ എത്താന്‍ സാധിക്കില്ല എന്നാണ് മരണ വിവരം പറയാന്‍ വിളിക്കുന്ന ബന്ധുക്കളോട് പറയാന്‍ ഉള്ളത്. 

എന്നാല്‍ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തു നിന്നും യുകെയില്‍ എത്തിയിട്ടുള്ള ഇന്ത്യക്കാരും ഇവ്വിധം ദുര്‍വിധി നേരിടുന്നില്ല എന്നതാണ് കേരളം പ്രവാസികളോട് കാട്ടുന്ന കപട സ്‌നേഹം തുറന്നു കാട്ടുന്നത്. കോവിഡ് വ്യതിയാനം സംഭവിച്ചത് കാര്യമായ തരത്തില്‍ ഇന്ത്യയില്‍ എത്തുന്ന യാത്രക്കാരില്‍ ഉണ്ടാകുന്നില്ല എന്ന വിദഗ്ധ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഒരാഴ്ചത്തെ വിമാന നിരോധനം ഡിസംബര്‍ 28 നു അവസാനിപ്പിച്ചത്.  അതുവരെ ഒന്‍പതു  എയര്‍ പോര്‍ട്ടുകളിലേക്കു പറന്നിരുന്ന എയര്‍ ഇന്ത്യ പൊടുന്നനെ നാലു കേന്ദ്രങ്ങളിലെക്കായി ചുരുങ്ങി. എന്നാല്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉണ്ടായിരുന്ന കൊച്ചി പുതുക്കിയ ലിസ്റ്റില്‍ ഇല്ലാതായതിനെ തുടര്‍ന്ന് ഞെട്ടിപ്പോയ യുകെ മലയാളികള്‍ ആശ്വാസം തേടി കേരള സര്‍ക്കാരിനെ ബന്ധപ്പെട്ടപ്പോള്‍ അത്ര സമാശ്വാസമുള്ള മറുപടിയല്ല സംസ്ഥാനം നല്‍കിയത്.
കൊച്ചി ഫ്ളൈറ്റിന് വേണ്ടി അടിയന്തിരമായി ഇടപെടണം എന്നാവശ്യപെട്ട യുകെയിലെ മുതിര്‍ന്ന ലോക് കേരള സഭ അംഗത്തോട് എന്താണ് ഇപ്പോള്‍ അടിയന്തിരമായി നാട്ടില്‍ വന്നിട്ട് യുകെ മലയാളികള്‍ക്ക് ചെയ്യാന്‍ ഉള്ളത് എന്ന പരിഹാസ രൂപേണയുള്ള മറുചോദ്യമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ചുമതലക്കാര്‍ നല്‍കിയത്. ഇതേവിധത്തില്‍ തന്നെ അനൗദ്യോഗികമായി എയര്‍ ഇന്ത്യയിലും സംസ്ഥാനത്തിന്റെ ലണ്ടന്‍ - കൊച്ചി വിമാനത്തോടുള്ള താല്‍പ്പര്യ കുറവ് വ്യക്തമാക്കിയിട്ടുണ്ട് എന്ന വിവരം കൂടി ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിനെ വിഷമിപ്പിക്കാന്‍ ഒട്ടും ആഗ്രഹമില്ലാത്ത പ്രവാസിക്കു നിയന്ത്രണമുള്ള കൊച്ചി എയര്‍പോര്‍ട്ടും പ്രസ്റ്റീജ് വിമാനം നിന്നുപോയതില്‍ ഇതുവരെ പ്രതികരണം വ്യക്തമാക്കിയിട്ടില്ല. ഏറെ സമ്മര്‍ദം ചെലുത്തിയാണ് സിയാല്‍ അധികൃതര്‍ ഈ വിമാനം കൊച്ചിയില്‍ എത്തിച്ചത് എന്നിരിക്കെ പോലും വിമാനത്തിന്റെ വരവ് നിലച്ചത് അവര്‍ക്ക് ഒട്ടും ആശങ്ക നല്‍കുന്നില്ല എന്നതാണ് നീണ്ട മൗനം തെളിയിക്കുന്നത്.

നിന്നു പോയ വിമാനം ഉടന്‍ മടങ്ങിയെത്തും എന്ന് ബുക്കിംഗ് ഏജന്‍സികള്‍ പറയുന്നെണ്ടെങ്കിലും ഇത് സംബന്ധിച്ചു എയര്‍ ഇന്ത്യ കൃത്യമായ ഒരു വിവരവും പുറത്തു വിടുന്നില്ല. കൊച്ചിയിലേക്ക് ബുക്കിംഗ് എടുത്തു അവസാന നിമിഷം മറ്റു എയര്‍ പോര്‍ട്ടുകളിലേക്കു വിമാനം വഴി തിരിക്കുന്ന തന്ത്രമാണോ എയര്‍ ഇന്ത്യയുടെ മനസ്സില്‍ എന്നതും പിടികിട്ടാത്ത ചോദ്യമാണ്. എങ്കില്‍ പോലും നീണ്ട കാലം അത്തരം അഭ്യാസങ്ങള്‍ നടക്കില്ല എന്നിരിക്കെ കൊച്ചി വിമാനത്തിനു എന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ ആശയക്കുഴപ്പം മാറ്റാന്‍ കേരളവും ഒട്ടും താല്പര്യം കാട്ടുന്നില്ല എന്നതാണ് സത്യം. അതിനിടെ യുകെയില്‍ നിനെത്തുന്നവരുടെ ക്വറന്റീന്‍ കടുപ്പിക്കാന്‍ കേരളം തീരുമാനിച്ച വിവരം കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫിസറുടെ പേരിലാണ് പ്രചരിക്കുന്നത്.

ആരോഗ്യ വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രങ്ങള്‍ കടുപ്പിക്കുന്നത് എന്ന സൂചനയും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നല്‍കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയം ജില്ലയില്‍ എത്തിയ യുകെ മലയാളികളോട് ആശാ വര്‍ക്കര്‍മാര്‍, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍, ജില്ലാ കളക്ട്രേറ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ വ്യത്യസ്തമായ തരത്തിലാണ് കോവിഡ് നിയന്ത്രണത്തെ പറ്റി സംസാരിച്ചിരുന്നത്. ഒരു ഏകോപനമില്ലാതെ സംസാരിക്കുന്നത് എന്തുകൊണ്ട് എന്ന് ചോദിച്ചവര്‍ക്കു പിന്നീട് മറുപടി നല്‍കാം എന്ന് പറഞ്ഞ ഉദ്യോഗസ്ഥര്‍ ഇതുവരെ തിരികെ വിളിച്ചു തങ്ങള്‍ പറഞ്ഞത് തെറ്റായ കാര്യമാണെന്ന് അറിയിച്ചിട്ടുമില്ല. ആശാ വര്‍ക്കര്‍മാര്‍ പലരും 28 ദിവസം ക്വാറന്റീന്‍ എന്ന് നല്‍കിയ വിവരം വളഞ്ഞ വഴിയില്‍ സ്ഥിരീകരിക്കുകയാണ് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫിസര്‍. ആദ്യ 14 ദിവസം നിര്‍ബന്ധിത ക്വറന്റീന്‍ എന്നും അടുത്ത 14 ദിവസം സിംപ്റ്റം സര്‍വൈലന്‍സ് എന്നുമാണ് പറയുന്നത്. എന്നാല്‍ രണ്ടാം ഘട്ട 14 ദിവസത്തില്‍ എന്തൊക്കെയാണ് മാനദണ്ഡം എന്നതില്‍ വ്യക്തത നല്‍കുന്നില്ല.

അതേസമയം കഴിഞ്ഞ ദിവസം തിരുവന്തപുരത്തെ ദിശ കോവിഡ് സെല്ലില്‍ ബ്രിട്ടീഷ് മലയാളി വിളിച്ചപ്പോള്‍ അവര്‍ സംശയം ഒട്ടും ഇല്ലാതെയാണ് 14 ദിവസത്തെ ക്വറന്റീന്‍ യുകെ മലയാളികള്‍ക്കു എന്ന് സ്ഥിരീകരിച്ചതു. മറ്റു രാജ്യങ്ങളില്‍ നിന്നെത്തുന്ന പ്രവാസികള്‍ക്ക് ഏഴു ദിവസം എന്ന് വ്യക്തത നല്‍കാനും ദിശ ഉദ്യോഗസ്ഥര്‍ തയാറാകുന്നു. പിന്നെന്തു കൊണ്ട് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ 28 ദിവസത്തെ ക്വറന്റീന്‍ സൂചന നല്‍കുന്നു എന്നതാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഉയര്‍ത്തുന്ന ചോദ്യം. മാത്രമല്ല ഇത്ര നീണ്ട കാലം ക്വറന്റീന്‍ കഴിയാന്‍ ഏതെങ്കിലും യുകെ മലയാളികള്‍ക്ക് കഴിയുമോ എന്നതും ഏവരും ആശങ്കപ്പെടുകയാണ്.

എന്നാല്‍ യുകെയില്‍ നിന്നെത്തുന്നവര്‍ മുഴുവന്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് വാഹകരാണ് എന്ന തരത്തില്‍ റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് പറയാതെ സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നതും ഉടനെയൊന്നും സ്വസ്ഥമായി കേരളത്തില്‍ എത്താനാകില്ല എന്ന സത്യം യുകെ മലയാളികള്‍ക്കു സമ്മാനിക്കുന്ന മാനസിക അസ്വാസ്ഥ്യം വാക്കുകള്‍ക്ക് അതീതമാണ്. ഇത് തെളിയിക്കും വിധത്തില്‍ അടുത്ത ആഴ്ചകളില്‍ നാട്ടിലേക്കു പറക്കാന്‍ ടിക്കറ്റ് എടുത്തിരുന്ന അനേകം പേരാണ് ഇപ്പോള്‍ ബ്രിട്ടീഷ് മലയാളിയെ ബന്ധപ്പെടുന്നത്. എത്രയായിരം പേരെത്തിയാലും ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വറന്റീന്‍ നല്കാന്‍ സംവിധാനം ഉണ്ടെന്നു പറഞ്ഞ സംസഥാനമാണ് ഏതാനും മലയാളികള്‍ യുകെയില്‍ നിന്നും  എത്തിയപ്പോഴേക്കും കടുത്ത നിയന്ത്രണവുമായി വാതില്‍ കൊട്ടിയടക്കാന്‍ തയാറാകുന്നത് എന്നതാണ് രസകരം.
ആയിരക്കണക്കിന് യുകെ മലയാളികള്‍ എത്തിയപ്പോള്‍ വെറും പത്തു പേരില്‍ മാത്രം ജനിതക മാറ്റ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തില്‍ ഈ പരിശോധന കഴിയും വരെ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വറന്റീന്‍ നല്‍കിയല്‍ തീരാവുന്ന ആശങ്കകള്‍ക്കാണ് കേരളം ഇത്തരത്തില്‍ ദുരിതമാക്കി മാറ്റുന്നത് എന്നതാണ് വിചിത്രം. ഡല്‍ഹിയും മുംബൈയും ബാംഗ്ലൂരും ഒക്കെ ഇങ്ങനെ പരിശോധന ഫലം വരും വരെ ഇന്‌സ്ടിട്യൂഷനാല്‍ ക്വറന്റീന്‍ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ജനുവരി പത്തിന് യുകെയില്‍ നിന്നും ബാംഗ്ലൂരില്‍ എത്തിയ നടി ലെന അടക്കമുള്ളവര്‍ ജനിതക മാറ്റ ടെസ്റ്റ് കഴിയും വരെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ക്വറന്റീനില്‍ കഴിഞ്ഞിരുന്നത്. കാര്യങ്ങള്‍ ഇത്ര ലളിതമായി ചെയ്യാമെന്നിരിക്കെയാണ് യുകെ മലയാളികള്‍ മുഴുവന്‍ ജനിതക മാറ്റ വൈറസ് വാഹകരാണെന്നു ജനത്തെ കൊണ്ട് പറയിപ്പിക്കും വിധം കാര്യങ്ങള്‍ സര്‍ക്കാര്‍ ദുസ്സഹമാക്കുന്നത് എന്നതും യുകെ മലയാളികള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പ് സൃഷ്ടിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category