
കോഴിക്കോട്: സിനിമാ ജീവിതത്തിനിടയിൽ കോഴിക്കോട് നഗരംതന്ന സൗഭാഗ്യങ്ങളെക്കുറിച്ച് പലപ്പോഴും വാചാലനായിട്ടുണ്ട് നടൻ മോഹൻലാൽ. എന്നാൽ ഒരിക്കൽ കോഴിക്കോട് നഗരം കരയിപ്പിച്ചതിനെപ്പറ്റി മോഹൻലാൽ ഓർമകൾ പങ്കുവച്ചിരുന്നു. സംഭവിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വേർപാടിന്റെ ആ ഓർമകൾ വേട്ടയാടിക്കൊണ്ടിരിക്കുന്നു, തനിച്ചാവുമ്പോൾ അസ്വസ്ഥപ്പെടുത്തുന്നുവെന്നാണ് മോഹൻലാൽ പറഞ്ഞത്.
ജനവരിയിലെ ഒരു തണുത്ത വെളുപ്പാൻകാലം. അന്ന് 'ഭരതം' എന്ന സിനിമയുടെ ചിത്രീകരണവുമായി മോഹൻലാൽ കോഴിക്കോട്ടുണ്ട്. അതിരാവിലെ നിർമ്മാതാവ് ഗാന്ധിമതി ബാലൻ വിളിക്കുന്നു. ഒറ്റ വാചകമേ പറഞ്ഞുള്ളൂ: ''പപ്പേട്ടൻ പോയി''. തങ്ങൾക്കിടയിൽ ഒരു പപ്പേട്ടനേ ഉണ്ടായിരുന്നുള്ളൂ. മലയാള സിനിമയുടെ ഗന്ധർവൻ പത്മരാജൻ.
'ഇളം തണുപ്പുണ്ടായിരുന്നിട്ടും, അതിരാവിലെയായിരുന്നിട്ടും, നിന്നുവിയർത്തു. കണ്ണിൽനിറയെ ഇരുട്ട്. കാതിൽ പപ്പേട്ടന്റെ മുഴങ്ങുന്ന ശബ്ദം. കേട്ടവാർത്ത ശരിയാവരുതേ എന്ന് വിതുമ്പലോടെ ഉള്ളിൽ പ്രാർത്ഥിച്ചുകൊണ്ട് അദ്ദേഹം പാർത്തിരുന്ന ഹോട്ടലിലേക്കു പാഞ്ഞു. മുറിയിൽച്ചെന്നപ്പോൾ, നിലത്തുവിരിച്ച കാർപ്പെറ്റിൽ കമിഴ്ന്നുകിടക്കുന്നു എന്റെ പപ്പേട്ടൻ, മലയാളത്തിന്റെ പത്മരാജൻ. കാർപ്പെറ്റിന്റെ ഒരുഭാഗം ഉള്ളം കൈകൊണ്ട് ചുരുട്ടിപ്പിടിച്ചിട്ടുണ്ട്' മോഹൻലാൽ കുറപ്പിൽ എഴുതുന്നു.
'ആ കിടപ്പുകണ്ട് എനിക്കുസഹിച്ചില്ല. മുഖംപൊത്തി ആ മുറിയിൽനിൽക്കുമ്പോൾ ഞങ്ങളൊന്നിച്ചുള്ള എത്രയോ നല്ലനിമിഷങ്ങൾ ഒരു ദീർഘമായ സിനിമപോലെ എന്റെയുള്ളിലൂടെ കടന്നുപോയി. എത്രയെത്ര സിനിമകൾ! ഒന്നിച്ചിരുന്ന്, ഒന്നിച്ചു ഭക്ഷണംകഴിച്ച്, ഒന്നിച്ചുറങ്ങിയ പകലുകൾ, രാത്രികൾ. ഒറ്റയടിക്ക് അതെല്ലാം അസ്തമിച്ചിരിക്കുന്നു, ഒരു പ്രഭാതത്തിൽ. എന്റെയുള്ളിൽനിറഞ്ഞ ആ ചിത്രങ്ങളിലേക്ക് കരച്ചിൽ മഴപോലെ വീണുകൊണ്ടിരുന്നു. ആരൊക്കെയോ ചുറ്റിലുംനിൽക്കുന്നു, എന്തൊക്കെയോ അടക്കംപറയുന്നു. അതിന്റെ നടുവിൽ ഉണരാതെ എന്റെ പപ്പേട്ടൻ കമിഴ്ന്നുകിടക്കുന്നു'.
'മൃതദേഹത്തെ അനുഗമിച്ച് ഞാനും അദ്ദേഹത്തിന്റെ നാടായ മുതുകുളത്തേക്കുപോയി. ഗാന്ധിമതി ബാലൻ, ജയറാം, സെവൻ ആർട്സ് വിജയകുമാർ, നിധീഷ് ഭരദ്വാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഒരു പൂമരംപോലെ തെളിഞ്ഞുനിന്നിരുന്ന പപ്പേട്ടൻ ഒരുപിടിച്ചാരമാവുന്നത് കണ്ടുനിന്നു'.
'തിരിച്ച് കോഴിക്കോട്ടെത്തിയപ്പോൾ പെട്ടെന്ന് അനാഥനായിപ്പോയതുപോലെ എനിക്കുതോന്നി. ഇപ്പോഴും ഈ നഗരത്തിലൂടെ കടന്നുപോകുമ്പോൾ പപ്പേട്ടൻ വേദനയായി എന്നെ പിന്തുടരുന്നതുപോലെ. ഇതെഴുതാൻ ആലോചിച്ചപ്പോൾ ഒരു മിന്നൽപോലെ എപ്പോഴൊക്കെയോ പപ്പേട്ടൻ മനസ്സിൽവന്നുപോയെന്നും മോഹൻലാൽ കുറിപ്പിൽ ഓർമയായി പങ്കുവയ്ക്കുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam