1 GBP = 100.80 INR                       

BREAKING NEWS

ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് സിഖുകാര്‍ പവിത്രമായി കാണുന്ന നിഷാന്‍ സാഹിബ് പതാക; ചെങ്കോട്ടയില്‍ ദേശീയപതാക മാത്രമേ ഉയരാവൂ എന്നും നിയമരാഹിത്യം അംഗീകരിക്കാന്‍ ആവില്ലെന്ന ചര്‍ച്ചയുമായി ശശി തരൂര്‍; നാണക്കേടായത് സുരക്ഷാ ഏജന്‍സികള്‍ക്ക്; ഡല്‍ഹി സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത കര്‍ഷക പ്രതിഷേധത്തിന്; ഇനി കൂടുതല്‍ സുരക്ഷ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ കണ്ടത് സമാനതകളില്ലാത്ത പ്രതിഷേധം. രാജ്യ സുരക്ഷയെ പോലും വെല്ലുവിളിക്കുന്ന തരത്തിലേക്ക് അത് മാറി. ചെങ്കോട്ടയും ഡല്‍ഹി ഐടിഒ അടക്കം വളഞ്ഞ കര്‍ഷകര്‍ തങ്ങളുടെ സമരഭൂമിയായ സിംഘു അതിര്‍ത്തിയിലേക്ക് മടങ്ങിത്തുടങ്ങിയതോടെയാണ് ഡല്‍ഹി ശാന്തമായത്. ട്രാക്ടര്‍ പരേഡിനിടെ കര്‍ഷകരും പൊലീസും തമ്മില്‍ കാര്യമായ ഏറ്റുമുട്ടല്‍ നടന്ന ഐടിഒ, ഗസ്സിപുര്‍, നംഗ്ലോയി എന്നിവിടങ്ങളിലെല്ലാം കര്‍ഷകര്‍ മടങ്ങിയിട്ടുണ്ട്. ഇവിടെയെല്ലാം ഇപ്പോള്‍ സര്‍ക്കാര്‍ സുരക്ഷാ സൈനികരേയും വിന്യസിച്ചിട്ടുണ്ട്.

ചെങ്കോട്ടയുടെ മകുടത്തില്‍ കര്‍ഷകര്‍ സിഖ് പതാകയും കര്‍ഷകപതാകയും നാട്ടിയത് ഏറെ ചര്‍ച്ചയായിട്ടുണ്ട്. ഇത് സുരക്ഷാ ഏജന്‍സികള്‍ക്ക് നാണക്കേടായി. ദേശീയപതാകയെ സ്പര്‍ശിക്കാതെയാണ് ചെങ്കോട്ടയ്ക്ക് മുകളില്‍ കര്‍ഷകര്‍ കൊടി കെട്ടിയത്. ചെങ്കോട്ടയില്‍ ദേശീയപതാക മാത്രമേ ഉയരാവൂ എന്നും നിയമരാഹിത്യം അംഗീകരിക്കാനാവില്ലെന്നും ശശി തരൂര്‍ എംപി പ്രതികരിച്ചു. അങ്ങനെ കര്‍ഷകര്‍ക്ക് അനുകൂലമായ വികാരം പ്രതിപക്ഷം ചര്‍ച്ചയാക്കുന്നുണ്ട്.

സിഖ് മതാനുയായികള്‍ പവിത്രമായി കാണുന്ന നിഷാന്‍ സാഹിബ് പതാക ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുതന്നെയാണ് വിലക്ക് ലംഘിച്ച് കര്‍ഷകര്‍ ചെങ്കോട്ടയില്‍ എത്തിയത്. പൊലീസ് എണ്ണത്തില്‍ കുറവായിരുന്നു. ട്രാക്ടറുകളിലും മറ്റും സംഘടിച്ചെത്തിയ നൂറുകണക്കിന് കര്‍ഷകര്‍ എല്ലാ പ്രതിരോധവും ഭേദിച്ച് മുമ്പോട്ട് പോയി. ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തുന്ന സ്തംഭത്തിലും സമീപമുള്ള മകുടങ്ങളിലും സുരക്ഷാവേലികളിലും കര്‍ഷകര്‍ സിഖ് പതാകയും സംഘടനാ പതാകകളും കെട്ടി. പൊലീസ് അനുനയിപ്പിക്കാന്‍ കിണഞ്ഞ് ശ്രമിച്ചിട്ടും ലാത്തിച്ചാര്‍ജ് നടത്തിയിട്ടും കര്‍ഷകര്‍ പിന്മാറിയില്ല.

ഡല്‍ഹിയില്‍നിന്നു പുറത്തു കടക്കാനുള്ള വഴികള്‍ പൊലീസ് അടച്ചതോടെ സമരം ഓള്‍ഡ് ഡല്‍ഹിയിലെ നിരത്തുകളിലേക്കും വ്യാപിച്ചു. ചെങ്കോട്ടയിലെ സമരത്തിനു പിന്നാലെ കര്‍ഷകര്‍ ദേശീയപതാകയേയും ദേശീയചിഹ്നത്തേയും അപമാനിച്ചെന്ന് വ്യാപകമായ പ്രചാരണമുണ്ടായി.

നേതാക്കളുടെ കണക്കു കൂട്ടല്‍ തെറ്റിച്ച പ്രതിഷേധ കടല്‍
റിപ്പബ്ലിക് ദിനത്തില്‍ പന്ത്രണ്ട് മണിക്ക് ട്രാക്ടര്‍ റാലി തുടങ്ങാനായിരുന്നു കര്‍ഷകരുടെ ധാരണ. അപ്രതീക്ഷിതമായാണ് രാവിലെ എട്ടേമുക്കാലോടെ സമരക്കാര്‍ കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി പുറപ്പെട്ടത്. തൊട്ടുപിന്നാലെ ഒന്‍പതരയോടെ നൂറുകണക്കിന് ട്രാക്ടറുകളിലും മോട്ടോര്‍ സൈക്കിളുകളിലുമായി കര്‍ഷകര്‍ ഡല്‍ഹിക്ക് തിരിച്ചു. ഇതോടെ കാര്യങ്ങള്‍ കൈവിടുന്ന അവസ്ഥയായി. കര്‍ഷക നേതാക്കള്‍ക്ക് പോലും കാര്യങ്ങള്‍ നിയന്ത്രിക്കാനായില്ല. ഇതോടെ സംഘര്‍ഷം എല്ലാ പരിധിയും വിട്ടു.

രാവിലെ 10 ന് ട്രാക്ടര്‍ റാലി സഞ്ജയ് ഗാന്ധി ട്രാന്‍സ്പോര്‍ട്ട് നഗറിലെത്തുകയും പൊലീസുമായി സംഘര്‍ഷമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ആദ്യ കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതോടെ അക്രമത്തിന് തുടക്കമായി. കര്‍ഷകര്‍ നഗരത്തിന്റെ ഹൃദയഭാഗങ്ങളില്‍ പ്രവേശിക്കുകയും സഞ്ജയ് ഗാന്ധി ട്രാന്‍സ്പോര്‍ട്ട് നഗറില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തു. പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു. വാളുകളുമായി ചില കര്‍ഷകര്‍ പൊലീസുമായി ഏറ്റുമുട്ടി. 11.40ന് കര്‍ഷകര്‍ ഡല്‍ഹി മീററ്റ് ഹൈവേയില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്നു. പന്ത്രണ്ടേകാലോടെ സിംഘുവില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹി റിങ് റോഡില്‍ പ്രവേശിച്ചു.

ഡല്‍ഹി മുക്കാര്‍ബ ചൗക്കില്‍ സംഘര്‍ഷമായി. ഒരു മണിയോടെ കര്‍ഷക റാലി ഐടിഒയില്‍ പ്രവേശിച്ചു. ഇവിടെ പൊലീസ് ബസ് തകര്‍ത്തു. തൊട്ടുപിന്നാലെ ഒരുമണിയോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷങ്ങളില്‍ ഒരു കര്‍ഷകന്‍ മരിച്ചു. ഇത് പൊലീസ് വെടിവെപ്പിലാണെന്ന് കര്‍ഷകരും ട്രാക്ടര്‍ മറിഞ്ഞാണെന്ന് പൊലീസും ആരോപിച്ചു. ഇതോടെ സംഘര്‍ഷത്തിന് പുതിയ തലം വന്നു, പ്രധാന മെട്രോ സ്റ്റേഷനുകളെല്ലാം അടച്ചു. 1.25ഓടെ പൊലീസ് ലാത്തിച്ചാര്‍ജ് തുടങ്ങുന്നു. 1.48ന് കര്‍ഷകര്‍ ചെങ്കോട്ടയില്‍ പ്രവേശിക്കുന്നു.

ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പൊലീസിന് സാധിച്ചില്ല. ചെങ്കോട്ട കീഴടക്കിയ കര്‍ഷകര്‍ പതാക സ്ഥാപിച്ചു. ആയിരക്കണക്കിന് കര്‍ഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയില്‍ എത്തിയത്. പിന്നീട് കൂടുതല്‍ പൊലീസെത്തിയാണ് ഇവരെ ഇവിടെനിന്ന് നീക്കിയത്.

ഇനി അതീവ സുരക്ഷ
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സുരക്ഷക്കായി 15 കമ്പനി അര്‍ദ്ധസൈനികരെ കൂടുതല്‍ നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജന്‍സ് ബ്യൂറോ മേധാവി, ഡല്‍ഹി പൊലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ അമിത് ഷാ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു.

ഡല്‍ഹി നഗരത്തില്‍ പ്രവേശിക്കും വരെ നിശ്ചയിട്ട റൂട്ട് മാപ്പിലായിരുന്നു ട്രാക്ടര്‍ റാലി. എന്നാല്‍ പൊലീസ് തീര്‍ത്ത ബാരിക്കേഡുകളും വഴിയടച്ചിട്ടിരുന്ന കണ്‍ടെയ്‌നറുകളും ബസ്സുകളും ക്രെയിനും കോണ്‍ക്രീറ്റ് ബ്ലോക്കുകളും എല്ലാം തട്ടിനീക്കിയും പിടിച്ചെടുത്തുമാണ് സമരക്കാര്‍ മുന്നോട്ടുനീങ്ങിയത്. വഴിമുടക്കിയ എല്ലാ പ്രതിബന്ധങ്ങളും ആ ട്രാക്ടറുകള്‍ ഉഴുതുമറിച്ചു.

നേരത്തെ നിശ്ചയിച്ച റൂട്ടുകളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് പലയിടങ്ങളിലും ട്രാക്ടര്‍ പരേഡ് നടന്നത്. പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി. ഐടിഒയില്‍ പൊലീസുകാരെ കര്‍ഷകര്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് ഓടിച്ചിട്ടിടിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. സുപ്രധാന സര്‍ക്കാര്‍ ഓഫീസുകളും മറ്റു നിലകൊള്ളുന്ന ഇടമാണ് ഐടിഒ. ഇവിടെയായിരുന്നു സംഘര്‍ഷം എല്ലാ പരിധിയും വിട്ടത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലി സംഘര്‍ഷങ്ങളോടെയാണ് അവസാനിച്ചത്. കര്‍ഷകര്‍ തങ്ങളുടെ സമരഭൂമിയായ സിംഘു അതിര്‍ത്തിയിലേക്ക് മടങ്ങി. ട്രാക്ടര്‍ പരേഡിനിടെ കര്‍ഷകരും പൊലീസും തമ്മില്‍ കാര്യമായ ഏറ്റുമുട്ടല്‍ നടന്ന ഐടിഒ, ഗസ്സിപുര്‍, നംഗ്ലോയി എന്നിവിടങ്ങളിലാണ് അധിക സുരക്ഷാ വിന്യാസം നടത്തുക.

സിംഘു അടക്കമുള്ള ഡല്‍ഹിയുടെ അഞ്ച് അതിര്‍ത്തികളിലും മറ്റു പരിസര പ്രദേശങ്ങളിലും നേരത്തെ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. സംഘര്‍ഷത്തില്‍ പതിനെട്ടോളം പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. നിരവധി കര്‍ഷര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category