1 GBP = 102.00 INR                       

BREAKING NEWS

അടുക്കള സിങ്കില്‍ കഴുകാ ന്‍ ബാക്കിയുള്ള പാത്രം കണ്ടു ഭയക്കുന്ന ഭര്‍ത്താക്കന്മാരുടെ കാലം; ഗ്രേറ്റ് ഇന്ത്യന്‍ അടുക്കളയൊക്കെ ഗ്രേറ്റ് ബ്രിട്ടീഷ് അടുക്കളയായി മാറുമ്പോള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: അടുക്കള പെണ്ണിന്റെ മാത്രം ലോകമായി കണ്ട കാലത്തു നിന്നും നാമെത്രെയോ അകലെയായിരിക്കുന്നു എന്നോര്‍മ്മിക്കാന്‍ കൂടിയാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമ കൂടുതല്‍ സഹായകമായിരിക്കുന്നത്. അടുക്കളയുടെ ഏഴയലത്തു പ്രത്യക്ഷപ്പെടാതിരുന്ന മലയാളി പുരുഷന്മാര്‍ ഇപ്പോള്‍ നാട്ടിലും പ്രവാസ ലോകത്തും കൂടുതല്‍ സമയം അടുക്കളയില്‍ എത്തുന്നു എന്നത് മോഡേണ്‍ അടുക്കളയില്‍ വന്ന ഏറ്റവും പ്രധാന മാറ്റമാണ്. പണിയെടുത്തു വശം കെടുന്ന സ്ത്രീയെ സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ പുരുഷന്റെ റോള്‍ സദാ സമയം തിന്നാനും യോഗ ചെയ്യാനും മിനക്കെടുന്ന അവസ്ഥയില്‍ എത്തിച്ചതിനോടൊക്കെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകര്‍ ഏറ്റുമുട്ടുകയാണ്. സിനിമ ഉയര്‍ത്തിവിട്ട സാമൂഹ്യ ചര്‍ച്ചകള്‍ ബ്രിട്ടീഷ് മലയാളിയിലും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ജോസ്ന സെബാസ്റ്റിയന്‍, ജോയ് അഗസ്തി, അനില്‍ മതിര, സീജ വിശ്വനാഥ് എന്നിവര്‍ പങ്കുവച്ച വിചാര കുറിപ്പുകളുടെ പിന്തുടര്‍ച്ചയായി സ്റ്റോക് ഓണ്‍ ട്രെന്റില്‍ നിന്നും എന്‍എച്എസില്‍ മെഡിക്കൽ എഞ്ചിനീയറിംഗ് ടെക്‌നിഷ്യൻ രംഗത്ത് ജോലി ചെയുന്ന മനോജ് മാത്യു എഴുതുന്ന കുറിപ്പാണു ഇന്നത്തെ ബിഎം ഡിബേറ്റില്‍ പ്രസിദ്ധീകരിക്കുന്നത്.
വളരെ നാളുകള്‍ക്കുശേഷം ഒരു മലയാള സിനിമ കണ്ടശേഷം വെള്ളം എടുക്കാനായി അടുക്കളയിലേക്കു കടന്നപ്പോള്‍ എന്റെ കണ്ണുകള്‍ ആദ്യം തിരഞ്ഞത് കിച്ചന്‍ സിങ്കില്‍ പാത്രങ്ങള്‍ വല്ലതും കഴുകാന്‍ ബാക്കികിടപ്പുണ്ടോ എന്നായിരുന്നു. ഒരു സിനിമ നമ്മുടെ ജീവിതത്തെ ഇത്ര പെട്ടന്ന് സ്വാധീനിക്കുമോയെന്നു ഞാന്‍ ചിന്തിച്ച നിമിഷമായിരുന്നു അത്. യുകെയിലെ മലയാളികള്‍ക്കിടയില്‍ ഈ ചിത്രത്തിനിത്രമാത്രം സ്വീകാര്യത ലഭിച്ചതിന്റെ കാരണം ഇവിടാരും തന്നെ ഭാര്യമാര്‍ക്ക് അടുക്കള ജോലികളെല്ലാം ചെയ്യാന്‍ വിട്ടുകൊടുത്തിട്ട് സോഫയില്‍ കാലും കയറ്റിയിരുന്നു ഒരു കയ്യില്‍ മൊബൈല്‍ ഫോണും മറ്റേ കയ്യില്‍ ടി.വി റിമോട്ടുമായി കാപ്പിക്കുവേണ്ടി കാത്തിരിക്കില്ല എന്നത് തന്നെയാണ്. അങ്ങനെ ചെയ്താല്‍ അത് കുടുംബ സമാധാനത്തിന്റെ കടക്കല്‍ വയ്ക്കുന്ന കോടാലിയാവും എന്ന് നമ്മള്‍ ഒരു പതിറ്റാണ്ടു മുന്‍പേ മനസ്സിലാക്കിയതാണ്. അതുപോലെ തലേന്ന് പാചകം ചെയ്തു ഫ്രിഡ്ജില്‍ വച്ച ആഹാരം ചൂടാക്കി കഴിക്കാത്തവരും നമ്മില്‍ ആരും തന്നെയുണ്ടാവില്ല.
'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' അടുക്കളയില്‍ എരിഞ്ഞു തീരുന്ന സ്ത്രീ ജീവിതത്തെയും, ഈ ആധുനിക സമൂഹത്തിലും സ്ത്രീ അനുഭവിക്കുന്ന സാമൂഹിക അസമത്വങ്ങളെയും തുറന്നു കാട്ടുമ്പോഴും എന്നെ ചിന്തിപ്പിച്ച മറ്റൊരു സംഗതി ഈ സിനിമ വരച്ചിടുന്ന മലയാളിയുടെ ഭക്ഷണാസക്തിയും, ആഹാരക്രമത്തിലെ ദുര്‍വാശികളുമാണ്.
ഭക്ഷിക്കാനായി ജീവിക്കുന്നവരോ നമ്മള്‍?
ജീവിക്കാനായി ഭക്ഷണം കഴിക്കുക എന്നതിനപ്പുറം ഭക്ഷണം കഴിക്കാനായി ജീവിക്കുന്നവരാണോ നമ്മള്‍ എന്ന് ചിന്തിപ്പിക്കുന്ന കഥാപാത്രങ്ങളാണ് ഈ സിനിമയിലെ പേരില്ലാത്ത നായകനും അദ്ദേഹത്തിന്റെ അച്ഛനും. നാട്ടിന്‍പുറത്തെ ഒരു ശരാശരി വീട്ടില്‍ രാവിലത്തെ ആഘോഷമായ കാപ്പികുടി കഴിഞ്ഞാല്‍ പിന്നെ ഉച്ചയൂണിനുള്ള ഒരുക്കങ്ങളായി. ഊണുകഴിഞ്ഞാലുടന്‍ നാലുമണിക്കാപ്പിക്കുള്ള പലഹാരം ഉണ്ടാക്കലായി. അതും കഴിഞ്ഞാല്‍  പിന്നെ അത്താഴത്തിനുള്ള തത്രപ്പാടായി. ഇതിനിടയില്‍ കിട്ടുന്ന പഴങ്ങളും, മിട്ടായികളും, മിക്ച്ചറും കടലയുമൊക്കെ നമ്മള്‍ അകത്താക്കും. സായിപ്പുമാരൊക്കെ ദിവസം ഒരു 'മെയിന്‍ മീല്‍' കഴിക്കുമ്പോള്‍ നമുക്കെല്ലാംതന്നെ മെയിന്‍ മീലുകലാണ്. ഇവിടെ ബ്രേക്ക്ഫാസ്റ്റ് രണ്ടു ടോസ്റ്റിലോ, ഒരുപിടി സീരിയലിലോ ഒതുങ്ങുമ്പോള്‍ നാട്ടില്‍ നമ്മള്‍ പൊറോട്ടയും ബീഫും, അല്ലെങ്കില്‍ കപ്പയും മീനും, അതുമല്ലെങ്കില്‍ പുട്ടും കടലയുംകൊണ്ട് വയര്‍ നിറയ്ക്കും. നമ്മുടെയത്രയും ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങളുള്ള ഒരു നാട് ലോകത്തൊരിടത്തും ഉണ്ടാവുമെന്ന് തോന്നുന്നില്ല... മുന്‍ അമേരിക്കന്‍ പ്രസിഡന്റ്  ജോര്‍ജ് ബുഷ് ലോകത്തെ ഭക്ഷ്യ ക്ഷാമത്തിന്റെ ഒരു കാരണം ഇന്ത്യയിലെ മധ്യവര്‍ഗ്ഗം മൂന്നു നേരം ഭക്ഷണം കഴിച്ചു തുടങ്ങിയതാണെന്ന് പറഞ്ഞത് ഇത്തരുണത്തില്‍ ഓര്‍ത്തുപോവുന്നു.  യൂറോപ്പ്യന്‍മാരൊക്കെ അവധി ആഘോഷിക്കാന്‍ പോകുമ്പോള്‍ മാത്രമാണ് മൂന്നു നേരം വയര്‍ നിറയെ ഭക്ഷണം കഴിക്കുന്നത്. അതിനുവേണ്ടി ഹോളിഡേക്കു മുമ്പും ശേഷവും അവര്‍ പട്ടിണി കിടക്കുകയും ജിമ്മില്‍ പോവുകയുമൊക്കെ ചെയ്യും.  അമിതമായി കഴിക്കുന്ന ഭക്ഷണം നമ്മളെ ആരോഗ്യവാന്‍മാരല്ല രോഗികളാക്കുകയാണ് എന്ന സത്യം നമ്മുടെ തറവാട്ടുകാര്‍ മനസ്സിലാക്കുവാന്‍ ഇനിയും വൈകുകയല്ലേ?
 
അടുക്കള ജീവികളുടെ മോചനം അടുത്തുവോ?
രാവിലത്തെ കാപ്പിക്കും വൈകിട്ടത്തെ അത്താഴത്തിനുമിടയില്‍ പുകഞ്ഞു തീരാന്‍ ഇനി അധികം ജീവിതങ്ങള്‍ നാട്ടില്‍ ബാക്കിയുണ്ടാവില്ല എന്നൊരു സന്ദേശമല്ലെ ഈ സിനിമയിലെ പേരില്ലാത്ത നായിക പറയാതെ പറയുന്നത്? കഴിഞ്ഞ ഞായറാഴ്ച സണ്‍ഡേ ഡിന്നര്‍ ഉണ്ടാക്കിയതിനുശേഷം വീട്ടില്‍ കുക്കിംഗ് നടത്തിയിട്ടില്ല എന്ന് പറഞ്ഞ വെള്ളക്കാരി സഹപ്രവര്‍ത്തകയോട് 'എന്റെ അമ്മ ദിവസവും മൂന്നു നേരം ആഹാരം പാകം ചെയ്യും' എന്ന് അല്പം അഭിമാനത്തോടെ പറഞ്ഞപ്പോള്‍ അവര്‍ തലയില്‍ കൈവച്ചു. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ താന്‍ കുക്കിംഗ് ചെയ്യാന്‍ മെനക്കെടാറുള്ളൂ എന്നവള്‍ മറുപടി പറഞ്ഞപ്പോള്‍ ദിവസവും മൂന്നു നേരം പാചകം ചെയ്യുന്ന നമ്മുടെ സഹോദരിമാരോടുള്ള പരിഹാസംകൂടി ആയിരുന്നില്ലേ അതെന്നു ചിന്തിച്ചുപോയി. അടുക്കളയെന്ന തടവറയില്‍ ജീവിതം ഹോമിക്കുന്ന നിങ്ങളുടെ സ്ത്രീകളോട് എനിക്കു സഹതാപം തോന്നുന്നു എന്നുകൂടി അവള്‍ പറഞ്ഞപ്പോള്‍ വിഷയം കൈവിട്ടു പോകാനുള്ള സാധ്യത മുന്‍പില്‍ കണ്ടു ഞാന്‍ സംസാരവിഷയം കാലാവസ്ഥയിലേക്കു തിരിച്ചുവിട്ടു.

പാശ്ചാത്യ ലോകത്തു സംഭവിക്കുന്ന മാറ്റങ്ങളൊക്കെ വളരെ വേഗത്തിലാണ് നാട്ടിലേക്കും പടരുന്നത്. കേരളത്തിലെ ചെറു പട്ടണങ്ങളില്‍പോലും കാണുന്ന ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റുകളും, ടേക്ക്എവേ ഷോപ്പുകളും ഇതിനൊരു ഉദാഹരണം മാത്രം. വീട്ടില്‍ പാചകം ചെയ്യാതെ പുറത്തുനിന്നും ഭക്ഷണം വാങ്ങുന്നതിനെ അഭിമാനത്തോടെ കാണുന്നവരും നാട്ടില്‍ കൂടിവരുന്നു. കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും ബര്‍ഗറും, പിസയും സുലഭമായി കിട്ടിത്തുടങ്ങിയിരിക്കുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ റെഡിമീലുകളും ഫ്രോസണ്‍ ഭക്ഷണ സാധനങ്ങളും കൂടി വരുന്നത് കാണാം.

മലയാളി അടുക്കളയിലെ അനിവാര്യമായ ഈ മാറ്റം ആരോഗ്യത്തിനു ഗുണകരമാകുമോ എന്നു ചോദിച്ചാല്‍ ഇല്ല എന്ന് സമ്മതിക്കേണ്ടി വരും. അപ്പോള്‍ നമ്മുടെ പ്രിയപ്പെട്ട അമ്മമാരുടെയും ഭാര്യമാരുടെയും ജീവിതങ്ങള്‍ അടുക്കളയെന്ന തടവറയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ എന്നും തളച്ചിടേണ്ടതാണോ എന്ന ചോദ്യം ബാക്കിയാവും.. എന്തായാലും കേരളത്തിലെ അടുക്കളകളില്‍ അടുപ്പു പുകയുന്നതു കാണാന്‍ ദിവസങ്ങളും ആഴ്ചകളും കാത്തിരിക്കേണ്ട കാലം വിദൂരമല്ല എന്നൊരു മുന്നറിയിപ്പാണ് ദി ഗ്രേറ്റ് ഇന്‍ഡ്യന്‍ കിച്ചന്‍ തരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category