
ഭൂമിയില്‍ ജീവന്റെ അവസാന തുടിപ്പും നിലയ്ക്കുന്നതിനെ കുറിച്ച് നിരവധി ആശങ്കകള്‍ പല കാലങ്ങളിലായി ഉയര്‍ന്നു വന്നിട്ടുണ്ട്. മനുഷ്യന് അണുബോംബ് കണ്ടുപിടിച്ചപ്പോഴും, കാലാവസ്ഥാ വ്യതിയാനം വര്‍ദ്ധിക്കുവാന്‍ തുടങ്ങിയപ്പോഴുമൊക്കെ ഇത്തരത്തിലുള്ള ആശങ്കകള്‍ ഉയര്‍ന്നു വന്നിട്ടുള്ളതാണ്. മാത്രമല്ല, ലോകാവസാന കഥകള്‍ കടുംനിറക്കൂട്ടുകളില് വരച്ചുകാട്ടി ഭക്തിയുടെ ഭ്രാന്തേറ്റി മനുഷ്യരെ കൊലക്ക് കൊടുത്ത നിരവധി കള്‍ട്ടുകളേയും നാം കഴിഞ്ഞകാലങ്ങളില്‍ കണ്ടു. ഇതെല്ലാം സൂചിപ്പിക്കുന്നത് മനുഷ്യരില്‍ സഹജമായി ഉള്ള മരണംഭയത്തെയാണ്. എന്നെങ്കിലും ഒരിക്കല്‍ വരും എന്നുറപ്പുള്ളപ്പോള്‍ പോലും എല്ലാവരുംഭയക്കുന്നു മരണമെന്ന കോമാളിയെ.
മരണഭയം എന്നതിനുപരി അതിനെ ജീവിക്കുവാനുള്ള ആവേശം എന്നു വിളിക്കുന്നതായിരിക്കും നല്ലത്. ഭൂമിയെ സ്വന്തമാക്കി ഇവിടെ വാഴാന്‍ തുടങ്ങിയ കാലം മുതല്‍ മനുഷ്യന് ഭൂമിയേയും ഇവിടെയുള്ള മറ്റെല്ലാത്തിനേയും തന്റെ സുഖസൗകര്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു. ഭാവനകള്‍ നിറം പിടിപ്പിച്ച കൊച്ചുകൊച്ചു കഥകളിലൂടെ നമ്മുടെ പ്രപിതാക്കന്മാര് നമ്മളേ പറഞ്ഞു മനസ്സിലാക്കിയ പ്രകൃതിയുടെ സന്തുലനത്തിന്റെ പ്രാധാന്യത്തെയൊക്കെ നാം അന്ധവിശ്വാസങ്ങളായി ചിരിച്ചു തള്ളി. ആധുനിക ശാസ്ത്രത്തിന്റെ ചിറകേറി അനന്തതയിലേക്ക് പറക്കുമ്പോള്‍ നാം ഓര്‍ത്തില്ല, അനാവശ്യമായി ആസ്വദിക്കുന്ന സ്വാതന്ത്ര്യം നമ്മുടെ നാശത്തിലെ കലാശിക്കൂ എന്ന്.
ആധുനിക ശാസ്ത്രം കൈവരിച്ചു എന്ന് നാം അവകാശപ്പെടുന്ന നേട്ടങ്ങള്‍ തന്നെയായിരിക്കും ഭൂമിയില്‍ മനുഷ്യകുലത്തിന്റെ അന്ത്യം കുറിക്കുക എന്ന് അസന്നിഗ്ദമായി പറയുകയാണ് പ്രമുഖ പാരിസ്ഥിതി പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ വിഡല്‍. എന്നാല്‍, അത് സംഭവിക്കുക ആണവായുധങ്ങളിലൂടെയോ കാലാവസ്ഥാ വ്യതിയാനത്തിലൂടെയോ ആയിരിക്കില്ല എന്നും അദ്ദേഹം പറയുന്നു. മറിച്ച് അത് സംഭവിക്കുക മൃഗജന്യ രോഗങ്ങളിലൂടെയായിരിക്കും.