1 GBP = 102.00 INR                       

BREAKING NEWS

സ്റ്റുഡന്റ് വിസയില്‍ ലണ്ടനിലെത്തിയ കാമുകി കാമുകന്മാരെ പോലും വലയിലാക്കിയ മലയാളി ചതി; അനുഭവങ്ങള്‍ക്ക് പൊള്ളുന്ന വേദന തന്നെയെന്ന് അടിവരയിട്ട് സ്റ്റോക് ഓണ്‍ ട്രെന്റിലെ മനോജ് മാത്യു

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഏറെ സ്വപ്നങ്ങളോടെ യുകെയില്‍ എത്തുന്ന മലയാളി വിദ്യാര്‍ത്ഥികളെ കൊത്തിപ്പറിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് എക്കാലവും മലയാളി സമൂഹത്തില്‍ തന്നെ ഉളവരാണെന്നു ഏറെനാളായി കേള്‍ക്കുന്ന പരാതിയാണ്. ജോലി നല്‍കുന്നതിന്റെ പേരിലും താമസം ശരിയാക്കുന്ന കാര്യത്തിലും കാര്‍ വാങ്ങിക്കാന്‍ കൂട്ടുനില്‍ക്കുന്ന പേരിലുമൊക്കെ ഇത്തരം പരാതികള്‍ പതിവാണ്. ഏതാനും മാസം മുന്‍പ് ബെഡ്‌ഫോര്‍ഡില്‍ ഇത്തരത്തില്‍ ഒരു മലയാളി യുവതിയെ മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മലയാളി കരാര്‍ കച്ചവടക്കാരന്റെ ശ്രമം ബ്രിട്ടീഷ് മലയാളിയില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് വിഫലമാക്കാന്‍ കഴിഞ്ഞത്. തന്നെ പോലെ ഒരു ജീവിതം തേടിയെത്തിയവരാണ് കൈകൂപ്പി മുന്നില്‍ നില്കുന്നത് എന്ന പരിഗണന പോലും നല്കാന്‍ ഇയാള്‍ തയാറായിരുന്നില്ല. 

ഇപ്പോള്‍ വീണ്ടും പോസ്റ്റ് സ്റ്റഡി വിസ നല്‍കി തുടങ്ങുന്ന കാലം എത്തിയതോടെ പഴയ കാല പീഡന പരമ്പര വീണ്ടും കേട്ട് തുടങ്ങാം എന്ന ആശങ്കയ്യും ഉയരുകയാണ്. യുകെയില്‍ എത്തുന്ന സ്റ്റുഡന്റ് വിസക്കാര്‍ക്കു സംഭവിക്കുന്നതെന്തു എന്ന ചര്‍ച്ചയുടെ ഭാഗമായി ഇന്നത്തെ ഡിബേറ്റില്‍ തനിക്കറിയാവുന്ന അനുഭവങ്ങള്‍ പങ്കിടുകയാണ് സ്റ്റോക് ഓണ്‍ ട്രെന്റിലെ മലയാളിയായ മനോജ് മാത്യു. കഴിഞ്ഞ ദിവസങ്ങളില്‍ ലണ്ടനിലെ അഭിഭാഷകന്‍ കൂടിയായ സന്ദീപ് കണ്ണന്‍ , സൗത്ത് ഏന്‍ഡ് ഓണ്‍ സിയിലെ ജോസ്ന സെബാസ്റ്റ്യന്‍, മെല്‍ബറോയില്‍ താമസിക്കുന്ന രാജന്‍ കുര്യന്‍ എന്നിവര്‍ പങ്കുവച്ച ചിന്തകളുടെ തുടര്‍ച്ചയാണ് മനോജിന്റെ അനുഭവ കുറിപ്പ്.

എത്ര പേര്‍ രക്ഷപെട്ടു എന്ന ചോദ്യത്തിന് പകരം നിരാശയോടെ മടങ്ങിയവര്‍ എത്രയെന്നു ആരും ചോദിക്കാത്തതെന്തേ?
കഴിഞ്ഞ ദിവസത്തെ സ്റ്റുഡന്റ് വിസ സംവാദത്തില്‍`വറചട്ടിയില്‍ വീണവനെ എരിതീയിലേക്കു എടുത്തിടാന്‍ മടിയില്ലാത്ത` മലയാളി സോളിസിറ്റര്‍മാരെക്കുറിച്ചു വായിച്ചപ്പോള്‍ ഓര്‍മ്മവന്ന ഒരു അഭിഭാഷക വഞ്ചനയുടെ കഥ ആദ്യം പങ്കുവയ്ക്കട്ടെ. മിഡിസ്ബ്രോയിലുള്ള റ്റീസെഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ വന്നതാണ് കഥാനായിക. കാമുകനായ നായകന്‍ ലണ്ടനില്‍ സ്റ്റുഡന്റ് വിസയില്‍ ജോലിചെയ്യുന്നു. കുറച്ചു പൈസയൊക്കെയുണ്ടാക്കി നാട്ടില്‍ പോയി വിവാഹംകഴിക്കാന്‍ പ്ലാനിട്ടിരിക്കുമ്പോഴാണ് അനധികൃതമായി ജോലിചെയ്തതിനു യുകെബിഎ നടത്തിയ റെയിഡില്‍ നായകന്‍ പിടിയിലാകുന്നത്. വിസ ഒപ്പിച്ചുകൊടുത്ത ലണ്ടനിലെ മലയാളി സോളിസിറ്ററിനെ നായിക കരഞ്ഞുവിളിച്ചു. അവിടെനിന്നും കിട്ടിയ മറുപടി 500 പൗണ്ട് ഉടന്‍ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുക, പയ്യനെ ഡിറ്റെന്‍ഷന്‍ സെന്ററില്‍നിന്നും ഇറക്കാം എന്നായിരുന്നു. തട്ടിപ്പാണെന്നറിഞ്ഞിട്ടും ആ പെണ്‍കുട്ടിയുടെ കണ്ണീരിനുമുന്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ £500 വക്കീലിന്റെ അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്തു.

പിറ്റേന്ന് സ്ഥാപനത്തില്‍ വിളിച്ചപ്പോള്‍ അവര്‍ ക്ലയന്റിനോടു മാത്രമേ സംസാരിക്കൂ എന്നുപറഞ്ഞു ഫോണ്‍ വച്ചു. ക്ലയന്റായ പെണ്‍കുട്ടിയെക്കൊണ്ട് വിളിപ്പിച്ചപ്പോള്‍ എല്ലാം ശരിയാക്കാം രണ്ടു ദിവസം കഴിയട്ടെ എന്ന മറുപടി കിട്ടി. മൂന്നാം ദിവസം എയര്‍ ഇന്ത്യ വിമാനത്തില്‍ കയറ്റി ബോര്‍ഡര്‍ പോലീസ് നായകനെ നാട്ടിലേക്കയച്ചു. ചതി മനസ്സിലാക്കിയ പെണ്‍കുട്ടിക്ക് പിന്നെ ഞങ്ങളുടെ മുഖത്ത് നോക്കാന്‍ മടി. എവിടെയെങ്കിലും വച്ച് കണ്ടാല്‍ മാറി നടക്കാന്‍ തുടങ്ങി. £500 പോയതിലും ഞങ്ങളെ വിഷമിപ്പിച്ചത് അവള്‍ ഞങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു. കുറേനാള്‍ കഴിഞ്ഞപ്പോള്‍ അവളും നാട്ടിലേക്കു പോയെന്നു കേട്ടു. ഈ സംഭവം നടന്നിട്ട് ആറേഴു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇനിയും കബളിപ്പിക്കപ്പെടാന്‍ ആരുടെയൊക്കെയോ ജീവിതങ്ങള്‍ ബാക്കിയുള്ളതുകൊണ്ട് ലണ്ടനിലെ സോളിസിറ്റര്‍ സ്ഥാപനം അവരുടെ സേവനം തുടരുന്നു.

കഴിഞ്ഞ ദിവസത്തെ സംവാദത്തില്‍ രാജന്‍ കുര്യന്‍ പറയുന്നത് യുകെയിലേക്ക് സ്റ്റുഡന്റ് വിസയില്‍ വരുന്ന മിക്കവാറും ഇദ്ദേഹത്തെപ്പോലെ വര്‍ക്ക്‌പെര്‍മിറ്റ് കിട്ടി രക്ഷപെടുന്നുണ്ട് എന്നാണ്. ഇതില്‍ എന്തുമാത്രം വാസ്തവമുണ്ട്? എനിക്കറിയാവുന്ന സ്റ്റുഡന്റ് വിസക്കാരില്‍ നൂറില്‍ പത്തുപേര്‍ സോഷ്യല്‍ വര്‍ക്കറോ, സോഫ്റ്റ്വെയര്‍ പ്രൊഫഷണലോ, സോളിസിറ്ററോ ആയി ഇവിടെ നില്‍ക്കുമ്പോള്‍ ബാക്കി തൊണ്ണൂറുപേരും പഠനം കഴിഞ്ഞോ, പാതിവഴിയില്‍ ഉപേക്ഷിച്ചോ തിരികെ പോയവരാണ്. ലോകം കേള്‍ക്കാനാഗ്രഹിക്കുന്നത് വിജയിച്ചവരുടെ കഥകള്‍ മാത്രമാണ്. പരാജിതരാവട്ടെ തങ്ങളുടെ കഥകള്‍ ഓര്‍ക്കാനോ പറയാനോ ആഗ്രഹിക്കുന്നില്ലാത്തതുകൊണ്ട് അവരുടെ ചരിത്രം അധികമാരും അറിയുന്നില്ല. 2010നുശേഷം സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തി ഇവിടെ വര്‍ക്ക് പെര്‍മിറ്റ് കിട്ടി സെറ്റിലായ എത്രപേരെ നിങ്ങള്‍ക്കറിയാം?

അടുത്തകാലത്ത് ഒരു വിദ്യാര്‍ത്ഥി പങ്കിട്ട അനുഭവം കൂടി പങ്കുവയ്ക്കാം. സ്വപ്നങ്ങളും പ്രതീക്ഷകളും നിറച്ച വലിയൊരു ഭാണ്ഡവുമായാണ് വിനു സ്റ്റുഡന്റ് വിസയില്‍ യുകെയിലേക്കു പറന്നത്. ഡിഗ്രിവരെ ഹോസ്പിറ്റലില്‍ നിന്നു പഠിച്ചതിനാല്‍ വിദ്യാര്‍ത്ഥി ജീവിതത്തിന്റെ അല്ലലോ അലച്ചിലോ അവന്‍ അറിഞ്ഞിരുന്നില്ല. നാട്ടില്‍നിന്നും റിക്രൂട്‌മെന്റ് ഏജന്‍സി മാഞ്ചസ്റ്ററിലെ യൂണിവേഴ്‌സിറ്റിയുടെതന്നെ അക്കൊമൊഡേഷനില്‍ അവനു താമസം ഒരുക്കി കൊടുത്തിരുന്നു. ഉറക്കം ഇളച്ചു കാത്തിരുന്ന ഒരു രാത്രിയുടെയും പന്തണ്ട് മണിക്കൂറത്തെ വിമാനയാത്രയുടെയും ക്ഷീണത്തില്‍ തന്റെ ആയുസ്സിലെ ഏറ്റവും വലിയ ഉറക്കമുറങ്ങി എണീറ്റപ്പോള്‍ സമയം ഉച്ചയായിരുന്നു. വയറ്റില്‍നിന്നും വിശപ്പിന്റെ വിളി എരിവായും പുളിവായും പുറത്തേക്കു വന്നപ്പോള്‍ അവന്‍ വേഗം പല്ലുതേച്ചു പുറത്തിറങ്ങി.

ബ്രേക്ഫാസ്റ്റ് മിസ്സായെങ്കിലും ലഞ്ച് ടൈം കഴിയുന്നതിനുമുന്‍പേ മെസ്സില്‍ എത്താനായി അവന്‍ സ്റ്റെപ്പുകള്‍ വേഗമിറങ്ങി. താഴെയെത്തിയപ്പോള്‍ ആദ്യം കണ്ട മദാമ്മക്കുട്ടിയോടെ അവന്‍ ഇവിടുത്തെ മെസ്സ് എവിടെയാണെന്നു ചോദിച്ചു. 'വാട്ട് മെസ്' എന്നു തിരിച്ചുചോദിച്ചുകൊണ്ടവള്‍ പോയി. പിന്നെ മെസ്സന്വേഷിച്ചുള്ള ഒരു നീണ്ട നടപ്പായിരുന്നു. അവസാനം കണ്ട ഹൈദരാബാദുകാരനാണ് പറഞ്ഞത് ഇവിടെ മെസ്സ് എന്നൊരു സംഭവം ഇല്ല എന്നത്. ഷോക്കില്‍ നിന്നും മുക്തനായ അവന്‍ ചോദിച്ചു: അപ്പോള്‍ ഭക്ഷണം എവിടെ കിട്ടും? പുറത്തു ഹൈസ്ട്രീറ്റില്‍ ടെസ്‌കോ എസ്പ്രസ്സും സബ്വേയുമുണ്ടെന്നു കേട്ടതേ അവന്‍ പുറത്തേക്കു വച്ചുപിടിപ്പിച്ചു. ടെസ്‌കോയില്‍ ബ്രഡിന്റെ വില ഒരു പൗണ്ട് പത്തു പെന്‍സ് എന്ന് കണ്ടതേ മനസ്സില്‍ കണക്കുകൂട്ടി - നൂറ്റിപ്പത്തുരൂപ! പിന്നെ അമ്പതു പെന്‍സിന്റെ ബ്രഡ്ഡും, ഒരുകുപ്പി ജാമും, ഒരു പാക്കറ്റ് ഓറഞ്ചും വാങ്ങി റൂമിലെത്തി. ബ്രെഡില്‍ ജാം തേയ്ക്കാന്‍ നോക്കിയപ്പോഴാണറിയുന്നത് തന്റെ കയ്യില്‍ ഒരു കത്തിയോ സ്പൂണോ ഒന്നുമില്ല എന്ന്. ഹോസ്റ്റലില്‍നിന്നും അടിച്ചുമാറ്റി ബിന്നില്‍ കളഞ്ഞ കത്തികളെയും മുള്ളുകളെയും അവന്‍ ശപിച്ചു. അവസാനം ഒരോറഞ്ച് പൊളിച്ച് അതിന്റെ തൊലികൊണ്ട് ജാം തോണ്ടിയെടുത്തു ബ്രഡില്‍ പുരട്ടി കഴിച്ചുവെന്ന് പറയുമ്പോള്‍ വിനുവിന്റെ മുഖത്തൊരു ചമ്മിയ ചിരി വിടര്‍ന്നു... ഇതുപോലെ എത്രയെത്ര കഥകള്‍ വിദേശത്തുപോയ വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുണ്ടാവും?

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category