1 GBP = 100.80 INR                       

BREAKING NEWS

ആഴക്കടല്‍ മത്സ്യബന്ധനം നടത്താന്‍ അമേരിക്കന്‍ കമ്പനിയുമായി മുന്നോട്ടുപോവാന്‍ ധൈര്യമുണ്ടോ എന്ന ചെന്നിത്തലയുടെ വെല്ലുവിളിക്ക് മുമ്പില്‍ പിണറായി മുട്ടുമടക്കി; ട്രോളര്‍ നിര്‍മ്മാണത്തിനും മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിനുമുള്ള 2950 കോടി രൂപയുടെ ധാരണാപത്രം റദ്ദാക്കും; ഇതും പ്രതിപക്ഷ വിജയം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ട്രോളര്‍ നിര്‍മ്മാണത്തിനും മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിനുമുള്ള 2950 കോടി രൂപയുടെ ധാരണാപത്രം റദ്ദാക്കും. പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ അമേരിക്കന്‍ കമ്പനിയും സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഈ വിവാദം ചര്‍ച്ചയാക്കിയത്. പ്രതിരോധത്തിന് സാഹചര്യമില്ലാത്ത വിധം തെളിവുകള്‍ പുറത്തു വന്നപ്പോള്‍ സര്‍ക്കാര്‍ വെട്ടിലായി. ഈ സാഹചര്യത്തിലാണ് പിന്മാറ്റം.

യുഎസ് കമ്പനിയായ ഇഎംസിസിയും കേരള ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനും (കെഎസ്ഐഎന്‍സി) തമ്മിലുള്ള ധാരണാപത്രം പുനഃപരിശോധിക്കാനാണ് നിര്‍ദ്ദേശം. ഇഎംസിസിയുമായി ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ ഒപ്പിട്ട 2950 കോടി രൂപയുടെ ധാരണാപത്രം സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിലുമുണ്ട്. പിആര്‍ഡി തയാറാക്കിയ 'ഇനിയും മുന്നോട്ട്' പരസ്യചിത്ര പരമ്പരയിലാണ് ഇതു നേട്ടമായി അവതരിപ്പിച്ചത്. ഈ പദ്ധതിയെ കുറിച്ചാണ് അറിയില്ലെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും പറയുന്നത്.

കോര്‍പറേഷന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പദ്ധതി റദ്ദാക്കാനുള്ള ആലോചന. സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായാണോ ധാരണാപത്രം ഒപ്പിട്ടത് എന്നാകും പരിശോധിക്കുക. കോര്‍പറേഷന്‍ എംഡി എന്‍. പ്രശാന്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും സാധ്യതയുണ്ട്. പ്രശാന്തിനെ ബലിയാടാക്കി വിവാദം ഒതുക്കാനാണ് നീക്കം. പ്രശാന്തിനെതിരെ നടപടി എടുക്കണമെന്ന് സിപിഎമ്മിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നു. എന്നാല്‍ ഏത് അന്വേഷണത്തേയും നേരിടാന്‍ ഒരുക്കമാണെന്ന നിലപാടിലാണ് പ്രശാന്ത്.

ഇഎംസിസി കെഎസ്ഐഎന്‍സി ധാരണാപത്രം അനുസരിച്ച് 400 ട്രോളറുകളും 5 മദര്‍ഷിപ്പുകളുമാണു നിര്‍മ്മിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 'അസെന്‍ഡ്' നിക്ഷേപക സംഗമത്തിന്റെ ഭാഗമായി 5000 കോടി രൂപയുടെ പദ്ധതിക്കു ധാരണാപത്രം ഒപ്പിട്ടിരുന്നതിനാലാണ് ട്രോളര്‍ നിര്‍മ്മാണം ഏറ്റെടുത്തതെന്നാണ് കെഎസ്ഐഎന്‍സിയുടെ നിലപാട്. കേരളത്തിന്റെ ആഴക്കടലില്‍ മത്സ്യബന്ധനം നടത്താനുള്ള പദ്ധതി എന്നു ധാരണാപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ തെളിവുകളില്ലാതെ താന്‍ ഒരു ആരോപണവും സര്‍ക്കാരിനതിരെ ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള അനുമതി വിദേശ കമ്പനികള്‍ക്ക് നല്‍കുന്നത് മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന നയമാണ്. കൊച്ചിയില്‍ നടന്ന നിക്ഷേപസംഗമത്തിലാണ് ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടത്. ഇവര്‍ക്ക് ചേര്‍ത്തലയില്‍ സ്ഥലം അനുവദിച്ചു. 400 യാനങ്ങള്‍ നിര്‍മ്മിക്കാന്‍ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലന്റ് കോര്‍പ്പറേഷനുമായി കരാര്‍ ഉറപ്പിച്ചു. ഇത്രയും കാര്യം മുന്നോട്ടുപോയപ്പോഴാണ് താന്‍ ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടതെന്ന് ചെന്നിത്തല പറഞ്ഞു.

ആദ്യം മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞത് ഞാനൊന്നും അറിഞ്ഞില്ലെന്നാണ്. മന്ത്രിയുമായി കമ്പനി പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുന്ന ഫോട്ടോ പുറത്തുവിട്ടപ്പോള്‍ പിന്നെ പറഞ്ഞത് കമ്പനിയുടെ ആളുകള്‍ തന്നെ വന്നു കണ്ടുവെന്നാണ്. എന്താ പറഞ്ഞതെന്ന് എനിക്കോര്‍മയില്ലെന്ന്. വൈകുന്നേരം പറഞ്ഞത് മത്സ്യനയത്തിന് വിരുദ്ധമായതൊന്നും ചെയ്യില്ലെന്നാണ്. യഥാര്‍ഥത്തില്‍ അതാണ് പ്രശ്‌നം. വിദേശ യാനങ്ങള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള അനുമതി നയത്തില്‍ അവര്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. അതനുസരിച്ചാണ് കമ്പനി പദ്ധതിക്ക് അപേക്ഷ കൊടുത്തത്. ആരോപണം ഉന്നയിക്കുമ്പോള്‍ പ്രതിപക്ഷ നേതാവിന്റെ മനോനില തെറ്റിയിരിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ ആരോപണം. എനിക്ക് ഭ്രാന്താണെന്നാണ് പറയുന്നത്, സാധാരണ ഭ്രാന്തുള്ളവരാണ് മറ്റുള്ളവര്‍ക്കും ഭ്രാന്താണെന്ന് പറയുക- അദ്ദേഹം പരിഹസിച്ചു.

രേഖകളില്ലാതെ, വസ്തുതകളില്ലാതെ താന്‍ ഒരു ആരോപണവും സര്‍ക്കാരിനെതിരെ ഉന്നയിച്ചിട്ടില്ല. സ്പ്രിങ്‌ലര്‍ ആയാലു ഇഎംസിസി ആയാലും തന്റെ പക്കല്‍ രേഖകളുണ്ട്. അടിയന്തരമായി കരാര്‍ റദ്ദ് ചെയ്യണമെന്നാണ് തന്റെ ആവശ്യം. അല്ലാത്ത പക്ഷം കേരളം കണ്ട് ഏറ്റവും വലിയ സമരങ്ങള്‍ക്ക് സര്‍ക്കാര്‍ സാക്ഷിയാവേണ്ടി വരും. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ കൊള്ളയടിക്കാന്‍ അമേരിക്കന്‍ കമ്പനിക്ക് വിട്ടുകൊടുക്കുകയാണ് സര്‍ക്കാര്‍. ഇതാണോ പാവങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കേരളത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്താന്‍ അമേരിക്കന്‍ കമ്പനിയുമായി മുന്നോട്ടുപോവാന്‍ ധൈര്യമുണ്ടോ എന്ന് താന്‍ പിണറായി വിജയനെ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category