1 GBP = 102.00 INR                       

BREAKING NEWS

നൂറ്റാണ്ടുകളുട പാരമ്പര്യമുള്ള മയക്കുമരുന്ന് കച്ചവടം; ഉദ്പാദനം, വിതരണം എന്നിവയെല്ലാം കൃത്യമായി വിഭജിച്ച്, വിപണിയെ സുഗമമായി മുന്നോട്ട് പോകാന്‍ സഹായിക്കുന്ന കാര്‍ട്ടലുകള്‍; മയക്കുമരുന്നിനൊപ്പം മനുഷ്യക്കടത്തും; ഈ അധോലോകത്തിന്റെ കിരീടം വയ്ക്കാത്ത രാജാവായി മാറിയ ജോക്വിന്‍ എല്‍ ചാപോ ഗസ്മാന്‍; കുറ്റകൃത്യങ്ങളില്‍ പങ്കാളിയായി മുന്‍സൗന്ദര്യ റാണികൂടിയായ ഭാര്യ, എമ്മ കൊറോണല്‍ ഐസ്പ്യൂറൊ; സെക്‌സും വയലന്‍സും ആവോളം നിറച്ച മെക്‌സിക്കന്‍ അധോലോകത്തിലൂടെ ഒരു യാത്ര

Britishmalayali
kz´wteJI³

ലോകത്തിലെ സംഘടിത കുറ്റവാളി സംഘങ്ങളില്‍ സമ്പത്തുകൊണ്ടും ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ കാഠിന്യം കൊണ്ടും മുന്‍നിരയില്‍ നില്‍ക്കുന്നവയാണ് മെക്‌സിക്കന്‍ ഡ്രഗ് കാര്‍ട്ടലുകള്‍. വിപണിയില്‍ പരസ്പരമുള്ള മത്സരം ഒഴിവാക്കുവാനും ഉദ്പാദനവും വിതരണവും കൊര്‍ത്തിണക്കിക്കൊണ്ടുപോകാനുമായി കാര്‍ട്ടലുകള്‍ പോലുള്ള സംവിധാനങ്ങള്‍ രൂപീകരിച്ച മെക്‌സിക്കന്‍ മയക്കുമരുന്നിന്റെ ചരിത്രം പത്തൊമ്പതാം നൂറ്റാണ്ടോളം നീണ്ടുകിടക്കുന്നു. അക്കാലത്ത് മെക്‌സിക്കോയില്‍ മരിജുവാന, കറുപ്പ്, കൊക്കെയ്ന്‍ തുടങ്ങിയവയൊക്കെ നിയമപരമായി വിവിധ ചികിത്സകള്‍ക്ക് ഉപയോഗിച്ചിരുന്ന മരുന്നുകളായിരുന്നു.

ഫാര്‍മസികളിലും ജനറല്‍ സ്റ്റോറുകളിലുമൊക്കെ ഇവ എളുപ്പത്തില്‍ ലഭ്യമായിരുന്ന കാലത്ത് അത് വാങ്ങുന്നവര്‍ രോഗികളാണോ അതോ മയക്കുമരുന്നിന് അടിമകളാണോ എന്നൊന്നും ആരും നോക്കിയിരുന്നില്ല. മാത്രമല്ല, ഇത്തരം മരുന്നുകള്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പുകളും നിര്‍ബന്ധമായിരുന്നില്ല. എന്നിരുന്നാലും മെക്‌സിക്കോയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം അത്ര വലുതായിരുന്നില്ല. എന്നാല്‍, തൊട്ടടുത്തു കിടക്കുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ സ്ഥിതി അതായിരുന്നില്ല. അതിവേഗം നഗരവത്ക്കരണത്തിലേക്ക് കുതിച്ചുയര്‍ന്നുകൊണ്ടിരുന്ന അമേരിക്കയില്‍ അതോടൊപ്പം മയക്കുമരുന്ന് ഉപയോഗവും ഉയര്‍ന്നുകൊണ്ടിരുന്നു. അങ്ങനെയാണ് മെക്‌സിക്കോയില്‍ നിന്നും മയക്കുമരുന്നുകള്‍ അമേരിക്കയില്‍ എത്താന്‍ ആരംഭിച്ചത്.

മയക്കുമരുന്ന് ഉദ്പാദനവും വിതരണവും നിയമവിരുദ്ധമാകുന്നു

രുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദത്തില്‍ അമേരിക്ക അന്താരാഷ്ട്ര രംഗത്തെ ഇടപെടലുകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മയക്കുമരുന്നിനെതിരെ ശക്തമായ നിലപാടെടുത്തു. മയക്കുമരുന്ന് വില്പനയും ഉപയോഗവും നിയമവിരുദ്ധമായി പ്രഖ്യാപിച്ച 1909-ലെ ഷാങ്ങ്ഹായ് സമ്മേളനം അമേരിക്കയുടെ നയത്തിന്റെ വിജയമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി 1914-ല്‍ നിലവില വന്ന ഹാരിസണ്‍ നര്‍കോട്ടിക് ആക്ട് മയക്കുമരുന്ന് നിയന്ത്രണത്തില്‍ ഫലവത്തായ ഒന്നായിരുന്നു. മാത്രമല്ല, പല രാജ്യങ്ങളും ഇത്തരത്തിലുള്ള നിയമങ്ങളുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു.

ഈ സമയത്ത് മെക്‌സിക്കന്‍ വിപ്ലവം അരങ്ങേറുകയായിരുന്നു. വിപ്ലവ നേതാക്കള്‍ക്ക് മയക്കുമരുന്നിനേക്കാള്‍ പ്രാധാന്യം അവരുടെ രാഷ്ട്രീയ അതിജീവനമായിരുന്നതിനാല്‍, പിന്നെയും മെക്‌സിക്കോയില്‍ മയക്കുമരുന്നുകള്‍ നിയമവിധേയമായ ചരക്കായി തന്നെ തുടര്‍ന്നു. എന്നാല്‍ അമേരിക്കയില്‍ ഇത് നിയമവിരുദ്ധമായി. അങ്ങനെയാണ് മെക്‌സിക്കോയില്‍ നിന്നുള്ള മയക്കുമരുന്ന് കടത്ത് ശക്തി പ്രാപിക്കുന്നത്. മരിജുവാന അമേരിക്കയിലെ സൈനികരും, ക്രിമിനലുകളും പാവപ്പെട്ടവരും ഉപയോഗിച്ചിരുന്നപ്പോള്‍, അവിടെയുള്ള ചൈനീസ് വംശജരായിരുന്നു കറുപ്പിന്റെ പ്രധാന ഉപഭോക്താക്കള്‍. മോര്‍ഫിന്‍, കൊക്കെയ്ന്‍, ഹെറോയിന്‍ തുടങ്ങിയവ കാലാകാരന്മാര്‍ക്കിടയിലും മധ്യവര്‍ത്തി സമൂഹത്തിലും പ്രചുരപ്രചാരം നേടി.

എന്നാല്‍, 1920 ല്‍ മരിജുവാന കൃഷിയും അതിന്റെ വാണിജ്യപരമായ ഇടപാടുകളും മെക്‌സിക്കോ നിരോധിച്ചു. 1926 ല്‍ കഞ്ചാവും മറ്റു മയക്കുമരുന്നുകളും ഇപ്രകാരം തന്നെ നിരോധിച്ചു. എന്നാല്‍, അപ്പോഴേക്കും സുസ്ഥാപിതമായിക്കഴിഞ്ഞ ഒരു വ്യാപരമായി മറിക്കഴിഞ്ഞിരുന്നു അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കയറ്റുമതി. ലോള ലാ ചാറ്റ പോലുള്ള മെക്‌സിക്കന്‍ നഗരങ്ങളില്‍ താമസിക്കുന്ന പല ധനികര്‍ക്കും ദൂരെയുള്ള ഗ്രാമങ്ങളില്‍ കഞ്ചാവും മറ്റും കൃഷിചെയ്യുന്ന ഇടങ്ങളുണ്ടായിരുന്നു. നര്‍കോട്ടിക്‌സ് പോലീസിന്റെ ഉന്നതരുടെ സഹായത്തോടെ അവരുടെ വാണിജ്യ തുടരുക തന്നെ ചെയ്തു.

മെക്‌സിക്കോ മയക്കുമരുന്നിന്റെ പ്രധാന വിപണിയാകുന്നു

മെക്‌സിക്കോയില്‍ മാത്രമല്ല, പല ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും മയക്കുമരുന്നുകള്‍ വലിയതോതില്‍ ഉദ്പാദിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍, അവര്‍ മെക്‌സിക്കോയുടെ പ്രാധാന്യം തിരിച്ചറിഞ്ഞത് ഒരു പതിറ്റാണ്ടിലേറെ അമേരിക്കയില്‍ മദ്യനിരോധനം നിലനിന്നിരുന്ന കാലത്തായിരുന്നു. 1920 മുതല്‍ 1933 വരെയുള്ള കാലത്ത് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വ്യാജമദ്യം അമേരിക്കയില്‍ എത്തിക്കാന്‍ മെക്‌സിക്കന്‍ കള്ളക്കടത്തുകാരായിരുന്നു മുന്നിലുണ്ടായിരുന്നത്. മെക്‌സിക്കയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനമായിരുന്നു ഇതില്‍ ഇവര്‍ക്ക് സഹായകമായത്.

അമേരിക്കന്‍ ഐക്യനാടുകളിലെ മദ്യ നിരോധനം നീങ്ങിയതോടെ മദ്യത്തിന്റെ സ്ഥാനം മയക്ക് മരുന്ന് ഏറ്റെടുത്തു. 1960 കളിലെത്തിയപ്പോഴേക്കും ഈ വിപണി ശക്തിപ്രാപിച്ചു എന്നുമാത്രമല്ല, ഉദ്പാദനം , വിപണനം തുടങ്ങിയവ വ്യക്തമായി നിര്‍വ്വചിച്ചുകൊണ്ടുള്ള ഡ്രഗ് കാര്‍ട്ടലുകളും നിലവില്‍ വന്നു. വിപണിയില്‍ പരസ്പരം മത്സരിക്കാതെയുള്ള ഒരുതരം സഹകരണ സംഘങ്ങളുടെ രീതിയിലുള്ളതായിരുന്നു ഇവയുടെ പ്രവര്‍ത്തനം. പി ആര്‍ ഐ പാര്‍ട്ടി മെക്‌സിക്കോ ഭരിച്ച 70 വര്‍ഷക്കാലം മയക്കുമരുന്ന് മാഫിയയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു.

ഡ്രഗ് കാര്‍ട്ടലുകള്‍ തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതും, രാജ്യത്തെ സമൂഹ വ്യവസ്ഥയില്‍ സുപ്രധാന സ്വാധീന ശക്തിയാകുന്നതും ഇക്കാലത്താണ്. മയക്കുമരുന്ന് വേട്ടയെല്ലം ദൂരെ പര്‍വ്വതപ്രദേശങ്ങളിലെ ചെറിയ കൃഷിയിടങ്ങളിലായി ഒതുങ്ങി. നഗരമേഖലകളിലെ വിപണിയെ കൈവയ്ക്കാന്‍ ആരുമുണ്ടായിരുന്നില്ല. അങ്ങനെയാണ് മയക്കുമരുന്ന് മാഫിയ മെക്‌സിക്കോയില്‍ തഴച്ചുവളരുന്നത്.

ജോക്വിന്‍ എല്‍ ചാപോ ഗസ്മന്റെ ഉദയം

1957-ല്‍ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച ജോക്വിന്‍ തന്റെ പിതാവിന്റെ കാലടികളെ പിന്തുടര്‍ന്നാണ് മയക്കുമരുന്ന് രംഗത്തേക്കിറങ്ങുന്നത്. അടിസ്ഥാനപരമായി ഒരു കന്നുകാലി കര്‍ഷകനായിരുന്ന ജോക്വിന്റെ പിതാവ് ചെറിയതോതില്‍ മയക്കുമരുന്ന് കൃഷിയും കച്ചവടവും നടത്തിയിരുന്നു. അതില്‍ സഹായിച്ചുകൊണ്ടാണ് ഇയാള്‍ ഈ രംഗത്തെത്തുന്നത്. 1970 കളില്‍ യൗവ്വനാരംഭത്തില്‍ തന്നെ അയാള്‍ അന്നത്തെ മയക്കുമരുന്ന് മാഫിയാതലവന്മാരില്‍ പ്രധാനിയായിരുന്ന ഹെക്ടര്‍ എല്‍ ഗുരോയുടെസംഘാംഗമായി. സിയാറാ മേഖലയില്‍ നിന്നും മയക്കുമരുന്ന അമേരിക്കന്‍-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ എത്തിക്കുകയായിരുന്നു അയാളുടെ ജോലി.

സംഘടിത കുറ്റകൃത്യങ്ങളുടെ ലോകത്തെത്തിയ ജോക്വിന്‍ എല്‍ ചാപോയ്ക്ക് ഉയരങ്ങളില്‍ എത്താനുള്ള ആവേശമായിരുന്നു. തനിക്ക് കടത്താന്‍ കൂടുതല്‍ മയക്കുമരുന്ന് തരണമെന്ന് അയാള്‍ സംഘത്തലവന്മാരോട് പറയുമായിരുന്നു. മാത്രമല്ല, അതുവരെ അക്രമങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ലാതിരുന്ന ഈ ലോകത്തില്‍ അക്രമം എത്തിച്ചതിലും വലിയൊരു പങ്ക് ഇയാള്‍ക്കാണ്. തന്റെ ചരക്കുകള്‍ സമയത്ത് എത്താന്‍ വൈകിയാല്‍, അത് കൊണ്ടുവരുന്നവരെ നിര്‍ദാക്ഷണ്യം വെടിവെച്ചു കൊല്ലുക എന്നത് ഇയാളുടെ പതിവായിരുന്നു.

ഇതോടെ എല്‍ ചാപോയെ ചതിക്കുകയോ അല്ലെങ്കില്‍, കൂടുതല്‍ വില നല്‍കുന്ന എതിരാളികളുടെ സംഘത്തോടൊപ്പം ചേരുന്നതോ ബുദ്ധിയല്ല എന്ന ചിന്ത ഇയാള്‍ക്കൊപ്പം നിന്നവരില്‍ ഉണ്ടാകാന്‍ തുടങ്ങി. അന്നും കൊളമ്പിയയില്‍ നിന്നുള്ള മയക്കു മരുന്ന്, പ്രധാനമായും കൊക്കേയ്ന്‍ മെക്‌സിക്കോ മഫിയയുടെ സഹായത്തോടെ അമേരിക്കയിലേക്ക് കടത്താറുണ്ടായിരുന്നെങ്കിലും, അവര്‍ പ്രധാനമായും ആശ്രയിച്ചിരുന്നത് ലാറ്റിന്‍ മരിക്കന്‍ രാജ്യങ്ങള്‍ വഴി കരീബിയന്‍-ഫ്‌ളോറിഡ ഇടനാഴിയിലൂടെ കടത്താനായിരുന്നു. എന്നാല്‍, അമേരിക്ക ഈ ഭാഗത്തെ നിരീക്ഷണം ശക്തമാക്കുകയും നിരവധി ലോഡുകള്‍ പിടിച്ചെടുക്കുകയും ചെയ്തതോടെ കൊളമ്പിയയില്‍ പ്രധാന മയക്കുമരുന്ന് സംഘങ്ങളെല്ലാം മെക്‌സിക്കന്‍ മാഫിയയുടെ സഹായം തേടിയെത്തി.

ഇതോടൊപ്പം അമേരിക്കന്‍ രഹസ്യാന്വേഷണ സംഘങ്ങള്‍ മെക്‌സിക്കോയിലെ തങ്ങളുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. മയക്കു മരുന്നു വില്പനയിലെ പലഏജന്റുമാരേയും അവര്‍ തങ്ങളുടെ ഇന്‍ഫോര്‍മര്‍മാരായി മാറ്റിയിരുന്നു. ഇത്തരത്തിലുള്ള കമാരേന സലാസര്‍ എന്ന ഇന്‍ഫോര്‍മര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍, 1985-ല്‍ വലിയൊരു മരിജുവാന വേട്ട മെക്‌സിക്കന്‍ സൈന്യം നടത്തി. ഇതിന് പ്രതികാരമായി കാമാരേനയെ അന്ന് മാഫിയാ തലവനായ ഫെലിസ്‌ക് കൊന്നു. ഇത് അമേരിക്കയെ ചൊടിപ്പിച്ചു.

ഇതോടെ അമേരിക്കന്‍ സഹായത്തോടെ മെക്‌സിന്‍ പോലീസും സൈന്യവും ഫെലിക്‌സിനു വേണ്ടിയുള്ള വേട്ട ശക്തമാക്കി. ഈ അവസരം മുതലെടുത്ത് എല്‍ ചാപോ കാര്‍ട്ടലില്‍ തന്റെ സ്ഥാനം ഭദ്രമാക്കുവാനായി കൂടുതല്‍ മയക്കുമരുന്ന് കടത്താന്‍ ആരംഭിച്ചു. ഏറെ താമസിയാതെ ഫെലിക്‌സ് അറസ്റ്റിലായി. തുടര്‍ന്ന് ഫെലിക്‌സിന്റെ കീഴിലുള്ള കാര്‍ട്ടല്‍ രണ്ടായി വിഭജിക്കപ്പെടുകയും ഇസ്മയില്‍ എല്‍ മായോയുടെ നേതൃത്വത്തിലുള്ള സിനാലോ കാര്‍ട്ടലില്‍ എല്‍ ചാപോ എത്തുകയും ചെയ്തു. അവിടെനിന്നായിരുന്നു അയാള്‍ മാഫിയാ തലവനായി ഉയരുന്നത്.

കാര്‍ട്ടലുകള്‍ തമ്മിലുള്ള കിടമത്സരവും കൊലപാതക പരമ്പരകളും

ഫെലിക്‌സിന്റെ അറസ്റ്റോടെ രണ്ട് വിഭാഗമായി മാറിയ കാര്‍ട്ടലില്‍, ടിജുവാനാ കാര്‍ട്ടലിന്റെ കാര്യങ്ങള്‍ അരെല്ലനോ ഫെലിക്‌സ് സഹോദരങ്ങള്‍, ജീസല്‍ ലാബ്ര, ജാവിയര്‍ കാരോ എന്നിവരെയായിരുന്നു ഏല്പിച്ചിരുന്നത്. ഇതില്‍ ജീവന് ഭീഷണിയുണ്ടെന്ന് തിരിച്ചറിഞ്ഞ ജാവിയര്‍ മാരോ കാനഡയിലേക്ക് കടക്കുകയും പിന്നീട് അവിടെ വച്ച് അറസ്റ്റിലാവുകയും ചെയ്തു. അതേസമയം എല്‍ ചാപോയും സിനലോയ കാര്‍ട്ടലിലെ മറ്റ് നേതാക്കളും അരെല്ലെനൊ ഫെല്ക്‌സ് സഹോദരങ്ങള്‍ക്ക് മീതെ പകയുമായി നീങ്ങുകയായിരുന്നു.

1989-ല്‍ ഫെലിക്‌സ് കുടുംബവുമായി ഒരു ധാരണയുണ്ടാക്കുവാന്‍ എല്‍ ചാപോ തന്റെ ഏറ്റവും വിശ്വസ്തനായ അര്‍മാന്‍ഡോ ലോപ്‌സിനെ അയച്ചു. എന്നാല്‍ ലോപസ് കൊല്ലപ്പെടുകയായിരുന്നു. ലോപസിന്റെ മൃതദേഹ നഗരത്തിന്റെ അതിര്‍ത്തിയില്‍ ഉപേക്ഷിച്ച ടിജുവാന കാര്‍ട്ടല്‍ ഭാവിയില്‍ പ്രതികാരനടപടികള്‍ ഇല്ലാതെയിരിക്കാനായി ലോകശിന്റെ കുടുംബാംഗങ്ങളെ മുഴുവനും വകവരുത്തുകയും ചെയ്തു. അതേവര്‍ഷം തന്നെ അരെല്ലാനോ ഫെലിക്‌സ്, അറിയപ്പെടുന്ന വിനിസ്വലന്‍ കള്ളക്കടത്തുകാരനായ റാഫേല്‍ ക്ലാവലിനെ, സിനലോവ കാര്‍ട്ടലിന്റെ നേതാക്കളിലൊരാളായ പാല്മയുടെ കുടുബത്തിലേക്ക് അയച്ചു.

പാല്മയുടെ ഭാര്യയെ കൈയ്യിലെടുത്ത് അയാളുടെ അക്കൗണ്ടില്‍ നിന്നും 7 മില്ല്യണ്‍ യു എസ് ഡോളര്‍ അടിച്ചുമാറ്റുക എന്നതായിരുന്നു ലക്ഷ്യം. കാര്യം സാധിച്ചശേഷം അയാള്‍ പാല്മയുടെ ഭാര്യയെ കഴുത്തറത്തുകൊല്ലുകയും അവരുടെ തല ഒരു പെട്ടിയിലാക്കി പാല്മയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. മെക്‌സിക്കന്‍ മയക്കുമരുന്ന് രംഗത്തെ ആദ്യത്തെ തലയറുത്തുള്ള കൊലപാതകമായിരുന്നു അത്. രണ്ടാഴ്ച്ചക്ക് ശേഷം ക്ലാവേല്‍ പാല്മയുടെ രണ്ട് മക്കളെയും നദിയിലെറിഞ്ഞു കൊന്നു. പാല്മ ക്ലാവലിനെ കൊന്ന് പകരം വീട്ടി.

പിന്നീട് ഇരു ഗ്രൂപ്പുകളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഒരു തുടര്‍ക്കഥയാവുകയായിരുന്നു. നിരവധി പേരാണ് ഇരുഭാഗത്തുമായി കൊല്ലപ്പെട്ടത്. ഇതിനിടയില്‍ തന്റെ കാറില്‍ സഞ്ചരിക്കുന്നതിനിടെ എല്‍ ചാപോയെ കൊല്ലാന്‍ ഫെലിക്‌സ് ഒരു ശ്രമം നടത്തിയെങ്കിലു അത് വിജയിച്ചില്ല. മരണത്തില്‍ നിന്നും രക്ഷപ്പെട്ട എല്‍ ചാപ്പൊ തന്റെ സംഘത്തേയും കൂട്ടി ഫെലിക്‌സിനെ ആക്രമിച്ചു. ഇരുഭാഗത്തുമായി എട്ടോളം പേര്‍ മരണപ്പെട്ടപ്പോള്‍ ഫെലിക്‌സും എല്‍ ചാപോയും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തുടര്‍ന്ന് ആറുമാസക്കാലത്തോളം ഇരു വിഭാഗങ്ങളും തമ്മിലുള്ള പോരാട്ടം തുടര്ന്നു. പക്ഷെ ഇരുഭാഗത്തേയും നേതാക്കള്‍ക്ക് ജീവഹാനി സംഭവിച്ചില്ല.

കര്‍ദ്ദിനാളിന്റെ വധം; എല്‍ ചാപ്പോയുടെ അറസ്റ്റും ജയില്‍വാസവും; സുലേമ ഹെര്‍ണാണ്ടസിന്റെ വരവും

ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ ഗൗഡലജരാ അന്താരാഷ്ട വിമാനത്താവളത്തില്‍ എല്‍ ചാപ്പോ ഉണ്ടെന്ന് മനസ്സിലാക്കിയ എതിരാളികള്‍ അവിടെ സംഘം ചേര്‍ന്ന് എത്തി. തുടര്‍ന്ന് അവര്‍ എല്‍ ചാപ്പോക്ക് നേരെ വെടി ഉതിര്‍ത്തു. എന്നാല്‍ എല്‍ ചാപ്പോയുടെ കാറെന്ന് അവര്‍ തെറ്റിദ്ധരിച്ച് വെടിവച്ചത് അവിടത്തെ ആര്‍ച്ച് ബിഷപ്പ് ആയിരുന്ന കര്‍ദ്ദിനാള്‍ ജുവാന്‍ ജീസസ് പൊസാഡസിന്റെ കാറിനു നേരെയായിരുന്നു. ഇതില്‍ കര്‍ദ്ദിനാള്‍ കൊല്ലപ്പെട്ടു. മെക്‌സിക്കോയില്‍ മതനേതാക്കളില്‍ പ്രമുഖനായിരുന്ന കര്‍ദ്ദിനാളിന്റെ കൊലപാതകം വലിയ വിവാദമായി. പ്രസിഡണ്ട് കാര്‍ലോസ് വരെ ഇതിനെ അപലപിച്ചും മാത്രമല്ല കത്തോലിക്ക സഭയുടെയും പൊതുജനങ്ങളുടെയും സമ്മര്‍ദ്ദംഏറിയപ്പോള്‍ ഇതിനെ കുറിച്ച് അന്വേഷിക്കാനും ആരംഭിച്ചു.

കര്‍ദ്ദിനാളിന്റെ കൊലയാളികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 മില്ല്യണ്‍ അമേരിക്കന്‍ ഡോളറായിരുന്നു ഇനാമായി പ്രഖ്യാപിച്ചത്. മാത്രമല്ല, എല്‍ ചാപ്പോയുടെ ചിത്രം ടി വി ചാനലുകളിലൂടെയും മറ്റും പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇതോടെ താന്‍ പിടിക്കപ്പെടുമെന്ന് ബോദ്യമായ എല്‍ ചാപ്പോവ്യാജ പാസ്സ്‌പോര്‍ട്ട് ഉണ്ടാക്കി ഗോട്ടിമാലയിലേക്ക് കടന്നു. തന്റെ പെണ്‍സുഹൃത്ത് മരിയയും ഏറ്റവും വിശ്വ്‌സ്തരായ അനുയായികളുമൊരുമിച്ച് എല്‍ സാല്‍വഡോറില്‍ താമസം ആരംഭിക്കുവാനായിരുന്നു അയാള്‍ ഉദ്ദേശിച്ചത്. എന്നാല്‍, ഇയാളുടെ ഓരോ നീക്കങ്ങളും മെക്‌സിക്കന്‍ -ഗ്വാട്ടിമാല അധികൃതര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അങ്ങനെ 1993-ല്‍ ഗ്വാട്ടിമാലയിലെ ഒരു ഹോട്ടലില്‍ വെച്ച് ഗ്വാട്ടിമാലന്‍ സൈന്യം ഇയാളെ അറസ്റ്റ് ചെയ്ത് മെക്‌സിക്കന്‍ അധികാരികള്‍ക്ക് കൈമാറി. തുടര്‍ന്ന് കര്‍ദ്ദിനാള്‍ കൊല്ലപ്പെട്ട കേസില്‍ ഇയാള്‍ കുറ്റവിമുക്തനായെങ്കിലും വിവിധ മയക്കുമരുന്ന് കേസുകളിലായി 20 വര്‍ഷത്തെ ജയില്‍ ശിക്ഷ ഇയാള്‍ക്ക് വിധിച്ചു. ഇതേസമയം, ഇയാളുടെ സഹോദരന്‍ എല്‍ പോളൊ ഇയാളുടെ സംഘത്തിന്റെ ചുമതല ഏറ്റെടുത്തു. അതീവ സുരക്ഷയുള്ള ഒരു ജയിലിലായിരുന്നു ഇയാളെ താമസിപ്പിച്ചിരുന്നത്. എന്നിരുന്നാലും സംഘാംഗങ്ങള്‍ കെട്ടുനിറയെ പണം കൊണ്ടുവന്നു നല്‍കിയതിനാല്‍ ജയിലില്‍ ഇയാള്‍ക്ക് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു.

അന്ന് മെക്‌സിക്കോയിലെ ഏറ്റവും സമ്പന്നമായ മാഫിയയായിരുന്നു എല്‍ ചാപ്പോവിന്റെത്. അതുകൊണ്ടുതന്നെ പണത്തിന് ഒരു ക്ഷാമവും അയാള്‍ക്കുണ്ടായിരുന്നില്ല. ജയില്‍ ജീവനക്കാരെല്ലാം ഇയാളുടെ ദാസന്മാരെ പോലെ എന്താഗ്രഹവും സാധിച്ചുകൊടുക്കാന്‍ തയ്യാറായി മുന്നിലുണ്ടായിരുന്നു. ഇവിടെ വച്ചാണ് ഒരു മോഷണക്കേസില്‍ അറസ്റ്റിലായി ജയില്‍ വാസമനുഭവിക്കുന്ന സുലേമ ഹെര്‍ണാണ്ടസിനെ പരിചയപ്പെടുന്നത്. ഇവര്‍ പിന്നീട് എല്‍ ചാപ്പോയുടെ വെപ്പാട്ടിയും സിനലോ കാര്‍ട്ടലിലെ ഒരു പ്രമുഖാംഗവുമായി മാറി. കാര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ മെക്‌സിക്കോ സിറ്റിയിലേക്ക് വ്യാപിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഇവരുടെ മൃതദേഹം പിന്നീട് ഒരു ടണലില്‍ നിന്നും കണ്ടെത്തുകയായിരുന്നു. കത്തികൊണ്ട് നിരവധി തവണ ശരീരത്തില്‍ സെഡ് എന്ന ഇംഗ്ലീഷ് അക്ഷരം പോറിയിട്ടിട്ടുണ്ടായിരുന്നു. സിനാലോവയുടെ എതിരാളികളായ ലോസ് സെറ്റാസിന്റെ അടയാളമാണത്.

ജയില്‍ ചാട്ടവും വിവാഹവും

യിലിലായി അധികം താമസിയാതെ കാവല്‍ക്കാര്‍ക്ക് കൈക്കൂലി നല്‍കി അവരുടെ സഹായത്തോടെ എല്‍ ചാപ്പോ ജയില്‍ ചാടുകയായിരുന്നു. പിന്നീട് അയാളുടെ ഉയര്‍ച്ചയായിരുന്നു ലോകം കാണുന്നത്. മയക്കുമരുന്നിനൊപ്പം, പെണ്‍കുട്ടികളേയും കടത്തുവാന്‍ ആരംഭിച്ചതോടെ എല്‍ ചാപ്പോയുടെ വരുമാനവും വര്‍ദ്ധിച്ചു വന്നു. ആയിടക്കാണ് എമ്മ കൊറോണല്‍ ഐസ്പുറോവുമായി പരിചയപ്പെടുന്നത്. 2007-ല്‍ മെക്‌സിക്കോയില്‍ നടന്ന ഒരു സൗന്ദര്യ മത്സരത്തിലെ മത്സരാര്‍ത്ഥിയായിരുന്നു എമ്മ. മത്സരാര്‍ത്ഥികള്‍ ഓരോരുത്തരായി ഒരു ദിവസം വീതം അത്താഴവിരുന്നൊരുക്കണം എന്നൊരു നിബന്ധന മത്സരത്തിനുണ്ടായിരുന്നു.

അത്തരത്തില്‍ എമ്മ ഒരുക്കിയ വിരുന്നിനിടെയാണ് എല്‍ ചാപ്പോ എമ്മയെ കണ്ടുമുട്ടുന്നത്. ആദ്യ ദര്‍ശനത്തില്‍ തന്നെ പ്രണയബദ്ധരായ ഇവര്‍ വിവാഹം കഴിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. 2011-ല്‍ ഇവര്‍ കാലിഫോര്‍ണിയയില്‍ വച്ച് ഇരട്ടക്കുട്ടികളെ പ്രസവിച്ചു, എന്നാല്‍ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റിലും മറ്റു രേഖകളിലും എല്‍ ചാപ്പോവിന്റെ പേരുണ്ടായിരുന്നില്ല. അന്നേ അയാള്‍ അമേരിക്കയുടേ നോട്ടപ്പുള്ളി ആയിരുന്നതിനാലായിരുന്നു ഇത്.

ജയില്‍ ചാടിയ അന്നുമുതല്‍ തന്നെ എല്‍ ചാപ്പോവിനെ വേട്ടയാടാനും ആരംഭിച്ചു. മെക്‌സിക്കയ്‌ക്കൊപ്പം അമേരിക്കയും എല്‍ ചാപ്പോവിനെ പിടികൂടാന്‍ ഒരുങ്ങി നടക്കുകയായ്രിരുന്നു. എന്നാല്‍, ഒരു പതിറ്റാണ്ടിലധികം കാലം അയാള നിയമങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് മയക്കുമരുന്ന് വ്യാപാരവുമായി മുന്നോട്ട് പോയി.

രണ്ടാമത്തെ അറസ്റ്റും രക്ഷപ്പെടലും

സിയാറാ മാഡ്രേ പര്‍വ്വതനിരകളിലായിരുന്നു ദീര്‍ഘനാല്‍ എല്‍ ചാപ്പോ ഒളിവില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ അതിനിടെ പിടിയിലായ അയാളുടെ ചില അനുയായികളില്‍ നിന്നും എല്‍ ചാപ്പോ ഒരു കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ സിനലോവയില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചു. അതനുസരിച്ച് അവര്‍ അയാളുടെ മുന്‍ ഭാര്യയുടെ വീട്ടില്‍ എത്തിയെങ്കിലും അവിടെ നേരത്തേ നിര്‍മ്മിച്ചിരുന്ന രഹസ്യ തുരങ്കം വഴി അയാള്‍ രക്ഷപ്പെടുകയായിരുന്നു. അവിടെനിന്നും മസാല്‍ടാനിലേക്ക് പോയ അയാളെ അവിടെ ഒരു ഹോട്ടലില്‍ വെച്ചാണ് പിന്നീട് മെക്‌സിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഹോട്ടലില്‍ അറസ്റ്റ് ചെയ്യുമ്പോള്‍ അയാള്‍ക്കൊപ്പം എമ്മയും ഉണ്ടായിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് അയാളെ വീണ്ടും അതീവ സുരക്ഷയുള്ള ജയിലിലേക്ക് മാറ്റി. ഇവിടെ ആരോഗ്യപരമായ സാഹചര്യങ്ങള്‍ ഇല്ലെന്ന പേരില്‍ ആയിരക്കണക്കിന്‍ തടവുകാരെ സംഘടിപ്പിച്ച് നിരാഹാര സമരം നടത്തിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇതിനിടയില്‍, അമേരിക്കയിലും ഇയാളുടെ പേരില്‍ കേസുകള്‍ ഉള്ളതിനാല്‍ ഇയാളെ അമേരിക്കയിലേക്ക് വിട്ടുകിട്ടാന്‍ അവരും ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഇതെല്ലാം ഒരോ സങ്കേതിക കാരണങ്ങളാല്‍ നടക്കാതെ പോവുകയായിരുന്നു.

ഇതിനിടയിലാണ് ഇയാള്‍ രണ്ടാം തവണയും ജയിലില്‍ നിന്നും രക്ഷപ്പെടുന്നത്. സെക്യുരിറ്റി ക്യാമറകളില്‍ ഒന്നിലും ഇയാളെ കാണാതായതിനെ തുടര്‍ന്ന് ഇയാളുടെ സെല്ലില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ രക്ഷപ്പെട്ടതായി കണ്ടത്. ജയില്‍ അറയ്ക്കുള്ളില്‍നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള ഒരു വീട്ടിലേക്ക് നിര്‍മ്മിച്ച ഭൂഗര്‍ഭ തുരങ്കം വഴിയായിരുന്നു ഇയാള്‍ രക്ഷപ്പെട്ടത്. വായു സഞ്ചാരത്തിനുള്ള സംവിധാനങ്ങള്‍ വരെ ഒരുക്കിയിരുന്ന ഈ ആധുനിക തുരങ്കത്തിന്റെ നിര്‍മ്മാണത്തിന് എല്ലാ സഹായവും ചെയ്തത് എമ്മയായിരുന്നു എന്ന് പറയപ്പെടുന്നു. ജയിലില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള ഒരു വീടും സ്ഥലവും വിലയ്ക്ക് വാങ്ങി അവിടെനിന്നുമായിരുന്നു തുരങ്കം നിര്‍മ്മിക്കാന്‍ തുടങ്ങിയത്.

സിനിമാ നിര്‍മ്മാണവും മൂന്നാം അറസ്റ്റും

യില്‍ ചാടി ഒളിവില്‍ കഴിയുന്ന കാലത്താണ് എല്‍ ചാപ്പോയുടെ അഭിഭാഷകര്‍ കേയ്റ്റ് ഡെല്‍ കാസ്റ്റില്ലോ എന്ന മെക്‌സിക്കന്‍ നടിയുമായി ബന്ധപ്പെടുന്നത്. നേരത്തേ മയക്കുമരുന്ന് കടത്തു നിര്‍ത്തി സ്‌നേഹം കടത്താന്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് ഈ നടി എല്‍ ചാപ്പോക്ക് ഒരു തുറന്ന കത്തയച്ചിരുന്നു. ഇപ്പോള്‍ അയാളുടെ ആവശ്യം തന്റെ കഥ ഒരു സിനിമയാക്കാന്‍ സഹായിക്കണം എന്നതായിരുന്നു. സിനിമാ വൃത്തങ്ങളില്‍ നിന്നും ഇതിനെക്കുറിച്ചറിഞ്ഞ അമേരിക്കന്‍ നടന്‍ സീന്‍ പെന്‍, കാസ്റ്റിലയുമായി ബന്ധപ്പെട്ട് തനിക്ക് എല്‍ ചാപ്പോയുടെ ഒരു അഭിമുഖം എടുക്കാനുള്ള അവസരമൊരുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

അങ്ങനെയാണ് കാസ്റ്റില്ലോയും പെന്നും കൂടി പര്‍വ്വത നിരകളിലുള്ള എല്‍ ചാപ്പോയുടെ ഒളിസങ്കേതത്തിലെത്തി ഇയാളെ കാണുന്നത്. ഏഴുമണിക്കൂറോളം അയാളുമായി അവര്‍ സംസാരിച്ചു. അന്നായിരുന്നു അയാള്‍ തനിക്ക് മയക്കുമരുന്ന് വ്യാപാരമുണ്ടെന്ന്ആദ്യമായി ഒരു മാധ്യമത്തോട് സമ്മതിക്കുന്നത്. എന്നാല്‍ ഇവരുടെ വരവിലൂടെ എല്‍ ചാപ്പോയുടെ ഒളിസങ്കേതം ഏതെന്നവ്യക്തമായ വിവരം അമേരിക്കക്ക് ലഭിച്ചു. അവര്‍ അത് മെക്‌സിക്കന്‍ അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് അവിടെ പോലീസ് എത്തിയെങ്കിലും കനത്ത വെടിപ്പിനിടെ അയാള്‍ രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് വടക്കന്‍ സിനലോയയിലെ കടല്ത്തീര നഗരമായ ലോസ് മോക്കിസില്‍ അയാളുണ്ടെന്നറിഞ്ഞ് പോലീസും സൈനികരും എത്തിയെങ്കിലും അവിടെയും വീട്ടിനുള്ളില്‍ നിന്നും നിര്‍മ്മിച്ചിരുന്ന ഒരു തുരങ്കം വഴി അയാള്‍ രക്ഷപ്പെട്ടു. മോഷ്ടിച്ചെടുത്ത ഒരു വാഹനവുമായായിരുന്നു അയാള്‍ പോയത്. വഴിയില്‍ അയാളെ തടഞ്ഞ പോലീസുകാര്‍ക്ക് വന്‍ തുക കൈക്കൂലി വാഗ്ദാനം നല്‍കിയെങ്കിലും അവര്‍ അതിനു വഴങ്ങിയില്ല. പിന്നീട് മേലധികാരികളുടെ ആജ്ഞാ പ്രകാരം അയാളെ അറസ്റ്റ് ചെയ്ത് മെക്‌സിക്കന്‍ സൈന്യത്തിന് കൈമാറുകയയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category