1 GBP = 102.00 INR                       

BREAKING NEWS

മകന്റെ പിറന്നാള്‍ പാവപെട്ട കുട്ടികള്‍ക്കായി ആഘോഷിച്ച പിതാവ് സ്വന്തം പിറന്നാളും ആഘോഷമാക്കിയത് കുട്ടികള്‍ക്ക് കളിപ്പാട്ടം ശേഖരിച്ചു; വിവരം നാട്ടുകാര്‍ അറിയുന്നത് ബിബിസി വഴി; യുകെയില്‍ എത്തിയിട്ട് ഒരു വര്‍ഷം പോലുമാകാത്ത ബാന്‍ബറിയിലെ മലയാളി യുവാവ് ലോക്കല്‍ ഹീറോയാകുമ്പോള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ യുകെയില്‍ എത്തിയ പാലക്കാട്ടുകാരന്‍ പ്രഭു നടരാജന്‍ പുറത്തിറങ്ങി നാടൊന്നു കാണും മുന്‍പേ ലോക്ഡോണ്‍ എത്തി. ഓക്‌സ്‌ഫോര്‍ഡ്ഷെയറിലെ ബാന്‍ബറി എന്ന നാട്ടിലേക്ക് പാലക്കാട്ടെ ഒലവക്കോട്ട് നിന്നും പറിച്ചു നടുമ്പോള്‍ സാധാരണ യുകെ മലയാളികളെ പോലെ പുത്തന്‍ ജീവിതം വേരുപിടിപ്പിക്കാന്‍ അധിക സമയം ഒന്നും വേണ്ടി വന്നില്ല എന്നതാണ് ഇപ്പോള്‍ പ്രഭുവിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.

കഴിഞ്ഞ ഇരുപതുവര്‍ഷമായി ഈ നാട്ടില്‍ കഴിയുന്ന മലയാളികളെ പോലും നാട്ടുകാര്‍ തിരിച്ചറിയാന്‍ സാധിക്കാത്തിടത്താണ് വെറും മാസങ്ങള്‍ക്കകം പ്രദേശവാസികളുടെ ലോക്കല്‍ ഹീറോയായി പ്രഭുവും ഏഴുവയസുകാരന്‍ മകനും മാറിയിരിക്കുന്നത്. ആദ്യം നാട്ടുകാരുടെ സ്‌നേഹം പിടിച്ചു പറ്റിയ പ്രഭു ഇപ്പോള്‍ പ്രദേശത്തെ ബിസിനസ് സമൂഹത്തിനും പ്രാദേശിക എംപി വിക്ടോറിയാ പെന്റിസിനും എന്തിനേറെ ബിബിസി വാര്‍ത്ത മുറിയില്‍ വരെ പ്രിയപ്പെട്ടവന്‍ ആയി മാറിയിരിക്കുകയാണ്. ഇത്രയും ചുരുങ്ങിയ സമയത്തില്‍ യുകെയില്‍ എത്തി ശ്രദ്ധ നേടിയ മറ്റൊരാളെ കണ്ടെത്തുക ദുഷ്‌കരം ആയിരിക്കും.

ചുരുങ്ങിയ സമയത്തില്‍ ബ്രിട്ടീഷ് മലയാളിയില്‍ തന്നെ ഇത് മൂന്നാം വട്ടമാണ് ഈ അച്ഛനെയും മകനെയും കുറിച്ച് പ്രധാന വാര്‍ത്ത ചെയ്യേണ്ടി വരുന്നത് എന്നതില്‍ നിന്നും തന്നെ ഇവര്‍ സമൂഹത്തില്‍ നേടിയെടുത്ത അംഗീകാരത്തിന് മതിയായ തെളിവായി മാറുകയാണ്.

മറ്റുള്ളവരുടെ ജീവിത പ്രയാസങ്ങള്‍ കണ്ടറിയുന്നവരെ ബ്രിട്ടീഷ് സമൂഹം എത്തരത്തിലാണ് ചേര്‍ത്ത് നിര്‍ത്തുക എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് പ്രഭുവും കുടുംബവും അനുഭവിക്കുന്ന സന്തോഷ നിമിഷങ്ങള്‍ എന്നും വ്യക്തമാകുന്നു. സാധാരണ കുടിയേറ്റ സമൂഹത്തോട് നിക്ഷേധാല്മക സമീപനമാണ് തദ്ദേശ വാസികള്‍ കാട്ടുന്നതെന്ന ആക്ഷേപങ്ങള്‍ വാര്‍ത്തകളായി എത്തുന്ന സമയത്തു തന്നെയാണ് സ്‌നേഹം നല്‍കി സ്‌നേഹം തിരിച്ചു പിടിക്കുന്ന മാജിക് പ്രഭു കാണിച്ചു തരുന്നത്.

തന്റെ നിസാര ശമ്പളത്തില്‍ നിന്നും മിച്ചം പിടിക്കുന്ന പണം ഉപയോഗിച്ചും ഓണ്‍ലൈന്‍ ഫണ്ട് ശേഖരണം വഴി ലഭിക്കുന്ന ചെറിയ തുകകൊണ്ടുമൊക്കെ സാധാരണക്കാക്കരെ സഹായിക്കാന്‍ ഇറങ്ങിയാണ് പ്രഭു ബാന്‍ബറിയുടെ സ്‌നേഹം സ്വന്തമാക്കുന്നത്.

ബാന്‍ബറിയില്‍ അവിചാരിതമായി വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുന്ന സന്നദ്ധ സംഘടനയില്‍ എത്തിയതാണ് പ്രഭുവിനെ ഇവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലേക്കു എത്തിക്കുന്നത്. തുടര്‍ന്ന് തന്റെ മകന്റെ പിറന്നാള്‍ ആഘോഷം വേണ്ടെന്നു വച്ച് 600 പൗണ്ടിലേറെ തുക കൂടെ ജോലി ചെയ്യുന്നവരുടെയും മറ്റും സഹായത്തോടെ സമാഹരിച്ചു മകന്‍ പഠിക്കുന്ന സ്‌കൂളിലെ 25 കുടുംബങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവും അടങ്ങുന്ന സമ്മാനപ്പൊതികള്‍ നല്‍കിയാണ് പ്രഭു തുടക്കമിടുന്നത്.

എന്നാല്‍ പലരും ചെയുന്നത് പോലെ, മറ്റുള്ളവരെ സഹായിക്കുക എന്നത് ഒറ്റത്തവണ കൊണ്ട് അവസാനിപ്പിക്കുവാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു. ഡിസംബറിലെ അസ്ഥി തുളച്ചു കയറുന്ന തണുപ്പില്‍ സാന്ത ക്‌ളോസിന്റെ വേഷമിട്ടു ആറുമണിക്കൂര്‍ പുറത്തു നിന്ന് വീണ്ടും കുഞ്ഞുമനസില്‍ വലിയൊരു സ്വപ്നമായി കടന്നു കയറുക ആയിരുന്നു ഈ ചെറുപ്പക്കാരന്‍. അന്നും അനേകം കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍ നല്കാന്‍ പ്രഭുവിനായി.

ഇക്കാര്യങ്ങള്‍ അറിഞ്ഞതോടെ പ്രാദേശിക എംപി വിക്ടോറിയ പെന്റിസ് പ്രഭുവിന് കത്തയച്ചാണ് നന്ദി അറിയിച്ചത്. എന്നാല്‍ ഇതിനെയൊക്കെ ഞെട്ടിക്കുന്ന വിധമാണ് പുതുവര്‍ഷ നാളില്‍ പ്രഭുവിന്റെ വീട്ടിലേക്കു പുത്തന്‍ സ്മാര്‍ട്ട് ടിവി സമ്മാനവുമായി മൈക്ക് ഹിറോണ്‍ എന്ന ബിസിനസുകാരന്‍ എത്തുന്നത്. കയ്യില്‍ വലിയൊരു ടിവിയും താങ്ങിപിടിച്ചുകൊണ്ടു. താന്‍ ടിവിയൊന്നും ഓര്‍ഡര്‍ ചെയ്തില്ലല്ലോ എന്ന് മനസ്സില്‍ കരുതും മുന്നേ മൈക് പറയാന്‍ തുടങ്ങി, താന്‍ പഴയ ടിവി വാങ്ങുവാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കി ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് തങ്ങളുടെ സ്ഥാപനം ശ്രദ്ധിച്ചുവെന്നും, സമൂഹത്തില്‍ നല്ല സന്ദേശമായി മാറിയ താങ്കള്‍ക്ക് ഇത് ഞങ്ങളുടെ സമ്മാനമായി നല്‍കുന്നതില്‍ സന്തോഷമേയുള്ളൂ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. തനിക്കു തന്നെത്തന്നെ വിശ്വസിക്കാന്‍ പ്രയാസം തോന്നിയ നിമിഷങ്ങള്‍ ആയിരുന്നു അതെന്നു പ്രഭു പറയുന്നു.

തനിക്കു 40 വര്‍ഷമായി മനസ്സില്‍ തോന്നാത്ത കാര്യമാണ് വളരെ കുറച്ചു കാലത്തേ യുകെ ജീവിതം വഴി നിങ്ങള്‍ ചെയ്തെന്നും പറയാന്‍ അദ്ദേഹം മറന്നില്ല. എന്നാല്‍ സര്‍പ്രൈസ് അവിടെയും തീര്‍ന്നില്ല. അല്പം കഴിഞ്ഞപ്പോള്‍ മറ്റൊരാള്‍ എത്തുന്നു. അദ്ദേഹത്തിന്റെ കൈവശവും ടിവി തന്നെ. പ്രഭുവിന്റെ അയല്‍വാസിയാണത്രെ അയാളുടെ മകള്‍. തന്റെ മകളുടെ അയല്പക്കത്തു ഇത്രയും നാലൊരു ചെറുപ്പക്കാരന്‍ താമസിക്കുമ്പോള്‍ അയാള്‍ക്ക് ഒരു ടിവി നല്‍കുന്നതില്‍ തെറ്റൊന്നും ഇല്ലെന്ന മട്ടിലാണ് അദ്ദേഹം പ്രഭുവിനായി ടിവിയുമായി എത്തിയത്.

ദിവസേനെ പാവപ്പെട്ടവര്‍ക്കായി 60 മൈല്‍ വരെയൊക്കെ യാത്ര ചെയുന്ന പ്രഭു തന്റെ കാറിന്റെ സര്‍വീസ് ചെയ്യാന്‍ അടുത്തകാലത്ത് പരിചയപ്പെട്ട കാര്‍ മെക്കാനിക് ഡാമിയനും ഈ യുവാവിനെ അത്ഭുതപെടുത്തിയിരിക്കുകയാണ്. സാധാരണ വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ചാല്‍ 150 പൗണ്ട് വരെയെങ്കിലും വേണ്ടി വരുമായിരുന്ന സര്‍വീസിങ് സ്വന്തം ചിലവില്‍ ഏറ്റെടുത്തു പൂര്‍ത്തിയാക്കിയാണ് ഡാമിയന്‍ പ്രഭുവിനെ അത്ഭുതപ്പെടുത്തിയത്. കാര്‍ നന്നാക്കിയതിന്റെ പണമെത്ര എന്ന ചോദ്യത്തിന്, ഇതിനു പണമോ, ഇത് എന്റെ വക ചെറിയൊരു സമ്മാനം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത്തരത്തില്‍ കാണുന്നവരും പരിചയപ്പെടുന്നവരും ഒക്കെ ഓരോ തരത്തില്‍ ഈ യുവാവിലെ നന്മ തിരിച്ചറിയുകയാണ്.

ഇപ്പോള്‍ അവിടം കൊണ്ട് കാര്യങ്ങള്‍ അവസാനിക്കുന്നില്ല. രണ്ടു നാള്‍ മുന്‍പ് തന്റെ പിറന്നാള്‍ എത്തിയപ്പോള്‍ എങ്ങനെ അത് വത്യസ്ഥമാക്കാന്‍ കഴിയും എന്ന ആലോചന മനസ്സില്‍ എത്തിയപ്പോള്‍ തികച്ചും ആകസ്മികമായ ഒരു ചിന്തയാണ് ഈ ചെറുപ്പകാരനില്‍ കടന്നു കൂടിയത്. തന്റെ പിറന്നാള്‍ ദിനത്തില്‍ ഒക്കെ മുത്തച്ഛന്റേയും മുത്തശ്ശിയുടെയും കൈകളില്‍ നിന്നും സമ്മാനം വാങ്ങിയ ഓര്‍മ്മയില്‍ കോവിഡില്‍ പ്രിയപ്പെട്ട മുത്തച്ഛനേയും മുത്തശ്ശിയേയും ഒക്കെ നഷ്ടമായ കുട്ടികളെയാണ് പ്രഭുവിന് മനസ്സില്‍ സങ്കല്പികനായത്. ഒട്ടും മടിച്ചില്ല , പ്രഭു വീണ്ടും ബാറ്റ്മാന്റെ വേഷമിട്ടു. അതോടെ വീടിനകം നിറയെ കുട്ടികള്‍ക്ക് നല്‍കാനുള്ള കളിക്കോപ്പുകള്‍ കൊണ്ട് നിറയുകയായിരുന്നു.

നല്ല മനസുള്ള മനുഷ്യര്‍ ഈ ലോകത്തു ആവശ്യത്തിലേറെയുണ്ട് എന്ന് വീണ്ടും വീണ്ടും പ്രഭു തന്റെ ജീവകാരുണ്യ പ്രവര്‍ത്തനം വഴി തെളിയിക്കുകയാണ്. പ്രഭു ചെയുന്ന നന്മയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ ബിബിസിയിലൂടെയാണ് ബംന്‍ബറിയില്‍ ഉള്ളവര്‍ അറിയുന്നത് എന്നിടം വരെ എത്തിയിരിക്കുകയാണ് കാര്യങ്ങള്‍. പ്രാദേശികമായി ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് തന്റെ സമയം നല്‍കിയാണ് പ്രഭു പ്രദേശവാസികളുടെ ജീവിതം തൊട്ടറിയുന്നത്. അതിനാല്‍ പ്രഭുവിന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നാട്ടുകാരും ആഘോഷമാക്കുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category