1 GBP = 102.00 INR                       

BREAKING NEWS

മൂവാറ്റുപുഴയില്‍ പായ്ക്കിങ് തുടങ്ങി; കൊച്ചിയില്‍ നിന്നും നേന്ത്രക്കായ ലണ്ടനിലേക്ക്; വിഷുക്കണി നേന്ത്രപ്പഴം കൂടി ചേര്‍ത്താകാം; പദ്ധതി വിജയിച്ചാല്‍ ഓണത്തിനും നാടന്‍ നേന്ത്രപ്പഴം; കേന്ദ്ര കേരള സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിക്ക് ആവേശത്തോടെ കാത്തിരിപ്പ്; മത്സരിക്കേണ്ടത് ആഫ്രിക്കന്‍ കായകളോട്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കേരളത്തില്‍ നിന്നും നല്ല അസല്‍ നാടന്‍ നേന്ത്രക്കായ ലണ്ടനിലേക്ക്. അരിയും ഉണക്കക്കപ്പയും ചെറിയ തോതില്‍ പച്ചക്കറികളും എത്തിയിരുന്ന സ്ഥാനത്താണ് ആദ്യമായി നാടന്‍ നേന്ത്രക്കായ എത്തുന്നത്. രണ്ടു നാള്‍ മുന്‍പ് പ്രത്യേകം കൃഷി ചെയ്ത തോട്ടത്തില്‍ നിന്നും വിളവെടുത്ത കായകള്‍ പ്രത്യേക കാര്‍ട്ടണുകളില്‍ മൂവാറ്റുപുഴയില്‍ പായ്ക്കിങ് ആരംഭിച്ചു. അടുത്ത മൂന്നാഴ്ചത്തെ ശീതികരിച്ച കപ്പല്‍ സഞ്ചാരത്തില്‍ ലണ്ടനില്‍ എത്തുന്ന പച്ചക്കായകള്‍ തുടര്‍ന്ന് പഴുപ്പിക്കും. പിന്നീട് വിതരണക്കാര്‍ തിരഞ്ഞെടുത്ത ലണ്ടന്‍ പട്ടണങ്ങളിലും സ്‌കോട്‌ലന്‍ഡിലും പഴമാക്കി കടകളില്‍ വില്പനക്ക് എത്തിക്കും.

വിപണി പിടിച്ചാല്‍ വിഷുവിനു കണിയൊരുക്കാന്‍ മാത്രമല്ല, ഇനിയെന്നും മലയാളി അടുക്കളയില്‍ അസല്‍ കേരളക്കണി ആയി നാടന്‍ നേന്ത്രക്കായകള്‍ ഗമയോടെ ഇടം പിടിക്കും. പഴംപൊരിക്കും പ്രാതലിനും ഒക്കെ നല്ല രുചിയുള്ള ഏത്തപ്പഴം നാട്ടില്‍ നിന്നെത്തിയാല്‍ കൂടുതല്‍ ഫ്രഷ് പച്ചക്കറികളും പഴവര്‍ഗങ്ങളും എത്താന്‍ ഉള്ള സാധ്യത കൂടിയാണ് തെളിയുന്നത്. 

കൃഷി തൃശൂരില്‍, പായ്ക്കിങ് മൂവാറ്റുപുഴയില്‍, വിതരണം ലണ്ടനില്‍ 
ഏത്തവാഴ കൃഷിക്ക് ഏറെ പ്രസിദ്ധമായ തൃശൂരിലെ കരഭൂമികള്‍ മൂത്തുവിളഞ്ഞു പാകമായ കുലകളാണ് ലണ്ടന്‍ മലയാളികളെ തേടി എത്തുന്നത്. കദളി വാഴകള്‍ അന്യം നിന്നു പോകും എന്ന് ഭയന്നിരുന്ന കാലത്തില്‍ നിന്നും പതിനായിരക്കണക്കിന് വാഴകള്‍ നട്ടു ഗുരുവായൂര്‍ അടക്കം കദളിപ്പഴം ആവശ്യമായ സ്ഥലത്തൊക്കെ എത്തിച്ച പെരുമയുള്ള തൃശൂരിന് ഇനി ഏത്തപ്പഴത്തിന്റെ കാര്യത്തിലും മേനി പറയാം. ഈ കുലകള്‍ അങ്ങ് ലണ്ടനിലേക്കാണ് എന്ന് കര്‍ഷകര്‍ പറയുമ്പോള്‍ അതില്‍ അധ്വാനത്തിനൊപ്പം അഭിമാനവും നിറയുകയാണ്. രണ്ടു നാള്‍ മുന്‍പ് യുകെയിലേക്കുള്ള ഏത്തക്കുലകള്‍ വിളവെടുപ്പ് പൂര്‍ത്തിയായതിനാല്‍ അത്യാധുനിക പായ്ക്കിങ്ങിനായി മൂവാറ്റുപുഴയില്‍ എത്തിച്ചിരിക്കുകയാണ്. 

ക്യൂ ആര്‍ കോഡ് അടക്കമാണ് പായ്ക്ക് ചെയ്യുന്നത്. ഇത് സ്‌കാന്‍ ചെയ്താല്‍ വാഴ നട്ടത് മുതല്‍ പായ്ക്കിങ് വരെയുള്ള മുഴുവന്‍ ദൃശ്യങ്ങളും ഉപഭോക്താവിന്റെ കൈകളിലെത്തും. തികച്ചും നാടന്‍ രീതിയില്‍ കൃഷി ചെയ്ത കുലകളാണ് എന്ന് ലണ്ടന്‍ മലയാളികളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. രാസവള കൃഷി ചെയ്യാതെ ഒരു കുഞ്ഞിനെ പോലെ പരിചരിച്ച കായ്കള്‍ ആണെന്ന് യുകെ മലയാളികളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന സര്‍ക്കാര്‍ ഏജന്‍സി വി എഫ് പി സി കെ പറയുന്നു.

പദ്ധതിക്ക് സാങ്കേതിക സഹകരണം നല്‍കുന്നത് ട്രിച്ചിയിലെ ദേശീയ വാഴ ഗവേഷണ കേന്ദ്രം ആണെന്നതും പ്രത്യേകതയാണ്. പച്ച കായകള്‍ ആയാണ് ലണ്ടനില്‍ എത്തുന്നത് എന്നതിനാല്‍ ആവശ്യക്കാരുടെ ഇഷ്ടം പോലെ ഉപ്പേരി ഉണ്ടാക്കാനോ പഴത്തിന്റെ ആവശ്യത്തിനോ എന്നതനുസരിച്ചു വിതരണക്കാര്‍ക്ക് എത്തിക്കാനാകും. തുടക്കത്തില്‍ മലയാളി ആധിപത്യം ഉള്ള ലണ്ടന്‍ നഗര പ്രദേശങ്ങളില്‍ ഈ ഏത്തക്കായകള്‍ വിതരണത്തിന് എത്താനാണ് സാധ്യത. 

ആദ്യമെത്തുന്നത് പത്തു ടണ്‍ കായകള്‍, ആവശ്യക്കാരുണ്ടെങ്കില്‍ എല്ലാ മാസവും കായകള്‍ എത്തും 
പദ്ധതിയുടെ സാദ്ധ്യതകള്‍ മനസിലാക്കുന്നതിന് ആദ്യവട്ടം എന്ന നിലയില്‍ പത്തു ടണ്‍ കായ്കളാണ് ഈ മാസം അവസാനത്തോടെ ലണ്ടനില്‍ എത്തുക. യുകെ മാര്‍ക്കറ്റിലെ വില അനുസരിച്ചു ഓര്‍ഗാനിക് വിഭവം എന്ന നിലയില്‍ ആവശ്യക്കാര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. നല്ല ഭക്ഷണം കഴിക്കാന്‍ ആഗ്രഹമുള്ളവരെ തേടിയാണ് കേരളത്തില്‍ നിന്നും ഏത്തപ്പഴം എത്തുന്നത് എന്ന് ചുരുക്കം. പടല തിരിച്ചു കാര്‍ട്ടണുകളില്‍ പായ്ക്ക് ചെയ്തു മൈനസ് 13 ഡിഗ്രി താപനിലയില്‍ ക്രമീകരിച്ച ശേഷമാണ് കപ്പലില്‍ കായകള്‍ ലണ്ടന്‍ തുറമുഖത്ത് എത്തുന്നത്. വിമാനം വഴി എത്തിക്കുമ്പോള്‍ വര്‍ധിച്ച ചരക്കു കൂലി ഉല്‍പന്നത്തില്‍ കൂട്ടിച്ചേര്‍ക്കേണ്ടി വരും എന്നതിനാലാണ് ഈ മാര്‍ഗം സ്വീകരിക്കുന്നത്. 

കൊച്ചിയില്‍ നിന്നും 20 മുതല്‍ 25 വരെ ദിവസം കൊണ്ട് ലണ്ടന്‍ ഗേറ്റ് എവേ തുറമുഖത്തു കായകള്‍ എത്തും എന്നാണ് ലഭ്യമായ വിവരം. ലണ്ടനില്‍ എത്തിയ ശേഷമാണ് പഴുപ്പിക്കല്‍ നടക്കുക. തുടക്കത്തില്‍ തെക്കന്‍ ലണ്ടനിലും സ്‌കോട്‌ലന്‍ഡിലും തിരഞ്ഞെടുത്ത സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ എത്തിക്കുകയാണ് ലക്ഷ്യം എന്ന് കയറ്റുമതി പാര്‍ട്ണര്‍ സൂചിപ്പിക്കുന്നു. സാങ്കേതിക സഹായം ട്രിച്ചി വാഴ ഗവേഷണ കേന്ദ്രമാണ് നല്‍കുന്നത്.

പദ്ധതി വിജയിപ്പിക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചാരണവും ഉണ്ടാകും. ഒരു വര്‍ഷം മുന്നേ മികച്ച കര്‍ഷകരെ പ്രത്യേകം തിരഞ്ഞെടുത്താണ് ഈ പദ്ധതിയുമായി സഹകരിപ്പിച്ചത്. വാഴ ഗവേഷണ കേന്ദ്രത്തിന്റെ മേല്‍നോട്ടമുള്ള കൃഷി തോട്ടങ്ങളില്‍ പ്രത്യേക മേല്‍നോട്ടത്തോടെയാണ് വാഴകള്‍ വളര്‍ന്നു കുലച്ചത്. നന്നായി വിളഞ്ഞ കുലകള്‍ ചതവും പാടും ഒന്നും ഇല്ലാതെയാണ് പായ്ക്കുകളില്‍ നിറച്ചിരിക്കുന്നത്. 

അതായതു കേരളത്തില്‍ ലഭിക്കുന്ന അതേ തനിമ യുകെയില്‍ എത്തുമ്പോഴും ഉണ്ടായിരിക്കണം എന്ന നിര്‍ബന്ധം ഓരോ ഘട്ടത്തിലും പുലര്‍ത്തിയിരിക്കുന്നു എന്നാണ് ഈ സൂക്ഷ്മത വ്യക്തമാകുന്നത്. മൂവാറ്റുപുഴയിലെ നടൂക്കര ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിലാണ് പായ്ക്കിങ് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. പായ്ക്കിങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ തുറമുഖത്തേക്കുള്ള ഏത്തക്കായകളുടെ വരവ് ഫ്‌ലാഗ് ഓഫ് ചെയ്യും എന്നാണ് ലഭ്യമായ വിവരം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നിലയ്ക്ക് ഈ പരിപാടികളില്‍ മാറ്റം ഉണ്ടോ എന്ന് വ്യക്തമല്ല. ഏതായാലും ഈ വെള്ളിയാഴ്ച കായകള്‍ കപ്പല്‍ യാത്ര ആരംഭിക്കും. 

ലണ്ടനില്‍ എത്തുന്ന കായ്കള്‍ക്ക് സ്വാഭാവിക നിറവും രുചിയും ഒന്നും നഷ്ടമായില്ലെങ്കില്‍ ഇനി യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും നാടന്‍ ഏത്തക്കായകള്‍ എത്തിക്കാന്‍ ആണ് ഉദ്ദേശം. അതി ശൈത്യത്തില്‍ യാത്ര ചെയ്ത് എത്തുന്നതിനാല്‍ കായകള്‍ക്കു സ്വാഭാവികത നഷ്ടമാകുമോ എന്ന ആശങ്ക ഉണ്ടെങ്കിലും പേടിക്കേണ്ട കാര്യം ഇല്ലെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. കാരണം നേരത്തെ 12-13 ദിവസം എടുത്തു ദുബൈക്ക് അയച്ചതിനു യാതൊരു കേടുപാടും സംഭവിച്ചിരുന്നില്ല. 

മത്സരിക്കേണ്ടത് ആഫ്രിക്കന്‍ ഏത്തപ്പഴത്തോട് 
കേരളത്തിന്റെ പാവം ഏത്തക്കായകള്‍ക്കു ലണ്ടനില്‍ മത്സരിക്കേണ്ടത് ആഫ്രിക്കന്‍ കായകളോടാണ് എന്നത് ഭീഷണി തന്നെയാണ്. കേരളത്തിലെ മെലിഞ്ഞതും വലിപ്പം കുറഞ്ഞതുമായ കായ്കളേക്കാള്‍ തടിയും തൂക്കവും കൂടിയ കായ്കളാണ് ആഫ്രിക്കയില്‍ നിന്നും ലണ്ടനില്‍ എത്തുന്നത്. മണവും രുചിയും ഒക്കെ ഏറെക്കുറെ ഒന്ന് തന്നെ. വിലയിലോ വലിയ കുറവുണ്ട് എന്നതും ആഫ്രിക്കന്‍ കായ്കളുടെ മേന്മയാണ്. ആകെ കേരളത്തിന് ചൂണ്ടിക്കാട്ടാനുള്ളത് രാസവളം തൊടാതെ എത്തുന്ന കായകള്‍ എന്നതാണ്.

ആഫ്രിക്കന്‍ കായകള്‍ മൂന്നെണ്ണത്തിന് വിപണിയില്‍ 1.20 പൗണ്ട് മാത്രമാണ് വില എന്നത് കേരള കായകള്‍ക്ക് വലിയ ഭീഷണിയാകും. കാരണം ഈ വിലയ്ക്ക് ഒരിക്കലും കേരളത്തില്‍ നിന്നെത്തുന്ന പഴം വിറ്റു ലാഭം ഉണ്ടാക്കാനാകില്ല. തിരഞ്ഞെടുത്ത അസ്ദയിലും ടെസ്‌കോയിലും ഒക്കെ പച്ചക്കായകള്‍ കിലോക്ക് രണ്ടു പൗണ്ടിനും ലഭ്യമാണ്. ആഫ്രിക്കന്‍ കായകള്‍ മൂന്നെണ്ണം തൂക്കുന്നിടത്തു കേരള കായകള്‍ അഞ്ചെണ്ണം എങ്കിലും വേണ്ടി വരും എന്നത് മറ്റൊരു പോരായ്മ. ഈ മത്സരത്തില്‍ കേരള കായ്കളുടെ ഏക പ്രതീക്ഷ യുകെ മലയാളികള്‍ നാടിനോടും നാടന്‍ കര്‍ഷകരോടും കാണിക്കുന്ന സ്‌നേഹം മാത്രമാകും. എന്നാല്‍ എവിടെയും അല്‍പം ലാഭം നോക്കുന്ന മലയാളികള്‍ ഏത്തക്കായ വരുമ്പോള്‍ ഈ സ്വഭാവം മാറ്റിവയ്ക്കുമോ, കാത്തിരുന്നു കാണാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category