1 GBP = 102.00 INR                       

BREAKING NEWS

കൊച്ചിയില്‍ നിന്നും പത്തു ടണ്‍ നേന്ത്രക്കായയുമായി കപ്പല്‍ പുറപ്പെട്ടു; ലക്ഷ്യം ലണ്ടന്‍; ഇന്ത്യയില്‍ നിന്നും യൂറോപ്പിലേക്ക് ആദ്യമായി നേന്ത്രക്കായ കയറ്റുമതി ചെയ്യുന്ന നാടായി കേരളം; 25 ലക്ഷം രൂപയുടെ പദ്ധതി വിജയമായാല്‍ കര്‍ഷകര്‍ക്കും ആശ്വാസം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഏറെ നാളത്തെ ഒരുക്കങ്ങളും പഠനവും നടത്തിയ ശേഷം കൊച്ചിയില്‍ നിന്നും പത്തു ടണ്‍ നേന്ത്രക്കായ കയറ്റിയ കപ്പല്‍ ഇന്നലെ ലണ്ടന്‍ ലക്ഷ്യമാക്കി യാത്ര തുടങ്ങി. ഇതോടെ ഇന്ത്യയില്‍ നിന്നും യൂറോപ്പിലേക്ക് കപ്പല്‍ മാര്‍ഗം നേന്ത്രക്കായ എത്തിക്കുന്നതിന്റെ ക്രെഡിറ്റും കേരളത്തിന്റെ പേരിലായി. നേരത്തെ ദുബൈയിലേക്ക് കണ്ടൈനര്‍ വഴി ഏത്തപ്പഴം കയറ്റുമതി ചെയ്ത ധൈര്യമാണ് ഇക്കുറി ലണ്ടന്‍ വിപണി തേടിയെത്താന്‍ വി എഫ് പി സികെ യെ പ്രേരിപ്പിച്ചത്.

മൂന്നാഴ്ചത്തെ കപ്പല്‍ സഞ്ചാരം കഴിഞ്ഞു ഏത്തക്കായകള്‍ ഈ മാസം ഒടുവിലോടെ ലണ്ടന്‍ തീരത്തണയും. പിന്നെ രണ്ടു ദിവസം കൊണ്ട് പഴുപ്പിച്ചെടുത്തു സൂപ്പര്‍മാര്‍ക്കറ്റുകളില്‍ എത്തിക്കും. തുടക്കത്തില്‍ ഈസ്റ്റ് ലണ്ടന്‍, സ്‌കോട്‌ലന്‍ഡ് നഗരങ്ങളില്‍ ഏത്തപ്പഴം വിതരണം ചെയ്യാനാണ് യുകെയിലെ വിതരണക്കാര്‍ ആലോചിക്കുന്നത്. 

പദ്ധതി വിജയിച്ചാല്‍ കേരളത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന കൂടുതല്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയും ലണ്ടന്‍ വിപണിയിലേക്കും തുടര്‍ന്ന് യൂറോപ്യന്‍ വിപണിയിലേക്കും എത്തിക്കാന്‍ കഴിയുമെന്ന് കേരള കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി. വില്‍പ്പനയില്‍ ലഭിക്കുന്ന ലാഭത്തേക്കാള്‍ ഇപ്പോള്‍ ലക്ഷ്യം കേടുകൂടാതെ കേരളത്തില്‍ നിന്നും ലണ്ടന്‍ വരെ എത്തിക്കുക എന്നതിനാണ്. കാരണം ഈ രംഗത്ത് കേരളത്തിന് വെല്ലുവിളികള്‍ ഏറെയാണ്. ദൂരം തന്നെ പ്രധാനം. മറ്റൊന്ന് തികച്ചും വ്യത്യസ്തമായ കാലാവസ്ഥ സാഹചര്യം. അതിനാല്‍ തന്നെ ഒരു പരീക്ഷണം എന്ന നിലയ്ക്കാണ് ഇപ്പോള്‍ പത്തു ടണ്‍ ഏത്തക്കായ ലണ്ടനിലേക്ക് എത്തുന്നത്.

തികച്ചും ശാസ്ത്രീയമായ സംസ്‌കരണ രീതികള്‍ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി പായ്ക്ക് ചെയ്ത ഏത്തക്കായകള്‍ കേടൊന്നും കൂടാതെ ലണ്ടനില്‍ എത്തും എന്ന പ്രതീക്ഷയാണ് വി എഫ് പി സി കെ യും ട്രിച്ചി വാഴ ഗവേഷണ കേന്ദ്രവും പങ്കിടുന്നത്. ഇപ്പോള്‍ ആഫ്രിക്കന്‍ പഴങ്ങള്‍ ആസ്വദിക്കുന്ന ലണ്ടന്‍ വിപണിയില്‍ കേരളത്തിലെ നേന്ത്രക്കായ വേഗം വിപണി പിടിച്ചെടുക്കും എന്ന പ്രതീക്ഷയും കേന്ദ്ര കേരള സര്‍ക്കാരുകള്‍ പങ്കിടുന്നു. ഇതോടെ കൂടുതല്‍ ഗുണവും സ്വാദുമുള്ള കേരള പച്ചക്കറികള്‍ക്കും വാഴയുടെ പാത പിന്തുടര്‍ന്ന് യുകെയിലെത്താനാകും. താരതമ്യേനേ ഏറ്റവും ചിലവ് കുറഞ്ഞ യാത്രാമാര്‍ഗം എന്ന നിലയിലാണ് കപ്പല്‍ ചരക്കു ഗതാഗതത്തെ ആശ്രയിക്കേണ്ടി വന്നതെന്നും മന്ത്രി പറയുന്നു.

ഏത്തവാഴ കൃഷിക്ക് ഏറെ പ്രസിദ്ധമായ തൃശൂരിലെ കരഭൂമികള്‍ മൂത്തുവിളഞ്ഞു പാകമായ കുലകളാണ് ലണ്ടന്‍ മലയാളികളെ തേടി എത്തുന്നത്. കദളി വാഴകള്‍ അന്യം നിന്നു പോകും എന്ന് ഭയന്നിരുന്ന കാലത്തില്‍ നിന്നും പതിനായിരക്കണക്കിന് വാഴകള്‍ നട്ടു ഗുരുവായൂര്‍ അടക്കം കദളിപ്പഴം ആവശ്യമായ സ്ഥലത്തൊക്കെ എത്തിച്ച പെരുമയുള്ള തൃശൂരിന് ഇനി ഏത്തപ്പഴത്തിന്റെ കാര്യത്തിലും മേനി പറയാം. ഈ കുലകള്‍ അങ്ങ് ലണ്ടനിലേക്കാണ് എന്ന് കര്‍ഷകര്‍ പറയുമ്പോള്‍ അതില്‍ അധ്വാനത്തിനൊപ്പം അഭിമാനവും നിറയുകയാണ്. രണ്ടു നാള്‍ മുന്‍പ് യുകെയിലേക്കുള്ള ഏത്തക്കുലകള്‍ വിളവെടുപ്പ് പൂര്‍ത്തിയായതിനാല്‍ അത്യാധുനിക പായ്ക്കിങ്ങിനായി മൂവ്വാറ്റുപുഴയില്‍ എത്തിച്ചിരിക്കുകയാണ്. 

ക്യൂ ആര്‍ കോഡ് അടക്കമാണ് പായ്ക്ക് ചെയ്യുന്നത്. ഇത് സ്‌കാന്‍ ചെയ്താല്‍ വാഴ നട്ടത് മുതല്‍ പായ്ക്കിങ് വരെയുള്ള മുഴുവന്‍ ദൃശ്യങ്ങളും ഉപഭോക്താവിന്റെ കൈകളിലെത്തും. തികച്ചും നാടന്‍ രീതിയില്‍ കൃഷി ചെയ്ത കുലകളാണ് എന്ന് ലണ്ടന്‍ മലയാളികളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. രാസവള കൃഷി ചെയ്യാതെ ഒരു കുഞ്ഞിനെ പോലെ പരിചരിച്ച കായ്കള്‍ ആണെന്ന് യുകെ മലയാളികളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന സര്‍ക്കാര്‍ ഏജന്‍സി വി എഫ് പി സി കെ പറയുന്നു.

പദ്ധതിക്ക് സാങ്കേതിക സഹകരണം നല്‍കുന്നത് ട്രിച്ചിയിലെ ദേശീയ വാഴ ഗവേഷണ കേന്ദ്രം ആണെന്നതും പ്രത്യേകതയാണ്. പച്ച കായകള്‍ ആയാണ് ലണ്ടനില്‍ എത്തുന്നത് എന്നതിനാല്‍ ആവശ്യക്കാരുടെ ഇഷ്ടം പോലെ ഉപ്പേരി ഉണ്ടാക്കാനോ പഴത്തിന്റെ ആവശ്യത്തിനോ എന്നതനുസരിച്ചു വിതരക്കാര്‍ക്ക് എത്തിക്കാനാകും. തുടക്കത്തില്‍ മലയാളി ആധിപത്യം ഉള്ള ലണ്ടന്‍ നഗര പ്രദേശങ്ങളില്‍ ഈ ഏത്തക്കായകള്‍ വിതരണത്തിന് എത്താനാണ് സാധ്യത. 

കേരളത്തില്‍ ലഭിക്കുന്ന അതേ തനിമ യുകെയില്‍ എത്തുമ്പോഴും ഉണ്ടായിരിക്കണം എന്ന നിര്‍ബന്ധം ഓരോ ഘട്ടത്തിലും പുലര്‍ത്തിയിരിക്കുന്നു എന്നാണ് ഈ സൂക്ഷമത വ്യക്തമാകുന്നത്. മൂവാറ്റുപുഴയിലെ നടൂക്കര ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിലാണ് പായ്ക്കിങ് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. പായ്ക്കിങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ കൃഷി മന്ത്രി വി സ് സുനില്‍കുമാര്‍ തുറമുഖത്തേക്കുള്ള ഏത്തക്കായകളുടെ വരവ് ഫ്‌ലാഗ് ഓഫ് ചെയ്യും എന്നാണ് ലഭ്യമായ വിവരം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നിലക്ക് ഈ പരിപാടികളില്‍ മാറ്റം ഉണ്ടോ എന്ന് വ്യക്തമല്ല. ഏതായാലും ഈ വെള്ളിയാഴ്ച കായകള്‍ കപ്പല്‍ യാത്ര ആരംഭിക്കും.
ലണ്ടനില്‍ എത്തുന്ന കായ്കള്‍ക്ക് സ്വാഭാവിക നിറവും രുചിയും ഒന്നും നഷ്ടമായില്ലെങ്കില്‍ ഇനി യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും നാടന്‍ ഏത്തക്കായകള്‍ എത്തിക്കാന്‍ ആണ് ഉദ്ദേശം. അതി ശൈത്യത്തില്‍ യാത്ര ചെയ്ത് എത്തുന്നതിനാല്‍ കായകള്‍ക്കു സ്വാഭാവികത നഷ്ടമാകുമോ എന്ന ആശങ്ക ഉണ്ടെങ്കിലും പേടിക്കേണ്ട കാര്യം ഇല്ലെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. കാരണം നേരത്തെ 12-13 ദിവസം എടുത്തു ദുബൈക്ക് അയച്ചതിനു യാതൊരു കേടുപാടും സംഭവിച്ചിരുന്നില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category