1 GBP = 102.00 INR                       

BREAKING NEWS

നാട്ടിലെത്തി പാറേല്‍ പള്ളീല്‍ ധ്യാനത്തിന് പോയാലോ ശബരിമലയില്‍ പോയാലോ കുടുങ്ങുമോ? പുതിയ ഒസിഐ നിയമ മാറ്റത്തില്‍ ആശങ്കയോടെ വിദേശ മലയാളികള്‍; സമരങ്ങളിലും മതസമ്മേളനങ്ങളിലും പങ്കെടുത്താല്‍ പണികിട്ടിയേക്കുമെന്ന് സൂചന; നാട്ടിലെ വസ്തു വില്‍പനയും പണം യുകെയില്‍ എത്തിക്കുന്നതും പ്രയാസമാകും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: നാട്ടിലെത്തിയാല്‍ പാറേല്‍ പള്ളിയില്‍ പോയി ധ്യാനം കൂടാന്‍ പറ്റുമോ? പോട്ടെ ശബരിമലയ്ക്കു പോയാല്‍ പണിയാകുമോ? സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ രണ്ടു ദിവസമായി ഇത്തരം ചോദ്യങ്ങളുടെ പ്രളയമാണ്. വിഷയം ഒസിഐ കാര്‍ഡുള്ള വിദേശ പൗരന്മാരുടെ അവകാശത്തില്‍ കൈവയ്ക്കാന്‍ ഉള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം തന്നെ. ഇരട്ട പൗരത്വം എന്നത് അവകാശമല്ല, ഔദാര്യമാണ് എന്ന് പറയാതെ പറയുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ എന്ന് പ്രയാസപ്പെടുന്നവരും ഏറെയുണ്ട്. കാരണം ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തു വിദേശ പൗരത്വം സ്വീകരിക്കുമ്പോള്‍ ജന്മനാടിനോടുള്ള പൊക്കിള്‍ കൊടി ബന്ധം കൂടിയാണ് മുറിഞ്ഞു പോകുന്നത് എന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഒരിക്കല്‍ കൂടി ഒസിഐ കാര്‍ഡിന്റെ പേരിലുള്ള ആശങ്കകള്‍.

ഇതുപക്ഷേ മിക്ക രാജ്യങ്ങളുടെയും നയം ഒന്നുപോലെയാണ് എന്നതിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്. ഏതാനും വര്‍ഷം മുന്‍പ് യുകെയില്‍ നിന്നും കേരളത്തിലേക്ക് നാടുകടത്തപ്പെട്ട ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് കൈവശം ഉണ്ടായിരുന്ന മലയാളിയോട് കോടതി വ്യക്തമാക്കിയത് ബ്രിട്ടീഷ് പൗരത്വം നിങ്ങളുടെ അവകാശമല്ല, മറിച്ചു ഈ രാജ്യം നല്‍കുന്ന ഔദാര്യം ആണെന്നായിരുന്നു. ഇപ്പോള്‍ ഏറെക്കുറെ സമാനമായ തരത്തിലാണ് ഡല്‍ഹിയില്‍ നിന്നും വിദേശ ഇന്ത്യക്കാരെ തേടി കേന്ദ്ര സര്‍ക്കാര്‍ സംസാരിക്കുന്നതും. 

പ്രകോപനമായത് പൗരത്വ, കര്‍ഷക സമരങ്ങള്‍
ഏറെ അവകാശങ്ങള്‍ അനുവദിച്ചാണ് ഇന്ത്യ പ്രവാസികള്‍ക്ക് ഇരട്ട പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ അടുത്ത കാലത്തുണ്ടായ പൗരത്വ സമരം, കര്‍ഷക സമരം എന്നിവയില്‍ പ്രതീക്ഷിക്കാത്ത വിധം വിദേശ ഇന്ത്യക്കാരുടെ ഇടപെടല്‍ ഉണ്ടായി എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. സമര മുഖങ്ങളില്‍ ആളും അര്‍ത്ഥവും ഒഴുകുന്നത് പലപ്പോഴും കേന്ദ്ര സര്‍ക്കാരിന് കണ്ടുനില്‍കേണ്ടിയും വന്നു. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ തദ്ദേശീയ സര്‍ക്കാരുകളില്‍ തങ്ങള്‍ ഇരട്ട പൗരത്വം ഉള്ളവരാണ് എന്ന ന്യായത്തോടെ സമ്മര്‍ദ്ദ ശക്തികളായി പ്രവാസികള്‍ മാറിയതും മാറിചിന്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മതിയായ കാരണമായിരുന്നു.

ബ്രിട്ടനില്‍ ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരം പാര്‍ലമെന്റില്‍ വരെ ചര്‍ച്ച ആയ സാഹചര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭരണത്തില്‍ മറ്റു രാജ്യങ്ങള്‍ക്കു അഭിപ്രായം പറയാന്‍ വേദി ഒരുക്കുന്ന ചാലക ശക്തികളായി പ്രവാസി സമൂഹം മാറുന്നുവെന്ന തിരിച്ചറിവ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചതും ഒസിഐ സംബന്ധിച്ച പുതിയ നിയമ മാറ്റത്തില്‍ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു. വോട്ടവകാശം വരെ പ്രവാസി ഇന്ത്യക്കാര്‍ക്കായി ആലോചന നടത്തുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കൂടുതല്‍ കടുപ്പമുള്ള നിയമ നിര്‍മ്മാണവുമായി രംഗത്ത് വരുന്നത് എന്നും നിരീക്ഷിക്കപ്പെടുന്ന വസ്തുതയാണ്. 

കെ പി യോഹന്നാന്‍ മുതല്‍ സ്വര്‍ണ കള്ളക്കടത്തു വരെ 
അടുത്തയിടെ കേരളത്തില്‍ നടന്ന കെപി യോഹന്നാന്റെ ആസ്ഥാനത്തു കള്ളപ്പണ വേട്ട മുതല്‍ ഇപ്പോഴും അടങ്ങാത്ത സ്വര്‍ണക്കള്ളക്കടത്തു വരെയുള്ള സംഭവങ്ങളില്‍ പ്രവാസികള്‍ പല തരത്തില്‍ ഉപയോഗിക്കപ്പെടുന്നു എന്നതാണ് കേന്ദ്ര സര്‍ക്കാരിന് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ടിലെ വിവരങ്ങളില്‍ ഒന്ന്. വിദേശത്തു ജീവിച്ചു ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വരെ നിയന്ത്രിക്കുന്ന കറുത്ത ശക്തികളായി പ്രവാസികളില്‍ ചിലര്‍ മാറുന്നു എന്നതാണ് ഇതിനു അടിസ്ഥാനം.

എന്നാല്‍ ഇത്തരക്കാര്‍ വളരെ കുറവാണെങ്കിലും അവരെ നിയന്ത്രിക്കാന്‍ കടുത്ത നിയമം ഏര്‍പ്പെടുത്തുകയേ വഴിയുള്ളൂ എന്ന അവസ്ഥയില്‍ എത്തപ്പെട്ടതോടെ ശരിക്കും വെള്ളം കുടിക്കുക സാധാരണക്കാരായ പ്രവാസികളായിരിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വീണ്ടു വിചാരം നടത്തണമെങ്കില്‍ ഏറെക്കാലത്തെ കാത്തിരിപ്പും സമ്മര്‍ദ്ദവും വേണ്ടിവരും. അതല്ലെങ്കില്‍ ഒസിഐ കാര്‍ഡ് ഉടമകളുടെ അവകാശത്തിനു വേണ്ടി അമേരിക്കയില്‍ നിന്നെത്തിയ ഇന്ത്യന്‍ ഡോക്ടര്‍ ഡല്‍ഹി കോടതിയില്‍ നടത്തിയത് പോലുള്ള നിയമ പോരാട്ടം വേണ്ടിവരും. 

സമരവും സമ്മേളനവും ഒന്നും വിദേശ പൗരത്വം ഉള്ള പ്രവാസിക്ക് വേണ്ട
വിദേശ പൗരത്വം ഉള്ള പ്രവാസികള്‍ നാട്ടില്‍ എത്തുമ്പോള്‍ സമരത്തിലും മത സമ്മേളനത്തിലും ഒക്കെ പങ്കെടുക്കുന്നത് വിലക്കുന്ന സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ഒക്കെ നോക്കാന്‍ നാട്ടുകാര്‍ തന്നെ ധാരാളം എന്ന നിലപാടിലേക്കാണ് നീങ്ങുന്നത്. ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് വോട്ടവകാശം ഇല്ലെങ്കിലും ഇത്തരം കാര്‍ഡ് കൈവശം വയ്ക്കുന്ന അമേരിക്കന്‍, യൂറോപ്യന്‍ മലയാളികള്‍ പോലും പതിവായി തിരഞ്ഞെടുപ്പ് കാലത്തു കേരളത്തിലെത്തി ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് പതിവ് കാഴ്ചയാണ്. പുതിയ നിയമമാറ്റത്തോടെ ഇതിനെല്ലാം പരിമിതികള്‍ ഉണ്ടായേക്കും എന്നാണ് പൊതു വിലയിരുത്തല്‍.

നിയമ ഭേദഗതിയുടെ പ്രായോഗിക തലം എപ്രകാരം ആയിരിക്കും എന്നത് കണ്ടറിയേണ്ട കാര്യമാണെന്നും നിയമകാര്യ വിദഗ്ധര്‍ പറയുന്നു. അതേസമയം നേരിട്ട് സമരങ്ങളില്‍ പങ്കെടുക്കുകയോ സമര സഹായം നല്‍കുകയോ ചെയ്താല്‍ സര്‍ക്കാര്‍ കണ്ണുംപൂട്ടി നടപടി സ്വീകരിക്കാന്‍ ഉള്ള സാധ്യതയും ഏറെയാണ്. ഇതോടൊപ്പം മതസമ്മേളനങ്ങളിലും മറ്റും പങ്കെടുത്താല്‍ അവിടെ പാസാക്കുന്ന പ്രമേയങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധത ഉള്ളതാണെങ്കില്‍ പ്രവാസി മലയാളിക്ക് നേരെ കേസെടുക്കുന്ന പക്ഷം വീണ്ടുമൊരിക്കല്‍ വിസ നിഷേധം ഉള്‍പ്പെടെയുള്ള ദയാരഹിത നടപടികളും പ്രതീക്ഷിക്കാം. ഇക്കാര്യത്തില്‍ അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സ്വീകരിക്കുന്നത്. 

സ്വത്തു കൈമാറ്റത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്, കേരളത്തിന് കനത്ത തിരിച്ചടിയാകും 
മിക്ക പ്രവാസി മലയാളികളും ഇപ്പോള്‍ ആശങ്കയില്‍ ആയിരിക്കുന്നത് തങ്ങളുടെ പൈതൃക സ്വത്തിന് എന്ത് സംഭവിക്കും എന്നതാണ്. യുദ്ധാനന്തര ശ്രീലങ്കയില്‍ ആയിരക്കണക്കിന് ബ്രിട്ടീഷ് ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു ജന്മനാട്ടിലെ സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടുന്നത് കണ്ണും പൂട്ടി കണ്ടുനില്‍ക്കേണ്ടി വന്നത് ഇത്തരം നിയമ പിന്‍ബലത്തോടെയാണ്. ഇന്ത്യയില്‍ പക്ഷെ വസ്തു കൈമാറ്റവും വില്‍പ്പനയും റിസര്‍വ് ബാങ്ക് അറിഞ്ഞിരിക്കണം എന്ന വ്യവസ്ഥ കൊണ്ടുവരുന്നത് കൃത്യമായി നികുതി പിടിച്ചെടുക്കാന്‍ വേണ്ടിയാകണം.

റിസര്‍വ് ബാങ്ക് എന്നതുകൊണ്ട് കേന്ദ്ര ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റിനെയും അറിയിച്ചേ ഇനി വാങ്ങലും വില്‍പനയും നടത്താനാകൂ എന്നതാകാം പ്രായോഗികമായി നടപ്പിലാക്കപ്പെടുക. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടായാല്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ കേരളം കനത്ത വില തന്നെ നല്‍കേണ്ടി വരും. ഈ രംഗത്ത് വിദേശ മലയാളികള്‍ നേരിട്ടും അല്ലാതെയും ഒഴുക്കുന്ന പണമാണ് വസ്തു വിപണിയെ നിയന്ത്രിച്ചിരുന്നത് എന്നും പറയാം. ഈ പണവരവ് ഇല്ലാതായാല്‍ പ്രളയവും കോവിഡും തകര്‍ത്ത കേരളത്തിലെ ഭൂ വില്‍പന രംഗത്ത് ഉണര്‍വുണ്ടാകാന്‍ അനേക വര്‍ഷങ്ങളുടെ കാത്തിരിപ്പു തന്നെ വേണ്ടി വരും. കെട്ടിട നിര്‍മ്മാണം, ഫ്‌ലാറ്റ് വില്‍പന എന്നിവയിലൊക്കെ നിയമമാറ്റം ബാധിക്കാന്‍ തുടങ്ങിയാല്‍ എവിടെ ചെന്ന് നില്‍ക്കും എന്ന് കണ്ടറിയേണ്ടത് കൂടിയാണ്. 

കേരളത്തില്‍ നിന്നും പണം എത്തിക്കുന്നത് സര്‍ക്കാരിനെ അറിയിക്കേണ്ടി വരും
നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇതാണ് സ്ഥിതിയെങ്കില്‍ വില്‍പനയുടെ കാര്യത്തില്‍ അതിലും ഗതികേടാണ് വരാനിരിക്കുന്നത് എന്ന് അടുത്തിടെ യുകെ മലയാളികളില്‍ ചിലരെ തേടിയെത്തിയ എച്ച്എംആര്‍സിയുടെ മുന്നറിയിപ്പ് നോട്ടീസും കേന്ദ്ര സര്‍ക്കാരിന്റെ നിയമ മാറ്റത്തിനു ഒപ്പം ചേര്‍ത്ത് വായിക്കണം. നാട്ടിലെ സ്വത്തുവകകള്‍ സംബന്ധിച്ച വിശദാംശം ചോദിച്ചു അടുത്തിടെ ഒന്നിലേറെ പേര്‍ക്ക് കത്തുകള്‍ എത്തിയത് ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്.

നാട്ടില്‍ സ്വത്തു വിറ്റുകിട്ടിയ പണം യുകെയില്‍ എത്തിച്ചാല്‍ അതിനു നികുതി നല്‍കേണ്ടി വരുന്ന സാഹചര്യം ഉണ്ടായാല്‍ സാധാരണക്കാരായ ഒട്ടേറെ യുകെ മലയാളികളുടെ ചങ്കത്ത് അടിക്കുന്നതിനു തുല്യമാകും. പൈതൃക സ്വത്തു വിറ്റുകിട്ടുന്ന പണമാണ് ഇങ്ങനെ എത്തിക്കുന്നതെങ്കില്‍ ആനുപാതികമായി യുകെയിലും നികുതി നല്‍കണം എന്നാണ് നിയമം അനുശാസിക്കുന്നത്. 

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള കരാറുകളില്‍ ഇത്തരം കാര്യങ്ങള്‍ ഇതിനകം ഉള്‍പ്പെടുത്തിയതിനാല്‍ വാങ്ങലും വില്‍പനയും ഒക്കെ അതാതു സമയം രണ്ടു രാജ്യത്തും അറിയാന്‍ സംവിധാനം ഉണ്ടെന്നതും വസ്തുതയാണ്. ഇത്തരം കാര്യങ്ങള്‍ അറിവില്ലായ്മ കൊണ്ട് സംഭവിച്ചു എന്ന് വാദിച്ചാല്‍ പോലും ക്രിമിനല്‍ നിയമ നടപടി നേരിടേണ്ടി വരുന്ന സാഹചര്യമാണ് യുകെയില്‍ നിയമം അനുശാസിക്കുന്നത്.

ബാങ്ക് വഴി എത്തുന്ന പണം ആയതിനാല്‍ കൃത്യമായ ട്രാന്‍സാക്ഷന്‍ വിവരങ്ങള്‍ എച്ച്എംആര്‍സിക്ക് ലഭിക്കുകയും ചെയ്യും. പലരും വീട് വാങ്ങുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ വലിയ തുകകള്‍ എത്തിക്കുന്നത്. ഇയ്യിടെയായി മിക്ക ബാങ്കുകളും പണത്തിന്റെ ഉറവിടം കൃത്യമായി ചോദിച്ചു മനസിലാക്കുകയും അത് രേഖകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇന്നല്ലെങ്കില്‍ നാളെ ഉത്തരം പറയേണ്ട പണത്തിന്റെ വരുമാന സ്രോതസ് തന്നെയാണ് പൈതൃക സ്വത്തു വില്‍പനയും പണകൈമാറ്റവും എന്നത് വ്യക്തം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category