1 GBP = 102.00 INR                       

BREAKING NEWS

രണ്ടാമത്തെ യൂണിവേഴ്‌സിറ്റിയും മലയാളി വിദ്യാര്‍ത്ഥി പിടിച്ചെടുത്തു; വൂള്‍വര്‍ഹാംപ്ടണില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് കുറുപ്പുന്തറക്കാരന്‍ സ്റ്റെഫിന്‍ സജീവ്; സഹപാഠികളെ നേരില്‍ കണ്ടു വോട്ട് ചോദി ക്കാന്‍ പറ്റാത്ത കോവിഡ് കാലത്തെ വിജയം ഇരട്ടി മധുരമുള്ളത്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: നോര്‍ത്താംപ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥി കൗണ്‍സിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാലു മലയാളികള്‍ ഐതിഹാസിക വിജയം കണ്ടെത്തിയ വാര്‍ത്ത വന്നതിനു പിന്നാലെ മിഡ്ലാന്‍ഡ്‌സില്‍ നിന്നും തന്നെ മറ്റൊരു യൂണിവേഴ്സിറ്റിയില്‍ നിന്നും മലയാളി വിജയ വാര്‍ത്ത എത്തുന്നു. അതും ചെയര്‍മാന്‍ പോസ്റ്റിലേക്ക് തന്നെ. ബിര്‍മിങാമിന് അടുത്ത വൂള്‍വര്‍ഹാംപ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന ഇലക്ഷനിലാണ് കോട്ടയം കുറുപ്പുന്തറ സ്വദേശിയായ സ്റ്റെഫിന്‍ സജീവ് എതിരാളികളെ മലര്‍ത്തിയടിച്ചു ജേതാവായിരിക്കുന്നത്.

ചെയര്‍മാന്‍ പോസ്റ്റിലേക്ക് നാലു പേര്‍ മത്സരിച്ചതില്‍ നിന്നുമാണ് ഈ വിജയം എന്നതും യുകെയിലെ മുഴുവന്‍ കാമ്പസുകളിലും മലയാളി വിദ്യാര്‍ത്ഥികളെ ത്രസിപ്പിക്കുന്ന വാര്‍ത്തയാണ്. കഴിഞ്ഞ ദിവസം തന്നെ ഹഡേഴ്സ്ഫീല്‍ഡ് യൂണിവേഴ്സിറ്റിയില്‍ തിരുവല്ലക്കാരന്‍ അരുണ്‍ മത്സരിച്ചിരുന്നെങ്കിലും വിജയിക്കാനായില്ല. ഇതുകൂടി ചേര്‍ത്താല്‍ മൂന്നു പ്രധാന യൂണിവേഴ്സിറ്റികളില്‍ സാന്നിധ്യം അറിയിക്കാനും രണ്ടിടത്തു വിജയം പിടിച്ചെടുക്കാനും മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചു എന്നതാണ് ഏറ്റവും പ്രധാനമാകുന്നത്. 

കോവിഡില്‍ കാമ്പസുകളില്‍ എത്താന്‍ പോലും സാധിക്കാത്ത സാഹചര്യത്തിലാണ് മൂന്നിടത്തും മലയാളി വിദ്യാര്‍ഥികള്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആകെ നേരിട്ട് കണ്ടിട്ടുള്ളത് ഏതാനും വിദ്യാര്‍ത്ഥികളെ മാത്രമാണെന്ന് സ്റ്റെഫിന്‍ പറയുന്നു. എന്നാല്‍ ഓണ്‍ലൈന്‍ പ്രചാരണത്തിന് നല്ല പിന്തുണയാണ് വിദ്യാര്‍ഥികള്‍ നല്‍കിയത്. വൂള്‍വര്‍ഹാംപ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ അധികം മലയാളി വിദ്യാര്‍ഥികള്‍ ഇല്ല. എന്നാല്‍ ഇന്ത്യക്കാരുടെ സാന്നിധ്യം ശക്തമാണ്.

ആഫ്രിക്കന്‍ വിദ്യാര്‍ഥികളെയും കൂടുതലായി കണ്ടെത്താനാകും. സ്റ്റെഫിനു വേണ്ടി ഈ രണ്ടു വംശക്കാരായ വിദ്യാര്‍ത്ഥികളും തുറന്ന പിന്തുണയാണ് നല്‍കിയത്. തന്റെ മലയാളി മലയാളി സുഹൃത്തിന്റെ പ്രേരണയിലാണ് മത്സരിക്കാന്‍ ഇറങ്ങിയതെന്നും യാതൊരു പ്രതീക്ഷയും ഇല്ലാതിരുന്നിടത്തു നിന്നുമാണ് പോള്‍ ചെയ്ത 750 വോട്ടില്‍ 309 സ്വന്തമാക്കി എതിരാളികളായ മൂന്നു പേരെയും സ്റ്റെഫിന്‍ വെള്ളം കുടിപ്പിച്ചത്. 

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ എത്തിയ സ്റ്റെഫിന്‍ യൂണിവേഴ്സിറ്റി നന്നായി പരിചയപ്പെടും മുന്‍പ് തന്നെ ആദ്യ ലോക്ക്ഡൗണ്‍ എത്തി. തുടര്‍ന്ന് എല്ലാ മലയാളി വിദ്യാര്‍ത്ഥികളെയും പോലെ ബുദ്ധിമുട്ടിയ നാളുകളായിരുന്നു ഒപ്പം ഉണ്ടായിരുന്നതെന്നും സ്റ്റെഫിന്‍ പറയുന്നു. ഇപ്പോഴാണ് താത്കാലികമായി ഒരു ജോലി കണ്ടെത്തിയതും ചിലവിനാവശ്യമായ പണം കണ്ടെത്താന്‍ സാധിച്ചതും.

ഇത്തരം പ്രയാസങ്ങള്‍ നേരിടുമ്പോള്‍ പഠനത്തിന് പുറത്തുള്ള സ്റ്റുഡന്റ് യൂണിയന്‍ കാര്യങ്ങള്‍ ഒന്നും ചിന്തിക്കാനുള്ള മാനസികാവസ്ഥ ഇല്ലാത്തതിനാലാകണം മിക്ക മലയാളി വിദ്യാര്‍ഥികളും ശ്രമിച്ചു നോക്കാന്‍ പോലും തയ്യാറാകാത്തതെന്നും ബി.എസ്.സി ബിസിനസ് ആന്‍ഡ് ഫൈനാന്‍സ് വിദ്യാര്‍ത്ഥിയായ സ്റ്റെഫിന്‍ പറയുന്നു. 

സ്റ്റെഫിനൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മലയാളി കൂടി മത്സരിക്കാന്‍ ഉണ്ടായിരുന്നെങ്കിലും പരാജയപ്പെടുക ആയിരുന്നു. കേരളത്തില്‍ കോളേജ് വിദ്യാഭ്യാസം നടത്തിയിട്ടില്ലാത്ത സ്റ്റെഫിനു രാഷ്ട്രീയം എന്നത് കേട്ടറിവ് മാത്രം ഉള്ള കാര്യമാണ്. യുകെയില്‍ പഠിക്കാന്‍ എത്തുമ്പോള്‍ നേതൃത്വ സ്ഥാനത്തു പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും 21 കാരനായ ഈ മലയാളി യുവാവ് വ്യക്തമാക്കുന്നു.

എന്തായാലും കോഴ്‌സ് അവസാനിക്കുന്ന 2023 വരെ വൂള്‍വര്‍ഹാംപ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ മലയാളി ശബ്ദമായി ആര്‍ക്കും ഏതു സഹായത്തിനും താന്‍ ഉണ്ടാകുമെന്നും സ്റ്റെഫിന്‍ ഉറപ്പു നല്‍കുന്നു. തിരഞ്ഞെടുപ്പ് സമയത്തു സഹായവും പിന്തുണയുമായി എല്ലാവര്‍ക്കും നന്ദി അറിയിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തുന്നതായി സ്റ്റെഫിന്‍ ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കി. 

യുകെയിലെ യൂണിവേഴ്സിറ്റികളില്‍ ഒന്നിന് പുറകെ ഒന്നായി മലയാളി വിദ്യാര്‍ഥികള്‍ നിയന്ത്രണം ഏറ്റെടുക്കുന്ന വിശേഷമാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥി സമൂഹത്തിലെ പ്രധാന സംസാര വിഷയം. വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളെ കണ്ടെത്തുന്ന സമയം ആയതിനാല്‍ മത്സര രംഗത്ത് എത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ ആവേശം കൊയ്‌തെടുക്കുന്ന വിജയ വാര്‍ത്തകളാണ് എത്തിക്കുന്നത്.

ഓരോ വര്‍ഷവും കേരളത്തില്‍ നിന്നും നൂറുകണക്കിന് മലയാളി വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റി പഠനത്തിന് എത്തുന്നുണ്ടെങ്കിലും എല്ലാവരും വരിക, പഠിക്കുക എന്നതിനപ്പുറം മറ്റൊരു കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടേയില്ല ഇതുവരെ. എന്തിനേറെ പഠനത്തിന്റെ ഭാഗമായി താമസിക്കുന്ന സ്ഥലത്തെ മലയാളി സമൂഹത്തെ കണ്ടെത്തി ഒരു പരിചയം ഉണ്ടാക്കാന്‍ പോലും സാധിക്കാതെയാണ് മിക്ക വിദ്യാര്‍ത്ഥികളും നാട്ടിലേക്കു മടങ്ങുന്നത്. എന്നാല്‍ അതിനൊക്കെ സാവകാശം മാറ്റങ്ങള്‍ സംഭവിക്കുകയാണ്.

യുകെയില്‍ പഠിക്കാന്‍ എത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്കു കോവിഡ് കാലത്തു തണലൊരുക്കിയ യുകെയില്‍ സ്ഥിരതാമസമാക്കിയ മലയാളികളോടൊപ്പം കൈപിടിക്കാന്‍ തയ്യാറാകുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഈ പരസ്പര ബന്ധം വഴി യുകെയില്‍ ജനിച്ചു വളര്‍ന്ന മലയാളി വിദ്യാര്‍ത്ഥികളുടെ കൂടി പിന്തുണയാണ് ലഭ്യമാകുന്നത്. സ്വന്തം നാട്ടുകാര്‍ എന്ന സ്‌നേഹം യൂണിവേഴ്സിറ്റിയില്‍ കണ്ടുമുട്ടുന്ന മലയാളി മാത്രമല്ല ഓരോ ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികളും പങ്കിടുകയാണ്. ഈ ബന്ധം കുറേക്കൂടി വിശാലമാകുമ്പോള്‍ ഏഷ്യനും ആഫ്രിക്കനും ചേര്‍ന്ന വലിയൊരു കുടിയേറ്റ സമൂഹമായി രൂപം കൊള്ളുകയാണ്. ഒരു പക്ഷെ വിദ്യാര്‍ത്ഥി സമൂഹത്തില്‍ മാത്രം സാധിക്കുന്ന ഒരു യുകെ കുടിയേറ്റ സമൂഹ സൃഷ്ടിയാണ് ഓരോ കാമ്പസിലേക്കും കടന്നു ചെന്നാല്‍ കാണാന്‍ സാധിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category