1 GBP = 102.10 INR                       

BREAKING NEWS

അവധിക്ക് നാട്ടിലെത്തിയ യുകെ മലയാളിയായ യുവാവിന് ട്രെയിന്‍ തട്ടി ദാരുണാന്ത്യം; സൗത്തെന്റില്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന ചാലക്കുടിക്കാരന്‍ ജീസണ്‍ നാട്ടിലെത്തി ദിവസങ്ങള്‍ക്കകം മരണം; ഞെട്ടലോടെ സൗഹൃദസംഘം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഏതാനും ദിവസത്തെ അവധിക്കു നാട്ടില്‍ എത്തിയ യുകെ മലയാളിയായ യുവാവിന് ദാരുണാന്ത്യം. അടുത്തിടെ ബ്രിട്ടനില്‍ നഴ്‌സ് ആയി ജോലിക്കെത്തിയ ചാലക്കുടി കാടുകുറ്റിക്കാരന്‍ യുവാവാണ് കഴിഞ്ഞ ദിവസം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടത്. സൗത്തെന്‍ഡ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന 33 കാരനായ യുവാവാണ് നാട്ടില്‍ അവധിക്കെത്തി ഏതാനും ദിവസത്തിനകം ദാരുണമായി മരണപ്പെട്ടത്.

നാല് നാള്‍ മുന്‍പുണ്ടായ മരണം അല്‍പം വൈകിയാണ് യുകെയിലെ സുഹൃദ് സംഘത്തില്‍ പലരും അറിയുന്നത്. സൗത്ത് ഏന്‍ഡ് മലയാളി സമൂഹത്തിലും അധികമാരും ഇക്കാര്യം അറിഞ്ഞിട്ടില്ല. യുകെയില്‍ ജീസണ്‍ എത്തിയിട്ട് അധികകാലം ആയിട്ടില്ലെന്നാണ് ലഭ്യമായ വിവരം. 

ചാലക്കുടിയില്‍ ഏറെ അറിയപ്പെടുന്ന അന്നനാട് തളിയത് കുടുംബാംഗമാണ് ജീസണ്‍ ഡേവിസ്. പഠന രംഗത്ത് മിടുക്കനായിരുന്ന ജീസണ്‍ നഴ്സിങ് പഠന ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നഴ്‌സ് ആയി ജോലി ലഭിച്ചിരുന്നു. ഏതാനും നാള്‍ ഇവിടെ ജോലി ചെയ്യുമ്പോളാണ് യുകെയിലേക്കു നഴ്‌സുമാര്‍ക്കുള്ള റിക്രൂട് സൗജന്യമായി നടക്കുന്നത് അറിയുന്നത്. ഇതിനെ തുടര്‍ന്ന് കേരളത്തിലെ ജോലി വേണ്ടെന്നു വച്ച് യുകെയില്‍ എത്തുകയായിരുന്നു ജീസണ്‍. കോവിഡ് യാത്ര ദുരിതം മറികടന്നും ജീസണ്‍ തിരക്കിട്ടു കേരളത്തിലെത്തിയത് എന്തിനെന്നു വ്യക്തമല്ല. 

ചാലക്കുടിയിലെ മുരിങ്ങൂരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം. ട്രെയിന്‍ വരുന്നത് കണ്ടുനിന്നവര്‍ സൂചന നല്‍കിയെങ്കിലും യുവാവ് പാളം മുറിച്ചു കടക്കുക ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. സംഭവ സ്ഥലത്തു വച്ചുതന്നെ മരണം സംഭവിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. സംസ്‌കാര ചടങ്ങുകള്‍ കാടുകുറ്റി ഉണ്ണിമിശിഹാ പള്ളിയിലാണ് എന്നും കുടുംബം വ്യക്തമാക്കിയിരുന്നു. അതിനിടെ ബൈക്ക് യാത്രയും മൊബൈല്‍ ഫോണ്‍ ഫോട്ടോഗ്രാഫിയും ഹരമായിരുന്ന ജീസണിന്റെ അപകടമരണം സഹപാഠികള്‍ അടക്കമുള്ള സുഹൃത്തുകള്‍ക്ക് തീരാസങ്കടമായി മാറിയിരിക്കുകയാണ്.

സ്‌നേഹം കൊണ്ട് ജീസപ്പാ എന്നാണ് കൂട്ടുകാര്‍ ജീസണിനെ വിളിച്ചിരുന്നത് പോലും. എന്തിനും ഏതിനും കൂടെ നില്‍ക്കുന്ന ചങ്ക് തന്നെ ആയിരുന്നു ജീസണ്‍ സുഹൃത്തുക്കള്‍ക്ക്. ജീവിതത്തിലെ സൗഭാഗ്യങ്ങള്‍ എല്ലാം കൂടെത്തിയിട്ടും വിധി കനിവ് കാട്ടാന്‍ തയ്യാറായില്ലല്ലോ എന്നാണ് ഉറ്റ സുഹൃത്തുക്കളില്‍ ഒരാള്‍ സോഷ്യല്‍ മീഡിയ വഴി ജീസണിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്താന്‍ ഉപയോഗിച്ച വാക്കുകള്‍. 

ജീസണിന്റെ ജീവിതത്തില്‍ ആ വാക്കുകള്‍ അക്ഷരം പ്രതി ശരിയുമായിരുന്നു. പഠിച്ചിറങ്ങി അധികം കഴിയും മുന്നേ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയും അവിടെ നിന്നും നഴ്സിങ് രംഗത്ത് ഏവരും കൊതിക്കുന്ന യുകെയില്‍ എത്താനുള്ള അവസരവും ജീസണിന് ഒപ്പം എത്തുകയായിരുന്നു. എന്നിട്ടും അനേകായിരം മൈലുകള്‍ക്ക് അകലെ നിന്നും പ്രിയപ്പെട്ടവരുടെ അടുത്തെത്തി വിശേഷങ്ങള്‍ പങ്കുവച്ചു തീരും മുന്നേ വിധി മരണവുമായി എത്തിയത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രിയപ്പെട്ടവര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല എന്നതാണ് സത്യം. ജീസണിന്റെ ആകസ്മിക മരണത്തില്‍ ദുഃഖിക്കുന്ന കുടുംബത്തിന്റെ വേദനയില്‍ ബ്രിട്ടീഷ് മലയാളി ന്യൂസ് ടീമും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category