1 GBP = 102.00 INR                       

BREAKING NEWS

''ആരെക്കുറിച്ചും എന്തും പറയാമെന്നാണോ കേരളത്തിലെ രാഷ്ട്രീയക്കാര്‍ കരുതുന്നത്? പെണ്ണിന്റെ കയ്യുടെ ചൂട് അറിയുമ്പോള്‍ നിര്‍ത്തിക്കോളും'' ബിഎം ഡിബേറ്റില്‍ ഷൈനു ക്ലെയര്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: അടുത്തകാലത്തായി പൊതുവെ കേരളത്തില്‍ സ്ത്രീകളെ നാക്ക് കൊണ്ട് നേരിടുന്ന ഒരു രീതി വ്യാപകമാകുകയാണ്. കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പില്‍ ഇന്നത്തെ എല്‍ഡിഎഫ് കണ്‍വീനറായ വിജയരാഘവന്‍ സ്ഥാനാര്‍ത്ഥി ആയ രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയതിനെ ദ്വയാര്‍ത്ഥ പ്രയോഗം വഴിയാണ് അവതരിപ്പിച്ചത്. അതിനുള്ള ശിക്ഷ ജനം വോട്ടു വഴി നല്‍കിയപ്പോള്‍ രമ്യക്ക് ഇതുവരെ ആലത്തൂര്‍ മണ്ഡലം കാണാത്ത ഭൂരിപക്ഷമായി, എതിരാളി പികെ ബിജുവിന് നാണക്കേടുമായി വീട്ടില്‍ ഇരിക്കാനുമായി. എന്നിട്ടും പഠിച്ചിട്ടില്ല രാഷ്ട്രീയക്കാര്‍.

വിജയരാഘവനെക്കാള്‍ മുന്നേ മന്ത്രിയായ എംഎം മണി സ്ത്രീകളെ അശ്ലീലം വഴി അവതരിപ്പിക്കുന്നതില്‍ കുപ്രസിദ്ധി നേടിയ ആളുമാണ്. ഇതിനിടയിലാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഷ്ട്രീയമായി നേരിടേണ്ടതിനു പകരം ആരോഗ്യ മന്ത്രിയെയും വിലകുറഞ്ഞ വാക്കുകള്‍ വഴി നേരിടാന്‍ തയ്യാറായത്. അന്നും ജനം കണക്കിന് നല്‍കി. തൊട്ടു പിന്നാലെ ആയിരുന്നു യൂട്യൂബര്‍ വിജയന്‍ നായര്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമിയെ അശ്ലീല പരാമര്‍ശത്തില്‍ കുളിപ്പിച്ചത്. അതിനുള്ള പ്രതികരണം ചെകിട്ടത്തടി ആയിരുന്നു. അതിന്റെ പേരിലുള്ള പൊല്ലാപ്പുകള്‍ ഇപ്പോഴും കോടതിയില്‍ നടന്നുവരികയാണ്. 

ഇതൊക്കെ കണ്മുന്നില്‍ കണ്ടിട്ടും കഴിഞ്ഞ ദിവസം ഇടുക്കിയില്‍ മുന്‍ എംപിയും വക്കീലുമായ ജോയ്സ് ജോര്‍ജ് രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ എത്തുന്ന പെണ്‍കുട്ടികള്‍ ശ്രദ്ധിച്ചു വേണം കുനിയാന്‍ എന്ന് എറണാകുളത്തെ സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ത്ഥിനികളെ ഉദ്ദേശിച്ചു നടത്തിയ പ്രയോഗം ഇവരൊക്കെ സ്ത്രീകളെയും പെണ്‍കുട്ടികളെയും ഏതു കണ്ണിലാണ് കാണുന്നത് എന്നതിനുള്ള ഉത്തരം കൂടിയായി മാറുകയാണ്.

ഈ സാഹചര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയക്കാരായ പുരുഷന്മാര്‍ നാക്കിന് എല്ലില്ലാത്ത നിലയില്‍ വര്‍ത്തമാനം പറയുന്നത് അവസാനിപ്പിക്കാന്‍ സമയമായി എന്നോര്‍മ്മപ്പെടുത്തുകയാണ് യുകെയിലെ മലയാളികളായ വനിതകള്‍. ഈ വിഷയത്തില്‍ ബ്രിട്ടീഷ് മലയാളി അവതരിപ്പിക്കുന്ന ''ഡേര്‍ട്ടി ടോക്ക്: മാറേണ്ട കാഴ്ചപ്പാടുകള്‍'' എന്ന ചര്‍ച്ചയില്‍ ഇന്ന് വിഷയത്തെ കൈകാര്യം ചെയ്യുന്നത് ഒ.ഐ.സി.സി കംപൈനര്‍ കൂടിയായ ബോള്‍ട്ടണിലെ നഴ്സിങ് ഹോം ഉടമയായ ഷൈനു ക്ലെയര്‍ മാത്യൂസാണ്. 

''ജോയ്സിന്റെ അശ്ലീലവും മന്ത്രി മണിയുടെ വിഡ്ഢിച്ചിരിയും ഒന്ന് തന്നെയല്ലേ?', ഷൈനു ക്ലെയര്‍
നമ്മുടെ നാട്ടില്‍ ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാമെന്ന നിലയിലാണ് കാര്യങ്ങള്‍. പ്രത്യേകിച്ചും സ്ത്രീകളെ കുറിച്ച്. സോഷ്യല്‍ മീഡിയയില്‍ നിയമം കുറെ ശക്തമായപ്പോള്‍ ലേശം ഒതുക്കം വന്നിട്ടുണ്ട്. കൂടാതെ ഭാഗ്യലക്ഷ്മിയും കൂടെയുള്ളവരും ഒരുത്തനെ കൈവെക്കാന്‍ തയ്യാറായതോടെ സമൂഹത്തിനു വ്യക്തമായ ഒരു സന്ദേശം ലഭിക്കുകയും ചെയ്തു. ഇനിയുള്ളത് രാഷ്ട്രീയക്കാരാണ്. ഒരു മൈക്കും നാലു കേള്‍വിക്കാരെയും കിട്ടിയാല്‍ എന്തും പറയാമെന്ന ഭാവമാണ് ഇവര്‍ക്ക്.

ഇക്കൂട്ടത്തില്‍ കൂടുതല്‍ കേമന്മാര്‍ ഇടതുപക്ഷക്കാരാണ് എന്നത് എന്റെ രാഷ്ട്രീയ കാഴ്ചപ്പാടല്ല, മറിച്ചു നാം അടുത്തിടെ കേട്ടു പോയ വാര്‍ത്തകള്‍ മുന്‍നിര്‍ത്തിയുള്ള അഭിപ്രായമാണ്. സത്യത്തില്‍ ഭാഗ്യലക്ഷ്മി ചെയ്തത് പോലെ നാലു പെണ്‍പിള്ളേര്‍ ഇക്കൂട്ടരെ കൈവയ്ക്കേണ്ട കാലം കഴിഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണ ഉണ്ടാകും എന്ന ധൈര്യമാണ് ഇവര്‍ക്ക് കൂടെയുള്ളത്. പാര്‍ട്ടിയുടെ തലപ്പത്തു ഇരിക്കുന്നവരാകുമ്പോള്‍ ആരും ചോദ്യം ചെയ്യില്ല എന്ന ബോധ്യവും മനസ്സില്‍ കാണും. ജോയ്സ് ജോര്‍ജ് അശ്ലീലം പറയുമ്പോള്‍ മന്ത്രി മണി അടക്കമുള്ളവര്‍ സദസില്‍ ഇരുന്നു നടത്തുന്ന വിഡ്ഢി ചിരിയെ ഇതുവരെ കാര്യമായി ആരും ആക്ഷേപിച്ചു കണ്ടില്ല. ഈ മനോനില ഉള്ളവര്‍ക്കാണ് നാട്ടിലെ പാവപെട്ട സ്ത്രീകള്‍ വോട്ടു ചെയ്യേണ്ടത്. 

ഇക്കാര്യത്തില്‍ നിയമം കൊണ്ടൊന്നും ഒന്നും ചെയ്യാനാകില്ല എന്നാണ് എന്റെ തോന്നല്‍. നിയമത്തിന്റെ കുറവല്ലല്ലോ, അതിനെ നേരിടാം എന്ന ഇവരുടെ തന്റേടമല്ലേ യഥാര്‍ത്ഥ കാരണം. പൊതു ഇടത്തില്‍ ഏതെങ്കിലും ആണ് വേണ്ടാതീനം ചെയ്യുകയോ, പറയുകയോ ചെയ്താല്‍, കൈ വീശി ഒന്ന് കൊടുത്തോയെന്ന് നമ്മുടെ പെണ്‍മക്കളോട് നിര്‍ദ്ദേശിക്കുന്നതില്‍ ഒരു തെറ്റും കാണുന്നില്ല. 

ബസ്സിലെയും ആള്‍ തിരക്കുള്ള ഇടങ്ങളിലും സംഭവിക്കുന്ന അതിക്രമങ്ങളെ ഇങ്ങനെ നേരിടണം. എന്നാല്‍ സൈബര്‍ ഇടങ്ങളിലെ നാവു കൊണ്ടുള്ള നഗ്‌നയാക്കല്‍ കേട്ട് പെണ്ണിന്റെ ക്ഷമാശക്തിയൊക്കെ ഉയര്‍ത്തി കാട്ടാന്‍ പോയാല്‍ ശല്യക്കാര്‍ പിന്നെയും കൂടുകയേ ഉള്ളൂ - അത് പലര്‍ക്കും രസിക്കുന്നതിന് ഇടയാക്കും. ഇത്തരം കാര്യങ്ങളില്‍ കോടതി - -പോലീസ് സ്റ്റേഷന്‍ - സൈബര്‍ സെല്ല്  മുതലായ കേന്ദ്രങ്ങളെ ആശ്രയിക്കാന്‍ മടിക്കരുത്. കേസ് മുന്‍പോട്ട് കൊണ്ട് പോയി ഇരക്ക് ബുദ്ധിമുട്ട് ഉണ്ടാക്കണോയെന്നാകും അവിടെ നിന്നും കിട്ടാന്‍ പോകുന്ന ആദ്യ ഉപദേശം.

ഇങ്ങനെ കണക്ക് തീര്‍ക്കാന്‍ പോയാല്‍ അവന്‍ വൈരാഗ്യ ബുദ്ധിയുമായി പിന്നെ ഉപദ്രവിച്ചാലോയെന്ന് പോലീസ് പോലും ചോദിച്ചേക്കാം. ഭയം വേണ്ട. ഒരു പരിചയവും ഇല്ലാത്ത പെണ്ണിനെ ചുമ്മാ പിടിച്ച് രസിക്കാനും, വൃത്തി കെട്ട വാക്കുകള്‍ കൊണ്ട് അഭിഷേകം ചെയ്യാനും വരുന്നവന്‍ വെറും ഭീരുവാണ്. വ്യക്തി വൈകല്യം ഉള്ള കക്ഷിയാണ്. നല്ല നാടന്‍ തല്ലു കൊണ്ടാല്‍ പിന്നെ അത്തരം ആരോപണങ്ങളുമായി ഒരുത്തനും ഒരു പെണ്ണിന്റെ പിറകെയും പോവില്ല. എല്ലാവരും ഇങ്ങനെ കായികമായി പ്രതികരിച്ചാല്‍ ഈ വര്‍ഗ്ഗം പൊതു ഇടത്തില്‍ കുറയും.

എന്നാല്‍ സൈബര്‍' *സൈബര്‍ സഭ്യത 'എന്ന ഒരു പുതിയ ക്ലീഷേ തന്നെ നാം ഇത്തരക്കാരെ പഠിപ്പിക്കേണ്ടതുണ്ട്. അതിനായി ശക്തമായ ബോധവല്‍ക്കരണം ആദ്യം സ്ത്രീ പക്ഷത്ത് നിന്ന് ഉണ്ടാവണം. ആര്‍ക്കും എന്തും പറയാന്‍ തക്ക വെറും കച്ചവട - ഉപഭോഗ വസ്തുവല്ല പെണ്ണ് എന്ന് ആദ്യം തിരിച്ചറിയേണ്ടത് പെണ്ണാണ്. അതിന് അവള്‍ തിരിച്ചറിയണം - സ്വന്തം ഉടലുപോലെ സംരക്ഷിക്കപ്പെടണം അവളുടെ തലയും വ്യക്തിത്വവും എന്ന് പെണ്ണ് തന്നെ തിരിച്ചറിയണം

അതിന് കക്ഷി രാഷട്രീയ ഭേദമന്യേ-സാംസ്‌കാരിക നായകന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ മൗന വാത്മീകങ്ങളെ ചോദ്യശരങ്ങളാകും സൂചിമുന കൊണ്ട് ഇവിടത്തെ ഇരയാക്കപ്പെടുന്ന സ്ത്രീ സമൂഹം തന്നെ വേട്ടക്കാരുടെ കണ്ണുകള്‍ കുത്തി പൊട്ടിക്കുകയും വിമര്‍ശനത്തിന്റെ കുന്തമുനയാല്‍ അത്തരക്കാരുടെ നാവുകള്‍ തുളക്കുകയും ചെയ്യണ്ടതാണ് - 'രണ്ടുദിവസം മുന്‍പ് ഒരു എല്‍.ഡി.എഫ് നേതാവ് സ്‌കൂള്‍ വിദ്യാര്‍ഥിനികളെയും കോളേജ് വിദ്യാര്‍ഥിനികളെയും കുറിച്ചു ലിംഗപരമായ അധിക്ഷേപം നിറഞ്ഞ ഒരു പരാമര്‍ശം നടത്തുകയുണ്ടായി. ആ പരാമര്‍ശത്തിലൂടെ അദ്ദേഹം കേരളത്തിലെ പെണ്‍കുട്ടികളെയും സ്ത്രീകളെയും അപമാനിക്കുകയാണു ചെയ്തത്. അതിനെതിരെ ശക്തമായ പ്രതിഷേധം കേരളത്തില്‍ ഉയരുകയും അതിനൊടുവില്‍ അദ്ദേഹത്തിനു ക്ഷമ ചോദിക്കേണ്ടി വരികയും ചെയ്തതില്‍ എനിക്കു സന്തോഷമുണ്ട്.

സി.പി.ഐ.എം പ്രചാരണത്തിന്റെ പാഠങ്ങള്‍ യു.പി മുഖ്യമന്ത്രിയില്‍ നിന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയില്‍ നിന്നും പഠിക്കുന്നതു പോലെയാണ് എനിക്കു തോന്നിയത്. കാരണം, ഇവര്‍ക്ക് ഏറ്റവും കൂടുതല്‍ ആകുലതയുണ്ടെന്നു തോന്നിയത്, സ്ത്രീകള്‍ എന്തു വേഷം ധരിക്കണം, എങ്ങനെ പെരുമാറണം, അവര്‍ ആരെ ഇഷ്ടപ്പെടണം, ആരെ വിവാഹം കഴിക്കണം എന്നതിനെക്കുറിച്ചാണ്. നിങ്ങളോടെനിക്ക് ഒരു കാര്യം പറയാനുണ്ട്. എന്തു വേഷം ധരിക്കണം എന്നു നിങ്ങള്‍ ഞങ്ങളോടു പറയരുത്. ഞങ്ങള്‍ ആരാകണം എന്നു നിങ്ങള്‍ ഞങ്ങളോടു പറയരുത്. ഞങ്ങളുടെ ജീവിതം എങ്ങനെ ജീവിക്കണമെന്നു നിങ്ങള്‍ ഞങ്ങളോടു പറയരുത്. ആരെ ഇഷ്ടപ്പെടണം എന്നു തീര്‍ച്ചയായും നിങ്ങള്‍ ഞങ്ങളോടു പറയരുത്.

ഞങ്ങള്‍ എന്താണോ തിരഞ്ഞെടുക്കുന്നത്, അതു ഞങ്ങള്‍ ധരിക്കും. ഞങ്ങള്‍ എന്താകണം എന്നു ഞങ്ങള്‍ തീരുമാനിക്കുന്നുവോ, അതു ഞങ്ങള്‍ ആകും. ഞങ്ങള്‍ ആരെ തിരഞ്ഞെടുക്കുന്നുവോ, അവരെ ഞങ്ങള്‍ ഇഷ്ടപ്പെടും. ഞങ്ങള്‍ എന്തു ചെയ്യണമെന്ന് ആരും ഞങ്ങളോടു പറയേണ്ടതില്ല. എന്താണു പുരോഗമനം എന്നു ഞങ്ങള്‍ അവരെ പഠിപ്പിക്കാം.' ഇത്രയും പറയുമ്പോള്‍ എല്ലാവരും ഒരുപോലെ എന്നു പറയാന്‍ ന്യായം ആഗ്രഹിക്കുന്നില്ല. ലേഡീസിനു നല്ല ബഹുമാനവും തുല്യ സ്ഥാനവും നല്‍കുന്ന പുരുഷന്മാരും ഉണ്ട്. അത് കൊണ്ട് കണ്ണടച്ച് ഇരുട്ടാക്കുവാന്‍ ആഗ്രഹം ഇല്ല. ഒന്ന് മാത്രം ഇതൊരു മനോ രോഗം ആണ്. ഈ മനോരോഗത്തിന് അതിന്റെതായ ചികിത്സ തന്നെ വേണം.
ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ (02-04-2021) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category