1 GBP = 102.50 INR                       

BREAKING NEWS

'കെട്ടിച്ചു വിടാന്‍ മാത്രം പെണ്ണിനെ വളര്‍ത്തുന്ന നാട്ടില്‍ അവള്‍ക്കു നേരെ ആരും കയ്യുയര്‍ത്തും; കാരണം അവള്‍ തിരിച്ചു ചോദിക്കാന്‍ പാടില്ലാത്തവളാണ്', ബിഎംഡിബേറ്റില്‍ സിനു കിഷന്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: സ്ത്രീകള്‍ പരസ്യമായും അവഹേളിക്കപ്പെടുന്ന നാടായി കേരളം മാറുകയാണോ? കേരളത്തിലെ രാഷ്ട്രീയ നേതൃത്വം തുടര്‍ച്ചയായി പൊതുവേദികളില്‍ സ്ത്രീകളെ അപമാനിക്കുന്ന സംഭവങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി സംഭവിക്കുന്നതിലെ ഏറ്റവും പുതിയ എപ്പിസോഡാണ് കഴിഞ്ഞ ദിവസം ഇടുക്കിയില്‍ ഉണ്ടായത്. തിരഞ്ഞെടുപ്പ് വേദിയില്‍ മുന്‍ ഇടുക്കി ലോക്‌സഭാ അംഗം ജോയ്സ് ജോര്‍ജ് ഉയര്‍ത്തിയ അശ്ലീല പരാമര്‍ശത്തില്‍ കയ്യോടെ പെണ്‍ ശബ്ദം ഉയര്‍ന്നപ്പോള്‍ വോട്ടു നഷ്ടമാകും എന്ന ഭീതിയില്‍ മാപ്പു പറയാന്‍ അദ്ദേഹം തയ്യാറായെങ്കിലും സ്ത്രീയോടുള്ള കേരളാ സമൂഹത്തിന്റെ പൊതു കാഴ്ചപ്പാടാണ് ജോയ്സ് ജോര്‍ജിനെ പോലുള്ളവരുടെ അശ്ലീല മനസ്സില്‍ നിന്നും പുറത്തു ചാടുന്നത്.

സെന്റ് തെരേസാസ് കോളേജില്‍ എത്തിയ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ പെണ്‍കുട്ടികള്‍ തുറന്ന സംവാദത്തിനു തയ്യാറായതാണ് ജോയ്‌സിനെ പ്രകോപിപ്പിച്ചത്. ഇതോടെ അവിവാഹിതനായ രാഹുലിന് മുന്നില്‍ കുനിയുമ്പോള്‍ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കണമെന്ന മട്ടില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയ ജോയ്‌സിനെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തള്ളിപ്പറഞ്ഞെങ്കിലും എത്ര പുരോഗമിച്ചാലും വികൃത മനസുകള്‍ക്ക് ഒരു പഞ്ഞവും ഇല്ലെന്നാണ് കേരളം എല്ലായ്‌പ്പോഴും തെളിയിക്കുന്നത്. ഈ വിഷയത്തില്‍ ഒഐസിസി കാമ്പയിനര്‍ കൂടിയായ ബോള്‍ട്ടണിലെ ഷൈനു ക്ലെയര്‍ മാത്യൂസ് നടത്തിയ പ്രതികരണത്തിന് പിന്നാലെ ബ്രിസ്റ്റോളില്‍ നിന്നും മലയാളി നഴ്‌സ് സിനു കിഷന്‍ നടത്തുന്ന പ്രതികരണമാണ് ഇന്നത്തെ ബിഎം ഡിബേറ്റില്‍. 

അശ്ലീലം തമാശയാകുന്നതെങ്ങനെ?
സ്ത്രീ... അവളെ കുറിച്ചുള്ള ധാരണകള്‍, വീക്ഷണങ്ങള്‍.... എത്ര പുരോഗമിച്ചാലും, പല സമൂഹത്തിലും ഒരു മാറ്റവമില്ലാതെ നില നില്‍ക്കുന്ന ഒന്നാണിത്. ഒരു രാജ്യം പുരോഗമിച്ചിരിക്കുന്നു, എന്നതിന്റെ ഏറ്റവും പ്രകടമായ ലക്ഷണങ്ങളില്‍ ഒന്ന് അവിടുത്തെ സ്ത്രീകളെക്കുറിച്ചു ള്ള കാഴ്ചപ്പാട് ആണ്. അങ്ങനെ എങ്കില്‍, നമ്മുടെ രാജ്യം എത്ര പുരോഗമിച്ചിട്ടുണ്ട്??
ഇപ്പോഴും നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ എന്ത് ധരിക്കുന്നു, എന്ത് സംസാരിക്കുന്നു, എന്ത് ചെയ്യണം, ചെയ്യരുത് എന്നതൊക്കെയാണ് സംസാര വിഷയം. കാലാ കാലങ്ങള്‍ ആയി, വളരെ സമര്‍ത്ഥമായി അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗം ആണ് സ്ത്രീകള്‍. മത പുസ്തകങ്ങള്‍ മുതല്‍ നോക്കൂ, എത്ര സൗകര്യ പൂര്‍വമാണ് സ്ത്രീയെ അബലയായി ചിത്രീകരിച്ചിരിക്കുന്നത് എന്ന് എത്ര കാലം മുന്‍പ് എഴുതപ്പെട്ട പുസ്തകങ്ങള്‍ ആണവ. അന്നത്തെ സമൂഹത്തിന് അത് സ്വീകാര്യമാകാന്‍ ഏറെ കാരണങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. ഇന്ന് നമ്മള്‍ നില്‍ക്കുന്നത് എത്രയോ നൂറ്റാണ്ടുകള്‍ക്ക് അപ്പുറം എന്നിട്ടും, സ്ത്രീയും പുരുഷനും ഒരു പോലെ ജോലി ചെയ്യേണ്ട ആവശ്യകതയില്‍ എത്തിയിട്ട് പോലും, കാഴ്ചപ്പാടുകള്‍ മാത്രം മാറിയിട്ടില്ല.

ഒരു സ്ത്രീ തനിച്ച് സഞ്ചരിച്ചാല്‍, കുറച്ചു പുരുഷന്മാര്‍ക്ക് ഒപ്പം സഞ്ചരിച്ചാല്‍, നല്ല വസ്ത്രം ധരിച്ചാല്‍, ലിപ്സ്റ്റിക് ഇട്ടാല്‍ ഒക്കെ ഒരുപാട് മനുഷ്യര്‍ പുരികം ഉയര്‍ത്തുന്ന സമൂഹത്തില്‍ തന്നെയാണ് നാം ഇന്നും ജീവിക്കുന്നത്. കെട്ടിച്ചു വിടാന്‍ വേണ്ടി മാത്രം, (ഉള്ള സകല ആത്മ വിശ്വാസവും കളഞ്ഞു) പെണ്‍കുട്ടികളെ വളര്‍ത്തുന്ന സമൂഹത്തില്‍. ഭര്‍തൃ ഗൃഹം, എങ്ങനെ തന്നെ ആയാലും, എല്ലാം സഹിച്ചു കഴിയണം, അല്ലെങ്കില്‍ അഹങ്കാരിയും, തന്റേടിയും) ആയി ചിത്രീകരിക്കപ്പെടുന്ന സമൂഹത്തില്‍. സ്വന്തം അഭിപ്രായങ്ങള്‍ ഉള്ളവരെ തന്നിഷ്ടക്കാരി ആയി ചിത്രീകരിക്കുന്ന സമൂഹത്തില്‍.

സ്‌പോര്‍ട്‌സ്, മാര്‍ഷ്യല്‍ ആര്‍ട്‌സ് എന്നിവ കുറച്ചു കൂടി പ്രാബല്യത്തില്‍ ആക്കാതെ, പാട്ടും ഡാന്‍സും മാത്രം പഠിച്ചാല്‍ മതി പെണ്‍ കുറ്റികള്‍, എന്ന് ഒരുപാട് പേര്‍ കരുതുന്ന ഒരു സമൂഹത്തില്‍. അമ്മയും പെങ്ങളും മാത്രം ആണ് സ്തീകള്‍, എന്ന് നല്ലൊരു ശതമാനം പുരുഷന്മാര്‍ കരുതുന്ന, എന്റെ പെങ്ങള്‍ അടങ്ങി ഒതുങ്ങി നടക്കണം, എന്ന് എത്രയോ ആങ്ങളമാര്‍ കരുതുന്ന, എന്റെ മോള് ഓടരുത്, ചാടരുത്, ആരേക്കൊണ്ടും ഒരു മോശം വാക്ക് പോലും പറയിക്കരുത്, 'പെണ്ണായി'വളരണം എന്ന് നിത്യേന ഓതി കൊടുക്കുന്ന മാതാപിതാക്കന്മാര്‍ ഏറെയുള്ള സമൂഹത്തില്‍. അവിടെ തന്നെയാണ്, നമ്മള്‍ ഇപ്പോഴും നില്‍ക്കുന്നത് സുഹൃത്തുക്കളെ, ഇപ്പോഴും ജീവിക്കുന്നത്.

സ്ത്രീ വിരുദ്ധ തമാശകള്‍, ഇളിഭ്യ ചിരികളോടെ പലര്‍ക്കും പങ്കുവയ്ക്കുകയും, അതു കേട്ട് ആര്‍ത്തു ചിരിക്കുകയും ചെയ്യുന്നവരാണ് നമ്മളില്‍ പലരും. അച്ഛന്റെ, ആങ്ങളയുടെ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ നിഴലില്‍ മാത്രം നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍. കരുത്തുള്ള മരങ്ങള്‍ക്കെ, ഉറച്ച നിഴല്‍ കാണൂ എന്ന് പോലും തിരിച്ചറിയാന്‍ പറ്റാത്തത്ര 'mental conditioning' ആണ് ഓരോ സ്ത്രീക്കും വളര്‍ച്ചയുടെ പല ഘട്ടങ്ങളില്‍ ലഭിക്കപ്പെടുന്നത്. ഇവിടെ, ജോയ്‌സ് ജോര്‍ജ് ഒക്കെ ഒരു പ്രതീകം പോലുമല്ല. ഇതും ഇതിനപ്പുറവും, സിനിമയിലും, രാഷ്ട്രീയത്തിലും, എല്ലാ മുഖ്യ ധാരാ ഇടങ്ങളിലും നാം കാണുന്നുണ്ട്, നിത്യേന. എന്ത് പറഞ്ഞാലും, 'സ്ത്രീകളെയല്ലേ, ജനം മറന്നോളും,' എന്നുള്ള ധാരണയും കൂടി ഉള്ള ഒരു സമൂഹത്തില്‍ ആണ് നാം ജീവിക്കുന്നത്, എന്നതാണ് കഷ്ടം.

സ്ത്രീകള്‍, മനുഷ്യരാണ് സുഹൃത്തുക്കളെ. അവരെ മനുഷ്യ ജീവികള്‍ ആയി മാത്രം കാണുക. അനുവാദം ഇല്ലാതെ അവരുടെ വിരല്‍ തുമ്പില്‍ പോലും സ്പര്‍ശിക്കാതിരിക്കുക. അവരുടെ നേരെ അശ്ലീലം സംസാരിച്ചിട്ട്, 'തമാശയാണ്' എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാന്‍ മാത്രം വില ഇല്ലാത്തവര്‍ ആകാതിരിക്കുക. സ്ത്രീയും പുരുഷനും ഈ ഭൂമിക്ക് ആവശ്യമാണ്, അവര്‍ തുല്യ അവകാശികളും ആണ്. നിങ്ങളും സ്ത്രീകളും തമ്മില്‍, ശാരീരികം ആയുള്ള വ്യത്യാസങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതുകൊണ്ട് അതിനെ കുറിച്ച്, ഇനിയും കൗതുകം കൊള്ളാതെയും, ഒളിഞ്ഞു നോക്കാതെയും ഇരിക്കുക. കുറച്ച് മസില്‍, രക്ത കുഴലുകള്‍, മാസം ഇത്രയൊക്കെയേ ഉള്ളൂ. അതില്‍ എന്താണിത്ര കൗതുകപ്പെടാന്‍? ശാരീരികം ആയ ശക്തി കൊണ്ട്, ഒരു സ്ത്രീയെ കീഴ്‌പ്പെടുത്താം എന്ന് നിങ്ങളില്‍ ഒരാള്‍ എങ്കിലും കരുതുന്നു എങ്കില്‍, ക്ഷമിക്കണം, നിങ്ങളെ 'അധമന്‍' എന്ന് വിളിക്കേണ്ടി വരും. ആ ധാരണകള്‍ മാറ്റുക. അത് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും നല്‍കില്ല.

അതു കൊണ്ട് മാറ്റം നമ്മള്‍ ഓരോരുത്തരില്‍ നിന്നും തന്നെ തുടങ്ങട്ടെ, അമ്മമാരില്‍ നിന്ന്, അച്ചന്‍മാരില്‍ നിന്ന്, പെണ്‍കുട്ടികളില്‍ നിന്ന്, ആണ്‍കുട്ടികളില്‍ നിന്ന്, ആങ്ങളമാരില്‍ നിന്ന്, ഭര്‍ത്താക്കന്മാരില്‍ നിന്ന്... നമ്മള്‍ ഓരോരുത്തരില്‍ നിന്നും. ആ മാറ്റം, നമ്മുടെ സമൂഹത്തിലും, മാധ്യമ രംഗത്തും, പൊതു പ്രവര്‍ത്തനത്തിലും കാണാന്‍ സാധിക്കട്ടെ. മനുഷ്യരെ ബഹുമാനിക്കുക എന്നത്, അത് സ്ത്രീ ആയാലും പുരുഷന്‍ ആയാലും നമ്മുടെ സംസ്‌കാരമാകട്ടെ. തുല്യത എന്നത് നിലവാരവും.  സ്ത്രീകളെ നോക്കുന്ന കണ്ണുകള്‍, ഇനിയും ഒരുപാടു വളരാനുണ്ട്. 'ജോയ്‌സ് ജോര്‍ജു'മാരുടെ ഇടുങ്ങിയ മനസ്സുകള്‍ക്കും എത്രയോ അപ്പുറം.

സിനു കിഷന്‍

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category