1 GBP = 102.50 INR                       

BREAKING NEWS

''അയാളൊക്കെ ആണുങ്ങള്‍ക്കും അപമാനമാണ്, എല്ലാ ആണുങ്ങളും കോഴികളല്ല'', സ്ത്രീകളെ ആക്ഷേപിക്കുന്ന നേതാക്കളുടെ മനോനില അപകടത്തില്‍: ബിഎം ഡിബേറ്റില്‍ അനിത ചന്ദ്രന്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഒരാഴ്ച മുന്‍പ് ഇടുക്കിയില്‍ മുന്‍ എംപി ജോയ്സ് ജോര്‍ജ് പെണ്‍കുട്ടികളെ സഭ്യമല്ലാത്ത തരത്തില്‍ വിവരണം നടത്തിയതിനു പൊതു സമൂഹവും രാഷ്ട്രീയ നേതൃത്വവും ശക്തമായ ഭാഷയില്‍ അപലപിച്ചത് ബോധ്യപ്പെട്ടതോടെ മാപ്പു പറഞ്ഞു തടിയൂരുകയിരുന്നു അഭിഭാഷകന്‍ കൂടിയായ രാഷ്ട്രീയ നേതാവ്. സ്ത്രീകളുടെ അന്തസ്സിനും പൊതു സമൂഹത്തിലെ അവരുടെ ആദരവിനും കോട്ടം തട്ടും വിധം പ്രസംഗിച്ചു നടക്കുന്ന ഒരുപറ്റം രാഷ്ട്രീയ നേതാക്കള്‍ എങ്കിലും കേരളത്തില്‍ ഉണ്ടെന്നതാണ് സത്യം.

ഏതാനും വര്‍ഷം മുന്‍പ് ഒരു പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ തിക്കിലും തിരക്കിലും നടിയെ സംരക്ഷിക്കാന്‍ എന്ന മട്ടില്‍ തലോടിയെന്ന ആക്ഷേപം കേട്ട കോണ്‍ഗ്രസ് നേതാവ് പീതാംബര കുറുപ്പ് പിന്നീട് ഒരു തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതും കേരളം കണ്ടതാണ്. എന്നിട്ടും പാഠം പഠിക്കാത്ത പാര്‍ട്ടി ഇത്തവണയും അയാളെ ചാത്തന്നൂര്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നുണ്ട്. ഫലം എന്താകും എന്നറിയാന്‍ മെയ് രണ്ടു വരെ കാത്തിരിക്കേണ്ട എന്നാണ് മണ്ഡലം ഇപ്പോഴേ പറയുന്നത്. ഒരു പക്ഷെ നാളെ ഒരു നാള്‍ ഇതേവിധത്തില്‍ ഇപ്പോള്‍ സ്വയം അവഹേളിതനായി മാറിയിരിക്കുന്ന ജോയ്സ് ജോര്‍ജും മത്സരിക്കാന്‍ എത്തിയേക്കാം. പാര്‍ട്ടി കരുത്തില്‍ ജയിച്ചെന്നും വരാം. 

പക്ഷെ അത്തരം ജയമൊന്നും ഇവരുടെ ദേഹത്തെ ചളി കഴുകിക്കളയാന്‍ പോരാതെ വരും. ഇത്രയൊക്കെ ആയിട്ടും തങ്ങള്‍ നേരെയാകില്ല എന്ന് തെളിയിച്ചാണ് ഇന്നലെ കായംകുളത്തെ സ്ഥാനാര്‍ത്ഥി അരിത ബാബുവിനെ ആ പ്രദേശം ഉള്‍പ്പെടുന്ന ആലപ്പുഴയിലെ എംപി കൂടിയായ അഡ്വ. ആരിഫ് പരിഹസിക്കാന്‍ തയ്യാറായത്. ദരിദ്ര കുടുംബത്തില്‍ നിന്നും അന്തസായി പശുവിനെ വളര്‍ത്തി പാല്‍ വിറ്റു ജീവിക്കുന്ന ജീവിക്കുന്ന അരിതയെ ആ തൊഴിലിന്റെ പേര് ഉയര്‍ത്തിയാണ് ആരിഫ് അപമാനിച്ചത്. കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടും തന്റെ പിന്തുണ പിന്‍വലിക്കാന്‍ ആരിഫ് തയ്യാറായിട്ടില്ല. പേരില്‍ തൊഴിലാളി വര്‍ഗ പാര്‍ട്ടി എന്ന് പറയുമെങ്കിലും സമീപകാലത്തെ സിപിഎംലെ സമ്പന്ന നേതാക്കളില്‍ മുന്‍ നിരയിലാണ് ആരിഫിന്റെ സ്ഥാനം. 

ഇക്കാരണത്താല്‍ സ്വന്തമായി ജോലി ചെയ്തു ജീവിക്കുന്ന ഒരാളെ അപമാനിക്കുമ്പോള്‍ ഉണ്ടാകുന്ന വേദന ആരിഫിന് മനസിലായിക്കൊള്ളണം എന്നുമില്ല. ഈ രണ്ട് ഉദാഹരണം - ആരിഫിന്റെയും ജോയ്സ് ജോര്‍ജിന്റെയും - മുന്നില്‍ നില്‍ക്കുമ്പോള്‍ കേരളത്തിലെ ഇത്തരക്കാരായ പുരുഷ രാഷ്ട്രീയക്കാരുടെ മനോനിലയെ കുറിച്ച് വിലയിരുത്തുകയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായ സോളിഹല്ലിലെ മലയാളി നഴ്‌സ് അനിത ചന്ദ്രന്‍. 

എല്ലാ ആണുങ്ങളും തന്നെപ്പോലെയെന്നു ജോയ്സ് ജോര്‍ജ് കരുതിക്കാണണം 
ജോയ്സ് ജോര്‍ജൊരു പ്രതീകമാണ്. സ്ത്രീയെ വസ്തുവായി കാണുന്ന, അവളുടെ നടപ്പൊന്നു മാറിയാല്‍, നടുവൊന്നു കുനിഞ്ഞാല്‍ പന്തികേടാണെന്നു കരുതുന്ന വലിയൊരു സമൂഹത്തിന്റെ പ്രതിനിധിയാണയാള്‍.

സംശയലേശമന്യേ ഒരു പൊതുവേദിയില്‍ സ്ത്രീത്വത്തെ കരുവാക്കി രാഷ്ട്രീയ അപമാനിക്കല്‍ നടത്താന്‍ അയാള്‍ക്ക് പ്രത്യക്ഷത്തില്‍ തന്നെ പ്രചോദനം കൊടുത്തൊരു വേദി അയാള്‍ക്കൊപ്പമുണ്ട്.

മാപ്പു പറയാന്‍ ബാക്കി വയ്ക്കാതെ ശര്‍ദ്ദിച്ച മാത്രയില്‍ വാക്കുകളെ തിരിച്ചെടുപ്പിക്കാന്‍ വേദി പങ്കിട്ട രാഷ്ട്രീയ കാരണവന്മാര്‍ ആരും മുതിര്‍ന്നില്ല എന്നത് തീര്‍ച്ചയായും കേരളത്തിന്റെ പുരോഗതിയെ (?) ഉയര്‍ത്തിക്കാട്ടുന്ന ഉദാഹരണം തന്നെയാണ്.

ഒരു രാത്രി കാറ്റുകൊള്ളിച്ചും ,മതിലുകള്‍ കെട്ടാന്‍  കൈകൊടുപ്പിച്ചും ഒക്കെ  ഒതുക്കി തീര്‍ക്കാനുള്ള വികസനമേ കേരളത്തിലെ സ്ത്രീ സമൂഹത്തിനു ഇന്നും ഉള്ളൂ എന്ന് ജോയ്സ് ജോര്‍ജിനെപ്പോലുള്ളവര്‍ വിളിച്ചു പറയുന്നു, ഒപ്പമിരിക്കുന്ന സമൂഹം മൗനത്താല്‍  സമ്മതമറിയിക്കുകയും ചെയ്യുന്നു.

പെണ്ണുങ്ങള്‍ എന്ത് ചെയ്യണം ചെയ്യണ്ട എന്നുള്ളതിന്റെ ഒരു സൂചന കൂടിയാണ് അയാള്‍ പറഞ്ഞിരിക്കുന്നത്.

പെണ്ണൊന്നു കുനിഞ്ഞാല്‍ പൊഴിഞ്ഞു പോവാനെന്തുണ്ടെന്നാണ് ഇയാളെപ്പോലുള്ളവര്‍ പറയുന്നത്? പെണ്‍ കുനിച്ചിലുകളില്‍ കൗതുകം പൂണ്ടു കുളിരു കോരുന്ന ആളുകള്‍ എന്താണ് ഉദ്ദേശിക്കുന്നത്? പെണ്ണായതു കൊണ്ട് അനങ്ങിയും മൂളിയും മെനക്കേടാക്കാതെ ഒതുങ്ങിക്കൂടി ജീവിച്ചു കൊള്ളണമെന്നാണോ? ആണുങ്ങളുമായി തൊട്ടു മുട്ടി ഇടപെടരുതെന്നാണോ? തൊട്ടാല്‍ ഇയാളെപ്പോലുള്ളവര്‍ എന്തും ചെയ്തു കളയുമെന്നാണോ? എന്താണ് ഇയാള്‍ ഉദ്ദേശിച്ചത്? കോഴികളാണ് കേരളത്തിലെ പുരുഷന്മാര്‍ എന്നാണോ അദ്ദേഹം ധരിച്ചിരിക്കുന്നത്? 

തറ രാഷ്ട്രീയ കളരിയില്‍ അയാള്‍ രാഹുല്‍ ഗാന്ധിയെ വ്യക്തിഹത്യ ചെയ്യാന്‍ പെണ്‍ സമൂഹത്തെ ഒന്നായി തരം താഴ്ത്തുകയാണ് ചെയ്തത്. ഒട്ടൊന്നു ചിന്തിച്ചാല്‍ ഒപ്പമയാള്‍ മലര്‍ന്നു കിടന്നു തുപ്പുക കൂടിയാണ് ചെയ്തത്. ആണ്‍ വര്‍ഗ്ഗത്തെ മൊത്തമായി തന്നെ പെണ്ണിന്റെ കാലിന്നിടയില്‍ കണ്ണും നട്ടിരിക്കുന്നവരായി ചിത്രീകരിച്ചിരിക്കുന്നു.

സ്വന്തം കണ്ണിലെ പുഴുക്കടിയും നാവിലെ അഴുകിയ മെഴുപ്പും, മനസ്സിലെ ചീഞ്ഞ ചിന്തകളും പൊതു വേദിയില്‍ വാരിയെറിഞ്ഞിരിക്കുന്നു.

ജോയ്സ് ജോര്‍ജിന്റെ കണ്ണിലൂടെ പെണ്‍ ജനത്തിനെ കാണുന്ന ഒരുപാടാളുകള്‍ ഉണ്ട് ,പക്ഷേ പൊതുവേദിയില്‍ വിളിച്ചു കൂവി പെണ്ണുങ്ങളെ അപമാനിച്ച ഇയാളെപ്പോലുള്ളവര്‍ കേരളത്തിന് തന്നെ നാണക്കേടാണ്.

കടം കൊടുക്കാന്‍ കൊള്ളാത്ത വാക്കുകളും, പിഞ്ഞിപ്പറിഞ്ഞ ചിന്തകളുമാണ് സ്ത്രീത്വത്തെപ്പറ്റി ജോയ്സ് ജോര്‍ജിനുള്ളത്, തിരിച്ചെടുത്താല്‍ തീരുന്നവയല്ല. തിരിച്ചെടുക്കലിന്റെ തൂക്കുപാലങ്ങള്‍ക്കുമപ്പുറം യുവതലമുറയുടെ മനസ്സുകളില്‍ കൂടിയാണ് അയാള്‍ കരി തേച്ചിരിക്കുന്നത്. വളര്‍ന്നു വരുന്നൊരു സമൂഹത്തിന്റെ  ആത്മവിശ്വാസത്തെ ചോദ്യം ചെയ്യാന്‍ അയാള്‍ ശ്രമിച്ചിരിക്കുന്നു. മാപ്പ് കൊടുക്കാന്‍ സാധ്യമല്ല തന്നെ...

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category