1 GBP = 102.10 INR                       

BREAKING NEWS

ഈസ്റ്റര്‍ പ്രാര്‍ത്ഥന നടത്തിയ പള്ളികള്‍ക്കു വന്‍പിഴ; പലയിടത്തും നിയന്ത്രണം പാളി; മുസ്ലിം വിഭാഗക്കാര്‍ കൂടി പള്ളികളില്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ നിരീക്ഷണക്കണ്ണുമായി പോലീസും; ലോക്ക്ഡൗണ്‍ ഇളവ് ചെയ്യാന്‍ തീരുമാനിച്ചിരിക്കെ വീണ്ടും മരണ നിരക്കില്‍ വര്‍ധന; സര്‍ക്കാര്‍ വീണ്ടു വിചാരത്തിനു തയ്യാറായേക്കും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഈസ്റ്റര്‍ രാവില്‍ പ്രാര്‍ത്ഥനയ്ക്ക് ഒത്തുകൂടിയ യുകെയിലെ അനേകം പള്ളികള്‍ക്കു കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന്റെ പേരില്‍ കനത്ത പിഴ ഏര്‍പ്പെടുത്തി. മിതമായ തോതില്‍ ആളുകളെ പ്രവേശിപ്പിച്ചു പ്രാര്‍ത്ഥന നടത്താന്‍ നല്‍കിയ അനുവാദം പരിധി വിട്ടും ആളുകള്‍ പള്ളിയില്‍ എത്തിയപ്പോള്‍ പ്രദേശവാസികള്‍ നല്‍കിയ പരാതിയിലാണ് പോലീസെത്തി പലയിടത്തും പിഴ നല്‍കിയത്. പലയിടത്തും വിവിധ കുടിയേറ്റ ഗ്രൂപ്പുകള്‍ക്ക് പ്രാധന്യമുള്ള പള്ളികളിലാണ് ഇടപെടല്‍ വേണ്ടി വന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പോളിഷ്, ആഫ്രിക്കന്‍ വിഭാഗക്കാരുടെ നിയന്ത്രണത്തില്‍ ഉള്ള ലണ്ടന്‍ പ്രദേശത്തെ പള്ളികളിലാണ് കൂടുതല്‍ തവണയും പോലീസ് എത്തിയത്. ആത്മീയമായി പ്രാധാന്യം ഉള്ള ദിവസം എന്ന നിലയിലാണ് പരിധി വിട്ടു ആളുകള്‍ എത്താന്‍ ഇടയായതെന്നു പള്ളിക്കാര്‍ സൂചിപ്പിച്ചെങ്കിലും നിയമത്തില്‍ വിട്ടുവീഴ്ച സാധിക്കില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.

പലയിടത്തും പരിഗണന നല്‍കി 200 പൗണ്ടില്‍ പിഴ ഒടുക്കിയപ്പോള്‍ രണ്ടാം വട്ടം നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടിടത്തു പിഴ സംഖ്യ ആയിരത്തിനു മുകളിലായി ഉയര്‍ത്താനും പോലീസ് തയ്യാറായി. അതേസമയം പോലിസ് അകാരണമായി അവരുടെ നിയമപരമായ അധികാരം പ്രയോഗിക്കുകയാണ് എന്ന് പള്ളിക്കാരും കുറ്റപ്പെടുത്തി മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയതോടെ സംഭവം കൂടുതല്‍ ശ്രദ്ധ നേടുകയാണ്. അടുത്ത ആഴ്ച മുതല്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈദ് പെരുന്നാളുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനകള്‍ കൂടി ആരംഭിക്കാനിരിക്കെ കര്‍ക്കശമായ നിലപാടിലൂടെയേ കോവിഡ് നിയന്ത്രണം സാധിക്കൂ എന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്.

സൗത്ത് ലണ്ടനിലെ ബാല്‍ഹാം പോളിഷ് പള്ളിയില്‍ ദുഃഖ വെള്ളിയാഴ്ച എത്തിയ പോലീസ് സാമൂഹ്യ അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നതാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഏവരും വീട്ട് അഡ്രസ് നല്‍കി പിരിഞ്ഞു പോകണമെന്ന് പോലീസ് ആവശ്യപ്പെടുക ആയിരുന്നു. എന്നാല്‍ ഈ നടപടി ധിക്കാരപരം ആണെന്നായിരുന്നു പള്ളി അധികൃതരുടെ ഭാഷ്യം. പള്ളിയില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും 200 പൗണ്ട് വീതം പിഴ ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഈസ്റ്റര്‍ ദിനത്തില്‍ ഇതേ പള്ളിയില്‍ വിശ്വാസികള്‍ വീണ്ടും ഒത്തുകൂടിയിരുന്നു. പോലീസ് മാപ്പു പറയണം എന്നായിരുന്നു ആവശ്യം. എന്നാല്‍ പ്രദേശവാസികളുടെ പരാതിയില്‍ വീണ്ടും സ്ഥലത്ത് എത്തിയ പോലീസ് മാപ്പു പറയാന്‍ തയ്യാറായില്ല. അതേസമയം പോലീസ് നടപടി ഭയന്ന് മിതമായ തരത്തില്‍ മാത്രം ഈസ്റ്റര്‍ ദിനത്തില്‍ പള്ളിക്കകത്ത് ആളുകളെ പ്രവേശിപ്പിച്ച ശേഷം ബാക്കിയുള്ളവര്‍ പള്ളിക്കു പുറത്താണ് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്.

അടുത്ത ആഴ്ച മുതല്‍ മുസ്ലിം വിശ്വാസികളും ഈദ് പെരുന്നാളിന്റെ മുന്നൊരുക്കമായി കൂട്ടം കൂടാനുള്ള സാധ്യത ഉള്ളതിനാല്‍ ആരാധനാലയങ്ങളില്‍ വിട്ടുവീഴ്ച തത്കാലം ആവശ്യമില്ലെന്ന നിലപാടിലാണ് പോലീസ്. അടുത്ത മാസം 12 നാണു ഈദ് പെരുന്നാള്‍. എന്നാല്‍ ഇതിനു മുന്നോടിയായി ഒരു മാസം പ്രാര്‍ത്ഥനയുടെ വഴികളിലാണ് മുസ്ലിം വിശ്വാസികള്‍. സ്വാഭാവികമായും വലിയ തരത്തില്‍ മോസ്‌കുകളില്‍ ആള്‍ക്കൂട്ടം ഉണ്ടാകാനും സാധ്യതയേറെയാണ്. ഇതുകൂടി മുന്നില്‍ കണ്ടാണ് പോലീസ് നിലപാട് കര്‍ക്കശമാക്കുന്നത്. കടുത്ത നിയന്ത്രങ്ങളിലൂടെ കൈപ്പിടിയില്‍ നിര്‍ത്തിയ കോവിഡ് ആഘോഷങ്ങളുടെ പേരില്‍ വീണ്ടും പിടിമുറുക്കുന്നത് അനുവദിക്കാനാകില്ല എന്നാണ് പോലീസ് നിലപാട്. 

അതിനിടെ സാഹചര്യങ്ങള്‍ നിരന്തരം വിലയിരുത്തുന്ന സര്‍ക്കാര്‍ അടുത്ത തിങ്കളാഴ്ച മുതല്‍ പ്രഖ്യാപിച്ച ഇളവുകള്‍ റദ്ദ് ചെയ്യേണ്ടി വരുമോ എന്ന ആശങ്കയിലാണ്. ജനങ്ങള്‍ ശ്രദ്ധയില്ലാതെ പെരുമാറിയാല്‍ സര്‍ക്കാര്‍ വീണ്ടുവിചാരത്തിനു തയ്യാറാകും എന്ന മുന്നറിയിപ്പ് പുറത്തു വന്നിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്തു ഈസ്റ്റര്‍ ദിനത്തില്‍ വെയില്‍ ആസ്വദിക്കാനിറങ്ങിയ പലര്‍ക്കും പാര്‍ക്കുകളിലും മറ്റും തിരക്കേറിയതിനെ തുടര്‍ന്ന് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം പത്തു മരണം മാത്രം റിപ്പോര്‍ട്ട് ചെയ്തിടത്ത് ഇന്നലെ കോവിഡ് മരണം 47 ആയി മാറിയത് സര്‍ക്കാരിന് സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നുണ്ട്. ഹോസ്പിറ്റലില്‍ എത്തുന്ന രോഗികളുടെ കണക്കിലും നേരിയ വര്‍ധന പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നിലവില്‍ 2588 രോഗികളാണ് ഹോസ്പിറ്റലില്‍ ചകിത്സയില്‍ ഉള്ളതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കുന്നു. ജനുവരില്‍ 34000 ലേറെ രോഗികള്‍ ഉണ്ടായിരുന്ന കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗികളുടെ എണ്ണത്തില്‍ 92 ശതമാനം കുറവാണു രേഖപ്പെടുത്തപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category