1 GBP = 102.10 INR                       

BREAKING NEWS

കോവിഡിനെ തോല്‍പ്പിച്ചിട്ടും മരണം പിന്നാലെയെത്തി; ഷെഫീല്‍ഡി ല്‍ ഇന്നലെ വൈകുന്നേരം നിര്യാതനായ ദിനേശ് മടപ്പള്ളില്‍ ഏവര്‍ക്കും പ്രിയപ്പെട്ടവന്‍; ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു സമയം കണ്ടെത്തിയിരുന്ന മരങ്ങാട്ടുപിള്ളികാരന്റെ മരണത്തിലൂടെ നഷ്ടമായത് നിസ്വാര്‍ത്ഥ സംഘടകനെ; ഒരാഴ്ചക്കിടയില്‍ നാലാമത്തെ മരണം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കോവിഡില്‍ നിന്നും വിമുക്തി നേടിയിട്ടും മരണം വിടാതെ പിന്നാലെയെത്തി അതിന്റെ നിയോഗം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഇന്നലെ വൈകുന്നേരം ഷെഫീല്‍ഡില്‍ നിര്യാതനായ കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശി മടപ്പള്ളില്‍ ദിനേശിന്റെ മരണത്തെ ഒറ്റവരിയില്‍ ഇങ്ങനെയേ കുറിച്ചിടാനാകൂ. ഇക്കഴിഞ്ഞ മാര്‍ച്ച് 16നു ജോലി സ്ഥലത്തു നിന്നും കോവിഡ് ബാധിതനായ ദിനേശ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് രോഗമുക്തി നേടിയിരുന്നതാണ്.

എന്നാല്‍ വീട്ടില്‍ മടങ്ങിയെത്തി അധികം വൈകാതെ കോവിഡാനന്തര പ്രയാസങ്ങള്‍ പിടികൂടുക ആയിരുന്നു. വീണ്ടും ആശുപത്രിയില്‍ എത്തിച്ച 51 കാരനായ ഇദ്ദേഹത്തെ കഴിഞ്ഞ ഏതാനും ദിവസമായി വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത് . ആരോഗ്യ നില അത്യന്തം വഷളായ സാഹചര്യത്തില്‍ ഇനി അത്ഭുതമൊന്നും സംഭവിക്കാനില്ലെന്നു ഭാര്യ രാജി അടക്കമുള്ളവരെ അറിയിക്കുകയും ചെയ്തിരുന്നു . 

ഉറ്റ കുടുംബ മിത്രങ്ങളും പ്രിയപ്പെട്ടവരും ഒക്കെ ദിനേശന്‍ മരണത്തെ തോല്‍പ്പിച്ചു ഒരിക്കല്‍ കൂടി ജീവിതത്തിലേക്കു മടങ്ങി എത്തും എന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഇവരെയൊക്കെ അത്യധികം സങ്കടപ്പെടുത്തി ഇന്നലെ വൈകുന്നേരം മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുക ആയിരുന്നു. നിറകണ്ണുകളും കൂപ്പുകൈകളുമായി ഭാര്യ രാജി അടക്കമുള്ളവര്‍ മരണ സമയത്ത് അദ്ദേഹത്തിന് കാവല്‍ എന്നവണ്ണം ആശുപത്രിയില്‍ ഉണ്ടായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മകളും ജിസിഎസ്ഇ വിദ്യാര്‍ത്ഥിനിയും അടക്കം രണ്ടു മക്കളാണ് ഇദ്ദേഹത്തിന്. ആരോഗ്യനില വഷളായ സാഹചര്യത്തില്‍ പിതാവിനെ കാണുവാന്‍ കുട്ടികള്‍ക്ക് നേരത്തെ അവസരം ഒരുക്കിയിരുന്നു.
സംസ്‌കാരമടക്കമുള്ള അന്തിമ കര്‍മ്മങ്ങള്‍ സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. മിക്കവാറും യുകെയില്‍ തന്നെ ചടങ്ങുകള്‍ സംഘടിപ്പിക്കാനുള്ള സാധ്യതയാണ് കുടുംബ സുഹൃത്തുക്കള്‍ വ്യക്തമാകുന്നത്. നാട്ടില്‍ വച്ചു തന്നെ ഉള്ള പരിചയം യുകെയില്‍ വന്നിട്ടും തുടരാന്‍ കഴിഞ്ഞതാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെ എന്നും ശക്തമാക്കി നിര്‍ത്തിയിരുന്നതെന്ന് ഉറ്റ സുഹൃത്തായ മാഞ്ചസ്റ്ററിലെ പൊതുപ്രവര്‍ത്തകന്‍ കൂടിയായ കെ ഡി ഷാജിമോന്‍ വ്യക്തമാക്കി.

പ്രിയ സുഹൃത്ത് അത്യാസന്ന നിലയില്‍ ആണെന്നറിഞ്ഞു കഴിഞ്ഞ ദിവസം അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഷാജിമോന്‍ അടക്കമുള്ളവര്‍ ഷെഫീല്‍ഡില്‍ എത്തുകയും ചെയ്തിരുന്നു. ഇത്രയും സാധുവും ഏറ്റെടുക്കുന്ന കാര്യങ്ങളില്‍ ആത്മാര്‍ത്ഥത കാട്ടുന്ന വ്യക്തിയെയും നമുക്ക് വീണ്ടും കണ്ടുമുട്ടുക അസാധ്യമായിരിക്കും എന്നാണ് മരണവിവരമറിഞ്ഞു സൗഹൃദ സംഘം വ്യക്തമാക്കുന്നത്. ഭാര്യ ഏറ്റുമാനൂര്‍ സ്വദേശിയായതിനാല്‍ ആ പ്രദേശത്തു നിന്നുള്ള ഒട്ടേറെ കുടുംബങ്ങളുമായും ഇവര്‍ക്ക് ഉറ്റബന്ധമാണ് ഉണ്ടായിരുന്നത്.

പ്രാദേശിക മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനവുമായി ഒക്കെ വളരെ സജീവമായി ഇടപെട്ടിരുന്ന ഏവര്‍ക്കും പ്രിയപ്പെട്ട വ്യക്തി കൂടിയായ ദിനേശന്റെ മരണം ഉള്‍ക്കിടിലത്തോടെയാണ് മലയാളി സമൂഹം ഏറ്റെടുത്തിരിക്കുന്നത്. എന്തിനും മുന്നിട്ടിറങ്ങാന്‍ താല്‍പര്യം ഉള്ള സംഘാടകന്‍ എന്ന നിലയിലാകും ഇദ്ദേഹത്തെ മലയാളി സമൂഹം ഓര്‍ത്തിരിക്കുക. ഷെഫീല്‍ഡിന് അടുത്ത് ബേണ്‍സ്ലി എന്ന സ്ഥലത്താണ് ദിനേശും കുടുംബവും താമസിച്ചിരുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ എന്നും താല്‍പര്യത്തെ നോക്കിയിട്ടുള്ള ഇദ്ദേഹം ഏതാനും വര്‍ഷം മുന്‍പ് ചിറമ്മേലച്ചന്‍ യുകെയില്‍ ജീവകാരുണ്യ സന്ദേശവുമായി എത്തിയപ്പോള്‍ റോതാര്‍ഹാമില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാന്‍ മുന്നില്‍ നിന്നതും ദിനേശായിരുന്നു. 

ഷെഫീല്‍ഡ് കേന്ദ്രമാക്കി ഹൈന്ദവ സമൂഹത്തെ ഒന്നിപ്പിക്കാനും ഏറെ ശ്രമം നടത്തിയ വ്യക്തിയാണ് ദിനേശ്. വളരെ കുറച്ചു കുടുംബങ്ങളെ ഉണ്ടായിരുന്നുള്ളുവെങ്കിലും ഹൈന്ദവ ആഘോഷ വേളകളിലും മറ്റും കുടുംബങ്ങള്‍ക്ക് ഒത്തുകൂടുവാനുള്ള അവസരം ഒരുക്കാന്‍ എന്നും മുമ്പിലായിരുന്നു ദിനേശും കുടുംബവും. എല്ലാ വര്‍ഷവും ബിര്‍മിങ്ഹാം ബാലാജി ക്ഷേത്രത്തില്‍ നടക്കുന്ന ഗീതാഞ്ജലി പരിപാടിയില്‍ നൃത്തം അവതരിപ്പിക്കുവാന്‍ മകളുമായി മുടങ്ങാതെ എത്തുന്നതും ദിനേശന്റെ ആഗ്രഹമായിരുന്നു. ബ്രിട്ടീഷ് മലയാളി മാഞ്ചസ്റ്ററില്‍ സംഘടിപ്പിച്ച അവാര്‍ഡ് നൈറ്റിലും ദിനേശ് സംഘാടകനെ പോലെ എത്തിയാണ് തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയത്. 

അതിനിടെ ഏപ്രില്‍ പിറന്ന ശേഷം ഒരാഴ്ചക്കിടയില്‍ നാലാമത്തെ മരണവാര്‍ത്ത കേള്‍ക്കേണ്ടി വന്ന വ്യസനമാണ് യുകെ മലയാളി സമൂഹം പങ്കിടുന്നത്. ദുഃഖ വെള്ളിയാഴ്ച പുലര്‍ന്നപ്പോള്‍ തന്നെ സഫോള്‍കിലെ കാറപകടത്തില്‍ മലയാളി യുവാവ് അമല്‍പ്രസാദ് മരിച്ച വിവരം കേട്ട് വിഷമിച്ചു നിന്ന മലയാളികളെ തേടി അന്ന് തന്നെ അബര്‍ഡീന്‍ മലയാളിയായ എല്‍ദോയുടെ മരണവാര്‍ത്തയുമെത്തി.

തൊട്ടുപിന്നാലെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളിയായ ജിമ്മിയുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോവിഡ് അനുബന്ധ അസുഖവുമായി ഇപ്പോള്‍ വെന്റിലേറ്ററില്‍ കഴിയുന്ന രണ്ടുപേരെ ജീവിതത്തിലേക്കു മടക്കി എത്തിക്കണമേയെന്ന പ്രാര്‍തനയാണ് ഇപ്പോള്‍ യുകെ മലയാളി സമൂഹത്തിനുള്ളത്. ഇവരില്‍ ഒരാള്‍ തീരെ ചെറുപ്പവും യുകെയില്‍ ജോലി തേടി എത്തിയിട്ട് അധികം ദിവസങ്ങള്‍ ആയിട്ടില്ല എന്നതും ആശങ്ക വര്‍ധിപ്പിക്കുന്ന കാര്യമാണ്.  

ആകസ്മികമായി എത്തിയ മരണത്തിനു മുന്നില്‍ നെഞ്ചുതകര്‍ന്നു നില്‍ക്കുന്ന ദിനേശന്റെ ഭാര്യയുടെയും മക്കളുടെയും വേദനയില്‍ ബ്രിട്ടീഷ് മലയാളിയും പങ്കുചേരുന്നു, ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category