1 GBP = 102.10 INR                       

BREAKING NEWS

ഒരു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചെങ്കിലും കുടുംബത്തോട് ഉണ്ടായിരുന്നത് പ്രത്യേക കരുതല്‍; മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിയിലുള്ള മാനസിക സമ്മര്‍ദ്ദവും ആത്മഹത്യക്ക് ഇടയാക്കിയെന്ന് സഹപ്രവര്‍ത്തകര്‍; ആത്മഹത്യാ കുറിപ്പിലും ആരെയും പേരെടുത്തു കുറ്റപ്പെടുത്തലില്ല; സ്വപ്നയുടെ വിടപറയലില്‍ അനാഥരായി രണ്ട് മക്കള്‍

Britishmalayali
kz´wteJI³

കണ്ണൂര്‍: കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സ്വപ്നയുടെ വേര്‍പാട് സഹപ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും നൊമ്പരമായി. എന്തിനാണ് സ്വപ്ന ജീവനൊടുക്കിയത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എല്ലാവരോടും നല്ലരീതിയില്‍ പെരുമാറുന്ന സ്വപ്ന കടുംകൈ ചെയ്തതോടെ രണ്ട് കുട്ടികളാണ് അനാഥരായത്. ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച സ്വപ്നയ്ക്ക് കുടുംബത്തില്‍ പ്രത്യേക സ്നേഹവും കരുതലും ഉണ്ടായിരുന്നു. രണ്ട് മക്കളോടൊപ്പം നിര്‍മലഗിരിയില്‍ താമസിക്കുമ്പോള്‍ ഇടയ്ക്ക് അമ്മയെത്തി കുറച്ചു നാള്‍ കൂട്ടിരുന്നാണു മടങ്ങാറുള്ളത്.

ഭര്‍ത്താവിനു പിറകെ സ്വപ്നയുടെ വിയോഗം, രണ്ടു മക്കളെ അനാഥമാക്കിയ വേദനയിലും നഷ്ടബോധത്തിലുമാണ് കുടുംബം. ഭര്‍ത്താവിന്റെ വേര്‍പാട് സ്വപ്നയെ മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നു. ക്രമേണ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിയിലുള്ള മാനസിക സമ്മര്‍ദവുമാണ് സ്വപ്നയുടെ പ്രവൃത്തിക്കു പിന്നിലെന്ന് ബന്ധുക്കളും സഹപ്രവര്‍ത്തകരും കരുതുന്നു.

സ്വപ്നയുടെ ആത്മഹത്യാ കുറിപ്പില്‍ ആരെയും പേരെടുത്തു കുറ്റപ്പെടുത്തുന്നില്ല. ജോലിയില്‍ ശോഭിക്കാനായില്ലെന്ന് മാത്രമാണ് ആത്മഹത്യാ കുറിപ്പില്‍ എടുത്തു പറയുന്ന കാര്യം. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ രാവിലെയാണു സ്വപ്ന ബാങ്കില്‍ എത്തിയതെന്ന് വ്യക്തമായിരുന്നു.

കൂത്തുപറമ്പ് പാലത്തുംകരയിലെ കാനറ ബാങ്ക് കൂത്തുപറമ്പ് ശാഖ മാനേജര്‍ തൃശൂര്‍ മണ്ണുത്തി സ്വദേശിനി കെ.എസ്.സ്വപ്നയെ (40) വെള്ളിയാഴ്ചയാണ് ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 8.45 ഓടെ ബാങ്കിലെത്തിയ ജീവനക്കാരാണ് കോണ്‍ക്രീറ്റ് ഹുക്കില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ സ്വപ്നയെ കണ്ടത്. ഉടനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവര്‍ ബാങ്ക് മാനേജരായി തൊക്കിലങ്ങാടിയില്‍ എത്തിയത്. ര

കണ്ണൂര്‍ തൊക്കിലങ്ങാടി കനറാ ബാങ്ക് ശാഖയിലെ വനിതാ മാനേജര്‍ കെ എസ് സ്വപ്ന ബാങ്കിനുള്ളില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് തല അന്വേഷണം വേണമെന്ന് കനറാ ബാങ്ക് സ്റ്റാഫ് യൂണിയന്‍ ആവശ്യപ്പെട്ടു. വിധവയായ, രണ്ട് കൊച്ചു കുട്ടികളുടെ അമ്മയായ, ശാഖാ മാനേജരാണ് ബാങ്കിനുള്ളില്‍ ജീവിതം അവസാനിപ്പിച്ചത്. ജോലി സമ്മര്‍ദ്ദമാണ് മരണകാരണം എന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ബാങ്ക്തല അന്വേഷണം ഉടനെ നടത്തണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ ബാങ്ക് അധികാരികള്‍ സ്വീകരിക്കണമെന്നും കനറാ ബാങ്ക് സ്റ്റാഫ് യൂണിയന്‍ സെക്രട്ടറി എന്‍ സനില്‍ ബാബുവും സിന്‍ഡിക്കേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയന്‍ സെക്രട്ടറി പരമേശ്വര്‍ കുമാറും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:

വര്‍ദ്ധിച്ചു വരുന്ന ജോലി സമ്മര്‍ദ്ദം
ഒരു ബാങ്കില്‍ ഓഫീസര്‍, മാനേജര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന മാനസിക സമ്മര്‍ദ്ദങ്ങളെ സംബന്ധിച്ച് പല ഘട്ടങ്ങളിലും നാം ചര്‍ച്ച ചെയ്തതാണ്. അശാസ്ത്രീയമായ ബാങ്കിങ് പരിഷ്‌കാരങ്ങളുടെ ഫലമായി ശാഖയിലെ ജീവനക്കാര്‍ ഓരോരുത്തരും, കൗണ്ടറില്‍ ഇരിക്കുന്നയാള്‍ മുതല്‍ ഉയര്‍ന്ന തസ്തികയിലുള്ളവരെല്ലാം ജോലി സമ്മര്‍ദ്ദത്തിന്റെ ഏറ്റവും തീക്ഷ്ണമായ തലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും, യുക്തിസഹമല്ലാത്ത ടാര്‍ജറ്റുകളും, മുകള്‍തട്ടില്‍ നിന്നുള്ള അനാവശ്യമായ ഇടപെടലുകളും, ഭീഷണിയുമൊക്കെ ഇപ്പോള്‍ കാനറാ ബാങ്കില്‍ നിത്യസംഭവങ്ങളാണ്.

കേന്ദ്ര സര്‍ക്കാരിന്റെ ഫ്ളാഗ്ഷിപ്പ് പദ്ധതികളുടെ ഭാരത്തിനു പുറമേ, ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍, മ്യൂച്ചല്‍ഫണ്ട്, ഫാസ്റ്റാഗ്, തുടങ്ങി എന്തും ഏതും വില്‍പ്പന നടത്തുന്ന കേന്ദ്രങ്ങളായി നമ്മുടെ ബാങ്കിന്റെ ശാഖകള്‍ മാറിയിരിക്കുന്നു. അശാസ്ത്രീയമായ, അംഗീകരിക്കാന്‍ സാധിക്കാത്ത ലക്ഷ്യങ്ങള്‍ നല്‍കി ശാഖകളെ സമ്മര്‍ദ്ദത്തിലാക്കുന്നതും സ്ഥിരം കാഴ്ചയാണ്. നിഷ്‌ക്രിയ ആസ്തി (എന്‍.പി.എ.) വര്‍ദ്ധിക്കാതിരിക്കാന്‍ വഴിവിട്ട വായ്പാ പുനഃക്രമീകരണങ്ങള്‍ക്കായി (Restructuring) നിര്‍ബന്ധിക്കുന്നതും, അതിന് തയ്യാറാകാത്ത ശാഖകളിലെ ഓഫീസര്‍മാരെ റീജ്യണല്‍ ഓഫീസില്‍ വിളിച്ചു വരുത്തി നിര്‍ബന്ധമായി ഇത് ചെയ്യിക്കുന്നതുമൊക്കെ എത്രമാത്രം ആശാസ്യമാണ് എന്നത് എല്ലാവരും ആലോചിക്കുന്നത് നന്ന്.

നോമിനേഷന്‍ എന്ന ദുര്‍വാശി
എല്ലാ അക്കൗണ്ടുകള്‍ക്കും നോമിനേഷന്‍ നിര്‍ബന്ധമായും വാങ്ങണം, അത് ഉടനടി പൂര്‍ത്തീകരിക്കണം എന്ന ഉത്തരവ് നല്‍കിയിട്ട് ഏതാനം ആഴ്ചകളേ ആയിട്ടുള്ളു. അതിനായി ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളിലുമൊക്കെ ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതും നാം കണ്ടതാണ്. എന്തിനു വേണ്ടിയാണ് ഇത്ര ധൃതി പിടിച്ച് നോമിനേഷനായി മുറവിളി കൂട്ടുന്നത്? യഥാര്‍ത്ഥത്തില്‍ നോമിനേഷന്‍ നല്‍കണോ വേണ്ടയോ എന്നത് ഇടപാടുകാരന്റെ അവകാശമല്ലേ! അതിനായി നിര്‍ബന്ധിച്ച് ശാഖയില്‍ വിളിച്ചു വരുത്തി അവരെ ബുദ്ധിമുട്ടിക്കേണ്ട ആവശ്യമുണ്ടോ? ശാഖകള്‍ വര്‍ഷാവസാന ടാര്‍ജറ്റുകള്‍ക്കായി ബുദ്ധിമുട്ടുമ്പോഴാണ് നോമിനേഷന്റെ പേരില്‍ ഈ പ്രഹസനം. ബാങ്കിന്റെ തലപ്പത്തിലുള്ള ഏതോ ഉന്നത ഉദ്യോഗസ്ഥന് തോന്നുന്ന ഇത്തരത്തിലുള്ള ഉട്ടോപ്യന്‍ ചിന്തകള്‍ ജീവനക്കാരുടെ തലയില്‍ അടിച്ചേല്‍പിക്കുന്നതിനും അതിനായി മുറവിളി കൂട്ടി ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കുന്നതിനും അധികാരികള്‍ക്ക് യാതൊരു മടിയുമുണ്ടാകുന്നില്ല എന്നത് പരിശോധനക്ക് വിധേയമക്കണം.

ബാങ്കിനെ വെടക്കാക്കുന്ന കണക്റ്റിവിറ്റി പ്രശ്നങ്ങള്‍
ലയനത്തിനു ശേഷമുള്ള കണക്റ്റിവിറ്റി, ടെക്നോളജി പ്രശ്നങ്ങള്‍ അതി സങ്കീര്‍ണ്ണമായി തുടരുകയാണ്. ഇടപാടുകാരോട് മുഖാമുഖം കാണേണ്ട ജീവനക്കാര്‍ വില്ലന്മാരായി ചിത്രീകരിക്കപ്പെടുന്നു. കണക്ഷന്‍ ലഭിക്കുന്നില്ല, സിസ്റ്റം വളരെ സ്ലോ ആണ് തുടങ്ങിയ സ്ഥിരം മറുപടികള്‍ മാത്രമാണ് ജീവനക്കാരുടെ പക്കലുള്ളത്. ATM, മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ് ഒന്നും കാര്യക്ഷമമായി, കുറ്റമറ്റതായി പ്രവര്‍ത്തിക്കുന്നില്ല. ഇടപാടുകാര്‍ക്ക് SMS ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമായി ലഭിക്കുന്നു. എന്നാല്‍ SMS നായുള്ള സര്‍വ്വീസ് ചാര്‍ജ് വാങ്ങുന്നതില്‍ ഒരു പിശുക്കും ബാങ്കിനില്ല! സേവിങ്ങ്സ് അക്കൗണ്ടിലും, കറന്റ് അക്കൗണ്ടിലും, ലോണ്‍ അക്കൗണ്ടിലും കഴുത്തറപ്പന്‍ സര്‍വ്വീസ് ചാര്‍ജ്ജ് വാങ്ങുന്നവര്‍ എന്ന പേരും നമ്മുടെ ബാങ്കിന് ചാര്‍ത്തിക്കിട്ടിയിരിക്കുന്നു.

ശാഖകള്‍ അടച്ചു പൂട്ടാനും സമ്മര്‍ദ്ദം
ബാങ്ക് ലയനങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുയാണ്. ഒരു വര്‍ഷം മുമ്പ് നടന്ന സിന്‍ഡിക്കേറ്റ് ബാങ്കുമായുള്ള ലയനത്തിനു ശേഷം രാജ്യവ്യാപകമായി ശാഖകള്‍ അടച്ചു പൂട്ടുന്ന പ്രക്രിയ ആരംഭിച്ചിരിക്കുന്നു. ഇടപാടുകാര്‍ക്ക് വേണ്ട മുന്നറിയിപ്പ് നല്‍കാതെ, RBI അനുശാസിക്കുന്ന നോട്ടീസ് നല്‍കാതെ, ശാഖകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയും, ജീവനക്കാര്‍ക്ക് ഇരിപ്പിടങ്ങളോ, ഇടപാടുകാര്‍ക്ക് സ്ഥലസൗകര്യങ്ങളോ പോലും ഇല്ലാത്ത മറ്റൊരു ശാഖയിലേക്ക് പ്രവര്‍ത്തനങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതോടെ ഇരു ശാഖകളിലേയും ജീവനക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാകുകയാണ്. തുടര്‍ന്ന് ജീവനക്കാരും ഇടപാടുകാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ച് മനസ്സിലാക്കാനോ അവ പരിഹരിക്കുന്നതിന് വേണ്ട സത്വര നടപടികള്‍ സ്വീകരിക്കാനോ തയ്യാറാകാത്ത നിലപാടാണ് അധികാരികള്‍ സ്വീകരിക്കുന്നത്. ആത്മാഹുതി ചെയ്ത വനിതാ മാനേജരുടെ ശാഖയും അടച്ചുപൂട്ടാന്‍ വേണ്ടി തീരുമാനിക്കപ്പെട്ട ശാഖയാണ് എന്നത് ഈ ദിശയിലേക്ക് കൂടുതല്‍ സമഗ്രമായ ഇടപെടലുകള്‍ ആവശ്യമുണ്ട് എന്ന് ബോദ്ധ്യപ്പെടുത്തുന്നതാണ്. ശാഖയിലെ ജീവനക്കാര്‍ അനുഭവിക്കുന്ന പിരിമുറുക്കത്തിന്റെ കൂടി ഭാഗമായിട്ടാവണം ഇത്തരം ദാരുണ സംഭവങ്ങള്‍ നടക്കുന്നത്. ഇത്തരത്തിലുള്ള അശാസ്ത്രീയമായ, ധൃതിപിടിച്ചുള്ള പരിഷ്‌കാരങ്ങള്‍ അടിയന്തിരമായി നിര്‍ത്തിവച്ച് ജീവനക്കാരെ കൂടി വിശ്വാസത്തിലെടുത്തു കൊണ്ട് പ്രവര്‍ത്തിക്കാന്‍ ബാങ്ക് മാനേജ്മെന്റ് തയ്യാറാവേണ്ടതുണ്ട്.

ഓരോ ബാങ്ക് ജീവനക്കാരനും ഏതു സമയത്തും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപര്‍വ്വതവും പേറിയാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്. വലിയ ദാരുണമായ അപകടങ്ങള്‍ ഉണ്ടാകാവുന്ന കേന്ദ്രങ്ങളായി ബാങ്ക് ശാഖകള്‍ മാറുകയാണ്. തൊക്കിലങ്ങാടി സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പുനര്‍വിചിന്തനം നടത്താന്‍ അധികാരികള്‍ തയ്യാറാകണം. സമഗ്രമായ ഒരു അന്വേഷണം നടത്താന്‍ അടിയന്തിരമായി ഉത്തരവിടണം. ഇത്തരത്തിലുള്ള പഠനങ്ങള്‍ നടത്താന്‍ കനറാ ബാങ്കിലെ സംഘടനകളും തയ്യാറാകണം. മുമ്പ് സ്വകാര്യ ബാങ്കുകളില്‍ കൂടുതലായി കണ്ടു വന്നിരുന്ന ഇത്തരം ദുഷ്പ്രവണതകള്‍ ഇപ്പോള്‍ പൊതുമേഖലാ ബാങ്കുകളിലേക്കും വ്യാപിക്കുന്നത് പരിശോധിക്കപ്പെടണം. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണ നയവുമായി ഇത്തരം സംഭവങ്ങള്‍ ചേര്‍ത്തു വായിക്കണം. ആത്മാഭിമാനത്തോടെ പണിയെടുക്കാന്‍ കഴിയുന്ന തൊഴിലിടങ്ങളായി ബാങ്ക് ശാഖകള്‍ മാറേണ്ടതുണ്ട്. ഒരു ജീവന്‍ കൂടി പൊലിയാതിരിക്കാനുള്ള ജാഗ്രത അധികാരികളുടെയും മുഴുവന്‍ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഭാഗത്തു നിന്നും ഉണ്ടാകണമെന്നും പ്രസതാവനയില്‍ അഭ്യര്‍ത്ഥിച്ചു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category