1 GBP = 102.10 INR                       

BREAKING NEWS

യുകെയിലെ വിഐപി മലയാളിയെ തപ്പി ഇനി എവിടെയും പോകേണ്ടാ; ഇന്ന് ബാന്‍ബറിയില്‍ ഡെനം ഷോറൂം ഗ്രാന്‍ഡ് ഓപ്പണിങ് സെറിമണി നടത്തുന്നത് മലയാളിയായ പ്രഭു നടരാജന്‍; യുകെയില്‍ എത്തി ഒരു വര്‍ഷം തികയുമ്പോഴേക്കും ഈ പാലക്കാട്ടുകാരന്‍ കാണിക്കുന്ന അത്ഭുതങ്ങള്‍ക്ക് അവസാനമില്ല

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെയിലെ ഏറ്റവും വിഐപിയായ മലയാളി ആരെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍ അതിനിന്നൊരു ഉത്തരം എത്തുകയാണ്. ബ്രിട്ടനില്‍ ഏറ്റവും പ്രശസ്തമായ ഒരു റീറ്റെയ്ല്‍ ബ്രാന്‍ഡ് തങ്ങളുടെ ഷോറൂം ഉദ്ഘാടനം ചെയ്യുവാന്‍ കണ്ടെത്തിയിരിക്കുന്നത് ഒരു മലയാളിയെ. അതും യുകെയില്‍ എത്തി കേവലം ഒരു വര്‍ഷം മാത്രമായ ഒരാളെ. ഈ കുറഞ്ഞ സമയത്തിനുള്ളില്‍ പ്രാദേശിക സമൂഹത്തിനു ഹീറോ ആയിരിക്കുകയാണ് ഈ പാലക്കാട്ടുകാരന്‍.

തനിക്കു ലഭിക്കുന്ന തുച്ഛമായ വേതനത്തില്‍ ഒരു പങ്കു ബ്രിട്ടനിലെ പാവങ്ങള്‍ക്കായി മാറ്റിവയ്ക്കാന്‍ തയ്യാറായതിലൂടെയാണ് ഈ യുവാവ് പ്രാദേശിക സമൂഹത്തിന്റെ ലോക്കല്‍ ഹീറോ എന്നറിയപ്പെടാന്‍ തുടങ്ങിയത്. ഇത്രയും പറഞ്ഞതിലൂടെ, കഴിഞ്ഞ നാലഞ്ചു മാസത്തിനിടയില്‍ തന്നെ പലവട്ടം ബ്രിട്ടീഷ് മലയാളിയുടെ പ്രധാന പേജിലൂടെ വായനക്കാരിലേക്ക് എത്തിയ പ്രഭു നടരാജന്‍ എന്ന മലയാളി യുവാവിനെ വായനക്കാര്‍ക്ക് പിടികിട്ടി കഴിഞ്ഞിരിക്കും. 
യുകെയിലെ പ്രശസ്ത ഫര്‍ണിഷിങ് ബ്രാന്‍ഡ് ആയ ഡനം തങ്ങളുടെ പുതിയ ഷോറൂം തുറക്കാന്‍ ഉള്ള അവസരം പ്രഭുവിനാണ് നല്‍കിയിരിക്കുന്നത്. രാജ്യത്തു മൊത്തമായി 170 ഷോറൂമുള്ള ഡനം ഈ രംഗത്ത് 11 ബില്യണ്‍ പൗണ്ടിന്റെ കച്ചവടം ചെയ്യുന്നവരാണ്. ഇന്ന് രാവിലെ എട്ടുമണിക്ക് പ്രഭു റിബണ്‍ നാട മുറിച്ചു ഉദ്ഘാടനം ചെയ്യുമ്പോള്‍ ആദ്യമെത്തുന്ന 20 ഉപയോക്താക്കള്‍ക്ക് പ്രത്യേക സമ്മാനവും ലഭിക്കും. രാജ്യത്തു വീണ്ടും ലോക്ക്ഡൗണ്‍ ഇളവുകള്‍ നടപ്പില്‍ വരുന്ന ദിവസം തന്നെയാണ് പുത്തന്‍ ഷോറൂം ബാന്‍ബറിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 

തന്റെ മകന്‍ പഠിക്കുന്ന സ്‌കൂളിലെ ഇരുപതിലേറെ പാവപെട്ട കുടുംബങ്ങള്‍ക്കായി ക്രിസ്മസ് ഹംപര്‍ തയ്യാറാക്കിയാണ് പ്രഭു ജീവകാരുണ്യ വഴിയിലെ വേറിട്ട മുഖമായി മാറിയത്. അതോടെ ബാന്‍ബറി എന്ന കൊച്ചു പട്ടണത്തില്‍ പ്രഭു ശ്രദ്ധിക്കപെടുക ആയിരുന്നു. പ്രാദേശിക പത്രം പ്രഭുവിന്റെ നന്മ വാര്‍ത്തയാക്കിയതോടെയാണ് ഇത്രകാലവും തങ്ങള്‍ക്കു ചെയ്യാന്‍ തോന്നാഞ്ഞതാണല്ലോ എവിടെ നിന്നോ വന്ന ഒരാള്‍ ചെയ്തു കാണിച്ചത് എന്നായിരുന്നു പ്രദേശവാസികളുടെ ചിന്ത.

തുടര്‍ന്നു മകന്റെ പിറന്നാളിന് സമപ്രായക്കാരായ കുട്ടികള്‍ക്ക് സമ്മാനം നല്‍കിയും ക്രിസ്മസ് സമയത്തു കൊടും തണുപ്പില്‍ സാന്തായുടെ വേഷമണിഞ്ഞു ജീവകാരുണ്യത്തിനു പണം സമാഹരിച്ചും കോവിഡ് ദുരിതകാലത്തു പ്രയാസപ്പെടുന്നവര്‍ക്കു ഭക്ഷണം എത്തിച്ചും ഒക്കെ പ്രഭു തന്റെ ജനസേവന പ്രവര്‍ത്തികള്‍ തുടര്‍ന്നു കൊണ്ടിരുന്നു. ഇക്കഴിഞ്ഞ ഈസ്റ്റര്‍ സമയത്തും മുയല്‍ വേഷമണിഞ്ഞു പ്രഭു കുട്ടികള്‍ക്കായി സമ്മാനങ്ങള്‍ വാങ്ങുവാന്‍ സമയം കണ്ടെത്തിയിരുന്നു.

ഏകദേശം 2000 ഈസ്റ്റര്‍ ചോക്ലേറ്റാണ് പ്രാദേശികമായി ലഭിച്ച പിന്തുണയില്‍ പ്രഭുവിന് പ്രദേശത്തെ കുട്ടികള്‍ക്കായി വിതരണം ചെയ്യുവാനായത്. തന്റെ സേവന പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക സമൂഹം പണമായും പ്രചോദനമായും നല്‍കുന്ന പിന്തുണയാണ് കൂടുതല്‍ കാര്യങ്ങള്‍ ഏറ്റെടുക്കാനുള്ള ധൈര്യം നല്‍കുന്നതെന്നു പ്രഭു പറയുന്നു. 

ബാന്‍ബറിയില്‍ അവിചാരിതമായി വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുന്ന സന്നദ്ധ സംഘടനയില്‍ എത്തിയതാണ് പ്രഭുവിനെ ഇവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലേക്ക് എത്തിക്കുന്നത്. തുടര്‍ന്ന് തന്റെ മകന്റെ പിറന്നാള്‍ ആഘോഷം വേണ്ടെന്നു വച്ച് 600 പൗണ്ടിലേറെ തുക കൂടെ ജോലി ചെയ്യുന്നവരുടെയും മറ്റും സഹായത്തോടെ സമാഹരിച്ചു മകന്‍ പഠിക്കുന്ന സ്‌കൂളിലെ 25 കുടുംബങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവും അടങ്ങുന്ന സമ്മാനപ്പൊതികള്‍ നല്‍കിയാണ് പ്രഭു തുടക്കമിടുന്നത്. എന്നാല്‍ പലരും ചെയുന്നത് പോലെ , മറ്റുള്ളവരെ സഹായിക്കുക എന്നത് ഒറ്റത്തവണ കൊണ്ട് അവസാനിപ്പിക്കുവാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു.

ഡിസംബറിലെ അസ്ഥി തുളച്ചു കയറുന്ന തണുപ്പില്‍ സാന്ത ക്ലോസിന്റെ വേഷമിട്ടു ആറുമണിക്കൂര്‍ പുറത്തു നിന്ന് വീണ്ടും കുഞ്ഞുമനസില്‍ വലിയൊരു സ്വപ്നമായി കടന്നു കയറുക ആയിരുന്നു ഈ ചെറുപ്പക്കാരന്‍. അന്നും അനേകം കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍ നല്‍കാന്‍ പ്രഭുവിനായി. ഇതൊക്കെ കൂടാതെ 1500 ഫേസ് മാസ്‌ക്, 500 കുപ്പി ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവയും പ്രഭു പ്രദേശത്താകെ വിതരണത്തിന് എത്തിച്ചു. ഇതോടെ നൂറു പൗണ്ടിന്റെ സേവനം ചെയ്താല്‍ പതിനായിരം പൗണ്ടിന്റെ വാര്‍ത്ത മൂല്യം ആഗ്രഹിക്കുന്ന യുകെയിലെ പ്രാഞ്ചിയേട്ടന്‍ സ്വഭാവമുള്ള സംഘടനകള്‍ക്ക് പോലും മാതൃകയാവുകയാണ് ഈ യുവാവ്.

താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാധ്യമ ശ്രദ്ധയില്‍ എത്തിക്കാനൊന്നും കാര്യമായ ശ്രമം ഒന്നും ഇദ്ദേഹം ചെയ്യുന്നില്ല എന്നതും പ്രത്യേകതയാണ്. ഈസ്റ്റര്‍ ചാരിറ്റിക്കായി ഓണ്‍ലൈന്‍ ഫണ്ട് ശേഖരണത്തിലൂടെ രണ്ടായിരം പൗണ്ടിലേറെ ഒറ്റയ്ക്ക് കണ്ടെത്താനും പ്രഭുവിനായി. 

ഇക്കാര്യങ്ങള്‍ അറിഞ്ഞതോടെ പ്രാദേശിക എംപി വിക്ടോറിയ പെന്റിസ് പ്രഭുവിന് കത്തയച്ചാണ് നന്ദി അറിയിച്ചത്.

ഇതോടെ സാമൂഹ്യ സേവനത്തിനായി ഉപയോഗിക്കുന്ന പ്രഭുവിന്റെ കാര്‍ സര്‍വീസ് ചെയ്യുന്നത് പോലും സൗജന്യമായി ചെയ്യാന്‍ പ്രദേശത്തെ ഒരു മെക്കാനിക് തയ്യാറായി. ഒരു പഴയ ടിവി വാങ്ങാന്‍ താല്‍പര്യം ഉണ്ടെന്നു ഫേസ് ബുക്കില്‍ കുറിപ്പിട്ടപ്പോള്‍ പുത്തന്‍ ടിവിയുമായി പ്രദേശത്തെ ഒരു സ്ഥാപന ഉടമയും പ്രഭുവിന്റെ വീട്ടിലെത്തി. ഇങ്ങനെ പ്രഭു നാട്ടുകാരെയും നാട്ടുകാര്‍ തിരിച്ചു പ്രഭുവിനെയും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു തരം മായാ കാഴ്ചയാണ് ഏതാനും മാസമായി ബാന്‍ബറിയില്‍ സംഭവിക്കുന്നത്. എങ്ങനെ ഒരാള്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാനാകുന്നുവെന്നു പോലും പ്രദേശ വാസികള്‍ ചോദിച്ചു പോകുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category