1 GBP = 102.10 INR                       

BREAKING NEWS

അന്നമ്മച്ചിക്കു വെഡ്‌നെസ്ഫീല്‍ഡ് മലയാളികളുടെ യാത്രാമൊഴി; സ്നേഹം വാരിവിതറിയ മുത്തശ്ശിയെ സ്വന്തമായി കരുതിയത് 20ലേറെ കുടുംബങ്ങള്‍; അന്നമ്മച്ചി മരണമില്ലാത്ത ഓര്‍മ്മകളിലേക്ക്

Britishmalayali
സുനില്‍ ജോസഫ്

വെഡ്നെസ്ഫീല്‍ഡ്: ഒട്ടേറെ പ്രിയപ്പെട്ടവര്‍ക്ക് കഴിഞ്ഞ ഇരുപതാണ്ടത്തെ രണ്ടാം കുടിയേറ്റ ചരിത്രത്തില്‍ യുകെ മലയാളികള്‍ വിടവാങ്ങല്‍ ഒരുക്കിക്കഴിഞ്ഞു. അതില്‍ ജനിച്ചു ദിവസങ്ങള്‍ പോലും പ്രായമാകാത്ത പൈതങ്ങള്‍ മുതല്‍ നൂറ്റാണ്ട് കാലത്തേ ജീവിതം കണ്ടവര്‍ വരെയുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ലോകത്തെവിടെയും എന്നപോലെ കോവിഡ് മഹാമാരി സൃഷ്ടിച്ച ശൂന്യതക്ക് മുന്നില്‍ പ്രിയപ്പെട്ടവരുടെ വിടവാങ്ങലുകളില്‍ നെഞ്ചമര്‍ത്തിയ, കനമേറിയ ഹൃദയവുമായി ഒരു വിടവാങ്ങല്‍ പോലും നല്‍കാന്‍ കഴിയാതെ വെറും നിര്‍വികാരതയോടെ മരണത്തിനു മുന്നില്‍ കാഴ്ച്ചക്കാരാകേണ്ടി വന്ന നിര്‍ഭാഗ്യവും യുകെ മലയാളികള്‍ക്കൊപ്പമുണ്ട്.

ആശുപത്രികളില്‍ ഐടിയു വിഭാഗത്തില്‍ ജോലി ചെയ്യുന്ന മലയാളി ഡോക്ടര്‍മാരും നഴ്‌സുമാരും ദിവസേനെ ഒരു ഡസനോളം മരണത്തെ നേരില്‍ കണ്ട് ഇപ്പോള്‍ ഏറെക്കുറെ മരവിച്ച മനസുമായാണ് ജോലിക്ക് എത്തുന്നതുപോലും. ഈ ദുര്‍ഘട കാലത്തും മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്ന നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെയും കരുതലിന്റെയും നന്മയുടെയും ഒക്കെ പ്രകാശം പരത്തിയാണ് ഒരു മലയാളി മുത്തശ്ശിക്ക് ഒരു നാടൊന്നാകെ ഹൃദയാഞ്ജലികള്‍ അര്‍പ്പിച്ച കാഴ്ചയെത്തുന്നത്.   
കാല്‍ നൂറ്റാണ്ടോളം ആകുന്ന മലയാളിയുടെ രണ്ടാം ഘട്ട യുകെ കുടിയേറ്റ ചരിത്രത്തില്‍ നിരവധി വ്യക്തികളുടെ വിയോഗം തദ്ദേശത്തെ മലയാളി സമൂഹത്തെ വേദനയില്‍ ആഴ്ത്തിയിട്ടുണ്ട്. താരതമ്യേന മധ്യവയസ്സില്‍ എത്തിയവരുടെ അകാല വിയോഗത്തില്‍ കുടുംബത്തോടൊപ്പം ചേര്‍ന്ന് നിന്ന് അവര്‍ക്ക് തണലാകുന്ന മലയാളികള്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ പതിവു കാഴ്ചയുമാണ്. എന്നാല്‍ എണ്‍പത്തഞ്ചു വയസില്‍ നിര്യാതയായ ഒരമ്മയ്ക്ക് തദ്ദേശത്തെ മലയാളി സമൂഹം വിങ്ങുന്ന നെഞ്ചുമായി ഒരേ മനസോടെ നല്‍കിയ രാജകീയ യാത്രയയപ്പ് ഒരു പക്ഷേ അപൂര്‍വ്വത ആയിരിക്കാം.
ഇത്തരത്തിലെ അപൂര്‍വ്വതയ്ക്കാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്സിലെ ബര്‍മിംഗ്ഹാമിനടുത്തുള്ള ചെറുനഗരമായ വെഡ്‌നെസ്ഫീല്‍ഡ് ഇക്കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. മാര്‍ച്ച് 16ന് നിര്യാതയായ അന്നമ്മ തോമസിന്റെ (ഗ്‌ളാക്‌സിന്‍ തോമസിന്റെ മാതാവ്) പൊതു ദര്‍ശനവും മൃതസംസ്‌ക്കാര ചടങ്ങുകളും സമാനതകളില്ലാത്ത രീതിയിലാണ് മലയാളി സമൂഹം ഒന്നാകെ ഏറ്റെടുത്തത്.
ഇരുപതോളം മലയാളി കുടുംബങ്ങള്‍ അംഗങ്ങളായ വാം എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന വെഡ്‌നെസ്ഫീല്‍ഡ് മലയാളി അസോസിയേഷനിലെ അംഗങ്ങളാണ് തങ്ങളുടെ പ്രിയ മമ്മിയ്ക്ക് അവരുടെ കുടുംബത്തോടും ബന്ധുക്കളോടും തോളോടു തോള്‍ ചേര്‍ന്നു നിന്ന് അവിസ്മരണീയമായ അവസാന യാത്ര ഒരുക്കിയത്.

മമ്മിയുടെ വേര്‍പാടിന്റെ നൊമ്പരം മനസ്സില്‍ പേറുമ്പോഴും മമ്മിയോടൊപ്പം ചിലവഴിച്ച സുന്ദര കാലഘട്ടത്തിന്റെ മറക്കാത്ത സ്മരണകളാണ് മമ്മിയുടെ അവസാന യാത്രയില്‍ ഓരോരുത്തരും പ്രകടമാക്കിയത്. പരിചയപ്പെടുന്ന ഓരോ വ്യക്തികളുടെയും ഹൃദയത്തില്‍ ഒരു കയ്യൊപ്പ് കോരിയിട്ട് കടന്നുവന്ന ജീവിത  വഴിത്താരകളിലെല്ലാം സ്വന്തമായ പാദമുദ്ര പതിപ്പിച്ച കടന്നു പോയ ഒരു ജീവിതം. സഹനങ്ങളുടെ മരുഭൂമിയില്‍ തളര്‍ന്നുവീഴാതെ അവയെ അനുഭൂതികളാക്കി മാറ്റിയ ജീവിതമായിരുന്നു മമ്മിയുടേത്. കണ്ടുമുട്ടുന്ന വ്യക്തികളിലൊക്കെ ദൈവസ്‌നേഹത്തിന്റെ സ്‌നേഹ ചക്ഷകം പകര്‍ന്നുനല്‍കി മറ്റുള്ളവര്‍ക്കായി സ്വയം എരിഞ്ഞമര്‍ന്ന ജീവിതം. ഒരു പ്രാവശ്യമെങ്കിലും പരിചയപെട്ടവര്‍ക്ക് ജീവിതാവസാനം വരെ നീണ്ടുനില്‍ക്കുന്ന സ്മരണകള്‍ സമ്മാനിക്കുന്നതായിരുന്നു മമ്മിയെ ഇടപെടലുകള്‍.

പന്ത്രണ്ടാമത്തെ വയസ്സില്‍ പറക്കമറ്റാത്ത മൂന്ന് ഇളയ സഹോദരങ്ങള്‍ക്ക് വേണ്ടി പെറ്റമ്മയുടെ സ്ഥാനം സ്വയം ഏറ്റെടുക്കേണ്ടിവന്ന കൗമാരം. സഹോദരങ്ങളോടുള്ള ഉത്തരവാദിത്യം പൂര്‍ണമായി നിര്‍വഹിച്ചു ഒരു സഹോദരനെ  ദൈവവിളിക്കായി സമര്‍പ്പിച്ചതിനു ശേഷം വളരെ വൈകി മനസ്സിന്റെ കോണില്‍ അടുക്കിവെച്ചിരുന്ന ആതുരസേവനം എന്ന മഹത്തായ ലക്ഷ്യം കൈവരിക്കുന്നതിനു വേണ്ടി നഴ്സായി മഹാരാഷ്ട്രയ്യിലെ അക്കോള എന്ന കുഗ്രാമത്തിലേക്ക്.

ജീവിതത്തിന്റെ നല്ലൊരു ഭാഗവും അവിടെ സേവനം ചെയ്ത മമ്മി, അവിടുത്തെ നിരവധിപേരുടെ ആശ്രയവും ആലംബവുമായിരുന്നു. തന്റെ ആരോഗ്യവും സമ്പത്തും ആ കൊച്ചുഗ്രാമത്തിലെ  സാധാരണക്കാര്‍ക്കായി മമ്മി പങ്കുവെച്ചു. അക്കോള എന്നാ ദരിദ്ര ഗ്രാമത്തിലെ നൂറുകണക്കിന് പിഞ്ചു കുഞ്ഞുങ്ങളെ ആ മാറോട് ചേര്‍ത്തു വെച്ചു ഭക്ഷണം നല്‍കി വിദ്യാഭ്യാസം നല്‍കി പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു ദൈവസ്‌നേഹം പകര്‍ന്നു കൊടുത്തു പ്രേക്ഷിത ദൗത്യത്തിന് പുതിയ മാനം നല്‍കിയ വ്യക്തിത്വമായിരുന്നു മമ്മിയുടേത്.
കാലചക്രം സമ്മാനിച്ച ദാമ്പത്യത്തില്‍ ഏക മകന്റെ ചെറുപ്രായത്തില്‍ തന്നെ സംഭവിച്ച ഭര്‍ത്താവിന്റെ രോഗാവസ്ഥയിലും. പിന്നീടുണ്ടായ വേര്‍പാടിലും സഹനങ്ങളുടെ തീച്ചൂളയിലും പതറാത്ത മനസ്സും അടിയുറച്ച ദൈവ ആശ്രയവും സ്വന്തമായിരുന്ന മമ്മി കുരിശിന്റെ വഴിയില്‍ മറ്റുള്ളവര്‍ക്ക് എക്കാലവും പ്രചോദനമായിരുന്നു.
ഏറെക്കാലത്തെ നഴ്സിംഗ് സേവനത്തിനു ശേഷം ഹെഡ് നഴ്‌സ് ആയി റിട്ടയര്‍ ചെയ്ത മമ്മി വിശ്രമ ജീവിതം നയിക്കവേയാണ് പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പ്  മകന്‍ ഗ്‌ളാക്‌സിനും കുടുംബത്തിനോടും ഒപ്പം ചേരുവാന്‍ യുകെയില്‍ വരുന്നത്. തുടര്‍ന്ന് ഇങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ വാമിലെ ഓരോ കുടുംബത്തിനും മാതൃ സ്ഥാനീയ ആയിരുന്നു മമ്മി നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ സംഘടനയിലെ ഓരോ കുടുംബത്തെയും കൂട്ടായി ചേര്‍ത്തു നിര്‍ത്തുവാന്‍ ഏറെ സഹായകരമായിട്ടുണ്ട്.
മരണത്തിന്  ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് നല്‍കിയ വീഡിയോ സന്ദേശത്തിലും സമൂഹത്തിന്റെ ഒത്തൊരുമ നില നിര്‍ത്തുവാനുള്ള ആഹ്വാനം മമ്മി നല്‍കിയിട്ടുണ്ട്. ജപമാലയുടെ ഒരു ജീവിതമായിരുന്നു മമ്മിയുടേത്. അതുകൊണ്ടുതന്നെ ഹീലിയം ബലൂണുകളാല്‍ നിര്‍മ്മിച്ച മനോഹരമായ ജപമാല ആകാശങ്ങളിലേക്ക് പറത്തിവിട്ടാണ് കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം വാമിലെ കുടുംബങ്ങള്‍ മമ്മിയെ യാത്രയാക്കിയത്.
ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ മമ്മിയിലെ വിശുദ്ധജീവിതം മനസ്സിലാക്കിയ ബര്‍മിംഗ്ഹാം അതിരൂപതയുടെ പിതാവ് മാര്‍ ഡേവിഡ് എംസി ഗൗഗ്, തന്റെ ആരോഗ്യ പ്രശ്‌നങ്ങളെ അവഗണിച്ചുകൊണ്ട് കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുവാന്‍ എത്തുകയും പൊതുദര്‍ശന ദിവസം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു. സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍  അനുശോചന സന്ദേശം അറിയിച്ചു.
സെന്റ് പാട്രിക് ഇടവക വികാരി ഫാദര്‍ ഡേവിഡ്, മുന്‍ വികാരി ഫാദര്‍ ഈമോന്‍, സീറോ മലബാര്‍ മിഷന്‍ ഫാദര്‍ തോമസ്, ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍,. ഫാദര്‍ ടെറിന്‍, ഫാദര്‍ സഞ്ജു തുടങ്ങിയവര്‍ സംസ്‌ക്കാര ദിവസത്തെ ശുഷ്രൂഷകളില്‍ പങ്കെടുത്തു. ഫാദര്‍ സോജി ഓലിക്കല്‍, ഫാദര്‍ സജി തോട്ടം, ഫാദര്‍ സിറില്‍ ഇടമന തുടങ്ങിയവര്‍ വീഡിയോ സന്ദേശങ്ങള്‍ വഴി അനുശോചന സന്ദേശം അറിയിച്ചു. മമ്മിയുടെ സ്‌നേഹത്തിന്റെ കിരണങ്ങള്‍ അനുഭവിച്ച നിരവധി പേരാണ് രണ്ടു ദിവസങ്ങളിലായി എത്തികൊണ്ടിരുന്നത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു എല്ലാം ക്രമീകരിക്കപ്പെട്ടിരുന്നത്.

ഏറെ മധുരതരമായ ഓര്‍മ്മകള്‍ സമ്മാനിച്ച മമ്മിയെന്ന നന്മമരം വിട വാങ്ങുമ്പോള്‍ വാം എന്ന കൂട്ടു കുടുംബത്തിന് ഇത് ഇലപൊഴിയും കാലമാണ്. ചക്രവാള സീമകള്‍ക്കപ്പുറം താരാപഥങ്ങള്‍ക്കിടയില്‍ പ്രശോഭിക്കുന്ന നക്ഷത്രമായി മമ്മിയെ കാണാനാകുമെന്നതാണ് ഇനിയുള്ള പ്രത്യാശ.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category