1 GBP = 102.00 INR                       

BREAKING NEWS

യുനസ്‌കോയുടെ റാംസര്‍ കണ്‍വന്‍ഷന്‍ പ്രകാരമുള്ള അന്താരാഷ്ട്ര പ്രാധാന്യമുള്ള പരിസ്ഥിതി ലോല പ്രദേശം; സ്ഫോടനത്തില്‍ റിസോര്‍ട്ട് പൊളിച്ചാല്‍ കായല്‍ മലിനമാകും; ബദല്‍ മാര്‍ഗങ്ങള്‍ പരിഗണിക്കാന്‍ തീരുമാനം; കാപ്പികോ റിസോര്‍ട്ട് പൊളിക്കുക ബുള്‍ഡോസറുകള്‍; മുത്തൂറ്റിന്റെ സ്വപ്നം പൊളിഞ്ഞു വീഴും

Britishmalayali
kz´wteJI³

ആലപ്പുഴ: മുത്തൂറ്റിന്റെ നിയന്ത്രണത്തിലൂള്ള കാപ്പികോ റിസോര്‍ട്ട് പൊളിക്കാന്‍ മാര്‍ഗ്ഗ രേഖയായി. സുപ്രീംകോടതിയുടെ നിലപാട് കണിശമാണെന്ന് മനസ്സിലാക്കിയാണ് ഇത്. വേമ്പനാട്ടുകായലില്‍ നെടിയതുരുത്തിലുള്ള കാപികോ റിസോര്‍ട്ട് പൊളിക്കുമ്പോള്‍ സ്ഫോടനം ഒഴിവാക്കും. കായലിലേക്ക് അവശിഷ്ടങ്ങള്‍ വീഴാതിരിക്കാനാണിത്. മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചപ്പോള്‍ ഇത്തരത്തില്‍ അവശിഷ്ടങ്ങള്‍ കായലില്‍വീണിരുന്നു. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ തിരിച്ചറിഞ്ഞാണ് തീരുമാനം. ബുള്‍ഡോസറുകൊണ്ട് പതിയെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനാണ് സാധ്യത.

റിസോര്‍ട്ട് പൊളിക്കുന്നതിന് പാണാവള്ളി പഞ്ചായത്തു സെക്രട്ടറിക്ക് ഉത്തരവുനല്‍കിയിരുന്നു. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും പാരിസ്ഥിതികപ്രശ്നങ്ങളും പരിഗണിച്ച് അവര്‍ മേല്‍നോട്ടവും സാങ്കേതികസഹായവും കളക്ടറില്‍നിന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടര്‍ ഇടപെട്ടത്. മരടിലെ ഫ്ളാറ്റ് ബഹുനില കെട്ടിടമായിരുന്നു. അതുകൊണ്ടാണ് സ്ഫോടനം വേണ്ടി വന്നത്. എന്നാല്‍ കാപ്പികോയില്‍ അത്തരം കെട്ടിട സമുച്ഛയമൊന്നുമില്ല. അതുകൊണ്ടാണ് സ്ഫോടനം ഒഴിവാക്കാന്‍ കഴിയുന്നത്.

റിസോര്‍ട്ട് പൊളിച്ചുനീക്കുന്നതിന് ആവശ്യമായ പാരിസ്ഥിതിക പ്ലാന്‍ രൂപകല്പനചെയ്യുന്നതിന് പ്രത്യേക കമ്മിറ്റി രൂപവത്കരിക്കാന്‍ വ്യാഴാഴ്ച കളക്ടര്‍ എ. അലക്സാണ്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കളക്ടറുടെ നിര്‍ദ്ദേശം. റിസോര്‍ട്ട് ഉടമകളെയും വിദഗ്ധരെയും ഉള്‍പ്പെടുത്തിയുള്ള യോഗം ഉടന്‍വിളിക്കും. സബ്കളക്ടറുടെയും എന്‍വയോണ്‍മെന്റ് എന്‍ജിനിയറുടെയും നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റിയില്‍ ജിയോളജിവകുപ്പ് പ്രതിനിധി, ടൗണ്‍പ്ലാനര്‍, ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനിയര്‍, പി.ഡബ്ളിയു.ഡി.(ബില്‍ഡിങ്സ്) എക്സിക്യുട്ടീവ് എന്‍ജിനിയര്‍ എന്നിവര്‍ അംഗങ്ങളാണ്.

റിസോര്‍ട്ടിലെ നിര്‍മ്മാണങ്ങള്‍ പൊളിക്കുന്നതിന് ആവശ്യമായ വിശദമായ പദ്ധതി രേഖ(ഡി.പി.ആര്‍.) തയ്യാറാക്കുന്നതിന് പി.ഡബ്ലിയു.ഡി.(ബില്‍ഡിങ്സ്) എക്സിക്യുട്ടീവ് എന്‍ജിനിയറെ ചുമതലപ്പെടുത്തി. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് തീരുമാനം എടുക്കും. യുനസ്‌കോയുടെ റാംസര്‍ കണ്‍വന്‍ഷന്‍ പ്രകാരമുള്ള അന്താരാഷ്ട്ര പ്രാധാന്യമുള്ള പരിസ്ഥിതി ലോല പ്രദേശത്താണ് കാപ്പികോ റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. 150 കോടി ചെലവില്‍ സെവന്‍ സ്റ്റാര്‍ റിസോര്‍ട്ട് പണിതുയര്‍ത്താന്‍ തീരദേശ പരിപാലന നിയമം മാത്രമല്ല 1957-ലെ ഭൂസംരക്ഷണ നിയമവും ലംഘിച്ച് ഹെക്ടറുകണക്കിന് സര്‍ക്കാര്‍ ഭൂമി കൈയേറി.

തൊണ്ണൂറുകളിലാണ് സ്ഥലം വാങ്ങാന്‍ റിസോര്‍ട്ട് സംഘം ഇവിടെ എത്തിയത്. കിട്ടാവുന്നതെല്ലാം വാങ്ങിക്കൂട്ടി. പിന്നാലെ കായല്‍ കൈയേറി കരയാക്കി. അത്യാധുനിക സൗകര്യങ്ങളോടെ 50 കെട്ടിട സമുച്ചയങ്ങളാണ് ഇവിടെ പണിതുയര്‍ത്തിയത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ നിരന്തരമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 2012-ലാണ് കാപ്പികോ കായല്‍ഭൂമി കൈയേറിയെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയത്. ഇതോടെയാണ് നിയമ പോരാട്ടം തുടങ്ങിയത്. ഒടുവില്‍ സുപ്രീംകോടതി റിസോര്‍ട്ട് പൊളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇത് മത്സ്യത്തൊഴിലാളി പോരാട്ടത്തിന്റെ വിജയം
കാപികോ റിസോര്‍ട്ട് നിര്‍മ്മിച്ച 17.34 ഏക്കറില്‍ 7.26 ഏക്കര്‍ സര്‍ക്കാര്‍ പുറമ്പോക്കാണെന്നു രേഖകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം ആലപ്പുഴ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം നടന്ന സര്‍വേയിലാണ് ഇതു കണ്ടെത്തിയത്. പാണാവള്ളി പഞ്ചായത്തില്‍പെട്ട വേമ്പനാട്ട് കായലിലെ സ്വകാര്യ ദ്വീപില്‍ ചട്ടങ്ങള്‍ ലംഘിച്ച് പണിതുയര്‍ത്തിയ കാപികോ റിസോര്‍ട്ട് പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിന്റെ പിന്നിലെ പ്രധാന ചാലക ശക്തിയായി നിലകൊണ്ടത് സാധാരണക്കാരായ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്. അതിജീവനത്തിനായി അവര്‍ നടത്തിയ നിയമപോരാട്ടമാണ് വിജയം കാണുന്നത്.

ഇതില്‍ കാപികോ കേരള റസോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി മോഹനന്‍ വെട്ടത്ത് ആര്‍.ഡി.ഒ.യ്ക്ക് ഹര്‍ജി നല്‍കിയിരുന്നു. ഇതു തള്ളി, സര്‍ക്കാര്‍ഭൂമി പിടിച്ചെടുക്കാന്‍ ചേര്‍ത്തല അഡീഷണല്‍ തഹസില്‍ദാരോട് 2013 ഒക്ടോബര്‍ ആറിന് ആര്‍.ഡി.ഒ. ഉത്തരവ് നല്‍കിയിട്ടുള്ളതാണെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഉന്നത സ്വാധീനംകൊണ്ടാണ് കാപികോ ഇതുവരെ കുലുങ്ങാതിരുന്നത്. അതീവ പരിസ്ഥിതി പ്രാധാന്യമുണ്ടെന്ന് ശാസ്ത്ര സമൂഹം ഒരേ പോലെ സമ്മതിക്കുന്ന വേമ്പനാട്ട് കായലിനെ വിഴുങ്ങും വിധമായിരുന്നു നെടിയതുരുത്ത് ദ്വീപില്‍ കാപികോ റിസോര്‍ട്ട് സമുച്ചയം പണിതുയര്‍ത്തിയത്.

2006 ലാണ് പരിസ്ഥിതി സംരക്ഷണത്തിന് ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ജൈവബദലായ കണ്ടല്‍കാടുകളും മത്സ്യസമ്പത്തുകൊണ്ട് വേറിട്ട കായല്‍ ജലാശയവും തീരദേശ പരിപാലന നിയമം നഗ്‌നമായി ലംഘിച്ച് കൈയേറി നിര്‍മ്മാണം തുടങ്ങിയത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗമായ ഊന്നിവലകള്‍ വരെ പരസ്യമായി നശിപ്പിച്ചായിരുന്നു നിര്‍മ്മാണം. നിയമങ്ങള്‍ കാറ്റില്‍ പറത്തി നേടിയെടുത്ത ഭൂമിയില്‍ തീര്‍ത്ത റിസോര്‍ട്ടിന് ചുറ്റും മത്സ്യബന്ധനം പോലും തടയാന്‍ റിസോര്‍ട്ട് അധികൃതര്‍ ധൈര്യപ്പെട്ടു.

ഭരണാനുമതി നല്‍കിയത് സിപിഎം
എല്ലാ ചട്ടങ്ങളും കാറ്റില്‍പറത്തിയാണ് വാമിക ഐലന്‍ഡ്- കാപ്പികോ റിസോര്‍ട്ടുകള്‍ പണിതുയര്‍ത്തിയത്. നൂറുകണക്കിനാളുകളുടെ ഉപജീവനമാര്‍ഗമായ ചെമ്മീന്‍ കൃഷി നടത്തിയിരുന്ന പ്രദേശം നികത്തിയാണ് 2006ല്‍ കാപ്പികോ റിസോര്‍ട്ട് നിര്‍മ്മാണം ആരംഭിച്ചത്. ദ്വീപിലെ താമസക്കാരനായിരുന്ന കുഞ്ഞന്‍പിള്ളയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി റോയ് മാത്യുവും രത്‌ന ഈശ്വരനും ചേര്‍ന്ന് വാങ്ങിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ തുടക്കം. സിപിഎം. പാണവള്ളി പഞ്ചായത്ത് ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് പദ്ധതിക്ക് നിര്‍മ്മാണാനുമതി ലഭിക്കുന്നത്. അനുമതി നല്‍കാന്‍ അധികാരമില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും പദ്ധതിക്ക് അനുമതിനല്‍കുന്നത്.

നിര്‍മ്മാണാനുമതി ലഭിച്ചതിനെ തുടര്‍ന്ന് വലിയതോതില്‍ കായല്‍ നികത്തി കമ്പനി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതോടെ ജോലി തടസ്സപ്പെട്ട ഊന്നി വലത്തൊഴിലാളികളാണ് ആദ്യമായി പരാതി നല്‍കിയത്. റിസോര്‍ട്ട് മാനേജ്മന്റെുകളെ പ്രതിചേര്‍ത്ത് സമര്‍പ്പിക്കപ്പെട്ട ഏഴ് ഹരജികളില്‍ 2013 ജൂണ്‍ 25ന് കേരള ഹൈക്കോടതി വിധിപറഞ്ഞത്. തീരപരിപാലന നിയമം ലംഘിച്ചിരിക്കുന്നുവെന്ന് കണ്ടെത്തിയ കോടതി നിര്‍മ്മാണങ്ങളും നികത്തലുകളും നീക്കി പ്രദേശം പൂര്‍വസ്ഥിതിയിലാക്കാന്‍ ഉത്തരവിട്ടു. അനുമതിയില്ലാതെ സ്വകാര്യ ബോട്ട് ജെട്ടി നിര്‍മ്മിച്ചു, തണ്ണീര്‍ത്തടം നികത്തി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി, കായല്‍ കൈയേറി തുടങ്ങിയ ആരോപണങ്ങളാണ് ഹൈക്കോടതി പരിഗണിച്ചത്.

റിസോര്‍ട്ട് നിര്‍മ്മാണത്തിനായി 2.04 ഏക്കര്‍ കായല്‍ നികത്തിയതായി ആലപ്പുഴ ജില്ല കലക്ടര്‍ കണ്ടെത്തിയിരുന്നു. സ്വകാര്യ ദ്വീപ് കേന്ദ്രീകരിച്ച് നടത്തിയ കായല്‍ കൈയേറ്റം മൂന്നുമാസത്തിനകം പൊളിച്ചുനീക്കണമെന്നായിരുന്നു ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് നെടിയതുരുത്ത് ദ്വീപില്‍ റിസോര്‍ട്ട് നിര്‍മ്മിച്ചതെന്നു വിലയിരുത്തിക്കൊണ്ടാണ് റിസോര്‍ട്ട് പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചത്. ഹൈക്കോടതി ഉത്തരവിനെതിരേ കാപികോ റിസോര്‍ട്ട് ഉടമകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളുകയായിരുന്നു. റിവ്യൂ ഹര്‍ജിയും തള്ളി.

വേമ്പനാട്ട് കായല്‍ അതി പരിസ്ഥിതി ദുര്‍ബല തീരദേശ മേഖലയാണെന്ന് 2011-ലെ വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നെടിയതുരുത്തില്‍ പരാതിക്കാര്‍ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കടുത്ത നിയമലംഘനവും പൊതുതാത്പര്യത്തിന് എതിരുമാണെന്നും സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മുത്തൂറ്റിന്റെ കാപ്പികോ
ഡീലക്‌സ് ഉള്‍പ്പടെ 54 വില്ലകളാണ് കാപ്പികോയില്‍ ഒരുക്കിയിരുന്നത്. ഡീലക്‌സ് വില്ലകളില്‍ രണ്ട് നീന്തല്‍ക്കുളങ്ങള്‍ വീതമാണ് ഒരുക്കിയിരുന്നത്. മിനി മുത്തൂറ്റ് ഗ്രൂപ്പില്‍നിന്നാണ് കാപികോ ഗ്രൂപ്പായി വികസിക്കുന്നത്. 1996-ല്‍ തന്നെ മിനി മുത്തൂറ്റ് ഗ്രൂപ്പ് ഇവിടെ ഹോട്ടലിനായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. 2007-ലാണ് മിനി മുത്തൂറ്റ് ഗ്രൂപ്പ് സിങ്കപ്പൂരിലെ അന്താരാഷ്ട്ര ഹോട്ടല്‍ വ്യവസായ സംരംഭകരായ ബന്യന്‍ട്രീ, കുവൈത്തിലെ കാപികോ എന്നിവരുമായി കൈകോര്‍ത്ത് കാപികോ കേരള റിസോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചത്. 2007 ജൂലായില്‍ പുതിയ സംരംഭത്തിന് അനുമതിതേടി. ഗ്രൂപ്പ് ആദ്യം ലക്ഷ്യമിട്ടത് 150 കോടിയുടെ പദ്ധതിയാണെങ്കിലും പൂര്‍ത്തിയായപ്പോള്‍ 350 കോടി കടന്നതായാണ് കണക്കുകള്‍. ഇതിനെതിരെയുള്ള നിയമ പോരാട്ടം ആദ്യം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയില്ല. ഒന്നും പുറം ലോകത്തുമെത്തിയില്ല. പക്ഷേ കോടതി ഇടപെടലുകള്‍ നിര്‍ണ്ണായകമായി.

കാപികോ റിസോര്‍ട്ടില്‍ കായല്‍ കടന്ന് വൈദ്യുതി എത്തിക്കാന്‍ കേബിള്‍ ഇട്ടതിന് മാത്രം ഒന്നരക്കോടി രൂപയാണ് ചെലവഴിച്ചത്. വൈദ്യുതി എത്തിച്ചതിനുള്ള ആകെ ചെലവ് രണ്ടുകോടി രൂപയോളം വരും. വേമ്പനാട്ട് കായലിലെ നെടിയതുരുത്തിലേക്ക് കൊല്ലന്‍കൂമ്പ് ഭാഗത്തുനിന്ന് വൈദ്യുതി എത്തിക്കാന്‍ ഹൈടെന്‍ഷന്‍ കേബിളുകളാണ് ഉപയോഗിച്ചിരിക്കുന്നത്.1007 മീറ്റര്‍ കായലിലും 165 മീറ്റര്‍ കരയിലുമായാണ് കേബിള്‍ ഇട്ടിരിക്കുന്നത്. മാക്കേകവലയിലെ സബ്‌സ്റ്റേഷനില്‍ നിന്നും റോഡരികിലൂടെ ഇട്ടിരിക്കുന്ന കേബിള്‍ വേറെയും. വൈദ്യുതി കണക്ഷന്‍ ഫീസായി 13 ലക്ഷം രൂപ കെ.എസ്.ഇ.ബി.യില്‍ അടച്ചു. വൈദ്യുതി മുടങ്ങാതിരിക്കാന്‍ 1000 കെ.വി., 250 കെ.വി. തുടങ്ങിയ ജനറേറ്ററുകളും സജ്ജമാക്കിയിരുന്നു.

അതീവ പരിസ്ഥിതി ലോല പ്രദേശം, യുനസ്‌കോയുടെ റാംസര്‍ കണ്‍വന്‍ഷന്‍ പ്രകാരമുള്ള അന്താരാഷ്ട്ര പ്രാധാന്യമുള്ള ചതുപ്പ് നിലംഈ വിശേഷണങ്ങളുള്ള ചേര്‍ത്തല നെടിയ തുരുത്തിലാണ് മുത്തൂറ്റ് കാപ്പികോ റിസോര്‍ട്ട് കെട്ടിപ്പൊക്കിയത്. 150 കോടി ചെലവില്‍ സെവന്‍ സ്റ്റാര്‍ റിസോര്‍ട്ട് പണിതുയര്‍ത്താന്‍ തീരദേശ പരിപാലന നിയമം, മാത്രമല്ല, 1957ലെ ഭൂസംരക്ഷണ നിയമവുംലംഘിച്ച് ഹെക്ടറുകണക്കിന് സര്‍ക്കാര്‍ ഭൂമിയും കൈയേറിയെന്നും ആരോപണമുണ്ടായി. മരടിലെ ഫ്‌ളാറ്റുകളുടെ അതേ വിധി കേരളത്തിലെ മുത്തൂറ്റ്, കുവൈത്തിലെ കാപ്പികോ ഗ്രൂപ്പുകളുടെ ഈ സംയുക്ത സംരംഭത്തെ തേടിയെത്തി..

ചേര്‍ത്തലയ്ക്കടുത്ത പാണാവള്ളിയില്‍ വേമ്പനാട്ടു കായലിലെ ആള്‍വാസം കുറഞ്ഞ നെടിയതുരുത്ത് ദ്വീപിനെ കാപ്പിക്കോ കണ്ണു വെക്കുന്നത് തൊണ്ണൂറുകളിലാണ്. വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ശരിക്കും ഒറ്റപ്പെട്ട തുരുത്ത്. ഇവിടേക്ക് എത്തിപ്പെടുക അത്ര എളുപ്പവുമല്ല. വൈദ്യുതിയില്ലാത്ത തുരുത്തില്‍ കുടിവെള്ളവും പ്രശ്‌നമായിരുന്നു. അതിനാല്‍ സ്ഥലം വാങ്ങാന്‍ റിസോര്‍ട്ട് സംഘം എത്തിയപ്പോള്‍ അവിടെയുള്ള ഏതാനും താമസക്കാര്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല.

കിട്ടാവുന്നതെല്ലാം വാങ്ങിക്കൂട്ടി. പോരാത്തത് കൈയേറി, കായല്‍ കരയാക്കി. അത്യാധുനിക സൗകര്യങ്ങളോടെ 50 റിസോര്‍ട് ഇവിടെ പണിതുയര്‍ത്തി. കാപ്പികോ ഭൂമി കൈയേറിയെന്ന് റവന്യൂ വകുപ്പ് കണ്ടെത്തുന്നത് 2012ലാണ്. 2.0939 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി റിസോര്‍ട്ട് കൈയേറിയെന്ന് സര്‍വേ ഡെപ്യുട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ചേര്‍ത്തല ഡെപ്യൂട്ടി തഹസില്‍ദാര്‍ കൈയേറ്റം സംബന്ധിച്ച് നോട്ടീസ് നല്‍കി. ഇതിനെതിരെ കാപ്പികോ ഹൈക്കോടതിയില്‍നിന്ന് അപ്പീല്‍ നല്‍കാന്‍ ഉത്തരവ് നേടി. കൈയേറ്റം നടന്നതായാണ് ആര്‍ഡിഒ റിപ്പോര്‍ട്ട്.

7.0212 ഹെക്ടര്‍ ഭൂമിയുള്ളതില്‍ 2.0397 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൈയേറ്റം ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നാലെ റിസോര്‍ട്ട് പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ സുപ്രീം കോടതിയില്‍നിന്ന് സ്റ്റേ വാങ്ങി. ഒടുവില്‍ സുപ്രീം കോടതിതന്നെ പൊളിക്കാനും അനുമതി നല്‍കി. കെട്ടിപ്പൊക്കിയ നക്ഷത്ര സൗധങ്ങള്‍ ഒന്നുപോലും തുറക്കാതെ, ഒരു അതിഥിയെപോലും താമസിപ്പിക്കാതെയാണ് മുത്തൂറ്റ് കാപ്പികോ തകര്‍ന്ന് വീഴാന്‍ പോകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category