1 GBP = 102.10 INR                       

BREAKING NEWS

നമ്മുടെ സ്വന്തം ഏത്തക്ക എത്തീ ട്ടോ; മലയാളി കടകളില്‍ നിന്നും പച്ചയും പഴവും വാങ്ങിക്കാം; ഉപ്പേരിയും വറുക്കാം; വില തുച്ഛം ഗുണം മെച്ചവും; അടുത്ത ലോഡ് വരണമെങ്കില്‍ ഇത് വിറ്റുതീരണം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ചേലോടത്തു ശരിയാകും, ചെലോടത്തു ശരിയാവൂല്ല എന്ന പ്രയോഗം പോലെയായി കേരളത്തില്‍ നിന്നും എത്തിയ ഏത്തക്കായയുടെ അവസ്ഥ. വിഷുവിപണി ലക്ഷ്യമിട്ട് എത്തിയ ഏത്തക്കായകള്‍ ഇപ്പോള്‍ യുകെയുടെ പല ഭാഗത്തും മലയാളിക്കടകളില്‍ അല്‍പം ഗമയോടെയാണ് ഇടം പിടിച്ചിരിക്കുന്നത്. എന്നാല്‍ കടകളില്‍ എത്തുന്ന മലയാളികളാകട്ടെ നമ്മുടെ സ്വന്തം ഏത്തക്കായ ആണെന്ന് തിരിച്ചറിയാതെ മൈന്‍ഡ് ചെയ്യാതെ കടന്നു പോകുകയാണ് എന്ന് പല കടക്കാരും പറയുന്നു.

കാരണം പ്രത്യേക പായ്ക്കുകള്‍ അല്ലാതെ കേരളത്തില്‍ നിന്നെത്തിയ കായകള്‍ ആണെന്ന് ഒരു തരത്തിലും ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ് കേരളത്തില്‍ നിന്നുള്ള നേന്ത്രക്കായകള്‍ പച്ചക്കറി കടകളില്‍ വിപണനത്തിന് എത്തിയിരിക്കുന്നത്. തളിര്‍ എന്ന ബ്രാന്‍ഡ് നാമം ഇട്ടാണ് കായകള്‍ വന്നതെങ്കിലും പേരും ഉല്‍പ്പന്ന വിവരണവും അടങ്ങിയ സ്റ്റിക്കറുകളും മറ്റും വലിയ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ കൂട്ടിയിട്ട നിലയിലാണ് കാണപ്പെട്ടത്. എന്നാല്‍ ഓരോ കിലോയുടെ പായ്ക്കുകള്‍ പ്രാത്യേകമായി കേരളത്തില്‍ നിന്നും തന്നെ പായ്ക്ക് ചെയ്തു വന്നിരുന്നെങ്കില്‍ ഒറ്റനോട്ടത്തില്‍ ഇവ തിരിച്ചറിയാനും ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റാനും കഴിയുമായിരുന്നു എന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. 

ചേലോടത്തു പച്ച, ചിലയിടത്തു പഴം
ഒരേ സ്ഥലത്തു നിന്നും ഒന്നിച്ചു പുറപ്പെട്ടു, ഒന്നിച്ചു യാത്ര ചെയ്തു എത്തിയ നേന്ത്രക്കായകള്‍ കടകളില്‍ എത്തിയപ്പോള്‍ പല തരക്കാരായി എന്നതാണ് ഏറ്റവും വലിയ തമാശ. ലണ്ടനിലെ പല കടകളിലും പച്ചക്കായും പഴവും എന്ന നിലയില്‍ വാങ്ങാന്‍ ലഭിക്കുമ്പോള്‍ കേംബ്രിഡ്ജ് തുടങ്ങിയ സ്ഥലങ്ങളില്‍ ഓരോ കടകളില്‍ പച്ചക്കായയും പഴവും എന്ന നിലയിലാണ് കാണപ്പെടുന്നത്. ഒരു മാസത്തിലധികം സമയം എടുത്തെത്തിയ കായകള്‍ ലണ്ടനില്‍ എത്തിയ ശേഷം മൊത്ത വ്യാപാരി പഴുപ്പിച്ച ശേഷം വിതരണത്തിന് എത്തിക്കും എന്നതായിരുന്നു കായകള്‍ കയറ്റി അയച്ച സര്‍ക്കാര്‍ സ്ഥാപനം വി എഫ് പി സി കെ പറഞ്ഞിരുന്നത്. എന്നാല്‍ ലണ്ടനില്‍ എത്തിയ കായകള്‍ പഴുപ്പിക്കാന്‍ നില്‍ക്കാതെ നേരെ കടകളില്‍ എത്തുക ആയിരുന്നു എന്നതാണ് സത്യം. 

വില തുച്ഛം ഗുണം മെച്ചം, കൂടെ ആരോഗ്യത്തിനും നന്ന്
നല്ല അസല്‍ നാടന്‍ ഏത്തക്കായകളുടെ ഗുണവും മികവും മലയാളിയെ ആരും പറഞ്ഞു പഠിപ്പിക്കേണ്ട. എന്നാല്‍ യുകെയില്‍ എത്തിയ നാടന്‍ കായ്കള്‍ക്ക് കിലോയ്ക്ക് വില വെറും രണ്ടു പൗണ്ട് മാത്രമാണ് എന്നതാണ് ഏറ്റവും ആകര്‍ഷകം. പച്ചമുളകും പാവക്കയും വെണ്ടക്കയും ചെറിയ ഉള്ളിയും ഒക്കെ ഏഴു പൗണ്ട് നല്‍കി വാങ്ങുന്ന യുകെ മലയാളി നാടന്‍ ഏത്തക്കായയുടെ വില കേട്ടു ഞെട്ടുന്നത് ഇങ്ങനെയാണ്. മാത്രമല്ല ഇടത്തരം കായകള്‍ ആയതിനാല്‍ കിലോ തൂക്കം എടുക്കുമ്പോള്‍ അഞ്ചോ ആറോ കായകള്‍ ഉണ്ടെന്നതും ഗുണം തന്നെ.

ഒരു കുടുംബത്തിന് കഴിക്കാന്‍ ഒരു കിലോ പഴം ധാരാളം. മാത്രമല്ല, തനി ഓര്‍ഗാനിക് കായകള്‍ ആണ് എത്തിയിരിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനം. പായ്ക്കറ്റിന് ഒപ്പമുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ കൃഷി ചെയ്ത കര്‍ഷകന്റെയും കൃഷിഭൂമിയുടെയും ഏത്തവാഴകള്‍ നട്ടത് മുതല്‍ കുല വെട്ടും വരെയുള്ള കാര്യങ്ങള്‍ ഉപയോക്താവിന് ഇന്റര്‍നെറ്റിലൂടെ വായിച്ചറിയാന്‍ കഴിയും. ഇതൊക്കെ നാടന്‍ കായകള്‍ വാങ്ങാന്‍ യുകെ മലയാളിക്ക് ആവശ്യത്തിലധികം കാരണങ്ങളാണ്.  

പക്ഷേ നാടന്‍ കായകള്‍ കടകളില്‍ എത്തിയ കാര്യം അധികം മലയാളികള്‍ അറിഞ്ഞിട്ടില്ലാത്തതിനാല്‍ വന്നത് കറുത്തു പോകുമോ എന്ന ഭയവും വ്യാപാരികള്‍ക്കുണ്ട്. മൊത്തവിതരണം ലണ്ടന്‍ മാര്‍ക്കറ്റില്‍ നടത്തുന്നത് ശ്രീലങ്കന്‍ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനമാണ്. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ വിതരണം കൃഷ്ണ ട്രേഡേഴ്‌സ് യുകെ ലിമിറ്റഡ് എന്ന വിവരണമാണ് ലഭിക്കുന്നത്. ആദ്യ ലോഡ് നശിച്ചു പോകാതെ വിറ്റു തീര്‍ന്നാല്‍ പുറകെ അടുത്ത ലോഡുകള്‍ എത്തും എന്നതാണ് വിതരണക്കാര്‍ പറയുന്നത്.

കേരളത്തില്‍ നിന്നും ഈ ആശയം യൂറോപ്യന്‍ വിപണിയില്‍ ആദ്യമായി എത്തിച്ചതിന്റെ ഖ്യാതി വി എഫ് പി സി കെക്കു ലഭിക്കുമ്പോള്‍ തന്നെ പരീക്ഷണ അടിസ്ഥാനത്തില്‍ ചെയ്ത കയറ്റുമതി വിജയമായി എന്ന വാര്‍ത്തയോട് സ്ഥാപനത്തിന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഏതായാലും കായകള്‍ പഴുക്കാതെ വിതരണം ചെയ്യാന്‍ ഉണ്ടായ സാഹചര്യം അപ്രതീക്ഷിതം ആണെങ്കിലും പച്ചക്കായ ആഗ്രഹിക്കുന്നവര്‍ക്ക് അത് ഗുണമായി മാറുകയാണ്. 

പഴ വിപണിയാണ് കേരളം ലക്ഷ്യമിട്ടതെങ്കിലും ഏത്തക്കായകള്‍ പച്ചക്കറി വിപണിയിലും എത്തി എന്നതാണ് വ്യാപാര കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്. അതേസമയം അനേകം മലയാളി കുടുംബങ്ങള്‍ ഉള്ള മിഡ്ലാന്‍ഡ്‌സില്‍ പല പട്ടണങ്ങളിലും മലയാളി കടകളില്‍ നാടന്‍ ഏത്തക്കായകള്‍ വില്‍പനക്ക് എത്തിയില്ല എന്നതാണ് ബ്രിട്ടീഷ് മലയാളി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതും.

കൂടുതല്‍ കടകളില്‍ കായകള്‍ വില്‍പനക്ക് എത്തിയാല്‍ കൂടുതല്‍ ആവശ്യക്കാരുണ്ടാകും എന്നതിനാല്‍ മികച്ച വിപണി തന്നെയാണ് നാടന്‍ ഏത്തക്കായകളെ കാത്തിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍ പോകാന്‍ കഴിയാതെ വിഷമിക്കുന്ന യുകെ മലയാളിയുടെ അടുക്കളയിലേക്കു വിരുന്നെത്തിയ പുതിയ അതിഥിയെ ഉപ്പേരിയായും കറിയായും പ്രാതല്‍ വിഭവം ആയും ഒക്കെ അകത്താക്കാന്‍ കാത്തിരിക്കുകയാണ് അനേകം യുകെ മലയാളികള്‍.

നേന്ത്രന് യുകെയില്‍ എത്തിയപ്പോള്‍ അല്‍പം മനം മാറ്റം 
ഒന്നര മാസത്തോളം സമയമെടുത്തു യാത്രയും മറ്റും കഴിഞ്ഞെത്തിയ നേന്ത്രന് യുകെയിലെ തണുപ്പ് അത്ര പിടിച്ച മട്ടല്ല കാണുന്നത്. പച്ചക്കായയും പഴവും പുറമെ വേഗത്തില്‍ കറുപ്പു നിറം പടരുന്നത് തങ്ങളുടെ ഉള്ളു കാളിക്കുക ആണെന്ന് കേംബ്രിഡ്ജിലെ ഹണ്ടിങ്ങ്ടണിലുള്ള മലയാളി സ്ഥാപനമായ എസന്‍ഷ്യല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ റെജി പറയുന്നു. എന്നാല്‍ തൊലി കറുക്കാന്‍ തുടങ്ങിയാലും ഉള്ളില്‍ കായകള്‍ കാര്യമായ ഫ്രഷ്നെസ് നഷ്ടപ്പെടാത്ത അവസ്ഥയിലാണ്. അതിനാല്‍ പച്ചക്കായകള്‍ കിട്ടിയാല്‍ പോലും ഉപ്പേരി വറുക്കാന്‍ അസലായിരിക്കും എന്നും കച്ചവടക്കാര്‍ പറയുന്നു.

തനിക്കു കേംബ്രിഡ്ജ് ടൗണിലെ മലയാളിക്കടയായ ഇന്ത്യന്‍ മിനി മാര്‍ക്കറ്റില്‍ നിന്നുള്ള പഴമാണ് ലഭിച്ചതെന്നും ആദം ബ്രുക് ഹോസ്പിറ്റലില്‍ ഒരു വര്‍ഷം മുന്‍പ് അങ്കമാലിയില്‍ നിന്നും നഴ്‌സ് ആയി ജോലിക്ക് എത്തിയ  ജിയോ മാത്യു വിതയത്തില്‍ പറയുന്നു. നാടന്‍ കായകള്‍ വരുന്നു എന്ന വാര്‍ത്ത കേട്ടിരുന്നതിനാല്‍ കടയില്‍ കണ്ട കായകള്‍ക്കൊപ്പം ഉണ്ടായിരുന്ന സ്റ്റിക്കര്‍ പരിശോധിച്ചപ്പോഴാണ് നമ്മുടെ സ്വന്തം നാടന്‍ ആണെന്ന് മനസിലായതെന്നും ജിയോ പറയുന്നു. എന്നാല്‍ അല്‍പം വലിപ്പക്കുറവ് ഉണ്ടെങ്കിലും രുചിയില്‍ കാര്യമായ മാറ്റം ഇല്ലെന്നാണ് ജിയോയുടെ അഭിപ്രായം. ആഫ്രിക്കന്‍ കായ്കളുമായി താരതമ്യം ചെയ്താല്‍ അല്‍പം മധുരം കുറവ് ഉള്ളതായി തോന്നിയെന്നും ജിയോ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category