1 GBP = 102.10 INR                       

BREAKING NEWS

പഠന മികവിനൊപ്പം പോരാട്ടം; റാങ്ക് ജേതാവ് യൂണിയന്‍ കൗണ്‍സിലറായതും വന്‍ ഭൂരിപക്ഷത്തില്‍; പ്രസന്നതയും അളന്നു തൂക്കിയ മുഖവും കൈരളിക്കും തുണയായി; ഏഷ്യാനെറ്റിലേക്ക് മാറിയ വിശ്വസ്തനെ തിരിച്ചെത്തിച്ചതും പിണറായിയുടെ നയതന്ത്രം; ഇനി രാജ്യസഭയില്‍ സിപിഎമ്മിന്റെ നാവാകാന്‍ ബ്രിട്ടാസ്

Britishmalayali
kz´wteJI³

കണ്ണൂര്‍: 'പഠിക്കുക, പോരാടുക' എന്ന എസ്എഫ്ഐ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കിയ നേതാവാണ് ജോണ്‍ ബ്രിട്ടാസ്. സ്‌കൂള്‍ പഠന കാലത്തു തന്നെ എസ് എഫ് ഐ കൊടി പിടിച്ച നേതാവ്. അന്നും പഠനത്തില്‍ മിടുക്കന്‍. തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ പി.ജി. പഠനകാലം ജോണ്‍ ബ്രിട്ടാസെന്ന ഇടതുപക്ഷ രാഷ്ട്രീയക്കാരനെ പൂര്‍ണതയിലെത്തിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി മികച്ച ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഒന്നാം റാങ്കോടുകൂടിയായിരുന്നു ബിരുദാനന്തരബിരുദത്തിലെ വിജയം. പിന്നീട് ദേശാഭിമാനി ബ്യൂറോ ചീഫായി ഡല്‍ഹിയില്‍ ഏറെക്കാലം. അതിന് ശേഷം കൈരളിയില്‍. ഇതിനിടെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായി. അങ്ങനെ പഠനം മുതല്‍ ഇന്നുവരെ സിപിഎമ്മിനെ വിട്ടൊരു ജീവിതം ബ്രിട്ടാസിനില്ല. ഇതിനുള്ള അംഗീകാരമാണ് രാജ്യസഭാ അംഗത്വം. കൈരളി ടിവിയുടെ ചെയര്‍മാന്‍ മമ്മൂട്ടിയാണ്. സിപിഎമ്മുമായി മമ്മൂട്ടിയെ ചേര്‍ത്ത് നിര്‍ത്തുന്നതില്‍ ബ്രിട്ടാസിന് വലിയ പങ്കുണ്ടായിരുന്നു.

തൃശൂര്‍ കേരളവര്‍മ കോളജില്‍നിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ബ്രിട്ടാസ് എല്ലാ അര്‍ത്ഥത്തിലും പഠനത്തില്‍ മിടുക്കനായിരുന്നു. ദേശാഭിമാനി ഡല്‍ഹി ബ്യൂറോ ചീഫ് ആയിരിക്കെ വളരെ കുറഞ്ഞ പ്രായത്തിലാണു ബ്രിട്ടാസിനെ കൈരളി ചാനലിന്റെ തലപ്പത്തേക്കു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നിയോഗിച്ചത്. അന്നു മുതല്‍ പിണറായിയുടെ വിശ്വസ്തനും അദ്ദേഹത്തിന്റെ പ്രതിച്ഛായ നിര്‍മ്മാണത്തില്‍ പങ്കു വഹിക്കുന്നവരില്‍ ഒരാളും എന്ന വിശേഷണമാണു ബ്രിട്ടാസിന്. ഒന്നാം ക്ലാസ് മുതല്‍ ഏഴുവരെ പഠിച്ചത് പുലിക്കുരുമ്പ സെയ്ന്റ്് ജോസഫ്സ് സ്‌കൂളില്‍.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസം തൃശ്ശൂരിലെ മണ്ണുത്തി ഡോണ്‍ ബോസ്‌കോയില്‍. പ്രീഡിഗ്രി തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലും. പയ്യന്നൂര്‍ കോളേജിലെ ബിരുദ പഠനകാലം ബ്രിട്ടാസിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിന് അടിത്തറയിട്ടു. പൊളിറ്റിക്കല്‍ സയന്‍സില്‍ റാങ്കോടെയുള്ള വിജയം മലയോരത്ത് അന്ന് വലിയ വാര്‍ത്തയായി. അതിന് ശേഷം നാട് വീണ്ടും ബ്രിട്ടാസിനെ ഓര്‍ത്ത് സന്തോഷിക്കുകയാണ്. അത് രാജ്യസഭയിലേക്കുള്ള നറുക്കു വീഴുമ്പോഴും. ബ്രിട്ടാസിന്റെ ജന്മനാടായ പുലിക്കുരുമ്പയുള്‍പ്പെടുന്ന നടുവില്‍ മേഖലയില്‍ രാഷ്ട്രീയഭേദം മറന്നാണ് ആളുകള്‍ സന്തോഷം പങ്കിട്ടത്. സാമൂഹികമാധ്യമങ്ങളിലും ബ്രിട്ടാസ് നിറഞ്ഞുനിന്നു.

കുടിയേറ്റകാലത്തിന്റെ പ്രാരബ്ധം ഒഴിയാത്ത കാലത്ത് ഏഴ് മക്കളെ വളര്‍ത്തിവലുതാക്കാനുള്ള ശ്രമത്തിലായിരുന്നു അന്നമ്മയും ഭര്‍ത്താവ് ആലിലക്കുഴിയില്‍ പൈലിയും. അഞ്ച് ആണും രണ്ട് പെണ്ണുമടങ്ങുന്നതായിരുന്നു കുടുംബം. സഹകാരിയും പൊതുപ്രവര്‍ത്തകനുമായിരുന്നു ബ്രിട്ടാസിന്റെ അച്ഛന്‍ പൈലി. 1956-ല്‍ പ്രവര്‍ത്തനം തുടങ്ങിയ നടുവില്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടറും സ്ഥാപക സെക്രട്ടറിയുമായിരുന്നു അദ്ദേഹം. പ്രസന്നമായ മുഖവും അളന്നുതൂക്കിയ വാക്കുകളും കുട്ടിക്കാലത്തും ബ്രിട്ടാസിന്റെ പ്രത്യേകതയായിരുന്നു. അതിപ്പോഴും ആ മുഖത്തുണ്ട്. ഇന്ന് ബ്രിട്ടാസിന്റെ പുലിക്കുരുമ്പയിലെ തറവാട്ട് വീട്ടില്‍ 89 പിന്നിട്ട അമ്മയും സഹോദരന്‍ മാത്യുവും കുടുംബവുമാണുള്ളത്. ഏഴ് മക്കളില്‍ രണ്ടുപേര്‍ മാത്രമാണ് നാട്ടിലുള്ളത്. മറ്റുള്ളവര്‍ പല നാടുകളിലായി. ബ്രിട്ടാസിന്റെ ഭാര്യ ഷീബ റെയില്‍വേയില്‍ ഉദ്യോഗസ്ഥയാണ്. മക്കള്‍ അന്നയും ആനന്ദും.

18 വര്‍ഷം മുന്‍പ് കേരളത്തിലേക്കു മടങ്ങുമ്പോള്‍ ജോണ്‍ ബ്രിട്ടാസും ഡല്‍ഹിയോടുള്ള ബന്ധം മുറിക്കാന്‍ മുതിര്‍ന്നില്ല. ഇത്രയും വര്‍ഷമായിട്ടും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍ പാസും ദീര്‍ഘകാലം പാര്‍ലമെന്റ് റിപ്പോര്‍ട്ട് ചെയ്തവര്‍ക്കുള്ള പാസുമൊക്കെ ഇതുവരെയും ബ്രിട്ടാസ് വര്‍ഷംതോറും പുതുക്കി സൂക്ഷിച്ചു. ഇനി അതില്ലാതേയും പാര്‍ലമെന്റില്‍ ബ്രിട്ടാസിന് കയറാം. ദേശാഭിമാനിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന കാലത്തു ബ്രിട്ടാസ് താമസിച്ചിരുന്നത് എംപിമാര്‍ക്കുള്ള വിത്തല്‍ ഭായ് പട്ടേല്‍ ഹൗസിലാണ്. പാര്‍ട്ടി ക്വോട്ടയില്‍. ഇനി എംപിയായിത്തന്നെ എംപിക്വാര്‍ട്ടേഴ്സില്‍ കഴിയാം. 1988 മുതല്‍ ദേശാഭിമാനിയിലും പിന്നീട് കൈരളിയുടെ ബ്യൂറോ ചീഫായും ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചശേഷമാണ് ബ്രിട്ടാസ് കേരളത്തിലേക്കു പോകുന്നത്, 2003ല്‍. അതുവരെ ഒട്ടേറെ ശ്രദ്ധേയമായ വാര്‍ത്തകള്‍ ബ്രിട്ടാസ് പത്രത്തിലെഴുതി, യുദ്ധബാധിതമായ ഇറാഖ് ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ന്ന് മികച്ച റിപ്പോര്‍ട്ടുകളും വിശകലനങ്ങളും നല്‍കി.

ഇഎംഎസ്, ബിടിആര്‍, ബസവ പുന്നയ്യ, ഹര്‍കിഷന്‍ സിങ് സുര്‍ജിത് തുടങ്ങി സിപിഎമ്മിന്റെ മുന്‍നിര നേതാക്കളില്‍ പലരുടെയും കാലം, ബൊഫോഴ്സും ബാബ്റി മസ്ജിദ് തകര്‍ക്കലും ജ്യോതി ബസുവിന് പ്രധാനമന്ത്രിസ്ഥാനം വേണ്ടെന്ന തീരുമാനവും സിപിഎമ്മിന്റെ പിന്തുണയുള്ള ഐക്യമുന്നണി സര്‍ക്കാരിന്റെ ഭരണവുമുള്‍പ്പെടെയുള്ള രാഷ്ട്രീയ കലങ്ങിമറിയലുകളുടെ നാളുകള്‍ -ഇതൊക്കം ബ്രിട്ടാസിലൂടെ ദേശാഭിമാനിയില്‍ നിറഞ്ഞ റിപ്പോര്‍ട്ടുകളാണ്. പാര്‍ട്ടിയുടെ മാധ്യമനയം രൂപീകരിക്കുന്നതില്‍ വര്‍ഷങ്ങളായി ജോണ്‍ ബ്രിട്ടാസ് പങ്കു വഹിക്കുന്നു. മാധ്യമ ഉപദേഷ്ടാവായും അല്ലാതെയും മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്രകളില്‍ നിഴല്‍ പോലെ ബ്രിട്ടാസുണ്ടായി. ഇടക്കാലത്തു കൈരളി ഉപേക്ഷിച്ചു ഏഷ്യാനെറ്റിലേക്ക് പോയ അദ്ദേഹത്തെ തിരികെ അതേ പദവിയിലേക്കു കൊണ്ടുവന്നതും പിണറായിയുടെ താല്‍പര്യ പ്രകാരമായിരുന്നു. ദേശാഭിമാനി റസിഡന്റ് എഡിറ്റായിരുന്ന കെ.മോഹനനു ശേഷം രാജ്യസഭയിലേക്കു സിപിഎം നിയോഗിക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് ബ്രിട്ടാസ്. എകെജി സെന്ററുമായി ബന്ധപ്പെട്ട പാര്‍ട്ടി ഘടകത്തില്‍ അംഗമാണ്.

ബ്രിട്ടാസിനൊപ്പം ശിവദാസനും സിപിഎമ്മിന്റെ രാജ്യസഭാ അംഗമാകും. ഇടതുപക്ഷ പത്രപ്രവര്‍ത്തനം നല്ല രീതിയില്‍ നടത്തിയ ആള്‍ എന്ന നിലയിലാണു ജോണ്‍ ബ്രിട്ടാസിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയതെന്നു സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍ വിശദീകരിച്ചു. പാര്‍ട്ടിക്കു നല്ല ബോധ്യമുള്ള 2 പേരെയാണു തീരുമാനിച്ചത്. മാധ്യമ രംഗത്തുള്ളവരെ നേരത്തേയും രാജ്യസഭയിലേക്കു നിയോഗിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ അവര്‍ തിളങ്ങി. കെ.കെ. രാഗേഷ് രാജ്യസഭയില്‍ മികച്ച രീതിയിലാണു പ്രവര്‍ത്തിച്ചത്. കര്‍ഷക പ്രക്ഷോഭത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേത്. അതുപോലെ ഇവരും പ്രവര്‍ത്തിക്കും- വിജയരാഘവന്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category