1 GBP = 102.10 INR                       

BREAKING NEWS

തൃശൂര്‍ നേന്ത്രക്കായകള്‍ വിലകൂട്ടി വില്‍ക്കാനുള്ള ശ്രമം പൊളിഞ്ഞു; ബ്രിട്ടീഷ് മലയാളി വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ പറന്നതോടെ കച്ചവടക്കാര്‍ മര്യാദക്കാരായി

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കാത്തുകാത്തിരുന്നു യുകെയില്‍ മലയാളികളെ തേടി എത്തിയ തൃശൂര്‍ നേന്ത്രക്കായകള്‍ വിലകൂട്ടി വില്‍ക്കാന്‍ ചില മലയാളി കടക്കാര്‍ ശ്രമിച്ചെന്ന് ആക്ഷേപം. എന്നാല്‍ കേംബ്രിഡ്ജ് അടക്കമുള്ള സ്ഥലങ്ങളില്‍ കിലോയ്ക്ക് രണ്ടു പൗണ്ട് എന്ന നിരക്കില്‍ നേന്ത്രക്കായകള്‍ വില്‍ക്കുന്ന കാര്യം ഇന്നലെ ബ്രിട്ടീഷ് മലയാളി റിപ്പോര്‍ട്ട് ചെയ്തത് ചൂണ്ടിക്കാട്ടി വിലക്കൂടുതല്‍ പല സ്ഥലങ്ങളിലും മലയാളികള്‍ ചോദ്യം ചെയ്യാന്‍ തയ്യാറായി.

പക്ഷെ പതിവ് പോലെ മൊത്തക്കച്ചവടക്കാര്‍ നല്‍കിയ വിലയ്ക്കാണ് കായകള്‍ നല്‍കിയതെന്ന് പറഞ്ഞൊഴിയുന്നതു ചില കടകളിലും എങ്കിലും സംഭവിച്ചതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഒരൊറ്റ കണ്ടെയ്‌നറില്‍ ഒരു മൊത്തവിതരണക്കാരനിലൂടെ യുകെയുടെ എല്ലാ ഭാഗത്തും എത്തിയ നേന്ത്രക്കായക്ക് പല വില ഉണ്ടാകേണ്ട കാര്യമില്ലായിരുന്നു എന്നും വ്യക്തം. 

എന്നാല്‍ ബ്രിട്ടീഷ് മലയാളി തുടര്‍ച്ചയായി നല്‍കിയ വാര്‍ത്തയിലൂടെ  നേന്ത്രക്കായയുടെ വരവ് കാത്തിരുന്ന യുകെ മലയാളികള്‍ കായ കടകളില്‍ എത്തിയതറിഞ്ഞു കൂട്ടമായി എത്തിയതോടെയാണ് വിലക്കൂടുതല്‍ സംബന്ധിച്ച പരാതിയും ഉയര്‍ന്നത്. എന്നാല്‍ കായ തേടി രാവിലെ മുതല്‍ മിക്ക മലയാളി കടകളിലും ആവശ്യക്കാര്‍ എത്തി തുടങ്ങിയതോടെ എങ്ങനെയെങ്കിലും ഒരു ബോക്‌സ് കേരള കായകള്‍ എങ്കിലും നല്‍കണമെന്ന വിളികളാണ് മൊത്തവിതരണം ഏറ്റെടുത്ത കരാര്‍ ഏജന്‍സിയെ തേടി എത്തിയത്.
തല്‍ക്കാലം തടിതപ്പാന്‍ അടുത്ത കണ്ടെയ്‌നര്‍ ഉടന്‍ വരുമെന്നാണ് ഇവര്‍ അറിയിച്ചത്. എന്നാല്‍ അടുത്ത കണ്ടെയനാര്‍ വിടുന്ന കാര്യം ഇത്തവണ അയച്ച ലോഡിന്റെ വരവ് ചിലവ് കണക്കുകള്‍ പൂര്‍ണമായി വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനിക്കൂ എന്നാണ് വിഎഫ്പിസികെ ചീഫ് എക്‌സികുട്ടീവ് ശിവരാമകൃഷ്ണന്‍ ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കിയത്. 

കൃത്യമായി ബിഎം വായനക്കാരുടെ ഇടപെടല്‍ 
നല്ല നാടന്‍ കായകള്‍ കുറഞ്ഞ വിലയ്ക്ക് ലഭിച്ചപ്പോള്‍ മിക്കവാറും പേരും രണ്ടു കിലോ മുതല്‍ വാങ്ങിത്തുടങ്ങിയത് പലയിടത്തും സ്റ്റോക്ക് പെട്ടെന്ന് തീരാന്‍ കാരണമായി. കേടായി പോകുമോ എന്ന ഭീതിയില്‍ പല കടക്കാരും 20 കിലോ വീതമുള്ള രണ്ടു ബോക്‌സുകളാണ് വില്‍പ്പനക്കായി വാങ്ങിയത്. മിക്ക കടകളിലും ഇത് വേഗത്തില്‍ തീരുകയും ചെയ്തു. കായ തേടി അനേകം ആളുകള്‍ കടകളില്‍ എത്തുന്നു എന്നറിഞ്ഞതോടെയാണ് വില കൂട്ടി വില്‍ക്കല്‍ തന്ത്രം രൂപം കൊണ്ടത്.

എന്നാല്‍ ഇതിനെ സമയോചിതമായി നേരിടാന്‍ വായനക്കാര്‍ തന്നെ മുന്‍കൈ എടുത്തതാണ് ക്ലൈമാക്‌സ് ആയി മാറിയത്. പലയിടത്തും വാര്‍ത്തയില്‍ വില പരാമര്‍ശിക്കുന്ന ഭാഗം ആളുകള്‍ വാട്‌സ്ആപ് വഴി ഷെയറിങ് നടത്തിയത് വിലകൂട്ടി വില്‍ക്കാന്‍ തയ്യാറായ കച്ചവടക്കാര്‍ക്ക് പാരയായി. കിലോയ്ക്ക് രണ്ടു പൗണ്ട് എന്ന വിലയ്ക്ക് വില്‍ക്കാന്‍ ആണ് മൊത്തക്കച്ചവടക്കാര്‍ നല്‍കിയ നിര്‍ദേശമെന്നു ചില വ്യാപാരികള്‍ തന്നെ പറയുന്നു. എന്നാല്‍ മറ്റു നാടന്‍ പച്ചക്കറികളും മറ്റും ഏഴും എട്ടും പൗണ്ട് വിലയ്ക്ക് വില്‍ക്കുമ്പോള്‍ നേന്ത്രക്കായ മാത്രം എന്തിനു വിലകുറച്ചു വില്‍ക്കണം എന്നതായിരുന്നു ലാഭം മാത്രം നോക്കി കച്ചവടം ചെയ്യുന്ന ചിലര്‍ ചിന്തിച്ചത്. 

അമിതമായി വിലകൂട്ടി വില്‍ക്കല്‍ ആത്മഹത്യാപരം
എന്നാല്‍ കോവിഡ് ഭീതിമൂലം കടകളില്‍ വരാന്‍ മടിക്കുന്ന മലയാളികളെ കടയിലേക്ക് ആകര്‍ഷിക്കാന്‍ ഉള്ള അവസരമായി നേന്ത്രക്കായയുടെ വരവിനെ കണ്ടവരാണ് മിക്ക കടക്കാരും. കായ വാങ്ങാന്‍ എത്തുന്നവര്‍ മറ്റു സാധനം കൂടി വാങ്ങുബോള്‍ കടയിലെ കച്ചവടത്തിന് തന്നെ അത് താങ്ങായി മാറും എന്ന തന്ത്രമാണ് കിട്ടിയ വിലയ്ക്ക് തന്നെ കായകള്‍ വില്‍ക്കാന്‍ തയാറായവര്‍ ഉപയോഗിച്ചത്.

കിലോയില്‍ ഒന്നോ രണ്ടോ പൗണ്ട് കൂട്ടിയിട്ടു ലഭിക്കുന്ന നിസാര ലാഭവും വിലയെ കുറിച്ച് മാധ്യമങ്ങളില്‍ തന്നെ പരസ്യപ്പെടുത്തിയ സാഹചര്യത്തിലും വിലകൂട്ടി വില്‍പന നടത്തുന്നത് ആത്മഹത്യാപരമാണെന്നാണ് പല കച്ചവടക്കാരും പറഞ്ഞത്. കാരണം പരസ്യമായ വിലയില്‍ ഇത്തരം അന്തരം സംഭവിച്ചെങ്കില്‍ മറ്റു സാധനങ്ങളും ഇതേതരത്തില്‍ വിലകൂട്ടി വില്‍ക്കുന്ന കടയെന്ന ദുഷ്‌പ്പേരും സ്വന്തമാകും എന്നതാണ് നേന്ത്രക്കായ വിലകുറച്ചു തന്നെ വില്‍ക്കാന്‍ ഇടയായ സാഹചര്യത്തെ കുറിച്ച് കടക്കാര്‍ അഭിപ്രായപ്പെട്ടത്.

'ലാഭത്തില്‍ വില്‍ക്കാന്‍ വേണ്ടിയായിരുന്നില്ല കായകള്‍ യുകെയില്‍ എത്തിച്ചത്'
ഈ സാഹചര്യത്തില്‍ കായകള്‍ ബ്രിട്ടനിലേക്ക് കയറ്റി അയച്ച കേരള സര്‍ക്കാര്‍ സ്ഥാപനമായ വിഎഫ്പിസികെയുടെ സിഇഒ ശിവരാമകൃഷ്ണനെ ബ്രിട്ടീഷ് മലയാളി ബന്ധപ്പെട്ടതോടെയാണ് മറ്റൊരു രസകരമായ വസ്തുത പുറത്തു വന്നത്. സത്യത്തില്‍ ഈ കായകള്‍ വിറ്റു ലാഭം എടുക്കുക എന്നത് വിഎഫ്പിസികെയുടെ ലഷ്യം ആയിരുന്നില്ലത്രേ.

ലക്ഷക്കണക്കിന് രൂപ ചിലവാക്കി അയച്ച കായകള്‍ യുകെ വിപണിയില്‍ ഇതിന്റെ ലഭ്യത മലയാളികളെയും മറ്റു നാട്ടുകാരെയും ബോധ്യപ്പെടുത്താന്‍ ഉള്ള ഒരു പ്രൊമോഷണല്‍ ഐറ്റം മാത്രമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഇക്കാര്യം വ്യക്തമായും ലണ്ടനിലെ മൊത്തവിതരണക്കാരെ വിഎഫ്പിസികെ അറിയിച്ചിരുന്നു. കിട്ടുന്ന പണം വാങ്ങുക എന്നതായിരുന്നു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ നിലപാട്. കായകള്‍ കയറ്റി അയക്കാന്‍ ഉള്ള പണമെങ്കിലും കിട്ടിയാല്‍ അത്രയും നല്ലത് എന്നേ കരുതിയുള്ളൂ എന്നും അദ്ദേഹം ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കി. 

കോവിഡ് ഇല്ലായിരുന്നെങ്കില്‍ വിഎഫ്പിസികെ സാരഥികള്‍ നേരിട്ട് ലണ്ടനില്‍ എത്തി നേന്ത്രക്കായകളുടെ വിപണന ഉദ്ഘാടനം വരെ പ്ലാന്‍ ചെയ്തിരുന്നതാണ്. യുകെ വിപണി പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യമായി ഒരു കണ്ടെയ്നര്‍ പച്ചക്കായ കേരളത്തില്‍ നിന്നും കയറ്റുമതി ചെയ്തത്. സാധാരണ വിമാനത്തില്‍ അയക്കുന്നതിനു പകരം ചെലവ് കുറഞ്ഞ കപ്പല്‍ സഞ്ചാരം ഉപയോഗപ്പെടുത്തിയത് കായ കേടാകാതെ യുകെയില്‍ എത്തുമോ എന്നറിയാനും കൂടി ആയിരുന്നു എന്നും അദ്ദേഹം പറയുന്നു.

ഈ സാഹചര്യത്തില്‍ യുകെ മലയാളികള്‍ക്ക് വെറുതെ ഈ കായകള്‍ നല്‍കിയാല്‍ പോലും വിഎഫ്പിസികെക്കു പരാതിയില്ലെന്ന് ചുരുക്കം. എന്നാല്‍ വ്യാപാരികള്‍ പല വിലയ്ക്ക് കായകള്‍ വില്‍ക്കാന്‍ ഉണ്ടായ സാഹചര്യം മൊത്ത വിതരണകാരനോട് അന്വേഷിക്കുമെന്നും ശിവരാമകൃഷ്ണന്‍ പറഞ്ഞു. ഭാവിയില്‍ ചക്കയും ചേനയും അടക്കമുള്ള ദീര്‍ഘകാലം കേടാകാതെ സൂക്ഷിക്കാന്‍ കഴിയുന്ന പച്ചക്കറി പഴവര്‍ഗ വിഭാവങ്ങള്‍ എത്തിക്കാനാകുമോ എന്നതും കായ കയറ്റുമതിയിലൂടെ ലക്ഷ്യമിട്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

തളിര്‍ എന്ന് പേരിട്ടു യുകെയില്‍ എത്തിയ നേന്ത്രക്കായകള്‍ ലഭിച്ച മലയാളികള്‍ അതിനൊപ്പം ലഭിച്ച ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തു അഭിപ്രായങ്ങള്‍ വിഎഫ്പിസികെയെ അറിയിച്ചാല്‍ വലിയ ഉപകാരം ആയിരുന്നു എന്നും സ്ഥാപനം വ്യക്തമാക്കുന്നു. വാങ്ങിയ സ്ഥലം, വില, ഉപയോഗിച്ച ശേഷമുള്ള അഭിപ്രായം എന്നിവയൊക്കെ ഉപയോക്താവിന് നിന്നും നേരിട്ട് അറിയുക എന്നതിന് വേണ്ടിയാണു ക്യൂ ആര്‍ കോഡ് സഹിതം വില്‍പനക്ക് എത്തിച്ചതെന്നും വിഎഫ്പിസികെ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category