1 GBP = 102.00 INR                       

BREAKING NEWS

വിജയത്തിലേക്ക് കുതിച്ച ഹൈദരാബാദിനെ എറിഞ്ഞിട്ട് മുംബൈ ബൗളര്‍മാര്‍; ചാഹറിനും ബോള്‍ട്ടിനും മൂന്ന് വിക്കറ്റ് വീതം; കളി തിരിച്ചു പിടിക്കുന്ന 'രോഹിത് മാജിക്' വീണ്ടും; മുംബൈയുടെ രണ്ടാം ജയം 13 റണ്‍സിന്; ഞായറാഴ്ച രണ്ട് മത്സരങ്ങള്‍

Britishmalayali
kz´wteJI³

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ജയത്തിലേക്ക് കുതിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ സമ്മര്‍ദ്ദ തന്ത്രത്തില്‍ വരിഞ്ഞുമുറുക്കിയ മുംബൈ ഇന്ത്യന്‍സിന് 13 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ബൗളര്‍മാരാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. ചെറിയ സ്‌കോറില്‍ മുംബൈ ഇന്ത്യന്‍സിനെ ഒതുക്കിയെങ്കിലും ബാറ്റിങ്ങില്‍ തിളങ്ങാന്‍ സണ്‍റൈസേഴ്‌സിന് സാധിച്ചില്ല.

മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാന്‍ മധ്യനിരയ്ക്ക് സാധിച്ചില്ല. 43 റണ്‍സെടുത്ത ജോണി ബെയര്‍‌സ്റ്റോ മാത്രമാണ് ഹൈദരാബാദ് നിരയില്‍ തിളങ്ങിയത്. ഇതോടെ ഈ സീസണിലെ മൂന്നു മത്സരങ്ങളിലും ടീം തോല്‍വി വഴങ്ങി.

മുംബൈ മൂന്നു മത്സരങ്ങളില്‍ നിന്നായി നേടുന്ന രണ്ടാം വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തപ്പോള്‍ സണ്‍റൈസേഴ്‌സ് 19.4 ഓവറില്‍ 137 റണ്‍സിന് ഓള്‍ ഔട്ടായി. മുംബൈയ്ക്കു വേണ്ടി രാഹുല്‍ ചാഹറും ട്രെന്റ് ബോള്‍ട്ടും മൂന്നു വിക്കറ്റ് വീതവും ക്രുണാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുമ്ര എന്നിവര്‍ ഓരോ വിക്കറ്റും നേടി.

151 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണറായ ജോണി ബെയര്‍‌സ്റ്റോ നല്‍കിയത്. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ മൂന്നാം ഓവറില്‍ മൂന്ന് ബൗണ്ടറികളും ഒരു സിക്‌സുമടക്കം 18 റണ്‍സാണ് താരം നേടിയത്. തൊട്ടുപിന്നാലെ വന്ന ആദം മില്‍നെയുടെ ഓവറില്‍ 13 റണ്‍സും ബെയര്‍‌സ്റ്റോ നേടി. ഡേവിഡ് വാര്‍ണര്‍ ബെയര്‍‌സ്റ്റോയ്ക്ക് ആക്രമിച്ച് കളിക്കാനുള്ള അവസരമൊരുക്കി.

തലങ്ങും വിലങ്ങും കൂറ്റന്‍ ഷോട്ടുകള്‍ പായിച്ചുതുടങ്ങിയ ബെയര്‍സ്റ്റോ, മുംബൈ നിരയെ വെള്ളംകുടിപ്പിച്ചു. അഞ്ച് ഓവര്‍ പിന്നിട്ടപ്പോള്‍ ഹൈദരാബാദ് സ്‌കോര്‍ 55 റണ്‍സ് എന്ന നിലയിലെത്തി. ഇതില്‍ 41 റണ്‍സും ബെയര്‍സ്റ്റോയുടെ വകയായിരുന്നു. 29 പന്തിലാണ് ഓപ്പണിങ് സഖ്യം അര്‍ധസെഞ്ചുറി പിന്നിട്ടത്. ഒന്‍പതിലേറെ റണ്‍ റേറ്റിലായിരുന്നു ഹൈദരാബാദിന്റെ കുതിപ്പ്. ബാറ്റിങ് പവര്‍പ്ലേയില്‍ ഹൈദരാബാദ് 57 റണ്‍സെടുത്തു.

എട്ടാം ഓവറില്‍ സ്വന്തം പിഴവില്‍ ബെയര്‍സ്റ്റോയ്ക്കു വിക്കറ്റ് നഷ്ടമായി. ക്രുണാല്‍ പാണ്ഡ്യയുടെ ബോളിങ്ങില്‍ വിക്കറ്റിനു പിന്നിലേക്കു ഷോട്ട് പായിക്കാനുള്ള ശ്രമത്തില്‍ ബെയര്‍സ്റ്റോയുടെ കാലു തട്ടി വിക്കറ്റ് വീണു. 22 പന്തുകളില്‍ നിന്നും നാല് സിക്‌സുകളുടെയും മൂന്ന് ഫോറുകളുടെയും അകമ്പടിയോടെ 43 റണ്‍സെടുത്ത ബെയര്‍‌സ്റ്റോ ഹിറ്റ് വിക്കറ്റായി പുറത്താകുകയായിരുന്നു.

ബെയര്‍‌സ്റ്റോയ്ക്ക് പകരം മനീഷ് പാണ്ഡെ ക്രീസിലെത്തി. എന്നാല്‍ നിലയുറപ്പിക്കും മുന്‍പ് വെറും രണ്ട് റണ്‍സെടുത്ത പാണ്ഡെയെ രാഹുല്‍ ചഹാര്‍ മടക്കി. ഇതോടെ 71 ന് രണ്ട് എന്ന നിലയിലേക്ക് സണ്‍റൈസേഴ്‌സ് വീണു.

പിന്നീട് മികച്ച രീതിയില്‍ ബാറ്റ് ചെയ്ത വാര്‍ണര്‍ സ്‌കോര്‍ മുന്നോട്ട് ചലിപ്പിച്ചു. എന്നാല്‍ സ്‌കോര്‍ 90-ല്‍ നില്‍ക്കേ അനാവശ്യ റണ്ണിന് ശ്രമിച്ച വാര്‍ണറെ ഹാര്‍ദിക് പാണ്ഡ്യ റണ്‍ ഔട്ടാക്കി. 34 പന്തുകളില്‍ നിന്നും 36 റണ്‍സെടുത്താണ് നായകന്‍ ക്രീസ് വിട്ടത്.

വാര്‍ണര്‍ പുറത്തായതോടെ സണ്‍റൈസേഴ്‌സിന്റെ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. പിന്നാലെ സ്‌കോര്‍ 102-ല്‍ നില്‍ക്കേ യുവതാരം വിരാട് സിങ്ങിനെ മടക്കി രാഹുല്‍ ചഹാര്‍ സണ്‍റൈസേഴ്‌സിന്റെ നാലാം വിക്കറ്റ് വീഴ്ത്തി. വെറും 11 റണ്‍സാണ് താരം നേടിയത്.

മധ്യനിരയിലെ പോരായ്മകള്‍ സണ്‍റൈസേഴ്‌സിന് കനത്ത വെല്ലുവിളിയുയര്‍ത്തി. തൊട്ടുപിന്നാലെ വന്ന അഭിഷേക് ശര്‍മയേ അതേ ഓവറില്‍ തന്നെ മടക്കി ചാഹര്‍ സണ്‍റൈസേഴ്‌സിന്റെ അഞ്ചാം വിക്കറ്റ് പിഴുതു. വെറും രണ്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഇതോടെ ടീം 104 ന് അഞ്ച് എന്ന നിലയിലേക്ക് കൂപ്പുകുത്തി.

പിന്നീട് ക്രീസിലെത്തിയ വിജയ് ശങ്കര്‍ ക്രുനാല്‍ പാണ്ഡ്യയുടെ ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ നേടി സണ്‍റൈസേഴ്‌സിന് വിജയപ്രതീക്ഷ സമ്മാനിച്ചു. എന്നാല്‍ അബ്ദുല്‍ സമദിനെ റണ്‍ഔട്ടാക്കി ഹാര്‍ദിക് കളി വീണ്ടും മുംബൈയ്ക്ക് അനുകൂലമാക്കി. വെറും ഏഴ് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. തൊട്ടുപിന്നാലെ വന്ന റാഷിദ് ഖാനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബോള്‍ട്ട് സണ്‍റൈസേഴ്‌സിന്റെ ഏഴാം വിക്കറ്റ് വീഴ്ത്തി.

അവസാന രണ്ട് ഓവറുകളില്‍ നിന്നും 21 റണ്‍സായിരുന്നു സണ്‍റൈസേഴ്‌സിന് വിജയിക്കാനായി വേണ്ടിയിരുന്നത്. 19-ാം ഓവര്‍ എറിഞ്ഞ ബുംറ അഞ്ചാം പന്തില്‍ സണ്‍റൈസേഴ്‌സിന്റെ അവസാന പ്രതീക്ഷയായിരുന്ന വിജയ് ശങ്കറിനെ സൂര്യകുമാറിന്റെ കൈയിലെത്തിച്ചു. 28 റണ്‍സെടുത്താണ് താരം മടങ്ങിയത്. ആ ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് ബുംറ വിട്ടുനല്‍കിയത്. ഇതോടെ അവസാന ഓവറില്‍ സണ്‍റൈസേഴ്‌സിന്റെ വിജയലക്ഷ്യം 16 റണ്‍സായി.

അവസാന ഓവര്‍ എറിഞ്ഞ ബോള്‍ട്ട് ആദ്യ പന്തില്‍ തന്നെ ഭുവനേശ്വറിന്റെ വിക്കറ്റ് തെറിപ്പിച്ചു. ഇതോടെ സണ്‍റൈസേഴ്‌സിന് 9 വിക്കറ്റുകള്‍ നഷ്ടമായി. നാലാം പന്തില്‍ ഖലീല്‍ അഹമ്മദിന്റെയും വിക്കറ്റെടുത്ത് ബോള്‍ട്ട് സണ്‍റൈസേഴ്‌സിനെ ഓള്‍ ഔട്ടാക്കി.

മുംബൈയ്ക്ക് വേണ്ടി രാഹുല്‍ ചഹാര്‍ നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ട്രെന്റ് ബോള്‍ട്ടും 3 വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറ, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാന്‍ സാധിച്ചില്ല.

തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ച സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ പേരുകേട്ട മുംബൈ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കി. 40 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കും 35 റണ്‍സ് നേടിയ പൊള്ളാര്‍ഡും മാത്രമാണ് മുംബൈയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

മുബൈയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും രോഹിത് ശര്‍മയും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് വെറും 5.3 ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തി. രോഹിത്തായിരുന്നു കൂടുതല്‍ അപകടകാരി. ബൗളര്‍മാരെ അനായാസം ഇരുവരും നേരിട്ടു.

എന്നാല്‍ ബാറ്റിങ് പവര്‍പ്ലേയ്ക്ക് ശേഷം വിജയ് ശങ്കറിനെ സണ്‍റൈസേഴ്‌സ് നായകന്‍ വാര്‍ണര്‍ പന്ത് ഏല്‍പ്പിച്ചു. തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ശങ്കര്‍ അപകടകാരിയായ രോഹിത് ശര്‍മയെ മടക്കി. 25 പന്തുകളില്‍ നിന്നും 32 റണ്‍സെടുത്ത രോഹിത്തിനെ ശങ്കര്‍ വിരാട് സിങ്ങിന്റെ കൈയിലെത്തിച്ചു. രോഹിത് മടങ്ങുമ്പോള്‍ 6.3 ഓവറില്‍ 55 ന് ഒരുവിക്കറ്റ് എന്ന നിലയിലായി മുംബൈ.

രോഹിത്തിന് പകരം സൂര്യകുമാര്‍ യാദവ് ക്രീസിലെത്തി. നന്നായി തുടങ്ങിയെങ്കിലും 10 റണ്‍സ് മാത്രമെടുത്ത സൂര്യകുമാറിനെ പുറത്താക്കി വിജയ് ശങ്കര്‍ വീണ്ടും മുംബൈയ്ക്ക് തിരിച്ചടി നല്‍കി. സ്‌കോര്‍ 71-ല്‍ നില്‍ക്കേ വേഗം കുറഞ്ഞ പന്തിലാണ് ശങ്കര്‍ സൂര്യകുമാറിനെ പുറത്താക്കിയത്.

രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ശേഷം മുംബൈയുടെ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. സൂര്യകുമാറിന് ശേഷം ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ സ്‌കോര്‍ ചെയ്യാന്‍ നന്നായി പാടുപെട്ടു. ഡി കോക്കിനും വേഗം നഷ്ടപ്പെട്ടു. സ്‌കോര്‍ 98-ല്‍ നില്‍ക്കേ ഡി കോക്കിനെ മുജീബുര്‍ റഹ്മാന്‍ പുറത്താക്കി. 39 പന്തുകളില്‍ നിന്നും 40 റണ്‍സെടുത്ത ഡി കോക്ക് പുറത്തായതോടെ മുംബൈ പ്രതിരോധത്തിലായി.

വൈകാതെ ഇഷാന്‍ കിഷനും പുറത്തായി. 12 റണ്‍സെടുത്ത കിഷനെ മുജീബുര്‍ റഹ്മാന്‍ പുറത്താക്കി. കിഷന് പകരം ഹാര്‍ദിക് പാണ്ഡ്യ പൊള്ളാര്‍ഡിന് കൂട്ടായി ക്രീസിലെത്തി. പക്ഷേ ഹാര്‍ദിക്കിനും സണ്‍റൈസേഴ്‌സ് ബൗളിങ് നിരയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. വെറും ഏഴ് റണ്‍സെടുത്ത താരത്തെ ഖലീല്‍ അഹമ്മദ് പുറത്താക്കി. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത പൊള്ളാര്‍ഡാണ് ടീം സ്‌കോര്‍ 150 കടത്തിയത്. 35 റണ്‍സെടുത്ത പൊള്ളാര്‍ഡും മൂന്ന് റണ്‍സ് നേടിയ ക്രുനാല്‍ പാണ്ഡ്യയും പുറത്താവാതെ നിന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category