1 GBP = 102.10 INR                       

BREAKING NEWS

വീടിനു പുറത്തെ ഷെഡില്‍ പാചകം ചെയ്യവേ സ്വിണ്ടന്‍ മലയാളിയുടെ വീട്ടില്‍ തീപിടുത്തം; പൊള്ളലേറ്റ പത്തനംതിട്ട സ്വദേശി ബ്രിസ്റ്റോള്‍ ആശുപത്രിയില്‍; മീനും ഇറച്ചിയും ഗാരേജില്‍ വേവിക്കുന്ന മലയാളികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം അരികെ; തീ പിടുത്തത്തിന് എലിയും കാരണമാകാമെന്നു വില്‍ഷെയര്‍ ഫയര്‍ സര്‍വീസ്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: വീട്ടില്‍ കേരളീയ രീതിയില്‍ ഇറച്ചിയും മീനും ഒക്കെ പാചകം ചെയ്യുമ്പോള്‍ മണം വീടാകെ പരക്കും എന്ന കാരണത്താല്‍ വീടിനു പുറത്തു താല്‍ക്കാലിക ഷെഡുകള്‍ പല മലയാളി വീടുകളിലും സാധാരണമാണ്. ഇത്തരത്തില്‍ ഷെഡില്‍ പാചകം ചെയ്യുന്നതിനിടയില്‍ തീപിടുത്തമുണ്ടായി സ്വിണ്ടനില്‍ പത്തനംതിട്ട ജില്ലക്കാരനായ മലയാളിക്കു പൊള്ളലേറ്റു. പരുക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക സൂചന.

പൊള്ളല്‍ ചികിത്സയ്ക്ക് ബ്രിട്ടനില്‍ തന്നെ പ്രത്യേക ഹോസ്പിറ്റല്‍ സംവിധാനം ഉള്ളതിനാലാണ് സ്വിണ്ടനില്‍ പ്രവേശിപ്പിക്കാതെ ബ്രിസ്റ്റോളില്‍ സൗത്ത് മെഡ് ഹോസ്പിറ്റലില്‍ എത്തിച്ചത് എന്നാണ് പ്രാദേശികമായി ലഭിക്കുന്ന വിവരം. ഇന്നലെ രാവിലെ ഉണ്ടായ അപകടത്തില്‍ ഭാഗ്യം കൊണ്ടുമാത്രമാണ് ചെറിയ പരുക്കുകളോടെ ഇദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചതെന്നു വില്‍ഷെയര്‍ ഫയര്‍ ആന്‍ഡ്  റെസ്‌ക്യൂ ട്വീറ്റ് ചെയ്തു. 

പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയാണ് അപകടത്തില്‍ ഉള്‍പ്പെട്ടതെന്നാണ് ആദ്യ വിവരം. സ്വിണ്ടനിലെ ഫ്രഷ്ബ്റൂക് എന്ന സ്ഥലത്താണ് ഈ കുടുംബം താമസിക്കുന്നത്. അടിയന്തര രക്ഷാ സഹായം തേടിയുള്ള ഫോണ്‍ വിളിയെ തുടര്‍ന്ന് നാലു ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്‌നി ശമന യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. സ്ട്രാട്ടന്‍, വെസ്റ്റ്‌ലീ, സ്വിണ്ടന്‍, എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേന ഉദ്യോഗസ്ഥരാണ് സഹായത്തിന് എത്തിയത്. രാവിലെ പത്തരയോടെ ആയിരുന്നു അപകടം. അടുപ്പില്‍ നിന്നാകാം തീ പടര്‍ന്നത് എന്നാണ് സൂചന. ഏകദേശം ഒന്നര മണിക്കൂര്‍ സമയം എടുത്താണ് തീ പൂര്‍ണമായും നിയന്ത്രിച്ചത്. 

ആദ്യം ഗാരേജില്‍ വച്ചുണ്ടായ അപകടം എന്ന മട്ടിലാണ് മലയാളികള്‍ക്കിടയില്‍ വാര്‍ത്ത പരന്നത്. എന്നാല്‍ പിന്നീട് പോലീസില്‍ നിന്നും ലഭ്യമായ വിവരത്തോടെ പ്രാദേശിക പത്രങ്ങളാണ് വീടിനു വെളിയിലെ താല്‍ക്കാലിക ഷെഡില്‍ നിന്നും ആണ് തീപിടുത്തം ഉണ്ടായതെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത്തരം അപകടങ്ങളില്‍ പലപ്പോഴും സുരക്ഷാ സംബന്ധിച്ച വീട്ടുവീഴ്ചകളാണ് കാരണങ്ങളില്‍ പ്രധാനമായി മാറുന്നതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം ഗാരേജിലും മറ്റും പാചകം ചെയ്യുന്നവര്‍ കൗണ്‍സിലില്‍ നിന്നും അനുമതി വാങ്ങിയില്ലെങ്കില്‍ ഇത്തരം അപകടങ്ങളില്‍ ഗുരുതരമായ തുടര്‍ നടപടികളെ നേരിടേണ്ടി വരുമെന്ന് ലണ്ടനില്‍ കൗണ്‍സില്‍ ജീവനക്കാരനായ മലയാളി ചൂണ്ടിക്കാട്ടുന്നു. 

അതിനിടെ കഴിഞ്ഞ ആഴ്ച സ്വിണ്ടനില്‍ തന്നെ ഉണ്ടായ മറ്റൊരു തീപിടുത്തത്തിന് കാരണമായത് എലികള്‍ ആണെന്നാണ് വില്‍ഷെയര്‍ ഫയര്‍ സര്‍വീസ് വ്യക്തമാക്കുന്നത്. ഗാരേജില്‍ നിന്നും പടര്‍ന്ന തീ ഒരു വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും അഗ്‌നിക്ക് ഇരയായിരുന്നു. ഇലക്ട്രിക് ഉപകരണങ്ങളുടെ വയര്‍ എലികള്‍ കടിച്ചു മുറിച്ചതിലൂടെയാണ് തീ പിടുത്തതിന് കാരണം ആയതെന്നു ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം കണ്ടെത്തിയിരുന്നു. ഗാരേജിലും മറ്റും എലികളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ കരുതല്‍ എടുക്കാന്‍ മടിക്കരുത് എന്നാണ് ഈ അപകടം ഓര്‍മ്മപ്പെടുത്തുന്നത് എന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. 

പലപ്പോഴും നിസാരമായി കാണുന്ന കാര്യങ്ങള്‍ സമയ ദോഷം കൊണ്ട് വന്‍വിപത്തിലേക്കു നയിക്കുന്നതാണ് യുകെ മലയാളികളുടെ പ്രവാസ ജീവിതം എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഇന്നലത്തെ സ്വിണ്ടന്‍ അപകടം. ഏതാനും വര്‍ഷം മുന്‍പ് വൂസ്റ്ററില്‍ റേഡിയേറ്ററില്‍ വിരിച്ചിട്ട തുണിയില്‍ നിന്നും രാത്രി തീപടര്‍ന്നു വീട് ഒന്നാകെ കത്തിപോയിരുന്നു. ഈ വീടിന് ഉടമ ഇന്‍ഷുറന്‍സ് സംരക്ഷണം പോലും എടുത്തിരുന്നില്ലെന്നാണ് പറയപ്പെടുന്നത്. ചെറിയ അശ്രദ്ധയില്‍ നിന്നും വലിയ അപകടങ്ങളിലേക്കു സ്വയം ചെന്ന് ചാടുന്നതാണ് പല മലയാളികളുടെയും രീതിയെന്നതും ഓര്‍മ്മിപ്പിക്കുകയാണ് ഇത്തരം അപകടങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category