1 GBP = 102.10 INR                       

BREAKING NEWS

മൂന്നാമത്തെ ലോക്ക് ഡൗണ്‍: യുകെയില്‍ നിന്നും ചില പാഠങ്ങള്‍: മുരളി തുമ്മാരുകുടി എഴുതുന്നു

Britishmalayali
kz´wteJI³

മൂന്നാമത്തെ ലോക്ക് ഡൗണ്‍: യു കെ യില്‍ നിന്നും ചില പാഠങ്ങള്‍ 

കേരളത്തില്‍  ആശങ്കയുടെ നാളുകളാണ്. കോവിഡ് നമുക്ക് ചുറ്റും വന്നുകഴിഞ്ഞു.
പത്തുലക്ഷത്തിലധികം മലയാളികള്‍ക്ക് കോവിഡ് വന്നുഴിഞ്ഞു, ഏകദേശം മുപ്പതില്‍ ഒരാള്‍ക്ക്. അതായത് ഈ ലേഖനം വായിക്കുന്നവരില്‍ ശരാശരി മുപ്പതില്‍ ഒരാള്‍ക്ക് കോവിഡ് വന്നു കാണണം. കൂടാതെ നമ്മള്‍ അറിയുന്ന അഞ്ചോ ആറോ ആളുകള്‍ക്കും ഈ രോഗം വന്നു പോയിക്കാണും, ഇത് വരെ.
പ്രതി ദിനം പതിനായിരങ്ങള്‍ക്കാണ് കേരളത്തില്‍ കോവിഡ് ബാധിക്കുന്നത്. അതും ദിവസേന കൂടുകയാണ്.
മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഇതിലും ഗുരുതരമാണ്. ആശുപത്രി ബെഡുകള്‍ കിട്ടണമെങ്കില്‍ വലിയ ശുപാര്‍ശകള്‍ വേണം എന്ന വാര്‍ത്ത പല സംസ്ഥാനങ്ങളില്‍ നിന്നും വരുന്നു. ശ്മാശാനങ്ങളില്‍ തിരക്കേറുന്നുവെന്ന വാര്‍ത്തകളും.
ഇന്നിപ്പോള്‍ നമ്മുടെ അടുത്ത സംസ്ഥാനമായ തമിഴ് നാട്ടില്‍ നിന്നു (വൈദ്യശാസ്ത്രത്തിന് പേരുകേട്ട വെല്ലൂരില്‍ നിന്നും) വരുന്ന വാര്‍ത്ത അവിടുത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ വേണ്ടത്ര ഓക്‌സിജന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ആളുകള്‍ മരിച്ചു എന്നാണ്.
എല്ലാ വാര്‍ത്തകളും സത്യമായിക്കൊള്ളണം എന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ പേടിപ്പിക്കുന്ന വാര്‍ത്തകളും സന്ദേശങ്ങളും ഉണ്ടാക്കി വിടാന്‍ പലരും മത്സരിക്കുന്നുണ്ട്.
വാര്‍ത്ത സത്യമായാലും അര്‍ദ്ധസത്യമായാലും ഫലം ഒന്ന് തന്നെയാണ്. ആളുകള്‍ പേടിക്കും.
അതാണിപ്പോള്‍ കേരളത്തിലെ സ്ഥിതി. ആളുകള്‍ പൊതുവെ പേടിച്ചിരിക്കുകയാണ്. ബന്ധുക്കളോടും സുഹൃത്തുക്കളോടും, സുഹൃത്തുക്കളും ബന്ധുക്കളുമായ ആരോഗ്യപ്രവര്‍ത്തകരോടും സംസാരിക്കുന്‌പോള്‍ ആ ഭയവും ആശങ്കയും എനിക്ക് അനുഭവപ്പെടുന്നുണ്ട്, മനസ്സിലാകുന്നുണ്ട്.
കോവിഡിനെ പറ്റി നമ്മള്‍ ആശങ്കപ്പെട്ടു തുടങ്ങിയിട്ട് വര്‍ഷം ഒന്നായി. ഏറെ ആളുകള്‍ സാന്പത്തികമായി തളര്‍ന്നു. മാനസികമായ തളര്‍ച്ച എല്ലാവരിലും ഉണ്ട്.
ഈ കോവിഡ് ആശങ്ക എന്നെങ്കിലും മാറുമോ?, കോവിഡ് മഹാമാരി ഒഴിയുമോ? ഇതാണ് എല്ലാവര്‍ക്കും അറിയേണ്ടത്. 
തീര്‍ച്ചയായും 
കോവിഡിന്റെ കാര്യത്തില്‍ ഒരു ഗുണം ലോകമെന്പാടുമുള്ള ഒരു രോഗമാണ് ഇത് എന്നതാണ്. ലോകത്തെവിടെ നിന്നും അനവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാനുണ്ട്. ചിലത് നല്ല അനുഭവങ്ങളും  ചിലത് മോശമായ അനുഭവങ്ങളുമാണ്. രണ്ടില്‍ നിന്നും നമുക്ക് പാഠങ്ങള്‍ പഠിക്കാനുണ്ട്. ഒരേ സ്ഥലത്തു നിന്ന് തന്നെ കാര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്തതിന്റെയും മോശമായി കൈകാര്യം ചെയ്തതിന്റെയും അനുഭവ പാഠങ്ങള്‍ ഉണ്ടാകും.
കോവിഡ് കൈകാര്യം ചെയ്യുന്നതിന് ഓരോ പ്രദേശത്തിനും ചില സൗകര്യങ്ങളും ചില ബുദ്ധിമുട്ടുകളും ഉണ്ട്. ഉദാഹരണത്തിന് ഒരു ദ്വീപ് രാജ്യം കൊറോണയെ കൈകാര്യം ചെയ്യുന്നത് പോലെ മറ്റു രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന രാജ്യത്തിന് കൈകാര്യം ചെയ്യാന്‍ പറ്റില്ല. ഉഷ്ണ രാജ്യങ്ങളെ പോലെ ശീത രാജ്യങ്ങള്‍ക്കും സാധിക്കില്ല. സാന്പത്തികമായി മുന്നോക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് സാന്പത്തികമായി പിന്നോട്ട് നില്‍ക്കുന്നവരേക്കാള്‍ സൗകര്യങ്ങളുണ്ട്. ജനാധിപത്യ രാജ്യങ്ങള്‍ക്കും മറ്റു ഭരണസംവിധാനങ്ങള്‍ ഉള്ള രാജ്യങ്ങള്‍ക്കും വ്യത്യാസമുണ്ട്. മാസ്‌ക് തൊട്ട് വാക്‌സിന്‍ വരെ സ്വയം നിര്‍മ്മിക്കാന്‍ കഴിവുള്ള രാജ്യങ്ങള്‍ക്ക് അങ്ങനെ അല്ലാത്ത രാജ്യങ്ങളെ അപേക്ഷിച്ച് ചില സൗകര്യങ്ങളുണ്ട്. ഇതുകൊണ്ടൊക്കെ ഒരു രാജ്യത്തെ മറ്റൊരു രാജ്യത്തോട് താരതമ്യപ്പെടുത്തുന്നതില്‍ കാര്യമില്ല. 
ഈ പറഞ്ഞതിനൊക്കെ അപ്പുറം പ്രധാനമായ മറ്റൊന്നുണ്ട്. ശരിയായ റിസ്‌ക് മാനേജ്മെന്റ് അടിസ്ഥാനമായുള്ള തീരുമാനങ്ങള്‍ വേണ്ട സമയത്ത്  എടുക്കുന്ന നേതൃത്വം. 
കോവിഡ് കാലം വെല്ലുവിളികളുടെ കാലമാണ്. രോഗത്തെ നിയന്ത്രിക്കാന്‍ എടുക്കേണ്ടി വരുന്ന പല തീരുമാനങ്ങളും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. അത് സ്ഥാപനങ്ങള്‍ തുറക്കാന്‍ പറ്റില്ല എന്നതാണെങ്കിലും പരീക്ഷ നടത്താതിരിക്കുന്നതാണെങ്കിലും. ശരിയാണെന്ന് ഉറപ്പുള്ള തീരുമാനങ്ങള്‍ പലപ്പോഴും ജനപ്രിയമാകണമെന്നില്ല. ജനങ്ങളെ കൈകാര്യം ചെയ്യേണ്ടത് രാഷ്ട്രീയ നേതൃത്വം ആയതിനാല്‍ പലപ്പോഴും ശാസ്ത്രജ്ഞന്മാര്‍ പറയുന്നതിന് വിരുദ്ധമായി അവര്‍ തീരുമാനങ്ങള്‍ എടുത്തേക്കാം. കുറച്ചൊക്കെ റിസ്‌ക് മാനേജ്മെന്റും കുറച്ചൊക്കെ വോട്ട് മാനേജ്മെന്റും ആണ്. എന്താണെങ്കിലും പൊതുവേ ശാസ്ത്രജ്ഞന്മാരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ശാസ്ത്രത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ള തീരുമാനങ്ങള്‍ എടുക്കുന്നവരാണ് മൊത്തത്തില്‍ ഈ കോവിഡ് യുദ്ധത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ നല്ലൊരു ഉദാഹരണം  യു. കെ. യില്‍ നിന്നുള്ള അനുഭവങ്ങളാണ്. 
2020 ജനുവരി 31നാണ് യു. കെ.യില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. (കേരളത്തില്‍ ഒന്നാമത്തെ കേസ് വരുന്നത് 2020  ജനുവരി 30 നാണ്).
ആദ്യത്തെ കുറച്ചു നാളുകള്‍, മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചപ്പോള്‍ യു. കെ. മടിച്ചു നിന്നു. മാര്‍ച്ച് 23 ന് പ്രതിദിന മരണ സംഖ്യ 50 കടന്നപ്പോളാണ് ബ്രിട്ടനില്‍ ആദ്യത്തെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്. പത്തു ദിവസത്തിനകം പ്രതിദിന മരണ സംഖ്യ അഞ്ഞൂറ് കടന്നു. ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തെറ്റ് പറ്റി എന്ന് അദ്ദേഹം ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കാന്‍ വൈകിയത് ഒഴിവാക്കാമായിരുന്ന മരണങ്ങളില്‍ കലാശിച്ചു എന്ന് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നുണ്ട്.   
2020 ഏപ്രില്‍ മാസം പകുതി  ആകുന്‌പോഴേക്കും യു. കെ. യില്‍ പ്രതിദിന കേസുകള്‍ 5000 കടന്നു, പ്രതിദിന മരണങ്ങള്‍ ആയിരവും .  പക്ഷെ ലോക്ക് ഡൌണ്‍ ഫലം കണ്ടു, ജൂണ്‍ മാസം ആയപ്പോഴേക്കും പ്രതിദിന  കേസുകള്‍ ആയിരത്തിന് താഴെ എത്തി, മരണങ്ങള്‍ നൂറിന് താഴെയും.
ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ പതുക്കെപ്പതുക്കെ കുറഞ്ഞു വന്നു. എന്നാല്‍ ഒക്ടോബറില്‍ കേസുകളുടെ എണ്ണം വീണ്ടും കൂടി. എണ്ണം പ്രതിദിനം 24000 ന് മുകളില്‍ പോയി, മരണങ്ങളുടെ എണ്ണവും കൂടി, പക്ഷെ മരണ നിരക്ക് കുറഞ്ഞു. കേസുകള്‍ 20000 ന് മുകളില്‍ എത്തിയിട്ടും മരണങ്ങള്‍ ആയിരത്തിന് മുകളില്‍ പോയില്ല. 
എന്നിട്ടും  ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ യു. കെ. യില്‍ വീണ്ടും നിയന്ത്രണങ്ങളും പടിപടിയായിട്ടുള്ള ലോക്ക് ഡൗണുകളും എത്തി. നവംബര്‍ അവസാനം കേസുകളുടെ എണ്ണം വീണ്ടും കുറഞ്ഞതോടെ നിയന്ത്രണങ്ങളില്ലാതെ ക്രിസ്തുമസ് ആഘോഷിക്കാമെന്ന് ആളുകള്‍ ചിന്തിച്ചു തുടങ്ങി. ചെറുതായി നിയന്ത്രണങ്ങള്‍ കുറച്ചു തുടങ്ങി.
ഇതേ സമയത്താണ് വാക്‌സിനും വരുന്നത്. പ്രായമായവര്‍ക്കും മറ്റു റിസ്‌ക് ഫാക്ടര്‍ ഉള്ളവര്‍ക്കും  വാക്സിന്‍ കിട്ടിയപ്പോള്‍ ആളുകളുടെ  ആത്മവിശ്വാസം വീണ്ടും കൂടി.
പക്ഷെ കാര്യങ്ങള്‍ പ്രതീക്ഷിച്ചതു പോലെയല്ല പോയത്. ഡിസംബര്‍ പകുതി  മുതല്‍  കേസുകളുടെ എണ്ണം വീണ്ടും കുതിച്ചുയര്‍ന്നു. വൈറസിന്റെ പുതിയൊരു വിഭാഗം എത്തി. അത് അതിവേഗത്തില്‍ പടര്‍ന്നു പിടിച്ചു, പ്രതിദിന കേസുകള്‍ 60000 വരെ ആയി. മരണം വീണ്ടും പ്രതിദിനം ആയിരം കടന്നു.
വര്‍ഷാവസാനം യു. കെ. യില്‍ മറ്റു ചില അശുഭ വാര്‍ത്തകളുടെ മാസവുമായിരുന്നു. 2020 ല്‍ യു. കെ.യുടെ സന്പദ്വ്യവസ്ഥ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പത്തു ശതമാനത്തോളം താഴേക്ക് പോയി, ആളുകള്‍ പണം ചിലവാക്കുന്നത് കുറഞ്ഞു, തൊഴിലില്ലായ്മ കൂടി. 
എന്നിട്ടും സര്‍ക്കാര്‍ മൂന്നാമത്തെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു. കര്‍ശനമായി തന്നെ നടപ്പിലാക്കി. വാക്സിനേഷന്റെ എണ്ണം അതി വേഗതയില്‍ കൂട്ടിക്കൊണ്ടു വന്നു. 
ഇപ്പോള്‍ പ്രതിദിന കേസുകള്‍ രണ്ടായിരത്തിലേക്ക് താണു. മരണങ്ങള്‍ അന്പതിനു താഴെയായി. വാക്‌സിനേഷന്‍ മുപ്പത് ശതമാനത്തിന്റെ മുകളില്‍ എത്തി. ലോക്ക് ഡൌണ്‍ നിബന്ധനകള്‍ ഒന്നൊന്നായി കുറച്ചുകൊണ്ട് വരുന്നു. 
ഇന്നിപ്പോള്‍ യു. കെ. പ്രത്യാശയുടെ ചിത്രമാണ്. 
യു. കെ. രണ്ടായിരത്തി ഇരുപത്  നവംബറില്‍ എവിടെയായിരുന്നോ ഏതാണ്ട് അവിടെയാണ് നമ്മള്‍ ഇപ്പോള്‍. അവര്‍ ഇപ്പോള്‍ എവിടെയാണോ ഏറ്റവും വേഗത്തില്‍  അവിടെ എത്താനാണ് നാം ശ്രമിക്കേണ്ടത്.
ഇതിനെന്താണ് നാം ചെയ്യേണ്ടത്? 
ഒന്നാമത്തേത് വാക്സിനേഷന്‍ തന്നെയാണ്.
 680 ലക്ഷമാണ് യു. കെ. യിലെ ജനസംഖ്യ, അതില്‍ 320 ലക്ഷത്തിനും ഒരു റൌണ്ട് എങ്കിലും വാക്‌സിന്‍ എടുത്തു കഴിഞ്ഞു. അതായത് 47%. അന്‍പത് കഴിഞ്ഞ ആളുകളുടെ കാര്യമെടുത്താല്‍ ഇത് ഇപ്പോള്‍ തന്നെ തൊണ്ണൂറു ശതമാനമാണ്. കൊറോണക്കാലത്ത് മരണനിരക്ക് ഏറ്റവും കൂടുതല്‍ അന്പതിനു മുകളില്‍ ഉള്ളവരായതിനാല്‍ അവരില്‍ ഭൂരിഭാഗവും വാക്സിന്‍ എടുത്തു കഴിഞ്ഞാല്‍ മരണ നിരക്കില്‍ ഗണ്യമായ കുറവുണ്ടാകും. കൊറോണയുടെ യു. കെ.യില്‍ ഉണ്ടായ ഏറ്റവും കൂടിയ മരണ നിരക്കിനേക്കാള്‍ 98 ശതമാനം കുറവാണ് ഇപ്പോള്‍ മരണ നിരക്ക്.
340 ലക്ഷം ജനസംഖ്യയുള്ള കേരളത്തില്‍ ഇതുവരെ അന്പത് ലക്ഷത്തോളം പേര്‍ക്കാണ് വാക്‌സിന്‍ എടുത്തത് എന്നാണ് വായിച്ചത്. അതായത് 14%. നാല്പത്തഞ്ചിന് മുകളില്‍ പ്രായമുള്ളവരുടെ മാത്രം കണക്കെടുത്താല്‍ ഇതിലും മെച്ചമായിരിക്കണം. ആ കണക്ക് എനിക്ക് ലഭ്യമല്ല. എന്താണെങ്കിലും വാക്സിനേഷന്‍ ഇനിയും കൂടാനുണ്ട്.
ഇത് പക്ഷെ കേരളത്തിന്റെ മാത്രം നിയന്ത്രണത്തിലുളള കാര്യമല്ല.എത്ര വേഗത്തില്‍ വാക്‌സിനുകള്‍ ലഭ്യമാവുന്നു എന്നത് നമ്മുടെ സര്‍ക്കാരിന്റെ മാത്രം നിയന്ത്രണത്തിലുള്ളതല്ല. പത്തു ദിവസത്തിനകം വാക്‌സിനുകളുടെ കാര്യത്തില്‍ കൃത്യതയും വേഗതയും വരുമെന്ന് പ്രതീക്ഷിക്കാം. വാക്സിനേഷന്‍ അന്‍പത് ശതമാനത്തിന് മുകളില്‍ എത്താന്‍ കുറച്ചു കൂടി സമയം എടുക്കും. ആഴ്ചകള്‍ എന്തായാലും വേണ്ടിവരും. ചിലപ്പോള്‍ ഒരു മാസത്തില്‍ കൂടുതലും.
രണ്ടാമത്തേത് അതിവേഗതയില്‍ വളരുന്ന കേസുകള്‍ നേരിടാന്‍ ആശുപത്രി സംവിധാനങ്ങള്‍ സജ്ജമാക്കുക എന്നതാണ്. പ്രതിദിനം പതിനായിരം കേസുകള്‍ വരെ വന്ന ഒന്നാം ഘട്ടം നാം നന്നായി കൈകാര്യം ചെയ്തതാണ്. ഇന്നിപ്പോള്‍ കേസുകള്‍ 19000 ആയി. മറ്റു രാജ്യങ്ങളുടെ അനുഭവം വച്ച് നോക്കിയാല്‍ ഒന്നാമത്തെ തരംഗത്തിന്റെ പല മടങ്ങാണ് രണ്ടാമത്തെ തരംഗത്തില്‍ കേസുകളുടെ എണ്ണം. അപ്പോള്‍ ഒറ്റ ആഴ്ച കൊണ്ട് കേസുകള്‍ ഇരുപത്തിനായിരത്തില്‍ നിന്നും മുപ്പത്തിനായിരവും അതിനപ്പുറവും പോകാം. അങ്ങനെ വന്നാല്‍ ഒന്നാം തരംഗത്തിലെ സജ്ജീകരണങ്ങള്‍ മതിയാവില്ല.
കേസുകളുടെ എണ്ണം കൂടുന്‌പോള്‍ സ്വാഭാവികമായും അതില്‍ കുറച്ചു ശതമാനത്തെ ആശുപത്രിയില്‍ ചികില്‍സിക്കേണ്ടി വരും. അവരില്‍ വളരെ ചെറിയ ശതമാനത്തിന് ഓക്‌സിജനും, ഐ. സി. യു.വും  വേണ്ടി വരും. കേസുകള്‍ ഒരാഴ്ചകൊണ്ട്  ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും എന്ന മട്ടില്‍ ഇപ്പോഴേ തയ്യാറെടുപ്പുകള്‍ നടത്തുക. ഭാവിയില്‍ അതിലും ഇരട്ടിയായാല്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന സെനാറിയോ പ്ലാനിങ്ങ് നടത്തുക.
ഇന്ത്യയില്‍ തന്നെ ആളോഹരി ആശുപത്രി കിടക്കകള്‍ ഏറ്റവും കൂടുതലുള്ള സ്ഥലമാണ് കേരളം. നമ്മുടെ അനവധി സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളായ പല താലൂക്ക് തലത്തിലുള്ള ആശുപത്രികളിലും ഇപ്പോഴും കോവിഡ് വാര്‍ഡുകള്‍ ഇല്ല. ഇത് വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്നതും ഉണ്ടാക്കിയെടുക്കേണ്ടതും ആണ്. ആവശ്യം വരുന്‌പോള്‍ ആളുകളെ കിടത്താന്‍ ആശുപത്രി സൗകര്യങ്ങള്‍ ഇല്ല എന്നൊരു സാഹചര്യം ഉണ്ടായാല്‍, അല്ലെങ്കില്‍ ഇപ്പോള്‍ മറ്റിടങ്ങളില്‍ സംഭവിക്കുന്നത് പോലെ ആശുപത്രിയില്‍ ബെഡ് കിട്ടാന്‍ ശുപാര്‍ശ വേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ കൂടുതല്‍ ആളുകള്‍ ഭയചകിതരാകും. അതോടെ ആശുപത്രിയില്‍ എത്താന്‍ ശ്രമിക്കുന്നവരുടെ എണ്ണം കൂടും. ആവശ്യമുണ്ടാകുന്നതിന് മുന്‍പേ ആളുകള്‍ ആശുപത്രിയില്‍ എത്തി സ്ഥാനം പിടിക്കാന്‍ നോക്കും. എല്ലാ സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളിലും ഓരോ കോവിഡ് വാര്‍ഡ് ഉടന്‍ ഉണ്ടാക്കിയെടുക്കണം. ഒട്ടും അമാന്തം വേണ്ട.
ആശുപത്രിയില്‍ കേസുകള്‍ എത്തുന്നത് കുറക്കുക എന്നതാണ് ഏറ്റവും നല്ല പ്രതിരോധ മാര്‍ഗ്ഗം. കഴിഞ്ഞ തവണ ഉണ്ടാക്കിയ പല എഫ്. എല്‍. ടി. സി. കളും അടച്ചു പൂട്ടി. അതുണ്ടാക്കിയ സാന്പത്തിക ബാധ്യത കാരണം പുതിയവ തുറക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മടിക്കുന്നു എന്നും കേള്‍ക്കുന്നു. ഒരു പരിധി വരെ ഈ വരുന്ന തരംഗത്തിന്റെ ഗൗരവം പുതിയ ജനപ്രതിനിധികള്‍ക്ക് വേണ്ടത്ര മനസ്സിലായിട്ടുണ്ടാവില്ല. അതുകൊണ്ട് തന്നെ ആശുപത്രിക്ക് പുറത്ത് രോഗികളെ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങള്‍ എങ്ങനെ ഒരുക്കണമെന്നും അതിന് പണം എവിടെ നിന്ന് എടുക്കാമെന്നും കൃത്യമായ നിര്‍ദ്ദേശം ഏറ്റവും വേഗത്തില്‍ താഴെത്തട്ടില്‍ എത്തിക്കണം.
മറുനാട്ടുകാരായ തൊഴിലാളികളുടെ കാര്യം ഇത്തവണ കൂടുതല്‍ ശ്രദ്ധിക്കണം. കുടുംബങ്ങള്‍ ആയി താമസിക്കുന്ന മലയാളികളേക്കാള്‍ കൂട്ടമായിട്ടാണ് ഇവര്‍ ജീവിക്കുന്നത്. ജോലിക്ക് വേണ്ടി രാവിലെ തന്നെ നഗരങ്ങളിലെ കവലകളില്‍ അവര്‍ കൂട്ടം കൂടി നില്‍ക്കുന്നതിലൂടെ വിവിധ ക്യാന്പുകളിലുള്ളവര്‍ തമ്മില്‍ ഇടകലരാനുള്ള അവസരം ഉണ്ടാകുന്നു. ഇക്കാര്യത്തില്‍  കര്‍ശനമായ ബോധവല്‍ക്കരണവും നിയന്ത്രണവും ഉണ്ടായില്ലെങ്കില്‍ അതിവേഗം മറ്റു നാടുകളില്‍ നിന്നുള്ള തൊഴിലാളികളില്‍ രോഗം പടരും. ഇപ്പോള്‍ തന്നെ ഇവര്‍ കൂട്ടമായി താമസിക്കുന്നിടത്ത് പരിശോധന, എഫ്. എല്‍. ടി. സി.കള്‍, ബോധവല്‍ക്കരണം ഇതൊക്കെ തുടങ്ങണം.
'ലോക്ക് ഡൌണ്‍' വേണ്ട എന്നതാണ് ഇപ്പോഴും നാട്ടിലെ പൊതു ബോധം. സാന്പത്തിക മേഖലയെ തകര്‍ക്കും, തൊഴില്‍ ഇല്ലാതാക്കും എന്നുള്ള അനവധി കാരണങ്ങളുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് നിയന്ത്രണങ്ങള്‍ ഇല്ലാതിരുന്നത് കൊണ്ട് ഇപ്പോള്‍ ലോക്ക് ഡൌണ്‍ പോലെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിനും മടിയുള്ളതു പോലെ തോന്നുന്നു. 
ലോക്ക് ഡൌണ്‍ എന്നത് കാറിന്റെ ബ്രേക്ക് പോലുള്ള ഒരു സംവിധാനം ആയിട്ടാണ് കാണേണ്ടത്. ഒരു വാഹനം അതിവേഗതയില്‍ താഴേക്ക് പോകുന്‌പോള്‍ മറ്റുള്ള പ്രതിബന്ധങ്ങള്‍  ഒഴിവാക്കാം, നന്നായി സ്റ്റീയര്‍ ചെയ്യാം, പക്ഷെ ഞാന്‍ ബ്രേക്ക് ഒരിക്കലും ഉപയോഗിക്കില്ല എന്നൊരു മുന്‍ധാരണ വക്കുന്നത് ശരിയായ കാര്യമല്ല. കേസുകളുടെ മുന്നോട്ടുള്ള കുതിപ്പ് തടയുക എന്നതാണ് ലക്ഷ്യം. എന്നാല്‍ മാത്രമേ ആശുപതി സംവിധാനങ്ങളുടെ പരിധിക്കുള്ളില്‍ അത്യാവശ്യ പരിചരണം വേണ്ട രോഗികളുടെ എണ്ണം നിയന്ത്രിക്കാന്‍ പറ്റൂ. എന്നാല്‍ മാത്രമേ വാക്‌സിനേഷന്റെ എണ്ണം കൂട്ടിക്കൊണ്ടു വരാനാകൂ. അപ്പോള്‍ അതിന് ഉപയോഗിക്കേണ്ടത് ലോക്ക് ഡൌണ്‍ എന്ന ബ്രേക്ക് ആണെങ്കില്‍ അത് ഉപയോഗിക്കണം, അതിനാണ് ബ്രേക്ക് ഉണ്ടാക്കിയിരിക്കുന്നത്. നമുക്ക് ഇപ്പോള്‍ അത് ഉപയോഗിച്ച് പരിചയം ഉണ്ട്. ലോക്ക് ഡൌണ്‍ വന്നാല്‍ ഭക്ഷണത്തിന് ക്ഷാമം ഉണ്ടാകുമെന്നും ആളുകള്‍ പട്ടിണി കിടക്കുമെന്നും ഒക്കെയുള്ള പ്രവചനങ്ങള്‍ കാര്യങ്ങള്‍ കരുതലോടെ നടപ്പിലാക്കിയത് കൊണ്ട് നമ്മള്‍ കൈകാര്യം ചെയ്തതാണ്. അപ്പോള്‍ പിന്നെ ലോക്ക് ഡൌണ്‍ എന്നത് നമ്മളെ പേടിപ്പിക്കേണ്ട ഒന്നല്ല.
പക്ഷെ ലോക്ക് ഡൌണ്‍ പ്രയോഗിച്ച് പരിചയം ഉള്ളതിനാല്‍ തന്നെ കഴിഞ്ഞ തവണത്തെ പോലത്തെ 'മൊത്തം പൂട്ടിയിടുന്ന' പരിപാടിയുടെ ആവശ്യമില്ല. കൃത്യമായ ലക്ഷ്യങ്ങള്‍ വച്ച് ഒരു 'സ്മാര്‍ട്ട് ലോക്ക് ഡൌണ്‍' സ്ട്രാറ്റജി  ആണ് നമുക്ക് വേണ്ടത്. അത് ചില പ്രദേശങ്ങള്‍, ജില്ലാ തലം വരെ, ലോക്ക് ഡൌണ്‍ ചെയ്യുന്നതാകാം, ചില സെക്ടറുകള്‍, ഉദാഹരണത്തിന് ഭക്ഷണശാലകളിലെ ഇരുന്നുള്ള ഭക്ഷണം, ടെകസ്റ്റയില്‍ ഷോപ്പുകള്‍, മാളുകള്‍, സിനിമ തീയേറ്ററുകള്‍ എന്നിവ ലോക്ക് ഡൌണ്‍ ചെയ്യുന്നതാകാം. ചില സമയങ്ങളില്‍ നിയന്ത്രണം വരുത്തുന്നതാകാം. 
ഇനി വരുന്ന ലോക്ക് ഡൗണിന്റെ കാര്യത്തില്‍ രണ്ടു കാര്യങ്ങള്‍ പ്രധാനമാണ്.
ഒന്ന്, കൃത്യമായി ലക്ഷ്യങ്ങളുള്ള ഒരു സ്മാര്‍ട്ട് ലോക്ക് ഡൌണ്‍ പദ്ധതി ജനങ്ങളുടെ മുന്നില്‍ വക്കണം. എന്ത് ചെയ്യണം എന്നത് മാത്രമല്ല എന്തുകൊണ്ട് ചെയ്യണം എന്ന് കൂടി ആളുകളോട് പറയണം. ആളുകളുടെ അറിവോടുള്ള സഹകരണം അത്യാവശ്യമാണ്. കല്യാണത്തിന് നൂറ് ആളുടെ നിബന്ധന വച്ചാല്‍ ഒരു ഹോട്ടലില്‍ മൂന്ന് ഹാള്‍ എടുത്ത് മുന്നൂറ് ആളെ കൂട്ടുന്നതും രാവിലെയും ഉച്ചക്കും വൈകിട്ടും നൂറു പേരെ വിളിക്കുന്നതും, എന്താണ് സര്‍ക്കാര്‍ ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് ആളുകള്‍ക്ക് അറിയാത്തത് കൊണ്ട് സംഭവിക്കുന്നതാണ്.
രണ്ട്, ഓരോ ലക്ഷ്യങ്ങള്‍ നേടിക്കഴിയുന്‌പോള്‍ ആ സെക്ടര്‍ ലോക്ക് ഡൌണ്‍ പിന്‍വലിക്കും എന്ന് മുന്‍കൂട്ടി പറയുക. ഓപ്പണ്‍ എന്‍ഡഡ് ആയി വരുന്ന ലോക്ക് ഡൌണ്‍ ആണ് ആളുകളെ പേടിപ്പിക്കുന്നതും മറികടക്കാന്‍ പ്രേരിപ്പിക്കുന്നതും.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു സ്മാര്‍ട്ട് ലോക്ക് ഡൌണ്‍ സ്ട്രാറ്റജി തന്നെ വേണം എന്നാണ് എന്റെ അഭിപ്രായം. ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്‌പോള്‍ 'err on the side of caution' എന്നതാണ് ഞങ്ങളുടെ സിദ്ധാന്തം. അതായത് ഈ ലോക്ക് ഡൌണ്‍ അല്പം മുന്‍പേ പ്രഖ്യാപിച്ചത് കൊണ്ട് കുറച്ചു നഷ്ടം ഉണ്ടായാല്‍ പോലും പ്രഖ്യാപിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന നഷ്ടവുമായി താരതമ്യം ചെയ്യുന്‌പോള്‍ അത് മുന്‍പേ ചെയ്യുക. വേണമെങ്കില്‍ കുറച്ചു മുന്‍പേ പിന്‍വലിക്കുകയും ചെയ്യാമല്ലോ.
ഒരു കാര്യം കൂടി പറയാനുണ്ട്.
2018 ലെ പ്രളയം തൊട്ട് കേരളത്തിലെ ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കേരളത്തിന് പുറത്തുള്ള മലയാളികള്‍ക്കുമെല്ലാം കേരളത്തിലെ കാര്യങ്ങള്‍ നിയന്ത്രണത്തിലാണ് എന്ന് ഉറപ്പ് നല്‍കിയത് ശരിയായ നടപടികളും കണക്കുകളും മാത്രമല്ല, മുഖ്യമന്ത്രിയുടെ വൈകുന്നേരങ്ങളിലെ പത്ര സമ്മേളനങ്ങളും കൂടിയാണ്.
മുഖ്യമന്ത്രി കൊറോണ കഴിഞ്ഞു റെസ്റ്റ് എടുക്കുകയാണ് എന്നറിയാം. എന്നാലും ഏറ്റവും വേഗത്തില്‍ ആരോഗ്യവാനായി തിരിച്ചുവന്ന് അദ്ദേഹം വൈകുന്നേരത്തെ പത്ര സമ്മേളനങ്ങള്‍ നടത്തുമെന്നും ജനങ്ങളുടേയും ആരോഗ്യപ്രവര്‍ത്തകരുടെയും പ്രവാസികളുടെയും ആത്മധൈര്യം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് ആഗ്രഹിക്കുന്നു.
മുരളി തുമ്മാരുകുടി 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category