1 GBP = 102.10 INR                       

BREAKING NEWS

ബെസ്റ്റ് ഓഫ് ദി ബെസ്റ്റില്‍ വീണ്ടും യുകെ മലയാളിക്ക് കാര്‍ സമ്മാനം; ഇത്തവണ 50000 പൗണ്ടിന്റെ ഓഡി; കൂടെ 70000 പൗണ്ട് പണവും; പ്രാങ്ക് വീരന്‍ നടത്തിയ മറ്റൊരു തമാശയെന്ന് ഭാര്യ പോലും സംശയിച്ചപ്പോള്‍ കണ്ണൂര്‍ക്കാരനായ ചിചെസ്റ്റര്‍ മലയാളി ഡിക്സണ്‍ സേവ്യറിന് ലഭിച്ചതു അമ്പരപ്പിക്കുന്ന വിഷുക്കൈനീട്ടം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: വിഷുക്കാലമായപ്പോള്‍ അഞ്ചോ പത്തോ പൗണ്ട് കൈനീട്ടം കിട്ടിയാല്‍ പോലും കണ്ണുതള്ളി പോകുന്നവര്‍ക്കിടയില്‍ ഒരു ലക്ഷത്തിലധികം പൗണ്ട് സമ്മാനം കിട്ടിയാല്‍ എങ്ങനെയിരിക്കും? അവിശ്വസനീയം, അമ്പരപ്പിക്കുന്നത് എന്നൊക്കെ പറഞ്ഞാലൊന്നും ആ അന്ധാളിപ്പ് തീരില്ല. ഇന്നലെ വെസ്റ്റ് സസെക്‌സ് പട്ടണമായ ചിചെസ്റ്ററിലെ മലയാളികള്‍ ഇത്തരമൊരു അന്ധാളിപ്പാണ് അനുഭവിച്ചത്. കാരണം പൊതുവെ ആളുകളെ വിളിച്ചു ''വടിയാക്കുന്ന'' ശീലമുള്ളയാളാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ഡിക്സണ്‍ സേവ്യര്‍.

അങ്ങനെ ഒരാള്‍ നേരം വെളുത്തപ്പോള്‍ തനിക്കു ഒരു കോടി പത്തു ലക്ഷം രൂപയ്ക്കു തുല്യമായ തുക ബ്രാന്‍ഡ് ന്യൂ കാറടക്കം സമ്മാനം ലഭിച്ചെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ബ്രിട്ടനിലെ ഏറ്റവും പോപ്പുലറായ ഓണ്‍ലൈന്‍ ലോട്ടറിയായ ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ടീം അംഗങ്ങള്‍ കാറുമായി എത്തിയ വീഡിയോ കാട്ടിയിട്ടു പോലും ഡിക്‌സന്റെ ഭാര്യ ഈ ലോട്ടറിക്കഥ വിശ്വസിച്ചില്ലെന്നു പറഞ്ഞാല്‍ നാട്ടുകാരുടെ കാര്യം പറയേണ്ടല്ലോ. 

അഞ്ചു വര്‍ഷത്തെ ശ്രമം, ആരുമറിയാത്ത ലോട്ടറി ഭ്രാന്ത് 
കഴിഞ്ഞ അഞ്ചു വര്‍ഷമായി താന്‍ ഈ ഗെയിമിന്റെ പിന്നാലെയാണെന്നു ഡിക്സണ്‍ പറയുന്നു. എന്നാല്‍ തനിക്കു ഇങ്ങനെ ഒരു പിരാന്ത് ഉണ്ടെന്നു ഭാര്യ പോലും അറിഞ്ഞിരുന്നില്ല എന്നാണ് ഡിക്സണ്‍ ഇപ്പോള്‍ പറയുന്നത്. തുടക്കത്തില്‍ ഒക്കെ ഒരു തമാശയായി തുടങ്ങിയതാണ്. എന്നാല്‍ പല മാസങ്ങളിലും നൂറു മുതല്‍ നൂറ്റമ്പതു പൗണ്ടിന് വരെ നാലു നഴ്സിങ് ഹോമുകളുടെ ചുമതലയുള്ള റീജിയണല്‍ മാനേജര്‍ കൂടിയായ ഡിക്സണ്‍ കളിക്കുമായിരുന്നു.

ആദ്യ ഒന്ന് രണ്ടു വര്‍ഷങ്ങളില്‍ കളിച്ച പണം പോയെന്ന് ഉറപ്പിച്ചപ്പോഴാണ് കഴിഞ്ഞ വര്‍ഷം നോട്ടിങ്ഹാം മലയാളിക്ക് ഈ ലോട്ടറിയില്‍ ലംബോര്‍ഗിനി കാര്‍ ലഭിക്കുന്നത്. ഇതോടെ ഡിക്‌സന്റെ പ്രതീക്ഷകള്‍ വീണ്ടും വളര്‍ന്നു. തുടര്‍ന്നും സജീവമാക്കിയ കളിയിലാണ് ഇപ്പോള്‍ 50000 പൗണ്ട് മാര്‍ക്കറ്റ് വിലയുള്ള ഓഡി എസ് 4 കാറും 70000 പൗണ്ടും ഡിക്സണ്‍ ജോലി ചെയ്യന്ന സ്ഥലത്തു മിനിഞ്ഞാന്ന് ലോട്ടറി അധികൃതര്‍ എത്തിച്ചത്. 

നാട്ടില്‍ നിന്നുള്ള മടക്ക യാത്രയില്‍ കണ്ണിലുടക്കി, നൂറു കണക്കിന് യുകെ മലയാളികള്‍ക്ക് ജ്വരമായി പടരുന്നു
താന്‍ ഈ ഗെയിമിനെ കുറിച്ച് അറിയുന്നത് ഒരിക്കല്‍ നാട്ടില്‍ നിന്നും മടങ്ങും വഴി ഹീത്രൂ എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു എന്ന് ഓര്‍മ്മിക്കുകയാണ് ഡിക്സണ്‍. ഗെയിം കളിക്കുന്ന വിധമൊക്കെ കണ്ടു മനസിലാക്കിയപ്പോള്‍ താല്‍പര്യം ഉള്ള ആളാണെന്നു മനസിലാക്കിയ ലോട്ടറി ടീം കയ്യോടെ പേരൊക്കെ രജിസ്റ്റര്‍ ചെയ്യിച്ചാണ് ഡിക്സണിനെ മടക്കി അയച്ചത്. വീണ്ടും കുറേനാള്‍ കഴിഞ്ഞു വെറുതെ ഒന്ന് ട്രൈ ചെയ്തു നോക്കിയ ശേഷം ഈ ഗെയിംനൊപ്പം കൂടുക ആയിരുന്നു.

എന്തായാലും ഇപ്പോള്‍ ഈ ഗെയിം കളിക്കുന്ന യുകെ മലയാളികളുടെ എണ്ണം നൂറുകണക്കിനല്ല അതിലും ഏറെയാകാനാണ് സാധ്യതയെന്ന് ഡിക്സണ്‍ പറയുന്നു. കാരണം ലോട്ടറി ലഭിച്ച വിവരം അറിഞ്ഞതോടെ വിശേഷം പങ്കുവയ്ക്കാനും കളിക്കുന്ന രീതി മനസിലാക്കുന്നതിന്നും വേണ്ടിയൊക്കെ അനേകമാളുകളാണ് വിളിക്കുന്നത്. ഇവരെല്ലാം നിലവില്‍ സജീവമായി കളിക്കുന്നവരാണ് താനും. 

ശ്രദ്ധിക്കുക, രണ്ടു മില്യണ്‍ പിക്‌സലില്‍ സാധ്യത ഒരു പിക്‌സലിന്
ഈ കളിയില്‍ പ്രാന്ത് കയറി പണം കളഞ്ഞിട്ടു മറ്റുള്ളവരെ പഴിക്കുന്നതില്‍ കാര്യം ഇല്ലെന്നാണ് ഡിക്സണ്‍ പറയുന്നത്. കാരണം രണ്ടു മില്യണ്‍ പിക്‌സല്‍ ഡോട്ടുകളില്‍ ആണ് കളി. അതില്‍ ഒരു ഡോട്ട് ആണ് നമ്മളെ വിജയി ആക്കി മാറ്റുന്നത്. അതിനാല്‍ പണം കളഞ്ഞിട്ടു മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. എന്നാല്‍ മറ്റു ലോട്ടറികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതില്‍ ഒരാള്‍ വിജയിക്കും എന്ന ഉറപ്പാണ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റിനെ ആകര്‍ഷകമാക്കുന്നത്.

യൂറോ മില്യണ്‍ പോലെയുള്ള ഓണ്‍ലൈന്‍ ലോട്ടറിയില്‍ പണം റോള്‍ ഓവര്‍ ചെയ്യുമ്പോള്‍ ഈ ഗെയിംല്‍ ഒരു വിജയി സൃഷ്ടിക്കപ്പെടുന്നു എന്നതാണ് പ്രധാന വ്യത്യസം. ഏതൊരു ഹോബിയും പോലെ ഒരിക്കല്‍ കളിച്ചു തുടങ്ങിയാല്‍ വീണ്ടും കളിക്കാന്‍ ഉള്ള പ്രചോദനം ഉണ്ടാകും എന്നതിനാല്‍ മനസിന് നിയന്ത്രണം ഇല്ലാത്തവര്‍ കളിക്കാതിരിക്കുന്നതാകും നല്ലതെന്നും ഡിക്സണ്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

നിശ്ചയമായും കൂട്ടുകാര്‍ക്കു പാര്‍ട്ടിയുണ്ട്, കടം വീട്ടല്‍ ആദ്യ ലക്ഷ്യം 
ലോട്ടറി ലഭിച്ച സന്തോഷം ആഘോഷിക്കാന്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ലഭിച്ചാല്‍ കഴിവതും വേഗത്തില്‍ കൂട്ടുകാര്‍ക്കായി പാര്‍ട്ടി ഉണ്ടാകുമെന്നു ഡിക്സണ്‍ തറപ്പിച്ചു പറയുന്നു. എന്നുവെച്ചു കിട്ടിയ പണം അടിച്ചു പൊളിച്ചു കളയുകയല്ല ലക്ഷ്യം. ഏറ്റവും പ്രിയപ്പെട്ടവരുമായി സന്തോഷം പങ്കിടുന്നു എന്നേയുള്ളൂ. രണ്ടാമതായി കുറച്ചു കടങ്ങളുണ്ട് അതൊക്കെ വീട്ടിയെടുക്കണം. നാട്ടില്‍ വീട് വച്ചതും യുകെയില്‍ വീടുവാങ്ങിയതും വിലകൂടിയ കാര്‍ വാങ്ങിയതുമെല്ലാം ഒരേ സമയത്തായതിനാല്‍ അപ്രതീക്ഷിതമായി എത്തിയതാണ് കടങ്ങള്‍. അതിനാല്‍ അതൊക്കെ ഒഴിവാക്കിയെടുക്കാന്‍ ഈ ലോട്ടറി സഹായകമായി എന്നതാണ് ഡിക്‌സണ് പറയാനുള്ളത്. മിച്ചം വരുന്ന പണത്തില്‍ അര്‍ഹത ഉള്ള ആര്‍ക്കെങ്കിലും അല്‍പം സഹായം ചെയ്യാനും സാധിച്ചേക്കും എന്നും ഇദ്ദേഹം കരുതുന്നു. 

ആദ്യം കവന്‍ട്രി, പിന്നെ നോട്ടിങ്ങാം, ഇപ്പോള്‍ ചിചെസ്റ്റര്‍, കളിക്കാനും അറിയാനും ചില കാര്യങ്ങളുണ്ട് കൂട്ടരേ
ഈ ഗെയിം ആദ്യ വിജയിയെ സൃഷ്ടിക്കുന്നത് കവന്‍ട്രിയിലാണ്. ജേക്കബ് സ്റ്റീഫന്‍ എന്ന മലയാളിക്ക് 75000 പൗണ്ടിന്റെ റേഞ്ച് റോവര്‍ കാറും 20000 പൗണ്ടും കിട്ടിയപ്പോള്‍ അന്ധാളിച്ചു പോയ യുകെ മലയാളികള്‍ക്ക് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കോവിഡ് ദുരിത വാര്‍ത്തകള്‍ നിറഞ്ഞ സമയത്തു നോട്ടിന്‍ഹാമില്‍ നിന്നും ലംബോര്‍ഗിനി കാര്‍ സ്വന്തമാക്കിയാണ് ഷിബു പോള്‍ എന്ന യുവാവ് ഞെട്ടല്‍ സമ്മാനിച്ചത്.

ഈ യുവാവിന് അന്ന് 20000 പൗണ്ടും പോക്കറ്റ് മണിയായി ലഭിച്ചിരുന്നു. സാധാരണ കാറുകള്‍ വേണ്ടെന്നു വച്ചാല്‍ 80 ശതമാനം തുകയാണ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് നല്‍കുക. ഇപ്പോള്‍ ഡിക്‌സണും കാര്‍ വേണ്ടെന്നു വച്ചിരിക്കുകയാണ്. കാരണം പുതുമ മാറാത്ത ബെന്‍സിന്റെ ജിഎല്‍എസ് കാര്‍ സ്വന്തമായുള്ള ഡിക്സണ്‍ 70000 പൗണ്ടിനൊപ്പം 80 ശതമാനം കാര്‍ വിലയായ 40000 ചേര്‍ത്ത് ഒരു ലക്ഷത്തിപതിനായിരം പൗണ്ടിന് സമ്മാനത്തുക ഉറപ്പിക്കുക ആയിരുന്നു. 

കൂടുതല്‍ ആളുകള്‍ കളിക്കാനെത്തുന്ന മാസാദ്യ ദിവസങ്ങളില്‍ കളിക്കാന്‍ നില്‍ക്കരുത് എന്നാണ് ഡിക്സണ്‍ പറയുന്ന സൂത്രം. കാരണം ശമ്പളം കിട്ടിയ ശേഷം അനേകം ആളുകള്‍ കളിയ്ക്കാന്‍ തയ്യാറാകും എന്നത് തന്നെ. മാസം അവസാനം ആകുമ്പോഴേക്കും ആളുകളുടെ കയ്യില്‍ പണം തീരും എന്നതാണ് ഈ നിഗമനത്തിനു കാരണം.

കൂടാതെ ആഴ്ചയില്‍ ഒന്നോ രണ്ടോ ടിക്കറ്റ് എടുത്തു കളിക്കുക എന്നതിന് പകരം പത്തു ടിക്കറ്റ് ഒന്നിച്ചെടുത്തു കളിച്ചാല്‍ കൂടുതല്‍ അവസരം ഒറ്റയടിക്ക് ലഭിക്കും എന്നതും സമ്മാനം നേടാന്‍ അവസരമായി മാറും. ഞായറാഴ്ച വില കൂടിയ കാറിനും ബുധനാഴ്ച വില കുറഞ്ഞ കാറിനും വേണ്ടിയാണു ഗെയിം. അതിനാല്‍ കഴിവതും ഞായറാഴ്ച ഗെയിം കളിക്കുന്നതാകും നല്ലതു എന്നും ഡിക്സണ്‍ പറയുന്നു. 

എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായ ഷീനയാണ് ഡിക്‌സന്റെ ഭാര്യ. ഏഴു വയസുകാരന്‍ അഷ്ടനും ഒന്നരവയസുള്ള ജെനീലിയയും അടങ്ങിയതാണ് കുടുംബം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category