1 GBP = 102.10 INR                       

BREAKING NEWS

കൊറോണ: അല്‍പം (നിര്‍മ്മിത) ബുദ്ധി ഉണ്ടായിരുന്നെങ്കില്‍? മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

Britishmalayali
kz´wteJI³

ഇംഗ്ലണ്ടിലെ ആരോഗ്യ സംവിധാനത്തിന്റെ പേരാണ് 'നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്' അല്ലെങ്കില്‍ എന്‍ എച്ച് എസ്.

ലോക രാജ്യങ്ങള്‍ ആരോഗ്യ സംവിധാനങ്ങളെ പറ്റി സംസാരിക്കുമ്പോള്‍ മാതൃകയാക്കുന്നത് എന്‍ എച്ച് എസിനെ ആണ്.  ലോകരാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളെ ആളുകള്‍ അളന്നു നോക്കുന്നതും എന്‍ എച്ച്  എസിനെ വച്ചിട്ടാണ്.
ആയിരത്തി തൊള്ളായിരത്തി നാല്പത്തി എട്ടില്‍ ബ്രിട്ടനിലെ ക്ലെമന്റ് ആറ്റ്‌ലി നേതൃത്വം നല്‍കിയ ലേബര്‍ മന്ത്രിസഭയാണ് എന്‍ എച്ച് എസ് സ്ഥാപിച്ചത്.
മൂന്ന് അടിസ്ഥാന തത്വങ്ങള്‍ ആണ് പുതിയ ആരോഗ്യ സംവിധാനത്തിന് അടിസ്ഥാനമായി അന്നത്തെ ബ്രിട്ടനിലെ ആരോഗ്യ മന്ത്രി (Aneurin Bevan)  മുന്നോട്ട് വച്ചത്.
1. ബ്രിട്ടനില്‍ ഉള്ള എല്ലാവര്‍ക്കും, സന്ദര്‍ശകര്‍ക്ക് ഉള്‍പ്പടെ, ആരോഗ്യ സഹായം നല്‍കുന്ന ഒന്നായിരിക്കും എന്‍ എച്ച് എസ് 
2. ആളുകളുടെ രോഗത്തിന്റെ രീതി അനുസരിച്ചായിരിക്കും എന്‍ എച്ച് എസ് അവര്‍ക്ക് ചികിത്സാ സഹായം നല്‍കുന്നത് അല്ലാതെ ആളുകള്‍ക്ക് പണം നല്‍കാനുള്ള കഴിവനുസരിച്ചായിരിക്കില്ല 
3. ആരോഗ്യസംവിധാനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും, ഇതിനുള്ള പണം പൊതുനികുതിയില്‍ നിന്നും കണ്ടെത്തും, ആരോഗ്യ ഇന്‍ഷുറന്‍സില്‍ നിന്നും ആയിരിക്കില്ല.
വര്‍ഷം എഴുപത് കഴിഞ്ഞിട്ടും ഏറെക്കുറെ മേല്‍പ്പറഞ്ഞ തത്വങ്ങളോട് നീതി പാലിച്ച് ഇപ്പോഴും എന്‍ എച്ച് എസ് നിലനില്‍ക്കുന്നു.  ഹൗസിംഗും  റെയില്‍വേയും ഉള്‍പ്പടെ പൊതുമേഖല മൊത്തമായി സ്വകാര്യവല്‍ക്കരിച്ച മാര്‍ഗരറ്റ് താച്ചറിനെ പോലെ അതിശക്തയായ ഒരു വലതു പക്ഷ പ്രധാനമന്ത്രി പോലും എന്‍ എച്ച് എസിനെ സ്വകാര്യവല്‍ക്കരിച്ചില്ല.  ബ്രിട്ടനിലെ ജനങ്ങളുടെ ഒരു വികാരമാണ് എന്‍ എച്ച് എസ്. ഓരോ തിരഞെടുപ്പിലും എന്‍ എച്ച് എസിനെ എങ്ങനെയാണ് കൈകാര്യം ചെയ്യാന്‍ പോകുന്നതെന്നത് ഒരു വിഷയമാണ്. ബ്രിട്ടനിലെ ജി ഡി പിയുടെ ഏതാണ്ട് പത്തു ശതമാനം ആണ് ആരോഗ്യകാര്യങ്ങള്‍ക്ക് ചിലവാക്കുന്നതെന്നാണ് ലോകബാങ്കിന്റെ കണക്കുകള്‍ പറയുന്നത്. ഇന്ത്യയില്‍ ഈ തുക, രണ്ടായിരത്തി പതിനെട്ട് വരെയുള്ള കണക്കനുസരിച്ച്,  ശരാശരി നാലു ശതമാനത്തില്‍ താഴെയാണ് (രണ്ടായിരത്തി ഇരുപത്തി ഒന്നിലെ ബഡ്ജറ്റില്‍ ആരോഗ്യത്തിനുള്ള തുക അല്പം ഉയര്‍ത്തിയിട്ടുണ്ട്)
രണ്ടാം ലോകമഹായുദ്ധ കാലത്താണ് സര്‍വ്വത്രികവും സൗജന്യവുമായ ഒരു ആരോഗ്യ സംവിധാനം വേണം എന്നൊരു ചര്‍ച്ച ബ്രിട്ടനില്‍ ഉണ്ടാകുന്നത്. പ്രതിസന്ധികള്‍ അവസരങ്ങള്‍ ആകുന്നതിന്റെ ഒരു ഉദാഹരണം ആണത്. അതുപോലെ  കോവിഡ് പോലെ ഉള്ള ഒരു മഹാമാരിയില്‍ നിന്നും നാം എന്തെങ്കിലും ഒക്കെ പാഠങ്ങള്‍ പഠിക്കണം, അതിലൊന്ന് സര്‍വ്വത്രികവും ജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാകുന്നതുമായ ഒരു ആരോഗ്യസംവിധാനം പൗരന്റെ അടിസ്ഥാന അവകാശം ആകണം എന്നതാണ്. ഇതിന് വേണ്ടിവരുന്ന ഏതൊരു ചിലവും ന്യായമാണ്, അത്തരത്തിലുള്ള നയങ്ങള്‍ ആണ് വേണ്ടത്. 
ഇതിനര്‍ത്ഥം ആരോഗ്യരംഗത്ത് സ്വകാര്യമേഖല വേണ്ട എന്നല്ല. അവര്‍ തീര്‍ച്ചയായും വേണം, പക്ഷെ ചികിത്സ ലഭിക്കുന്നത് ആളുകളുടെ ആരോഗ്യപ്രശ്‌നത്തിന്റെ കാഠിന്യം അനുസരിച്ചായിരിക്കണം അല്ലാതെ അവരുടെ സാമ്പത്തിക സ്ഥിതി വച്ചായിരിക്കരുത്, ചികിത്സ ലഭിക്കുന്ന  ആള്‍ക്ക്, അത് സ്വകാര്യമേഖലയിലോ സര്‍ക്കാര്‍ മേഖലയിലോ ആകട്ടെ, അത്  സൗജന്യം ആയിരിക്കണം എന്നതാണ് പ്രധാനം. വാസ്തവത്തില്‍ ആരാണ് ആശുപത്രി നടത്തുന്നത് എന്നത് രോഗികള്‍ അറിയേണ്ട കാര്യമില്ല.   എങ്ങനെയാണ് സ്വകാര്യമേഖലയില്‍ സൗജന്യമായി ചികിത്സ നല്കാന്‍ പറ്റുന്നതെന്നൊക്കെ കുറച്ചു പേര്‍ക്കെങ്കിലും സംശയം ഉണ്ടാകും, അത് സാധ്യമാണ്,  അതിനെ പറ്റി പിന്നീട് എഴുതാം. ഇന്നത്തെ വിഷയം ശരിക്കും ഇതല്ല.
ഇന്നത്തെ വിഷയം നിര്‍മ്മിത ബുദ്ധി ആണ്. 
നിര്‍മ്മിത ബുദ്ധി നമ്മുടെ ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളിലും കടന്നു കയറുമെന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ. അതില്‍ ഏറ്റവും വേഗത്തില്‍ നമ്മള്‍ അറിയാന്‍ പോകുന്നത് ആരോഗ്യ രംഗത്താണ്. 
എന്താണ് നിര്‍മ്മിതബുദ്ധിക്ക് കോവിഡ് കാലത്ത് ചെയ്യാന്‍ പറ്റുന്നത് ?
ഇന്ന് ഒരു പ്രദേശത്ത് എത്ര കോവിഡ് രോഗികള്‍ ഉണ്ട് എന്നറിയാന്‍ നിര്‍മ്മിത ബുദ്ധിയുടെ ആവശ്യമില്ല. ടെസ്റ്റ് നടത്തിയാല്‍ മതി.
പക്ഷെ നാളെ, അല്ലെങ്കില്‍ അടുത്ത ആഴ്ച സംസ്ഥാനത്ത് എവിടെയാണ് കൂടുതല്‍ രോഗികള്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് അറിയണമെങ്കില്‍ അതിന് മോഡലിംഗ് വേണ്ടി വരും. മോഡലിംഗിന് തന്നെ പല രീതികള്‍ ഉണ്ട്, അതില്‍ ഇനിയുള്ള കാലത്ത് ഏറ്റവും പ്രയോജനം ചെയ്യാന്‍ പോകുന്നത് നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള മോഡലിംഗും പ്രവചനങ്ങളും ആണ്.
ഒരു പ്രദേശത്ത് കൂടുതല്‍ രോഗികള്‍ ഉണ്ടാകും എന്ന് നമുക്ക് ഒരാഴ്ച മുന്‍പ് പ്രവചിക്കാനായാല്‍ അവിടെ എഫ് എല്‍ ടി സി മുതല്‍ ഐ സി യു വരെ തയ്യാറാക്കി വക്കാം. ഓക്‌സിജനും ആശുപത്രി കിടക്കകള്‍ക്കും ക്ഷാമമില്ല എന്ന് ഉറപ്പിക്കാം, വേണമെങ്കില്‍ അടുത്തുള്ള മറ്റു പ്രദേശങ്ങളില്‍ നിന്നും ആരോഗ്യ സംവിധാനങ്ങള്‍ ഈ പ്രദേശത്തേക്ക് കൊണ്ടുവരാം, വേണ്ടി വന്നാല്‍ രോഗികളെ മറ്റു പ്രദേശങ്ങളിലേക്ക് മാറ്റാനുള്ള സൗകര്യങ്ങള്‍ റെഡി ആക്കി വെക്കാം.
പൊതുവായി രോഗികളുടെ എണ്ണം കൂടുന്നത് പ്രവചിക്കാന്‍ മാത്രമല്ല നിര്‍മ്മിത ബുദ്ധിക്ക് പറ്റുന്നത്.
ഓരോ പ്രത്യേക രോഗിയുടെയും ഭാവി പ്രവചിക്കാനും നിര്‍മ്മിത ബുദ്ധിക്ക് പറ്റും. ഏതൊക്കെ ആരോഗ്യ സാഹചര്യങ്ങള്‍ ഉളള രോഗികള്‍ക്കാണ് നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ ഐ സി യു വേണ്ടി വരുന്നത്, ഓക്‌സിജന്‍ വേണ്ടിവരുന്നത് എന്നൊക്കെ പ്രത്യേകം മുന്‍കൂര്‍ പ്രവചിക്കാന്‍ പറ്റും. അത് മുന്‍കൂര്‍ മനസ്സിലാക്കി അവരെ കൈകാര്യം ചെയ്താല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിന് മുന്‍പ് അവരെ സ്റ്റെബിലൈസ് ചെയ്യാം, മരണനിരക്ക് കുറക്കാം.
ഇതൊന്നും നാളത്തെ ശാസ്ത്രമല്ല. ഇന്നത്തെ കാര്യമാണ്. 
ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ  ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ മാത്രമായി എന്‍ എച്ച് എസ് ഒരു വിഭാഗം ഉണ്ടാക്കിയിട്ടുണ്ട്. NHSX എന്നാണ് ആ വകുപ്പിന്റെ പേര്.  കൊറോണക്കൊക്കെ മുന്‍പ് രണ്ടായിരത്തി പത്തൊമ്പതില്‍ ആണ് ഈ വകുപ്പ് സ്ഥാപിച്ചത്.
അതിശയകരമായ പുരോഗതിയാണ് ആരോഗ്യ രംഗത്തെ നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗത്തില്‍ കൊറോണക്കാലത്ത് ഉണ്ടായത്. എന്‍ എച്ച് എസ് എക്‌സ് ചെയ്ത കാര്യങ്ങളെ പറ്റി ഉള്ള റിപ്പോര്‍ട്ട് അവരുടെ വെബ്സൈറ്റില്‍ ഉണ്ട്.
ഇതൊക്കെ നമുക്കും വേണ്ടേ ?
നമ്മുടെ ഡേറ്റ വില്‍ക്കുന്നു എന്നും പേടിച്ച് നിര്‍മ്മിത ബുദ്ധിയെ ഒക്കെ എത്ര നാള്‍ നമുക്ക് മാറ്റി നിര്‍ത്താന്‍ പറ്റും ?. അങ്ങനെ ചെയ്യുന്നത് ഭാവി തലമുറയോടുള്ള നമ്മുടെ ഉത്തരവാദിത്തം നന്നായി നിര്‍വ്വഹിക്കുന്നതാണോ ?. ഭാവിയിലെ കാര്യം പോട്ടേ, ഇനിയൊരു തരംഗം ഉണ്ടാകുന്നത് മുന്‍കൂട്ടി കാണാന്‍ പറ്റിയാല്‍ നമ്മുടെ ജീവന്‍ തന്നെ രക്ഷിച്ചെടുക്കാന്‍ പറ്റില്ലേ ?. ഓക്‌സിജന്‍ ഇല്ലാതെ ആളുകള്‍ ചക്രശ്വാസം വലിക്കുന്ന കാഴ്ച നമ്മുടെ ചുറ്റും ഉണ്ടാകാതെ നോക്കാന്‍ കഴിയില്ലേ ?
ആരോഗ്യ രംഗത്ത് ഡേറ്റയുടെ ഉപയോഗവും ദുരുപയോഗവും ഒക്കെ നമ്മുടെ മാത്രം കാര്യമല്ല, ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. ഇതിനെ പറ്റി മാത്രമായി രണ്ടായിരത്തി പതിനെട്ടില്‍ തന്നെ എന്‍ എച്ച് എസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു (A guide to good practice for digital and data-driven health technologies). പോരാത്തതിന് സര്‍ക്കാരിന്റെ ഡേറ്റ എങ്ങനെയാണ് ശരിയായി ഉപയോഗിക്കേണ്ടതെന്നതിനെ പറ്റി Data Ethics Framework രണ്ടായിരത്തി പതിനെട്ടില്‍ അവിടുത്തെ ഗവണ്‍മെന്റ്  പ്രഖ്യാപിച്ചിരുന്നു. 
ഇതുകൊണ്ടൊക്കെയാണ് കോവിഡ് വന്ന സമയത്ത് സാങ്കേതിക വിദ്യയുടെ മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്തി രോഗത്തെ നേരിടാന്‍ അവര്‍ക്ക് സാധിച്ചത്. അതുകൊണ്ട് കൂടിയാണ്  രാജമാണിക്യത്തില്‍ മമ്മൂട്ടി പറഞ്ഞത് പോലെ 'പയ്യന്‍ ആദ്യം ഒന്ന് പാളിയെങ്കിലും പിന്നെ കേറി പെറുക്കിയത്'.
കേരളത്തില്‍ പുതിയതായി വരുന്ന സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു ഡേറ്റ പോളിസി ഉണ്ടാക്കണമെന്നും കേരളത്തിലെ സമസ്തരംഗങ്ങളിലും നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കണം എന്നും ഞാന്‍ ആഗ്രഹിക്കുന്നത് അതുകൊണ്ടാണ്. 
അതുകൊണ്ടാണ് യു എ ഇ യിലെ പോലെ നിര്‍മ്മിത ബുദ്ധിക്ക് മാത്രമായി ഒരു മന്ത്രി കേരളത്തില്‍ ഉണ്ടാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നത് (പറ്റിയ ഒരാളുടെ പേര് നിങ്ങള്‍ക്കറിയാം).
കൊറോണ പോലെ ഒരു വ്യാപകമായ ദുരന്തം ഉണ്ടാകുമ്പോള്‍  ബുദ്ധിയെ മാത്രം ആശ്രയിക്കാന്‍ പറ്റില്ല എന്ന് ബുദ്ധിയുള്ളവര്‍ക്കൊക്കെ  ഏതാണ്ട് മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് നിര്‍മ്മിത ബുദ്ധിയുടെ കാര്യത്തില്‍ നമുക്ക് വേഗത്തില്‍ തീരുമാനം എടുക്കാം.
മുരളി തുമ്മാരുകുടി

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category