1 GBP = 102.10 INR                       

BREAKING NEWS

മന്നത്ത് പത്മനാഭന്‍ കേരള കോണ്‍ഗ്രസ്സ് പ്രഖ്യാപിക്കുമ്പോള്‍ രണ്ടാമത്തെ വലിയ നേതാവ് ബാലകൃഷ്ണപിള്ള; മാണി എത്തിയത് കോണ്‍ഗ്രസ്സ് സീറ്റ് കൊടുക്കാതെ വന്നപ്പോള്‍; ജോസഫിനെ കൊണ്ടുവന്നത് സീറ്റ് തീകയ്ക്കാന്‍; അന്തരിച്ച നേതാവ് എന്നും തലയെടുപ്പുള്ള ഒറ്റയാന്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളരാഷ്ട്രീയത്തിലെ ഒറ്റയാന്‍ ഈ വിശേഷണം ഏറ്റവും ചേരുക കഴിഞ്ഞ ദിവസം അന്തരിച്ച ആര്‍ ബാലകൃഷ്ണപിള്ളക്കു തന്നെയാണ്. വ്യത്യസ്തവും എന്നാല്‍ മാറ്റമില്ലാത്തതുമായ നിലപാടുകളിലൂടെ അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ തന്റെ ഈ രീതി ഉറപ്പിച്ചുകൊണ്ടേയിരുന്നു. ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലുടെ രാഷ്ട്രീയത്തിലെത്തിയ ബാലകൃഷ്ണപിള്ള പിന്നീടാണ് കോണ്‍ഗ്രസ്സിന്റെ ഭാഗമാകുന്നത്.

കോണ്‍ഗ്രസ്സിന്റെ പതിവ് രീതിയായിരുന്നില്ല ബാലകൃഷ്ണപിള്ളയുടെത്. ശക്തമായ ഭാഷയിലുള്ള പ്രസ്താവനകളും പ്രതികരണങ്ങളും അദ്ദേഹത്തെ വേറിട്ടതാക്കി.ചിലപ്പോഴൊക്കെ അദ്ദേഹത്തിന് തിരിച്ചടിയായതും ഇത് തന്നെയാണ്.

'മദ്വചനങ്ങള്‍ക്ക് മാര്‍ദ്ദവമില്ലെങ്കില്‍'
തന്റെ ഇത്തരം രീതിയെയും അത് തനിക്ക് തന്നെ ഉണ്ടാക്കിയ തിരിച്ചടികളെയും കുറിച്ച് തന്റെ ആത്മകഥയില്‍ കൃത്യമായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.സ്ഫോടനാത്മകമായ സ്വന്തം നാവിന്റെ പൊള്ളല്‍ പലപ്പോഴും അറിഞ്ഞിട്ടുള്ള നേതാവാണ് ആര്‍.ബാലകൃഷ്ണപിള്ള. വിവാദങ്ങളെ വിരല്‍ദൂരത്തു നിര്‍ത്തിയായിരുന്നു എന്നും പിള്ളയുടെ രാഷ്ട്രീയ ജീവിതം. പഞ്ചാബ് മോഡല്‍ പ്രസംഗം മുതല്‍ ജയില്‍വാസം വരെ നീണ്ട സംഭവബഹുലമായ ജീവിതത്തിനാണ് തിരശീല വീഴുന്നത്. അതില്‍ അരനൂറ്റാണ്ടു പിന്നിട്ട കേരള രാഷ്ട്രീയത്തിന്റെ ചരിത്രവുമുണ്ട്.

8 മാസവും 17 ദിവസവുമാണ് ബാലകൃഷ്ണപിള്ള ജയിലില്‍ കഴിഞ്ഞത്. ആത്മകഥയില്‍ ചേര്‍ക്കാന്‍ അന്നെഴുതിയ കുറിപ്പുകള്‍ക്ക് അദ്ദേഹം നല്‍കിയ പേര് 'മദ്വചനങ്ങള്‍ക്ക് മാര്‍ദ്ദവമില്ലെങ്കില്‍' എന്നായിരുന്നു. ബാലകൃഷ്ണപിള്ളയും പി.ജെ.ജോസഫും ഉള്‍പ്പെട്ട കേരള കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ സംസ്ഥാന സമ്മേളനം കൊച്ചിയില്‍ നടക്കുമ്പോഴായിരുന്നു പിള്ളയുടെ വിവാദമായ പഞ്ചാബ് മോഡല്‍ പ്രസംഗം അരങ്ങേറുന്നത്.1985 മേയില്‍.

''പഞ്ചാബിനെപ്പോലെ കേരളവും തുടങ്ങിയാലെ വ്യവസായങ്ങള്‍ കിട്ടുമെന്നുണ്ടെങ്കില്‍ അതിനെപ്പറ്റി ആലോചിക്കാം.ഒരു പ്രത്യേക രാജ്യം ഇവിടെയും ഉണ്ടാകണം'' എന്നായിരുന്നു പിള്ളയുടെ പ്രസംഗം. കേരളത്തിന് അനുവദിച്ച കോച്ച്ഫാക്ടറി പഞ്ചാബിലെ കപൂര്‍ത്തയിലേക്ക് പ്രവര്‍ത്തനം മാറ്റിയതിനെക്കുറിച്ചായിരുന്നു പിള്ളയുടെ ക്ഷോഭം. പഞ്ചാബില്‍ അപ്പോള്‍ ഭീകരവാദവും ഖാലിസ്ഥാന്‍ പ്രവര്‍ത്തനവും കത്തി നില്‍ക്കുന്ന സമയമായിരുന്നു. പ്രസംഗം പഞ്ചാബ് മോഡലെന്ന പേരില്‍ വ്യാഖ്യാനിക്കപ്പെട്ട് പത്രങ്ങളില്‍ വന്നതോടെ വിവാദമായി.

കോണ്‍ഗ്രസ് നേതാവ് കെ.എം.ചാണ്ടിയുടെ മകന്‍ മന്ത്രി ബാലകൃഷ്ണപിള്ള സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു പിള്ളയുടെ രാജി. അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്റെ ആശിര്‍വാദത്തോടെ യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് ജി.കാര്‍ത്തികേയന്‍ നടത്തിയ നീക്കമാണ് തന്റെ രാജിയിലെത്തിയതെന്നാണ് പിള്ള ആത്മകഥയില്‍ പറയുന്നത്. ഇക്കാര്യത്തില്‍ പിന്നീട് കാര്‍ത്തികേയന്‍ ഖേദമറിയിച്ചുവെന്നും പിള്ളയുടെ പുസ്തകത്തിലുണ്ട്. ഇത്തരമൊരു വിവാദം സ്വന്തം ക്യാംപില്‍ നിന്നു വന്നതിലെ മനപ്രയാസവും പിള്ളക്കുണ്ടായിരുന്നു.

മന്ത്രിസഭാംഗമായിരിക്കെ ആദ്യമായി ആ പദവി രാജിവച്ചയാളാണ് ബാലകൃഷ്ണപിള്ള. 1971 ല്‍ മാവേലിക്കരയില്‍ നിന്ന് ജയിച്ച് പാര്‍ലമെന്റ് അംഗമായ പിള്ള 1975 ല്‍ സംസ്ഥാനത്ത് മന്ത്രിയുമായി. മന്ത്രിയായി തുടരണമെങ്കില്‍ നിയമസഭാംഗമാകണമായിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനാല്‍ മന്ത്രിസഭയുടെ കാലാവധി നീട്ടുകയും തിരഞ്ഞെടുപ്പു വൈകുകയും ചെയ്തു. തുടര്‍ന്നാണ് ബാലകൃഷ്ണപിള്ള മന്ത്രിസ്ഥാനം രാജിവച്ച് പാര്‍ലമെന്റിലേക്ക് മടങ്ങിയത്.1981 ല്‍ നായനാര്‍ സര്‍ക്കാരിനുള്ള പിന്തുണ മാണി പിന്‍വലിച്ചപ്പോഴും പിള്ളക്ക് രാജിവയ്ക്കേണ്ടി വന്നു.

ഏഴുതവണ മന്ത്രിയായിട്ടും ഒരിക്കല്‍ പോലും തുടര്‍ച്ചയായി അഞ്ചു വര്‍ഷം ഈ പദവി വഹിക്കാന്‍ പിള്ളയ്ക്കു കഴിഞ്ഞില്ല. പല കാരണങ്ങളാല്‍ അഞ്ചു തവണയാണ് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ അഴിമതിക്കേസില്‍ ജയില്‍ശിക്ഷ വാങ്ങിയ ആദ്യത്തെ കേരള മന്ത്രിയായി ബാലകൃഷ്ണപിള്ള.

വെള്ളം പാറയുടെ ഇടുക്കിലൂടെ ഒഴുകിപ്പോയതുകൊണ്ട് വൈദ്യുതി ഉല്‍പ്പാദനം വൈകിയെന്നാണ് ഇടമലയാര്‍ കേസില്‍ ആകെയുള്ള ആരോപണമെന്നാണ് പിള്ളയുടെ വാദം. ഭാരത് ഹെവി ഇലക്ട്രിക്കല്‍സില്‍ നിന്ന് യന്ത്രങ്ങള്‍ വരാന്‍ വൈകിയതാണ് പദ്ധതി വൈകാന്‍ കാരണം. 1985 ല്‍ പൂര്‍ത്തിയായ പദ്ധതി ഇന്നും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംസ്ഥാനത്തിന് കോടികള്‍ നേടിത്തന്നുവെന്നും പിള്ള പറയുന്നു.മുന്‍ മന്ത്രി ടി.ശിവദാസമേനോനും വി എസ്.അച്യുതാനന്ദനും പകയോടെ തന്നെ വേട്ടയാടിയെന്നാണ് പിള്ളയുടെ ആരോപണം.

കേരളത്തില്‍ കൂറുമാറ്റ നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട ആദ്യത്തെ എംഎല്‍എ ആണ് ബാലകൃഷ്ണപിള്ള. കേരള കോണ്‍ഗ്രസ് (ജെ) യുഡിഎഫില്‍ ആയിരിക്കുമ്പോള്‍ 1989 നവംബര്‍ അഞ്ചിനാണു പിള്ളയെ അയോഗ്യനാക്കണമെന്ന പരാതി സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണനു ലഭിച്ചത്. ആ വര്‍ഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജോസഫ് ഗ്രൂപ്പിനു സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നു പാര്‍ട്ടി നേതാവായ പി.ജെ. ജോസഫ് മൂവാറ്റുപുഴയില്‍ മത്സരിച്ചു. പിള്ള അവിടെ യുഡിഎഫിനുവേണ്ടി പ്രചാരണത്തിനു പോയി.

താന്‍ ചെയര്‍മാനായ കേരള കോണ്‍ഗ്രസ് (പിള്ള) പുനരുജ്ജീവിപ്പിക്കുന്നതായും പത്രപ്രസ്താവന നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണു ജോസഫ് ഗ്രൂപ്പിന്റെ വിപ്പ് ആയ ഡോ. കെ.സി. ജോസഫ് പിള്ളയ്ക്ക് അയോഗ്യത കല്‍പിക്കണമെന്ന് ആവശ്യപ്പെട്ടു സ്പീക്കര്‍ക്കു പരാതി നല്‍കിയത്. പി.ജെ. ജോസഫ്, ഡോ. കെ.സി. ജോസഫ്, ഈപ്പന്‍ വര്‍ഗീസ്, എം വി മാണി എന്നീ എംഎല്‍എമാര്‍ പിള്ളയ്ക്കെതിരെ സ്പീക്കര്‍ക്കു മൊഴിനല്‍കി. പിള്ളയോടു പലവട്ടം ഹാജരാകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഹാജരായില്ല. ഒടുവില്‍ പിള്ളയുടെ വാദം കേള്‍ക്കാതെ തന്നെ 1990 ജനുവരി 15ന് അദ്ദേഹത്തിനു സ്പീക്കര്‍ അയോഗ്യത കല്‍പിക്കുകയായിരുന്നു.

കേരള കോണ്‍ഗ്രസ്സിന്റെ ആദ്യ ജനറല്‍ സെക്രട്ടറി
കോട്ടയം തിരുനക്കര മൈതാനിയില്‍ 1964 ഒക്ടോബര്‍ ഒന്‍പതിന്റെ സായാഹ്നത്തില്‍ മന്നത്ത് പത്മനാഭന്‍ കേരളകോണ്‍ഗ്രസിന്റെ രൂപീകരണം പ്രഖ്യാപിക്കുമ്പോള്‍ ചെയര്‍മാന്‍ കെ.എം. ജോര്‍ജിനൊപ്പം പാര്‍ട്ടിയുടെ ഏക ജനറല്‍ സെക്രട്ടറിയായിരുന്നു ആര്‍.ബാലകൃഷ്ണപിള്ള. എന്തുകൊണ്ടാണ് കേരളകോണ്‍ഗ്രസിന് രൂപീകരണകാലഘട്ടത്തില്‍ ഇത്രയും സ്വീകാര്യത കിട്ടിയത് എന്ന കാര്യത്തില്‍ കൃത്യമായ വിശകലനമുണ്ടായിരുന്നു ആര്‍.ബാലകൃഷ്ണപിള്ളക്ക്. പി.ടി.ചാക്കോയോട് കോണ്‍ഗ്രസ് നേതൃത്വം വൈരനിര്യാതന ബുദ്ധി കാണിച്ചു. കിഴക്കന്‍ മലകളിലേക്ക് കുടിയേറിയ കര്‍ഷകര്‍ക്ക് കോണ്‍ഗ്രസ് പട്ടയം നല്‍കിയില്ല. ഇതില്‍ ക്രൈസ്തവസമുദായം അതൃപ്തരായിരുന്നു. ഈ സാഹചര്യത്തിലാണ് കേരള കോണ്‍ഗ്രസിന്റെ പിറവി വലിയ സംഭവമായി മാറിയതെന്ന് പിള്ള തന്റെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്.

പാര്‍ട്ടിയുടെ തലതൊട്ടപ്പന്മാരാണെന്ന് പില്‍ക്കാലത്ത് നടിച്ചവര്‍ ആ വഴിക്കൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബാലകൃഷ്ണപിള്ള അതേക്കുറിച്ച് ആത്മകഥയില്‍ എഴുതിയിരിക്കുന്നത്. പി.ടി.ചാക്കോയെയും കെ.എം.ജോര്‍ജിനെയും തന്റെ രാഷ്ട്രീയഗുരുക്കന്മാരായിക്കണ്ട പിള്ള കേരളകോണ്‍ഗ്രസിലെ ഗ്രൂപ്പുപോരില്‍ എന്നും കെ.എം.മാണിക്കെതിരായിരുന്നു.

കേരള കോണ്‍ഗ്രസിന്റെ ഒരണ അംഗത്വം പോലുമില്ലാതിരുന്ന കെ.എം.മാണി പാലായില്‍ 1965 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തതിന്റെ നിരാശയിലാണ് കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നാണ് ബാലകൃഷ്ണപിള്ളയുടെ പക്ഷം. പാലായില്‍ എം.എം.ജേക്കബിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ അന്ന് ഡിസിസി സെക്രട്ടറിയായിരുന്ന മാണിക്ക് കടുത്ത നിരാശയുണ്ടായിരുന്നു.

തുടര്‍ന്നാണ് കോണ്‍ഗ്രസിലെ പദവിപോലും രാജിവയ്ക്കാതെ പാലായില്‍ മല്‍സരിച്ചതും ജയിച്ചതുമെന്നും പിള്ള എഴുതിയിട്ടുണ്ട്. 1970ല്‍ പി.ജെ.ജോസഫ് കേരള കോണ്‍ഗ്രസില്‍ വന്നതും സമാനസാഹചര്യത്തിലാണെന്നാണ് പിള്ളയുടെ വാദം. കെ.എം.ജോര്‍ജ് മുന്‍കൈയെടുത്ത് പി.ജെ.ജോസഫിന്റെ പിതാവുമായി ചര്‍ച്ച നടത്തി മകനെ മല്‍സരിപ്പിക്കാമെന്ന് അറിയിക്കുകയായിരുന്നു. കെ.എം.ജോര്‍ജിനോട് ചില നേതാക്കള്‍ നീതിപൂര്‍വകമായി പെരുമാറാത്തതിന്റെ വേദനയിലാണ് അദ്ദേഹം ഹൃദയം പൊട്ടിമരിച്ചതെന്നും പിള്ള കരുതുന്നു.

ഇടതുചേര്‍ന്ന് തുടങ്ങിയ രാഷ്ട്രീയം
ശ്രീമൂലം പ്രജാസഭാംഗമായിരുന്ന വാളകം കീഴൂട്ട് രാമന്‍പിള്ളയുടേയും കാര്‍ത്യായനിയമ്മയുടേയും മകനായി 1934 ഓഗസ്റ്റ് 25നായിരുന്നു ബാലകൃഷ്ണപിള്ളയുടെ ജനനം.കോണ്ഡഗ്രസ്സില്‍ വെന്നിക്കൊടി പാറിച്ച പിള്ള തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത് ഇടതുപക്ഷ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളിലൂടെയാണ്. പിന്നീട് കോണ്‍ഗ്രസില്‍.

1960ല്‍ 25ാം വയസില്‍ പത്തനാപുരത്ത് നിന്ന് നിയമസഭയിലേക്ക് ആദ്യ ജയം. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അന്നത്തെ പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡും ഇദ്ദേഹത്തിനാണ്.1982-87ല്‍ വൈദ്യുതി മന്ത്രിയായിരിക്കെ നടത്തിയ ഇടമലയാര്‍, കല്ലട പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ സുപ്രീംകോടതി ഒരുവര്‍ഷം തടവിന് ശിക്ഷിച്ചു.കൂറുമാറ്റ നിരോധന നിയമത്തിന്റ പേരില്‍ സംസ്ഥാനത്തു അയോഗ്യനാക്കപ്പട്ട ആദ്യ എംഎല്‍എ എന്ന അപഖ്യാതിയും ഇദ്ദേഹത്തിന്റെ പേരില്‍ ചേര്‍ക്കപ്പെട്ടു.

മന്ത്രി ആയിരിക്കുമ്പോഴും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നുവെന്ന അപൂര്‍വ്വതയും ഇദ്ദേഹത്തിന് സ്വന്തമാണ്.1964 മുതല്‍ '87 വരെ ഇടമുളയ്ക്കല്‍ പഞ്ചായത്തിന്റെയും '87 മുതല്‍ '95 വരെ കൊട്ടാരക്കര പഞ്ചായത്തിന്റെയും പ്രസിഡന്റായിരുന്നു ഇദ്ദേഹം. ഇങ്ങനെ നേട്ടങ്ങള്‍ കൊണ്ടും കോട്ടങ്ങള്‍ കൊണ്ടും കേരള രാഷ്ട്രീയത്തിലെ ഒറ്റയാന്‍ തന്നെയായിരുന്നു ആര്‍ ബാലകൃഷ്ണപിള്ള.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category