1 GBP = 103.15 INR                       

BREAKING NEWS

സ്ഥാനം ഒഴിയേണ്ടി വരുമെന്ന നിര്‍ദ്ദേശം മുല്ലപ്പള്ളിക്ക് ഹൈക്കമാന്‍ഡ് നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍; സുധാകരനെ വിളിക്കൂ എന്ന് നേതാക്കള്‍ പരസ്യമായി പറയുമ്പോഴും തിരക്കിട്ട് നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് കണ്ണൂരിലെ കരുത്തന്‍; തെരഞ്ഞെടുപ്പില്‍ കൂട്ടായ നേതൃത്വമെന്ന് പറഞ്ഞ നേതാക്കള്‍ കുറ്റം മുഴുവന്‍ മുല്ലപ്പള്ളിയില്‍ ചാരി തടിയൂരുന്നു

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ റോള്‍ എന്തായിരുന്നു? സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുല്ലപ്പള്ളിയുടെ നോമിനിയായ ആരു തന്നെ എത്തിയിരുന്നില്ലെന്നതാണ് വാസ്തവം. അതേസമയം എ, ഐ വീതംവെപ്പിന് ഉമ്മന്‍ചാണ്ടയും ചെന്നിത്തലയും രംഗത്തിറങ്ങുകയും സ്വന്തം ഗ്രൂപ്പുമായി കെ സി വേണുഗോപാല്‍ എത്തുകയും ചെയ്തു. തെരഞ്ഞെടുപ്പു പ്രചരണ വേദികളില്‍ നേതാക്കള്‍ പറഞ്ഞത് ആരെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ ഇല്ലെന്നും കൂട്ടായ നേതൃത്വമാണ് പാര്‍ട്ടിയെ നയിക്കുന്നത് എന്നുമായിരുന്നു. എന്നാല്‍, ഇങ്ങനെയൊക്കെ പണ്ട് പറഞ്ഞെങ്കിലും തോല്‍വി ഉണ്ടായതോടെ അതിന്റെ എല്ലാ ഉത്തരവാദിത്തവും മുല്ലപ്പള്ളിയില്‍ കെട്ടിവെച്ച് തടിയൂരാനാണ് നേതാക്കള്‍ ശ്രമിക്കുന്നത്.

ഫലം വന്നതിന് പിന്നാലെ മുല്ലപ്പള്ളിയുടെ രാജിക്കായുള്ള മുറവിളികളാണ് മുഴങ്ങുന്നത്. ചെന്നിത്തല പ്രതിപക്ഷ സ്ഥാനത്ത് തുടരട്ടെ എന്ന അഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ തന്നെയാണ് മുല്ലപ്പള്ളിക്കെതിരെ തിരിയുന്നതും. അതേസമയം കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ സ്ഥാനമൊഴിയുകയെന്ന വ്യക്തമായ സന്ദേശം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറിയതായി സൂചനകളും പുറത്തുവരുന്നുണ്ട്. പാര്‍ട്ടിയുടെ തോല്‍വിക്കു പിന്നാലെ പുറത്താക്കി എന്ന പേരുദോഷം ഒഴിവാക്കാന്‍ സ്വയം ഒഴിയുക എന്ന നിര്‍ദ്ദേശമാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ചിരിക്കുന്നതെന്ന് എഐസിസി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പു ഫലം അപ്രതീക്ഷിതമാണെന്നാണ്, ഞായറാഴ്ച വൈകിട്ട് മുല്ലപ്പള്ളി പ്രതികരിച്ചത്. വിശദമായ പ്രതികരണം പിന്നീട് നല്‍കുമെന്ന് അറിയിച്ച അദ്ദേഹം അതിനു ശേഷം മാധ്യമങ്ങളെ കണ്ടിട്ടില്ല. സ്ഥാനമൊയുന്നതു സംബന്ധിച്ച സൂചനയൊന്നും മുല്ലപ്പള്ളി നല്‍കിയിട്ടില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. രണ്ടു ദിവസത്തിനകം സ്ഥാനമൊഴിയുകയെന്ന നിര്‍ദ്ദേശമാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ചിട്ടുള്ളത് എന്നാണ് അറിയുന്നത്. അതിനകം രാജി സമര്‍പ്പിക്കുന്നില്ലെങ്കില്‍ ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാവും. മുല്ലപ്പള്ളിയെപ്പോലെ ഒരു സീനിയര്‍ നേതാവിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്.

അസമില്‍ പാര്‍ട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ പിസിസി അധ്യക്ഷന്‍ റിപുന്‍ ബോറ രാജിവച്ചിരുന്നു. അതിനേക്കാള്‍ തിരിച്ചടി നേരിട്ട കേരളത്തില്‍ മുല്ലപ്പള്ളി ആ മാതൃക സ്വീകരിക്കുമെന്നാണ് ഹൈക്കമാന്‍ഡ് പ്രതീക്ഷിച്ചത്. മുല്ലപ്പള്ളിയുടെ ഭാഗത്തുനിന്ന് നീക്കമൊന്നും ഇല്ലാത്തതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. അതിനിടെ വെള്ളിയാഴ്ച ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ മുല്ലപ്പള്ളി രാജി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. മുല്ലപ്പള്ളിയുടെ പിന്‍ഗാമിയാരെന്ന ചര്‍ച്ചകളും പാര്‍ട്ടിയില്‍ സജീവമാണ്. കെ സുധാകരന്റെ പേര് ഇതിനകം തന്നെ നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

അതിനിടെ കോണ്‍ഗ്രസില്‍ തിരക്കിട്ട് നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് കെ സുധാകരനും പ്രതികരിച്ചിട്ടുണ്ട്. ആലോചിച്ച് ബുദ്ധിപൂര്‍വ്വം തീരുമാനിച്ചാല്‍ മതിയെന്നും തിരുത്തല്‍ സാവധാനം മതിയെന്നുമാണ് സുധാകരന്‍ പറയുന്നത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ, മുല്ലപ്പള്ളിയുടെ രാജിക്കായി സമ്മര്‍ദ്ദമേറുമ്പോഴാണ് സുധാകരന്റെ പ്രസ്താവന. നേതൃമാറ്റം, പാര്‍ട്ടിയും ഹൈക്കമാന്‍ഡും ഉചിതമായി തീരുമാനിക്കും. കൂട്ടത്തോല്‍വിയില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും കെ സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി കെ സുധാകരനെ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയ സമയത്താണ് സുധാകരന്‍ തന്നെ മാറ്റം സാവകാശം മതിയെന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് മറ്റൊരു പ്രബല വിഭാഗം ആവശ്യപ്പെടുന്ന കെ മുരളീധരനും ഇന്നലെ സമാനമായ പ്രസ്താവനയാണ് നടത്തിയത്. കോണ്‍ഗ്രസിനെ ചലിപ്പിക്കാന്‍ സുധാകരന്‍ തന്നെ വരണമെന്ന് ഇന്ന് രാവിലെ നിയുക്ത പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു.

തരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കണ്ണുര്‍ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു.കഴിഞ്ഞ ദിവസം ധര്‍മ്മടം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.രഘുനാഥ് അല്‍പ്പമെങ്കിലും നാണമുണ്ടെങ്കില്‍ മുല്ലപ്പള്ളി കെപിസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് പറഞ്ഞിരുന്നു.ഇതിന് തുടര്‍ച്ചയായാണ് കണ്ണുരിലെ മറ്റൊരു പ്രമുഖ നേതാവായ അഡ്വ.സണ്ണി ജോസഫും രംഗത്തെത്തിയത്. പരാജയത്തില്‍ നിന്ന് പാഠം പഠിച്ച് ശൈലി മാറ്റാന്‍ നേതൃത്വം തയ്യാറാകണം. കെ.സുധാകരന്‍ കെപിസിസി പ്രസിഡണ്ട് ആകണമെന്നതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിവുള്ള കോണ്‍ഗ്രസിലെ നേതാവാണ് കെ.സുധാകരന്‍. ജനാധിപത്യപരമായാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. ശരിയല്ലാത്തൊരു നിലപാട് പറഞ്ഞാലും അദ്ദേഹമത് ഉള്‍കൊള്ളും. സുധാകരന്റെ വരവില്‍ ഗ്രൂപ്പ് തടസമാവില്ലെന്നാണ് കരുതുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഇതിനിടെ ഷാനിമോള്‍ ഉസ്മാന്‍ ,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും സുധാകരന്‍ കെപിസിസി അധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലും തന്റെ കെ.പി.സി സി അധ്യക്ഷ പദവി സ്ഥാനമേറ്റുമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കെ.സുധാകരന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെ തെരഞ്ഞെടുപ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കണ്ണുര്‍ ഡി.സി.സി നേതൃയോഗം ഇന്ന് ചേരും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ യോഗത്തില്‍ നേതാക്കള്‍ കടുത്ത വിമര്‍ശനമുന്നയിക്കാന്‍ സാധ്യതയുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category